വാര്‍ത്തകള്‍

മികവുകളുടെ മാറ്റുരച്ച് സംരംഭകർ : കുടുംബശ്രീ അവാർഡ് നിർണ്ണയം പുരോഗമിക്കുന്നു

Posted on Wednesday, April 23, 2025
കുടുംബശ്രീ അവാർഡ് നിർണ്ണയ ശിൽപ്പശാല തൃശ്ശൂർ മുളങ്കുന്നത്ത്കാവ് കിലയിൽ പുരോഗമിക്കുന്നു. മികച്ച സംരംഭക, ജെൻഡർ റിസോഴ്സ് സെന്റർ, ഒാക്സി ലറി ഗ്രൂപ്പ്, മികച്ച സി.ഡി.എസ് (സംയോജന പ്രവർത്തനം, തനത് പ്രവർത്തനം, ഭരണ നിർവ്വഹണം- സൂക്ഷ്മ സാമ്പത്തിക പ്രവർത്തനം), മികച്ച സി.ഡി.എസ് (ട്രൈബൽ) എന്നീ അവാർഡുകൾ നിർണ്ണയിക്കുന്നതിനുള്ള അവതരണങ്ങളാണ് രണ്ടാം ദിനമായ ഇന്നലെ (ഏപ്രിൽ 22) അഞ്ച് വേദികളിലായി സംഘടിപ്പിച്ചത്.

 ഒാരോ ജില്ലയിൽ നിന്നും മികച്ച സംരംഭകയായി തെരഞ്ഞെടുക്കപ്പെട്ടെത്തിയ 14 സംരംഭകരുടെ അവതരണങ്ങൾ ശിൽപ്പശാലയുടെ രണ്ടാം ദിനത്തിൽ ഏറെ ശ്രദ്ധേയമായി. ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചെത്തിയ ഔഷധ കണ്മഷി ഉൾപ്പെടെയുള്ളവ തയാറാക്കുന്ന സംരംഭക, കണ്ണൂരിനെ പ്രതിനിധീകരിച്ചെത്തിയ ഡേ കെയർ സെന്റർ സംരംഭക , വയനാട്ടിൽ നിന്നുള്ള മ്യൂറൽ പെയിന്റിങ് സംരംഭക, മുരിങ്ങയിലയിൽ നിന്ന് പുട്ടുപൊടി മുതൽ പായസം വരെ ഉത്പാദിപ്പിക്കുന്ന സംരംഭക.. എന്നിങ്ങനെ നീളുന്നു അവതരണങ്ങളിൽ മാറ്റുരച്ച സംരംഭകരുടെ നിര.

 ഇന്ന് (ഏപ്രിൽ 23) മികച്ച സി.ഡി.എസ് (കാർഷിക മേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (കാർഷികേതര ഉപജീനം - എം.ഇ, ഡി.ഡി.യു.ജി.കെ.വൈ, കെ-ഡിസ്ക്), മികച്ച ഓക്സിലറി സംരംഭം, മികച്ച സ്നേഹിത, മികച്ച എ.ഡി.എസ് എന്നീ അവാർഡുകൾക്കുള്ള അവതരണങ്ങൾ നടക്കും. ഏപ്രിൽ 26 വരെയാണ് അവാർഡ് നിർണ്ണയ പ്രവർത്തനങ്ങൾ. മേയ് 17ന് കുടുംബശ്രീ ദിനത്തോട് അനുബന്ധിച്ച് അവാർഡ് വിതരണവും സംഘടിപ്പിക്കും.
 

  മികച്ച അയൽക്കൂട്ടം, എ.ഡി.എസ്, ഊര് സമിതി, സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്സ് സ്ഥാപനം, ജെൻഡർ റിസോഴ്സ് സെന്റർ, ഓക്സിലറി ഗ്രൂപ്പ്, ഓക്സിലറി സംരംഭം, സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്ക്, പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷൻ എന്നീ പുരസ്ക്കാരങ്ങൾക്കൊപ്പം മികച്ച സി.ഡി.എസ് (സംയോജന പ്രവർത്തനം, തനത് പ്രവർത്തനം, ഭരണ നിർവ്വഹണം- സൂക്ഷ്മ സാമ്പത്തിക പ്രവർത്തനങ്ങൾ), മികച്ച സി.ഡി.എസ് (കാർഷികമേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെൻഡർ), മികച്ച സി.ഡി.എസ് (ട്രൈബൽ പ്രവർത്തനം), മികച്ച സി.ഡി.എസ് (സൂക്ഷ്മ സംരംഭം, ഡി.ഡി.യു-ജി.കെ.വൈ്, കെഡിസ്ക്) എന്നിങ്ങനെ 17 അവാർഡുകളാണ് നൽകുന്നത്. 

 

 
 

 

Content highlight
kudumbashree awards progressing

ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ആയിരത്തിലേറെ ഉല്‍പന്നങ്ങളുമായി കുടുംബശ്രീ

Posted on Wednesday, April 23, 2025
കുടുംബശ്രീ സംരംഭകരുടെ ആയിരത്തിലേറെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിച്ച് ഓണ്‍ലൈന്‍ വ്യാപാര രംഗത്തും സജീവമായി കുടുംബശ്രീ. പ്രമുഖ ഓണ്‍ ലൈന്‍ പ്ളാറ്റ്ഫോമുകളായ മീഷോ, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ഒ.എന്‍.ഡി.സി എന്നിവയിലെല്ലാം കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ലഭ്യമാകും. ഭക്ഷ്യോല്‍പന്നങ്ങള്‍, കറി പൗഡറുകള്‍, ആയുര്‍വേദിക് ഉല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി  വൈവിധ്യമാര്‍ന്ന കുടുംബശ്രീ ഉല്‍പന്നങ്ങളാണ് ഓണ്‍ ലൈന്‍ വിപണനരംഗത്തുള്ളത്. ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് എവിടെയിരുന്നും തങ്ങള്‍ക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കാനും വാങ്ങാനുമുള്ള സൗകര്യം വിരല്‍തുമ്പില്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകള്‍ വഴി മികച്ച വിറ്റുവരവ് നേടാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു.

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ശക്തമായ വിപണന ശൃംഖല സൃഷ്ടിക്കുകയും അതോടൊപ്പം സംരംഭകര്‍ക്ക് വരുമാന വര്‍ധനവുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നത് ഇതിന്‍റെ ഭാഗമായാണ്. വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി ഉല്‍പന്നങ്ങള്‍ വേഗത്തില്‍ ഉപഭോക്താക്കളിലേക്കെത്തിച്ചു കൊണ്ട് വിപണനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമില്‍ ഉല്‍പന്നങ്ങളെത്തിക്കുന്നതിന്‍റെ ഭാഗമായി  തിരഞ്ഞെടുത്ത 149 സംരംഭകര്‍ക്ക് ജി.എസ്.ടി രജിസ്ട്രേഷന്‍, കമ്പനി രജിസ്ട്രേഷന്‍, ഉല്‍പന്ന വിവരണം തയ്യാറാക്കല്‍, പ്രോഡക്ട് ഫോട്ടോഗ്രഫി, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങി സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉപയോഗിച്ചു കൊണ്ടുള്ള വിവിധ വിപണന രീതികള്‍ എന്നിവയില്‍ പരിശീലനവും നല്‍കിയിരുന്നു. സംരംഭകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ളാറ്റ് ഫോമില്‍ എത്തിക്കുന്നതിനും വിപണനം കാര്യക്ഷമമാക്കുന്നതിനും ആറുമാസത്തെ പിന്തുണയും ഉറപ്പു വരുത്തിയിട്ടുണ്ട്. നബാര്‍ഡിന്‍റെ പിന്തുണയോടെയാണ് സംരംഭകര്‍ക്ക് പരിശീലനം നല്‍കിയത്.  കുടുംബശ്രീ ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി പോക്കറ്റ്മാര്‍ട്ട്-കുടുംബശ്രീ സ്റ്റോര്‍ മൊബൈല്‍ ആപ്പും രൂപീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.  

കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വിപണി ഉറപ്പു വരുത്തുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷവും വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.  കുടുംബശ്രീ ഉല്‍പന്നങ്ങളെ വിവിധ വിതരണ ശൃംഖലയുമായി ബന്ധപ്പെടുത്തുക, ഉല്‍പന്ന സംഭരണത്തിന് ജില്ലകള്‍ തോറും വെയര്‍ഹൗസുകള്‍ സ്ഥാപിക്കുക തുടങ്ങി സംരംഭകരുടെ ശാക്തീകരണം  ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാകും ഈ വര്‍ഷം നടപ്പാക്കുക. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ ലൈന്‍ ഫുഡ് ഡെലിവറി സംവിധാനവുമായി ചേര്‍ന്ന് കുടുംബശ്രീ ലഞ്ച് ബെല്‍ ഉച്ചഭക്ഷണം  ലഭ്യമാക്കുന്നതിനുളള നടപടികളും ആരംഭിക്കും. വാട്ട്സാപ്, ഫേസ്ബുക്ക്, ഗുഗിള്‍ ബിസിനസ് തുടങ്ങി സോഷ്യല്‍മീഡിയ പ്ളാറ്റ്ഫോമുകള്‍ അടക്കം വിനിയോഗിച്ചു കൊണ്ട് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുന്നതിനായി സംരംഭകര്‍ക്ക് നല്‍കുന്ന വിവിധ പരിശീലനങ്ങള്‍ ഈ വര്‍ഷവും തുടരും. കൂടാതെ എ.ഐ അധിഷ്ഠിത മാര്‍ക്കറ്റിങ്ങിലും പരിശീലനം ലഭ്യമാക്കും.  

ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകള്‍ക്കൊപ്പം നിലവിലെ ഉല്‍പന്ന വിപണന സമ്പ്രദായങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ നേരിട്ടു വിപണനം ചെയ്യുന്ന ഹോം ഷോപ്പ് സംവിധാനം 50 പുതിയ മാനേജ്മെന്‍റ് ടീമുകള്‍, 8718 ഹോംഷോപ്പ് ഓണര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലീകരിച്ചിട്ടുണ്ട്. 19.61 കോടി രൂപയുടെ വിറ്റുവരവാണ് കഴിഞ്ഞ വര്‍ഷം മാത്രം ഹോംഷോപ്പ് വഴി ലഭിച്ചത്. 13 ജില്ലകളില്‍ ആരംഭിച്ച 13 പ്രീമിയം കഫേ റെസ്റ്ററന്‍റുകള്‍ വഴി കഴിഞ്ഞ ഒരു വര്‍ഷം അഞ്ചു കോടിയിലേറെ രൂപയുടെ വിറ്റുവരവ് നേടാനും കുടുംബശ്രീക്കായി.

 
Content highlight
Kudumbashree with more than 1,000 products in the online trading sector

കുടുംബശ്രീ സംസ്ഥാനതല അവാര്‍ഡ് നിര്‍ണ്ണയ ശില്‍പ്പശാലയ്ക്ക് തുടക്കം

Posted on Tuesday, April 22, 2025

സംസ്ഥാനതല 'കുടുംബശ്രീ അവാര്‍ഡ്' നിര്‍ണ്ണയ ശില്‍പ്പശാലയ്ക്ക് തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് കിലയില്‍ ഇന്നലെ (ഏപ്രില്‍ 21) തുടക്കമായി. മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍), മികച്ച അയല്‍ക്കൂട്ടം, മികച്ച ഊരുസമിതി, മികച്ച ബഡ്‌സ് സ്ഥാപനം, മികച്ച സംരംഭക ഗ്രൂപ്പ് എന്നീ ഇനങ്ങളില്‍ സംസ്ഥാനതല അവാര്‍ഡിനായുള്ള നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ ആദ്യ ദിനമായ ഇന്നലെ നടന്നു.

  ഇന്ന് (ഏപ്രില്‍ 22) മികച്ച സി.ഡി.എസ് (സംയോജന പ്രവര്‍ത്തനം, തനത് പ്രവര്‍ത്തനം, ഭരണ നിര്‍വ്വഹണം - സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനം), മികച്ച ഓക്‌സിലറി ഗ്രൂപ്പ്, മികച്ച സംരംഭക, മികച്ച സി.ഡി.എസ് (ട്രൈബല്‍ പ്രവര്‍ത്തനം), മികച്ച ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ എന്നിവയ്ക്കായുള്ള അവതരണങ്ങള്‍ നടക്കും. ഏപ്രില്‍ 26 വരെയാണ് അവാര്‍ഡ് നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍.  മേയ് 17ന് കുടുംബശ്രീ ദിനത്തോട് അനുബന്ധിച്ച് അവാര്‍ഡ് വിതരണവും സംഘടിപ്പിക്കും.

  ത്രിതല സംഘടനാ സംവിധാനമുള്‍പ്പെടെ താഴേത്തട്ടുമുതലുള്ള കുടുംബശ്രീ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജവും പ്രചോദനവുമേകുകയെന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അതിന് അംഗീകാരം നല്‍കുകയാണ് അവാര്‍ഡ് വിതരണത്തിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. ആകെ 17 വിഭാഗങ്ങളിലാണ് സംസ്ഥാനതല അവാര്‍ഡുകള്‍ നല്‍കുന്നത്.

 മികച്ച അയല്‍ക്കൂട്ടം, എ.ഡി.എസ്, ഊര് സമിതി, സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്‌സ് സ്ഥാപനം, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, ഓക്‌സിലറി ഗ്രൂപ്പ്, ഓക്‌സിലറി സംരംഭം, സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷന്‍ എന്നീ പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം മികച്ച സി.ഡി.എസ് (സംയോജന പ്രവര്‍ത്തനം, തനത് പ്രവര്‍ത്തനം, ഭരണ നിര്‍വ്വഹണം- സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍), മികച്ച സി.ഡി.എസ് (കാര്‍ഷികമേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍), മികച്ച സി.ഡി.എസ് (ട്രൈബല്‍ പ്രവര്‍ത്തനം), മികച്ച സി.ഡി.എസ് (സൂക്ഷ്മ സംരംഭം, ഡി.ഡി.യു-ജി.കെ.വൈ്, കെഡിസ്‌ക്) എന്നീ പുരസ്‌ക്കാരങ്ങളും നല്‍കും.

 മികച്ച ജില്ലാ മിഷന്‍, മികച്ച പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, മികച്ച സ്‌നേഹിത, മികച്ച ബഡ്‌സ് സ്ഥാപനം എന്നിവ ഒഴികെ ശേഷിച്ച അവാര്‍ഡുകള്‍ക്കായി 14 ജില്ലകളില്‍ നിന്നും ജില്ലാതല അവാര്‍ഡ് നേടിയെത്തിയ ത്രിതല സംഘടനാ സംവിധാന പ്രതിനിധികളാണ് ശില്‍പ്പശാലയില്‍ അവതരണങ്ങള്‍ നടത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

 
അവാര്‍ഡ് നിര്‍ണ്ണയ ശില്‍പ്പശാല മന്ത്രി സന്ദര്‍ശിച്ചു

സംസ്ഥാനതല കുടുംബശ്രീ അവാര്‍ഡ് നിര്‍ണ്ണയ ശില്‍പ്പശാല തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് എന്നിവര്‍ ഇന്നലെ സന്ദര്‍ശിച്ചു.

Content highlight
kudumbashree state level award judgement starts

തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഇംഗ്ളീഷ് ഭാഷാ നൈപുണ്യ പരിശീലനം: കുടുംബശ്രീ കമ്യൂണിക്കോര്‍ പദ്ധതിക്ക് നാളെ തുടക്കമാകും

Posted on Tuesday, April 22, 2025

തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും  ഇംഗ്ളീഷ് ഭാഷാ നൈപുണ്യം ലഭ്യമാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന 'കമ്യൂണിക്കോര്‍' പദ്ധതിക്ക് ലോക ആംഗലേയ ഭാഷാ ദിനമായ ഏപ്രില്‍ 23 ന് സംസ്ഥാനത്ത് തുടക്കമാകും. ഇംഗ്ളീഷ് ഭാഷയില്‍ പ്രാവീണ്യം വര്‍ധിപ്പിച്ചു കൊണ്ട് ഗുണമേന്‍മയുളള ഉന്നതവിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും ഒപ്പം ഡിജിറ്റല്‍ സാക്ഷരതയും ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശീയ മേഖലയില്‍ നിന്നും പദ്ധതി ഗുണഭോക്താക്കളായി തിരഞ്ഞെടുത്ത ആയിരത്തോളം കുട്ടികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 23ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ മന്ത്രി എം.ബി രാജേഷ് ഓണ്‍ലൈനായി നിര്‍വഹിക്കും.

നിലവില്‍ പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന  അട്ടപ്പാടി, പറമ്പിക്കുളം(പാലക്കാട്), തിരുനെല്ലി,
നൂല്‍പ്പുഴ(വയനാട്), ആറളം ഫാം(കണ്ണൂര്‍), നിലമ്പൂര്‍(മലപ്പുറം), കോടഞ്ചേരി (കോഴിക്കോട്), കുട്ടമ്പുഴ (എറണാകുളം), മറയൂര്‍, കാന്തല്ലൂര്‍,  വട്ടവട(ഇടുക്കി) കൊറഗ പ്രത്യേക പദ്ധതി (കാസര്‍കോട്),  കാടര്‍ പ്രത്യേക പദ്ധതി(തൃശൂര്‍), മലൈപണ്ടാരം പ്രത്യേക പദ്ധതി(പത്തനംതിട്ട) എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുക.

ഓരോ ജില്ലയിലും പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 30 മുതല്‍ 50  കുട്ടികള്‍ വരെ ഉള്‍പ്പെടുന്ന വിവിധ ബാച്ചുകള്‍ ഉണ്ടാകും. 12 നും 18 നും ഇടയില്‍ പ്രായമുളള  കുട്ടികളായിരിക്കും ഇതില്‍ പങ്കെടുക്കുക. അവധിക്കാലത്ത് റെസിഡന്‍ഷ്യല്‍ പരിശീലനം ഉള്‍പ്പെടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ക്ളാസ് റൂം പഠനത്തോടൊപ്പം റോള്‍ പ്ളേ, തിയേറ്റര്‍, ഡിബേറ്റുകള്‍, ചര്‍ച്ചകള്‍, ഔട്ട് ഡോര്‍ ഗെയിംസ് തുടങ്ങി വിവിധ പഠന രീതികള്‍ ഉപയോഗിച്ചുകൊണ്ടാകും പരിശീലനം നല്‍കുക. ഇതിനായി നാല്‍പ്പതോളം അധ്യാപകരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായി ചേര്‍ന്നുകൊണ്ട് പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂള്‍ പ്രകാരം പരിശീലനവും നല്‍കിയിട്ടുണ്ട്.  
 
തദ്ദേശീയ മേഖലയില്‍ അധിവസിക്കുന്നവര്‍ക്ക് മലയാളം ഇംഗ്ളീഷ് ഭാഷകള്‍ മനസിലാക്കുന്നതിന് പ്രയാസം നേരിടുന്നത് വിദ്യാഭ്യാസ രംഗത്തും തൊഴില്‍മേഖലയിലും അവരുടെ മുന്നേറ്റത്തെ സാരമായി ബാധിക്കുന്നുണ്ട്. കമ്യൂണിക്കോര്‍ പരിശീലന പദ്ധതി നടപ്പാക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും. കുടുംബശ്രീ സംസ്ഥാന മിഷനാണ് പദ്ധതി വിഭാവനം ചെയ്തു നടപ്പാക്കുന്നത്.

Content highlight
minister will inagurates communicore project on april 23

മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികള്‍ വഴി കുടുംബശ്രീ വരുമാനമൊരുക്കിയത് 3.24 ലക്ഷം ഗുണഭോക്താക്കള്‍ക്ക്

Posted on Tuesday, April 22, 2025

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വഴി നാളിതുവരെ വരുമാനമൊരുക്കിയത് 3.24 ലക്ഷം ഗുണഭോക്താക്കള്‍ക്ക്. ഈ രംഗത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇത്രയും ഗുണഭോക്താക്കള്‍ക്ക് മികച്ച തൊഴിലും അതുവഴി സുസ്ഥിര വരുമാനവും നേടിക്കൊടുക്കാന്‍ കുടുംബശ്രീക്കായത്. കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിന്‍റെ ഭാഗമായി തൊഴില്‍ ലഭിച്ച 100825 കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടും.

മൃഗസംരക്ഷണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടപ്പാക്കി വരുന്നത്. കേരള ചിക്കന്‍ പദ്ധതി വഴി ഇതുവരെ നേടിയത് 357 കോടി രൂപയാണ്. ആഭ്യന്തര ഉപഭോഗത്തിന്‍റെ എട്ടു ശതമാനം ഉല്‍പാദിപ്പിക്കാനാകുന്നതും പൊതുവിപണിയില്‍ വില നിയന്ത്രിക്കാന്‍ കഴിയുന്നു എന്നതും പദ്ധതിയുടെ നേട്ടമാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 'കേരള ചിക്കന്‍' എന്ന പേരില്‍ ഫ്രോസന്‍ ഉല്‍പന്നങ്ങളുടെ വിപണനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കഠിനംകുളത്ത് പ്രോസസിങ്ങ് പ്ളാന്‍റും പ്രവര്‍ത്തന സജ്ജമായി. നിലവില്‍ എഴുനൂറോളം ഗുണഭോക്താക്കള്‍ക്ക് പദ്ധതി വഴി സുസ്ഥിര വരുമാനം ലഭിക്കുന്നു.  

പൗള്‍ട്രി മേഖലയിലും വലിയ കുതിപ്പാണുണ്ടായത്. 104 ഹാച്ചറികളും 76 മദര്‍ യൂണിറ്റുകളും ഈ രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ കോഴിയും കൂടും പദ്ധതി വഴി  പൗള്‍ട്രി യൂണിറ്റുകളെ എംപാനല്‍ ചെയ്തു കൊണ്ട് 623 കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ മുട്ടക്കോഴി വളര്‍ത്തല്‍ ആരംഭിക്കാനും സഹായം നല്‍കി.

ഉപജീവന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് നല്‍കിയ സാമ്പത്തിക പിന്തുണയും ഏറെ ശ്രദ്ധേയമാണ്. ഇതിനായി ഗ്രാമീണ സി.ഡി.എസുകള്‍ക്ക് 35.1 കോടി രൂപയും നഗര സി.ഡി.എസുകള്‍ക്ക് 5.15 കോടി രൂപയും ഉള്‍പ്പെടെ 40.16 കോടി രൂപയാണ് കമ്യൂണിറ്റി എന്‍റര്‍പ്രൈസ് ഫണ്ട് ഇനത്തില്‍ ലഭ്യമാക്കിയത്.  20731 കന്നുകാലി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഇതു സഹായകമായി. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് 401 പ്രോഡ്യൂസര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനും പ്രവര്‍ത്തനമൂലധനത്തിനുമായി നാലു കോടി രൂപയും ധനസഹായമായി നല്‍കി.   ക്ഷീരസാഗരം പദ്ധതി വഴി പശുവളര്‍ത്തല്‍ കര്‍ഷകര്‍ക്കും ആട് ഗ്രാമം പദ്ധതി വഴി ആട് വളര്‍ത്തല്‍ കര്‍ഷകര്‍ക്കും സബ്സിഡി ലഭ്യമാക്കിയിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പും ഈ രംഗത്തെ പ്രശസ്ത സ്ഥാപനങ്ങളുമായും ചേര്‍ന്നു കൊണ്ട് അംഗങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനങ്ങള്‍ നല്‍കി മികച്ച കര്‍ഷകരും സംരംഭകരുമാക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഫീല്‍ഡ്തലത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനായി 4530 കമ്യൂണിറ്റി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി പശുസഖി സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കി. ഇതില്‍ നിന്നും 458 പശുസഖിമാര്‍ക്ക് എ ഹെല്‍പ് സര്‍ട്ടിഫിക്കേഷനും ലഭ്യമാക്കി. ഇവര്‍ ഫീല്‍ഡ്തലത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആവശ്യമായ പിന്തുണ നല്‍കും.

വനിതാ കര്‍ഷകര്‍ക്ക് മത്സ്യക്കൃഷിയിലും അനുബന്ധ മേഖലകളിലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഫിഷറീസ് ക്ളസ്റ്ററുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 

Content highlight
Kudumbashree generates income for 3.24 lakh beneficiaries through various schemes in the animal husbandry sector ml

സംസ്ഥാനമൊട്ടാകെ 163458 സൂക്ഷ്മസംരംഭ യൂണിറ്റുകള്‍; 3.23 ലക്ഷം വനിതകള്‍ക്ക് തൊഴിലൊരുക്കി കുടുംബശ്രീ

Posted on Tuesday, April 22, 2025

സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയില്‍  3.23 ലക്ഷം വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉള്‍പ്പെടെ ആകെ  163458 സംരംഭങ്ങള്‍  ഈ മേഖലയില്‍ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംരംഭ രൂപീകരണം. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിന്‍ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34422 സംരംഭങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇതിലൂടെ മാത്രം 61158 പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ് സൂക്ഷ്മസംരംഭങ്ങള്‍. വിവിധ പദ്ധതികളുടെ ഭാഗമായി ഉല്‍പാദന സേവന മേഖലകളിലടക്കം  കുടുംബശ്രീ വനിതകള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കുന്നു. ഉല്‍പാദന മേഖലയിലാണ് ഏറ്റവും കൂടുതല്‍ വനിതകള്‍. 69484 സംരംഭങ്ങളാണ് ഈ മേഖലയിലുള്ളത്. അംഗന്‍വാടികളിലേക്ക് പൂരക പോഷകാഹാരം വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സ് തയ്യാറാക്കി നല്‍കുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241 യൂണിറ്റുകള്‍ മുഖേനയാണ്. 1680 വനിതകളാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്.

സേവന മേഖലയില്‍ 49381-ഉം വ്യാപാര രംഗത്ത് 35646 ഉം സംരംഭങ്ങളും രൂപീകരിച്ചിട്ടുണ്ട്. ഭക്ഷ്യോല്‍പാദനത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണവും ഭക്ഷ്യ-സംസ്കരണവുമടക്കമുള്ള മേഖലകളിലും  ശ്രദ്ധേയമായ ചുവട് വയ്പ്പ് നടത്താന്‍ കുടുംബശ്രീക്കായി. 2685 സംരംഭങ്ങള്‍ ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ മാത്രമുണ്ട്.

സംസ്ഥാനത്ത് അജൈവ മാലിന്യ ശേഖരണത്തിനായി കുടുംബശ്രീയുടെ കീഴില്‍ രൂപീകരിച്ച 4438 ഹരിതകര്‍മ സേനകളിലെ 35214 വനികള്‍ക്കും ഇന്ന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ഇതു കൂടാതെ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍, സിമന്‍റ് കട്ട നിര്‍മാണം, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഡ്രൈവിംഗ് സ്കൂള്‍, മാര്യേജ് ബ്യൂറോ, ഹൗസ് കീപ്പിങ്ങ് തുടങ്ങിയ രംഗങ്ങളിലും കുടുംബശ്രീ സംരംഭകരുണ്ട്. യുവജനങ്ങള്‍ക്കായി പി.എം-യുവ, പദ്ധതിയും നടപ്പാക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ അംഗപരിമിതര്‍, വിധവകള്‍ എന്നിവര്‍ക്കായി 1784 'പ്രത്യാശ'യൂണിറ്റുകളും  സംസ്ഥാനത്തുണ്ട്. പാവപ്പെട്ടവര്‍ക്ക് 20 രൂപയ്ക്ക് ഗുണനിലവാരമുള്ള ഉച്ചഭക്ഷണം ലഭ്യമാക്കുന്ന  1028 ജനകീയ ഹോട്ടലുകള്‍ നടത്തുന്നതിലൂടെ അയ്യായിരത്തോളം വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു.  

കാലാനുസൃതമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വനിതകളുടെ സംരംഭകത്വ ശേഷി വികസിപ്പിക്കുന്നതിനും കുടുംബശ്രീ പ്രത്യേക പരിഗണന നല്‍കുന്നു. സംസ്ഥാനമൊട്ടാകെ ആരംഭിച്ച 288 ബ്രാന്‍ഡഡ് കഫേ, 13 ജില്ലകളില്‍ ആരംഭിച്ച പ്രീമിയം കഫേ റെസ്റ്റൊറന്‍റുകള്‍ എന്നിവയാണ് ഇതില്‍ പ്രധാനം. വയോജന രോഗീപരിചരണ മേഖലയില്‍ ലഭ്യമാകുന്ന തൊഴിലവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച കെ4കെയര്‍ പദ്ധതിയാണ് മറ്റൊന്ന്. ഇതിലൂടെ 605 പേര്‍ക്ക് ഇതിനകം തൊഴില്‍ ലഭിച്ചു.

ഇതര വകുപ്പുകളുമായും ഏജന്‍സികളുമായും സംയോജിച്ചു കൊണ്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളും കുടുംബശ്രീയുടെ കീഴിലുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുമായി ചേര്‍ന്ന് 51 ഇ-സേവാ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ഓഫീസുകളിലായി 343 കാന്‍റീനുകളും ഉണ്ട്. നിലവില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് എഴുപതോളം പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്.

സ്വയംതൊഴില്‍ മേഖലയിലേക്ക് കടന്നു വരുന്ന വനിതകള്‍ക്ക് പൊതുഅവബോധന പരിശീലനം, സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ വികസന പരിശീലനം, വിവിധ സാമ്പത്തിക പിന്തുണകള്‍  എന്നിവയും കുടുംബശ്രീ ലഭ്യമാക്കുന്നു.

Content highlight
Kudumbashree provides employment to 3.23 lakh women through 1,63,458 micro-enterprise units across the stateml

കാര്‍ഷിക മേഖലയില്‍ പുത്തന്‍ കുതിപ്പുമായി കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്‍റ് പ്രോഗ്രാം (കെ-ടാപ്)

Posted on Tuesday, April 22, 2025

കാര്‍ഷിക രംഗത്തെ ആധുനികവല്‍ക്കരണവും വനിതാ കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനലഭ്യതയും ലക്ഷ്യമിട്ട് കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്‍റ് പ്രോഗ്രാ(കെ-ടാപ്)മുമായി കുടുംബശ്രീ. കൃഷിയിലും അനുബന്ധ മേഖലകളിലും നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ ഉല്‍പാദനം, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം, സംസ്ക്കരണം, വിപണനം തുടങ്ങി കൃഷിയുടെ സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിച്ചു കൊണ്ട് വനിതകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഇന്ത്യയിലെ പ്രശസ്ത കാര്‍ഷിക സാങ്കേതിക ഗവേഷണ  സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് കേന്ദ്രീകൃത സാങ്കേതികവിദ്യാ ശേഖരം തയ്യാറാക്കി. ഇതുപ്രകാരം 180-ലേറെ പുതിയ സാങ്കേതിക വിദ്യകള്‍ കുടുംബശ്രീ സ്വന്തമാക്കിയിട്ടുണ്ട്.

കാര്‍ഷിക മേഖലയുടെ നവീകരണത്തിനും വനിതാ കര്‍ഷകരുടെ ശാക്തീകരണത്തിനും കുടുംബശ്രീ ഇത്രയേറെ സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കുന്നത് ഇതാദ്യമാണ്. കുടുംബശ്രീ മുഖേന നിലവില്‍ നടപ്പാക്കി വരുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ മുഖച്ഛായ മാറ്റുന്നതാണ് പുതിയ പദ്ധതി. നിലവില്‍ കുടുംബശ്രീക്ക് കീഴിലുള്ള 92442 കര്‍ഷക സംഘങ്ങളിലെ 4.3 ലക്ഷത്തോളം വനിതകള്‍ മുഖേന സംസ്ഥാനമൊട്ടാകെ നെല്ല്, വാഴ, വിവിധ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നുണ്ട്.  കൂടാതെ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍, കാര്‍ഷിക സംരംഭങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.  ഇപ്രകാരം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ ഉപജീവന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ പുതിയ ടെക്നോളജി ബാങ്ക് മുഖേന കുടുംബശ്രീ  സഹായമെത്തിക്കും. നിലവില്‍ മികച്ച രീതിയില്‍ കൃഷിയും അനുബന്ധ ബിസിനസുകളും ചെയ്യുന്ന സംരംഭകരെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് രാജ്യത്തെ പ്രമുഖ കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാകും പരിശീലനം നല്‍കുക. പുതിയ പദ്ധതി നടപ്പാകുന്നത് ഇവര്‍ക്ക് വരുമാനവര്‍ധനവിന് വഴിയൊരുക്കും.

കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംസ്ക്കരണം, ചെറുധാന്യങ്ങളുടെ മൂല്യവര്‍ധനവ്, നാളികേര ഉല്‍പന്നങ്ങള്‍, പരിസ്ഥിതി സൗഹൃദ പാക്കേജിങ്ങ് തുടങ്ങിയ മേഖലകളിലും വലിയ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ജൈവ ഉല്‍പാദന രീതികള്‍, സ്മാര്‍ട്ട് ഫാമിങ്ങ്, പായ്ക്കിങ്ങ്, ബ്രാന്‍ഡിങ്ങ്, ലൈസന്‍സ് ലഭ്യമാക്കല്‍ തുടങ്ങിയവ നവീകരിക്കുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിക്കും. ഇത് നിലവിലുളള സംരംഭങ്ങളുടെ വിപുലീകരണത്തിനും വരുമാനവര്‍ധനവിനും വഴിയൊരുക്കും.  

നിലവില്‍ ഉല്‍പന്ന വിപണനം നേരിടുന്ന എല്ലാ പരിമിതികളെയും മറികടക്കാനുള്ള ആസൂത്രണവും പദ്ധതിയിലുണ്ട്. ഇതിനായി കയറ്റുമതി കൂടി ലക്ഷ്യമിട്ടുകൊണ്ട് പ്രീമിയം ലെവല്‍ ഉല്‍പന്നങ്ങളായിരിക്കും തയ്യാറാക്കുക. ദേശീയ അന്തര്‍ദേശീയ വിപണികളില്‍ കുടുംബശ്രീ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനാവശ്യമായ സര്‍ട്ടിഫിക്കേഷനുകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പു വരുത്തിയാകും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.    

കുടുംബശ്രീയുടെ യുവനിരയായ  ഓക്സിലറി ഗ്രൂപ്പ് ഉള്‍പ്പെടെ യുവതലമുറയില്‍ നിന്നു കൂടി  മികച്ച കാര്‍ഷിക സംരംഭകരെ കണ്ടെത്താന്‍ കെ-ടാപ് പദ്ധതി പ്രയോജനപ്പെടുത്തും. കാര്‍ഷിക രംഗത്ത് മികച്ച കരിയര്‍ കണ്ടെത്താന്‍ യുവജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനായി ഇവര്‍ക്ക് ആധുനിക കൃഷിരീതികളും സംസ്ക്കരണ സാങ്കേതിക വിദ്യകളും  പരിചയപ്പെടുത്തും. സംരംഭകശേഷി വികസന പരിശീലനങ്ങളും നല്‍കും.

 

Content highlight
Kudumbashree Technology Advancement Programme (K-TAP) takes a new leap in the agricultural sector

പലതുള്ളി പെരുവെള്ളം: സംസ്ഥാനത്ത് കുടുംബശ്രീ അയല്‍ക്കൂട്ട വനിതകളുടെ ബാങ്ക് നിക്ഷേപം 9369 കോടി രൂപ

Posted on Saturday, April 19, 2025
വീട്ടുമുറ്റത്തെ ബാങ്ക് എന്നറിയപ്പെടുന്ന കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടേതായി സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുളളത് 9369 കോടി രൂപയുടെ നിക്ഷേപം. സാധാരണക്കാരായ സ്ത്രീകളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി 1998 മുതല്‍ കുടുംബശ്രീ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഭാഗമായാണ് അയല്‍ക്കൂട്ടതലത്തില്‍ സമ്പാദ്യ രൂപീകരണം.

രജത ജൂബിലി പിന്നിട്ട കുടുംബശ്രീയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് അയല്‍ക്കൂട്ട അംഗങ്ങളുടേതായി ഇതുവരെയുള്ള ഭീമമായ നിക്ഷേപം. ആഴ്ചതോറും എല്ലാ അംഗങ്ങളും കുറഞ്ഞത് പത്തു രൂപ വീതം നിക്ഷേപിക്കണം എന്ന വ്യവസ്ഥയിലായിരുന്നു പദ്ധതിയുടെ തുടക്കമെങ്കിലും ക്രമേണ അയല്‍ക്കൂട്ടങ്ങളുടെയും അംഗങ്ങളുടെയും എണ്ണത്തിലും നിക്ഷേപത്തിലുമുണ്ടായ ക്രമാനുഗത പുരോഗതിയാണ് സമ്പാദ്യം ശതകോടികളിലേക്ക് കുതിക്കാന്‍ സഹായകമായത്. കൂടാതെ കുടുംബശ്രീ മിഷന്‍ 2024-25 സാമ്പത്തിക വര്‍ഷം നടത്തിയ'സസ്റ്റെയിനബിള്‍ ത്രിഫ്റ്റ് ആന്‍ഡ് ക്രെഡിറ്റ് ക്യാമ്പയിന്‍' മുഖേന അയല്‍ക്കൂട്ട അംഗങ്ങളുടെ ശരാശരി ആഴ്ച സമ്പാദ്യം ഗണ്യമായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഇതോടെ ഏഷ്യയില്‍ തന്നെ ആഴ്ച സമ്പാദ്യത്തിലൂടെ ഏറ്റവും കൂടുതല്‍ നിക്ഷേപം കൈവരിക്കുന്ന സ്ത്രീകൂട്ടായ്മയെന്ന ഖ്യാതിയും കുടുംബശ്രീക്ക് സ്വന്തം.  

സമ്പാദ്യത്തിനൊപ്പം അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വായ്പയെടുക്കാനും കഴിയും. നടപടിക്രമങ്ങള്‍ ഇല്ലാതെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുമെന്നതാണ് അയല്‍ക്കൂട്ട വായ്പയെ ആകര്‍ഷകമാക്കുന്നത്. ഇവിടെ നിന്നു വായ്പ ലഭ്യമാകുന്നതു വഴി വട്ടിപ്പലിശക്കാരുടെ കടക്കെണി ഒഴിവാക്കാനും സാധിക്കുന്നു.    അംഗത്തിന്‍റെ ആവശ്യമനുസരിച്ച്  നിക്ഷേപത്തിന് ആനുപാതികമായി വായ്പ എടുക്കാനും സാധിക്കും. മറ്റ് അംഗങ്ങള്‍ അനുമതി നല്‍കുന്ന പക്ഷം സ്വന്തം നിക്ഷേപ തുകയേക്കാള്‍ കൂടുതല്‍ തുക വായ്പാ ഇനത്തില്‍ ലഭിക്കും. വ്യക്തിഗത വായ്പയായും പരസ്പര ജാമ്യത്തിലും വായ്പയെടുക്കാനും അയല്‍ക്കൂട്ടങ്ങളില്‍ അവസരമുണ്ട്. നിലവില്‍ 28723.89 കോടിരൂപ ആന്തരിക വായ്പാ ഇനത്തില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇന്ന് സംസ്ഥാനമൊട്ടാകെയുള്ള കുടുംബശ്രീ സംരംഭകരില്‍ നല്ലൊരു വിഭാഗവും അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വായ്പയെടുത്ത് സംരംഭം തുടങ്ങി വിജയിച്ചവരാണ്. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം, ഗൃഹനിര്‍മാണം, മക്കളുടെ വിവാഹം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായും ഇവര്‍ കുടുംബശ്രീ വായ്പയെ ആശ്രയിക്കുന്നു.  

സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും സാമ്പത്തിക സാക്ഷരത നേടിക്കൊടുക്കുന്നതിലും കുടുംബശ്രീയുടെ മൈക്രോ ഫിനാന്‍സ് പദ്ധതി വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇന്ന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളവരാണ് എല്ലാ അയല്‍ക്കൂട്ട അംഗങ്ങളും. 3.07 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ ഇതുവരെ ബാങ്കുമായി ലിങ്ക് ചെയ്തു കഴിഞ്ഞു. ഇതുവഴി സ്വന്തമായി ബാങ്കിടപാടുകള്‍ നടത്താനും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനുള്ള ശേഷിയും ഇവര്‍ കൈവരിച്ചിട്ടുണ്ട്. ഇന്ന് ദേശസാല്‍കൃത ബാങ്കുകള്‍ കൂടാതെ പുതുതലമുറ ബാങ്കുകളും അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ നല്‍കാന്‍ മുന്നോട്ടു വരുന്നുണ്ട്. വായ്പാ തിരിച്ചടവിലെ കൃത്യതയാണ് ഇതിനു കാരണം.  
             

 
Content highlight
mf

'ഗ്രാമീണ വനിതകള്‍ക്ക് ഇലക്ട്രിക് സൈക്കിളിലൂടെ സുസ്ഥിര ഗതാഗതം' - സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവ്വഹിച്ചു

Posted on Saturday, April 19, 2025

സംസ്ഥാന തദ്ദേശ സ്വയംഭരണ, ഊര്‍ജ വകുപ്പുകളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന  'ഗ്രാമീണ വനിതകള്‍ക്ക് ഇലക്ട്രിക് സൈക്കിളിലൂടെ സുസ്ഥിര ഗതാഗതം'  പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ഇലക്ട്രിക് സൈക്കിള്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു.ആലത്തൂര്‍ യു. പ്ലസ് ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 18ന് നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.

കെ രാധാകൃഷ്ണൻ എം പി മുഖ്യാതിഥിയായി. എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, പി.പി സുമോദ്, ,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബിനുമോള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ രജനി ബാബു, ടി കെ ദേവദാസ് ,ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കള്‍, സി.ഡി.എസ് അധ്യക്ഷമാര്‍ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ എന്‍.ആര്‍.എല്‍.എം ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറും പ്രോഗ്രാ ഓഫീസറുമായ സി നവീന്‍  പദ്ധതി അവതരണം നടത്തി.

  കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് സ്വാഗതവും കേരള എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ രജിസ്ട്രാര്‍ സുഭാഷ് ബാബു ബി.വി നന്ദിയും പറഞ്ഞു.ആലത്തൂർ ബ്ലോക്കിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച പുതുക്കോട് ഹരിതകർമ്മ സേനയെ കുടുംബശ്രീ ജില്ലാ മിഷൻ ആദരിച്ചു.പാലക്കാട്‌ ജില്ലയിലെ ഏറ്റവും മികച്ച ബഡ്‌സ് സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ട ആലത്തൂർ ബഡ്‌സ് സ്കൂളിനെയും രോഗി പരിചരണം വയോജന പരിപാലനം എന്നീ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന കുടുംബശ്രീ സാന്ത്വനം വളണ്ടിയേഴ്സിനെയും ആദരിച്ചു.

2050-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം കുടുംബശ്രീ വനിതകളുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനും സംരംഭകത്വ വികസനത്തിനും വരുമാന വര്‍ദ്ധനവിനുമായി പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ   കുടുംബശ്രീയില്‍ അംഗങ്ങളായ 600 വനിതാ സംരംഭകര്‍ക്കാണ് ഇ-സൈക്കിള്‍ വിതരണം ചെയ്യുന്നത്. ചടങ്ങിൽ ആലത്തൂര്‍ സി.ഡി.എസില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്കുള്ള ഇ-സൈക്കിള്‍ വിതരണം ചെയ്തു. മറ്റു ഗുണഭോക്താക്കള്‍ക്ക് ജില്ലയിലെ  നാലു കേന്ദ്രങ്ങളില്‍ നിന്നായി വിതരണം ചെയ്യും.  ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകര്‍ക്ക് ഇലക്ട്രിക് സൈക്കിളുകള്‍ നല്‍കുന്നതു വഴി അവരുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും വരുമാന വര്‍ധനവിന് സഹായിക്കുകയുമാണ് ലക്ഷ്യം.

 

ds

 

Content highlight
e cycle

കുടുംബശ്രീ സ്നേഹിത വഴി അഭയവും പിന്തുണയും നല്‍കിയത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60889 പേര്‍ക്ക്

Posted on Friday, April 18, 2025

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയുടെ തണലൊരുക്കിയ കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് മുഖേന  ഇതുവരെ  കൈകാര്യം ചെയ്തത്  60889 കേസുകള്‍. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 11776 പേര്‍ക്ക് സ്നേഹിത വഴി താല്‍ക്കാലിക അഭയം നല്‍കി. 49113 കേസുകളില്‍ അതത് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് സൗജന്യ നിയമ സഹായവും കൂടാതെ വൈദ്യ സഹായം, കൗണ്‍സലിങ്ങ് സേവനങ്ങള്‍ എന്നിവയും ലഭ്യമാക്കി. 2013 ഓഗസ്റ്റ് 23-ന് പ്രവര്‍ത്തനം തുടങ്ങിയ ശേഷം സ്നേഹിതയുടെ ഓഫീസിലേക്ക് നേരിട്ടെത്തിയ കേസുകളും ടെലി കേസുകളും ഉള്‍പ്പെടെയാണിത്.  

2024-25 സാമ്പത്തിക വര്‍ഷം മാത്രം കുടുംബശ്രീ സ്നേഹിത കൈകാര്യം ചെയ്തത് 6605 കേസുകളാണ്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1692 പേര്‍ക്ക് അഭയം നല്‍കി. ആകെയുള്ള കേസുകളില്‍ 1102 എണ്ണം ഗാര്‍ഹിക പീഡനത്തിന്‍റെ പരിധിയിലും 233 എണ്ണം കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങളുടെ പരിധിയിലും വരുന്നവയാണ്. ഇതു കൂടാതെ കുട്ടികള്‍ക്കെതിരേയുള്ള മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 136 കേസുകളും കൈകാര്യം ചെയ്തിട്ടുണ്ട്. പോലീസിന്‍റെയും ചൈല്‍ഡ് ഹെല്‍പ് ലൈനിന്‍റെയും പിന്തുണയോടെയാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.  

സമൂഹത്തില്‍ വിവിധ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ വിവിധ പിന്തുണകളും സഹായവും ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്ന സംവിധാനമാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്. വനിതാ ശിശുവികസന വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായും സഹകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍. വിവിധ പ്രശ്നങ്ങള്‍ നേരിട്ട് സ്നേഹിതയില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരമാവധി മൂന്നു ദിവസം വരെ താല്‍ക്കാലിക അഭയം നല്‍കും. പുനരധിവാസം ആവശ്യമായ കേസുകളും നിരവധിയാണ്. ഇതിന് വിവിധ വകുപ്പുകളും എന്‍.ജി.ഓകളുമായി ചേര്‍ന്നു കൊണ്ട് ആവശ്യമായ പിന്തുണകള്‍ ലഭ്യമാക്കുന്നുണ്ട്. മാനസിക പിന്തുണ ആവശ്യമായവര്‍ക്ക് കൗണ്‍സലിങ്ങ് സേവനങ്ങളും  നല്‍കുന്നു.  

പ്രാദേശിക തലത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജെന്‍ഡര്‍ പോയിന്‍റ് പേഴ്സണ്‍, വിജിലന്‍റ് ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ എന്നിവയുടെ ജില്ലാതല നോഡല്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററായും സ്നേഹിത പ്രവര്‍ത്തിക്കുന്നു.

2013 ഓഗസ്റ്റ് 23-ന് എറണാകുളം ജില്ലയിലായിരുന്നു തുടക്കം. നിലവില്‍ പതിനാല് ജില്ലകളിലും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായും സ്നേഹിത പ്രവര്‍ത്തിക്കുന്നു. സ്നേഹിതയുടെ ഓരോ ഓഫീസിലും രണ്ട് കൗണ്‍സിലര്‍മാര്‍, അഞ്ച് സര്‍വീസ് പ്രൊവൈഡര്‍മാര്‍, ഓഫീസ് അസിസ്റ്റന്‍റ്, കെയര്‍ടേക്കര്‍, രണ്ട് സെക്യൂരിറ്റി എന്നിവരടക്കം 11 ജീവനക്കാരും ഉണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ്  ഇവരുടെ പ്രവര്‍ത്തനം.

സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ  ഭാഗമായി ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ 84 ഡി.വൈ.എസ്.പി/എ.സി.പി  ഓഫീസുകളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകളും ആരംഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കമ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ ഉറപ്പാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. കൂടാതെ സ്നേഹിതയുടെ സേവനങ്ങള്‍ വിദൂരവും ഒറ്റപ്പെട്ടതുമായ സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ 11 സ്നേഹിത സബ് സെന്‍ററുകളും പ്രവര്‍ത്തിച്ചു വരുന്നു.

Content highlight
Kudumbashree Snehitha provided shelter and support to 60,889 people, including women & children ML