ഫീച്ചറുകള്‍

നവ ആയുഷ് - ഗോത്രവൈദ്യ ചികിത്സാകേന്ദ്രത്തിന് കാഞ്ഞങ്ങാട്ട് തുടക്കം

Posted on Saturday, July 18, 2026

പരമ്പരാഗത ഗോത്രവൈദ്യത്തിന്റെ തനിമ ചോരാതെ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഒണ്ടംകുളത്ത് നവ ആയുഷ് ആദിവാസി വംശീയ പാരമ്പര്യ വൈദ്യചികിത്സാ കേന്ദ്രത്തിന് തുടക്കം. പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ നേതൃത്വം വഹിക്കുന്നത് നെല്ലിത്തറയിലെ പ്രശസ്ത ഗോത്രവൈദ്യ ആര്‍. പത്മാവതിയാണ്.

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേന്ദ്രങ്ങളില്‍ വിജയകരമായി ചികിത്സ നടത്തുകയും ഒട്ടനവധി പ്രദര്‍ശന സ്റ്റാളുകളിലൂടെ ആദിവാസി വംശീയ വൈദ്യത്തിന്റെ പ്രസക്തി പൊതുസമൂഹത്തിന് മുന്നില്‍ തെളിയിക്കുകയും ചെയ്ത വ്യക്തിയാണ് പത്മാവതി വൈദ്യര്‍. പരമ്പരാഗത രീതിയിലുള്ള കര്‍ക്കടക ചികിത്സ, ഉഴിച്ചില്‍, സ്ത്രീരോഗങ്ങള്‍, വിട്ടുമാറാത്ത മുട്ടുവേദന, വാതസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പച്ചമരുന്ന് ചികിത്സകള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഈ കേന്ദ്രത്തില്‍ ലഭ്യമാകും.

കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി. പ്രീതിയുടെ അധ്യക്ഷതയില്‍ ഒണ്ടംകുളത്ത് സംഘടിപ്പിച്ച യോഗത്തില്‍ പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ കെ.എം മുഖ്യാതിഥിയായി. കുടുംബശ്രീ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ സരോജിനി കൃഷ്ണന്‍ സ്വാഗതവും ആര്‍. പത്മാവതി നന്ദിയും പറഞ്ഞു.

Content highlight
Nava Ayush - Tribal Medicine Treatment Center inaugurated in Kanhangad

റബര്‍ കൃഷി മേഖലയിലേക്ക് കുടുംബശ്രീ

Posted on Tuesday, July 14, 2026

റബര്‍ കൃഷി മേഖലയിലെ തൊഴിലാളി ക്ഷാമത്തിന് ശ്വാശ്വത പരിഹാരം, റബര്‍ കര്‍ഷകര്‍ക്ക് സമഗ്ര സേവനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ റബര്‍ കാര്‍ഷിക കര്‍മ്മസേനയുമായി കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍. മേലുകാവ് പഞ്ചായത്തിലാണ് ഇവന്റ് മാനേജ്‌മെന്റ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കര്‍മ്മസേനയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്.

റബര്‍ തോട്ടങ്ങളുടെ പരിപാലനം ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി 15 അയല്‍ക്കൂട്ടാംഗങ്ങളാണ് റബര്‍ കാര്‍ഷിക കര്‍മ്മസേനയിലുള്ളത്. മേലുകാവ് സി.ഡി.എസിലെ വിവിധ അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ളവരാണിവര്‍. ടാപ്പിങ് ഉള്‍പ്പെടെയുള്ള എല്ലാ റബര്‍ കൃഷി പരിപാലന പ്രവര്‍ത്തനങ്ങളും ഈ കര്‍മ്മസേന ഏകോപിപ്പിച്ച് നിര്‍വഹിക്കും. ഇതിലൂടെ തോട്ടം ഉടമകള്‍ക്ക് തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാകുകയും കൃഷിപരിപാലനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും വിദഗ്ധ സംഘത്തിന് കൈമാറാനാവുകയും ചെയ്യും. തൊഴിലാളികള്‍ക്ക് സ്ഥിരതയുള്ള തൊഴിലും മാന്യമായ വേതനവും ഉറപ്പാക്കുന്നതോടൊപ്പം റബ്ബര്‍ ഉല്‍പ്പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കാനും പദ്ധതി സഹായകമാകും. കേരള റബ്ബര്‍ ലിമിറ്റഡിന്റെ (കെ.ആര്‍.എല്‍) സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയും പദ്ധതിക്കുണ്ട്.

മേലുകാവ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയ് സ്‌കറിയ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി ടോമി അധ്യക്ഷയായ ചടങ്ങില്‍ കേരള റബര്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഷീല തോമസ് ഐ.എ.എസ് (റിട്ട.)ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ജനപ്രതിനിധികള്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, റബര്‍ കര്‍ഷകര്‍, തൊഴിലാളികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കാളികളായി.

Content highlight
rubber ktym kshree

ബ്രാന്‍ഡഡ് കുടിവെള്ളവുമായി കാസര്‍ഗോഡ് കുടുംബശ്രീ

Posted on Thursday, January 29, 2026

ഗുണമേന്മയുള്ള കുടിവെള്ളം മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ 'എക്കോ ഫ്രണ്ട്‌ലി അക്വ' എന്ന കുടിവെള്ള ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുകയാണ് കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍. ചെമ്മനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സി.ഡി.എസിലെ 8 കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ സംരംഭകരാണ് പ്ലാന്റിന്റെ ചുക്കാന്‍ പിടിക്കുന്നത്.

കോലാംകുന്നില്‍ സ്ഥാപിച്ച 'എക്കോ ഫ്രണ്ട്ലി അക്വ' മിനറല്‍ വാട്ടര്‍ പ്ലാന്റില്‍ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. സ്വന്തമായി വാങ്ങിയ 15 സെന്റ് സ്ഥലത്താണ് അത്യാധുനിക മെഷീനറികളുള്‍ക്കൊള്ളുന്ന പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 

വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനായി രണ്ട് വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഉപയോഗശൂന്യമായി കിടന്നിരുന്ന പഴയ ക്വാറിയിലെ ജലം ശാസ്ത്രീയമായി ശുദ്ധീകരിച്ചാണ് വിതരണത്തിന് എത്തിക്കുന്നത്. ക്വാറിയുടെ ഒരു വശം കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തി സംരക്ഷിച്ചാണ് ജലസംഭരണിയാക്കിയത്. 78 ലക്ഷം ലിറ്ററും 68,000 ലിറ്ററും ജലം ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ജലസംഭരണികള്‍ക്കുള്ളത്. 8 സംരംഭകര്‍ ഉള്‍പ്പെടെ 15 പേരാണ് പ്ലാന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

 

ജനുവരി 27ന് നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ മിനി ശശികുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ജിതിന്‍ കെ.ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍ സ്വാഗതവും ഭവിഷ ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

Content highlight
kasargod kudumbashree branded mineral water

ഇറ്റ്‌ഫോകിന് എത്തുന്നവർക്ക് രുചി ലോകം തുറന്ന് കുടുംബശ്രീ

Posted on Tuesday, January 27, 2026

പതിനാറാം അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള- ഇറ്റ്‌ഫോക്) ഭാഗമായി കേരള സംഗീത നാടക അക്കാഡമി കോമ്പൗണ്ടില്‍ കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തുടക്കമായി. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വഹിച്ചു.

എട്ട് കഫേ യൂണിറ്റുകള്‍ ഒരുക്കുന്ന തേങ്ങാ ചോറ് , കാസർഗോഡ് ചറുമുറു, അട്ടപ്പാടി വനസുന്ദരി, ജ്യൂസുകൾ, സ്നാക്സ്, ദോശകൾ,

കപ്പ വിഭവങ്ങൾ...ഇങ്ങനെ വൈവിധ്യമാർന്ന രുചികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫുഡ്കോർട്ടിൽ 100 ലേറെ പേര്‍ക്ക് ഒരേ സമയം ഇരുന്ന് കഴിക്കാനാകും. ഫെബ്രുവരി ഒന്ന് വരെയാണ് മേള. ഇത് തുടർച്ചയായ നാലാം വർഷമാണ് ഇറ്റ്‌ഫോക്കിൽ തൃശ്ശൂർ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുടുംബശ്രീ ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.

 

Content highlight
kudumbashree food festival at ITFOK

കുടുംബശ്രീ മോഡല്‍ - ദേശീയതല പഠന കേന്ദ്രമാകാന്‍ ആര്യനാട് സി.ഡി.എസ് തയ്യാര്‍

Posted on Tuesday, January 27, 2026

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് കുടുംബശ്രീയുടെ സംഘടനാ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുന്നതിനും വിശദമായി പഠിക്കുന്നതിനും തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സി.ഡി.എസിനെ ഇമേര്‍ഷന്‍ സൈറ്റായി (മാതൃകാ കേന്ദ്രം) വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) മാനേജര്‍ മഹമ്മുദ് ഹസന്‍ ആര്യനാട് സി.ഡി.എസ് സന്ദര്‍ശിച്ചു.

ആര്യനാടിനെ ഇമേര്‍ഷന്‍ സൈറ്റായി പ്രഖ്യാപിക്കുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യം ഉദ്യോഗസ്ഥര്‍ക്കും കുടുംബശ്രീയുടെ താഴേത്തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള കേന്ദ്രമായി ഈ സി.ഡി.എസ് മാറും. കൂടാതെ ഇവിടെ കാര്‍ഷിക, സൂക്ഷ്മ സംരംഭ, സാമൂഹ്യവികസന, സ്ത്രീശാക്തീകരണ മേഖലകളില്‍ നടപ്പിലാക്കി വരുന്ന മാതൃകാ പദ്ധതികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പകര്‍ത്തുകയും ചെയ്യും.

പ്രാദേശിക സാമ്പത്തിക വികസനത്തിലും സാമൂഹിക ശാക്തീകരണത്തിലും ആര്യനാട് സി.ഡി.എസ് കൈവരിച്ച നേട്ടങ്ങളും കൂടാതെ ഐ,.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയതും മനോഹരവുമായ സി.ഡി.എസ് ഓഫീസ് സംവിധാനവും ആര്യനാടിനെ ഇമേര്‍ഷന്‍ സൈറ്റാക്കി മാറ്റുന്നതിന് മതിയായ യോഗ്യതയാണെന്ന് എന്‍.ആര്‍.എല്‍.എം മാനേജര്‍ അഭിപ്രായപ്പെട്ടു.

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ കരുത്തിനെക്കുറിച്ചും ജനാധിപത്യപരമായ ത്രിതല സംഘടനാ ഘടനയെക്കുറിച്ചും സി.ഡി.എസ്, എ.ഡി.എസ് ഭരണസമിതി അംഗങ്ങളുമായി നടത്തിയ പ്രത്യേക സംവാദത്തില്‍ ചോദിച്ചറിഞ്ഞു. അയല്‍ക്കൂട്ടം മുതല്‍ സി.ഡി.എസ് വരെയുള്ള സംവിധാനങ്ങള്‍ എങ്ങനെയാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും വിലയിരുത്തി. ആര്യനാട് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുനിതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍ കെ.യു, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ മാത്യു ചാക്കോ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ജസീല്‍, ബ്ലോക്ക് ഓര്‍ഡിനേറ്റര്‍ അഭിന ദേവി. ആര്‍ എന്നിവരും പങ്കെടുത്തു.

 

 

Content highlight
aryanad cds

കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റ് എല്ലാ ജില്ലകളിലും സുസജ്ജം

Posted on Tuesday, January 27, 2026

പൊതുജനങ്ങള്‍ക്ക് എല്ലാവിധ പ്രീമിയം സൗകര്യങ്ങളുമേകുന്ന കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റുകളുടെ ശൃംഖലയായ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് എല്ലാ ജില്ലകളിലും സുസജ്ജം. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് ആദ്യ പ്രീമിയം റെസ്റ്റോറന്റിന് കുടുംബശ്രീ തുടക്കമിട്ടത്. ഇടുക്കി ജില്ലയില്‍ കൂടെ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചതോടെയാണ് കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ സാന്നിധ്യം എല്ലാ ജില്ലകളിലുമായത്.

പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ പേട്ട ജംഗ്ഷനില്‍ സൊസൈറ്റി പടിയിലാണ് ഇടുക്കിയിലെ പ്രീമിയം റെസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചത്. 

 റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. അയ്യപ്പന്‍ കോവില്‍ സി.ഡി.എസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗമായ പ്രഭ പ്രകാശ് എന്ന സംരംഭകയാണ് ഇൗ പ്രീമിയം റെസ്റ്റോറന്റിന്റെ ചുക്കന്‍ പിടിക്കുന്നത്. 2500ലേറെ ചതുരശ്രയടിയിലുള്ള റെസ്‌റ്റോറന്റില്‍ 20 പേര്‍ 2 ഷിഫ്റ്റിലായും ജോലി ചെയ്യുന്നു.

സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാലാ ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ് പ്രീമിയം റെസ്റ്റോറന്റ് വഴി കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. വയനാട് ജില്ലയിലെ മേപ്പാടി, തൃശൂരിലെ ഗുരുവായൂര്‍, കോട്ടയം കുറവിലങ്ങാട്, കോഴിക്കോട് കൊയിലാണ്ടി, കാസര്‍ഗോഡ് സിവില്‍ സ്റ്റേഷന്‍, മലപ്പുറം കോട്ടയ്ക്കല്‍, തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപം, കണ്ണൂര്‍ ഇരിട്ടി, കൊല്ലം ചവറ, പത്തനംതിട്ട പന്തളം, ആലപ്പുഴ കല്ലിശ്ശേരി എന്നിവിടങ്ങളിലാണ് നിലവില്‍ പ്രീമിയം റെസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

Content highlight
Kudumbashree premium restaurants starts functioning in all districts

സ്‌നേഹിത പ്രചാരണം- ആലപ്പുഴയില്‍ മിനി മാരത്തണ്‍ സംഘടിപ്പിച്ചു

Posted on Monday, October 27, 2025

കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബര്‍ 26ന്‌ സംഘടിപ്പിച്ച മിനി മാരത്തണിൽ പ്രായഭേദമന്യേ ഭാഗമായത് ആയിരത്തിലേറെ അയൽക്കൂട്ടാംഗങ്ങൾ.

ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം മുതൽ ബീച്ച് വരെയായിരുന്നു മാരത്തോൺ. കുടുംബശ്രീ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്ക് നൽകുന്ന 24 മണിക്കൂർ ടെലി കൗൺസിലിങ്ങ് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക് പ്രചാരം നൽകുകയായിരുന്നു മിനി മാരത്തണിൻ്റെ ലക്ഷ്യം.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മിനി മാരത്തൺ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ കെ. കെ. ജയമ്മ അധ്യക്ഷയായ ചടങ്ങിൽ വാർഡ് കൗൺസിലർമാരായ സിമി ഷാഫീഖാൻ, ഹെലൻ ഫെർണാണ്ടസ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ മാരായ ടെസ്സി ബേബി, അനന്ത രാജൻ,ആലപ്പുഴ സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഷീല മോഹൻ, ആലപ്പുഴ നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ സോഫിയ അഗസ്റ്റിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ കോർഡിനേറ്റർ രഞ്ജിത്ത്. എസ് സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ സുനിത. പി കൃതജ്ഞതയും പറഞ്ഞു. തുടർന്ന് ബീച്ചിൽ പുന്നപ്ര ജ്യോതികുമാറും സംഘവും അവതരിപ്പിച്ച നാട്ടുപാട്ടു ചങ്ങാത്തം പരിപാടിയുമുണ്ടായിരുന്നു.

 

Content highlight
Kudumbashree alpy district mission organized mini marathon

കുടുംബശ്രീ അഗ്രി ബിസ്നെസ്റ്റ് മലപ്പുറത്തും

Posted on Tuesday, October 21, 2025

കുടുംബശ്രീയുടെ കാര്‍ഷിക സംരംഭക പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതും കാര്‍ഷിക സംരംഭക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും സാധ്യതകളും കുടുംബശ്രീ അംഗങ്ങള്‍ക്ക് മനസ്സിലാക്കി നല്‍കുന്നതും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കുടുംബശ്രീ അഗ്രി ബിസിനസ് നെറ്റ്‌വര്‍ക്കിങ് (കെഎ ബിസ്‌നെസ്റ്റ്- KA BIZNEST) പദ്ധതി മലപ്പുറത്തും. കുടുംബശ്രീ കാര്‍ഷിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലെയും കോളേജുകളുമായി സഹകരിച്ച് നടത്തുന്ന ഈ കൂട്ടായ്മ മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ സംഘടിപ്പിച്ചു. സംരംഭക മീറ്റും ഉത്പന്ന പ്രദര്‍ശന വിപണന മേളയും ഉള്‍പ്പെടുന്ന ബിസ്‌നെസ്റ്റിന്റെ ഉദ്ഘാടനം കായിക, വഖഫ്, ഹജ്ജ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്‍ നിർവഹിച്ചു.

ജില്ലയിലെ ഏറ്റവും മികച്ച 32 കുടുംബശ്രീ സംരംഭകരുടെ വിവിധതരത്തിലുള്ള കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ ശനം, വിപണനം എന്നിവയ്ക്കൊപ്പം സംരംഭ വികസന സെമിനാറും ബിസ്‌നെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു. കൂടാതെ സ്റ്റാര്‍ട്ടപ്പ് സാധ്യതകള്‍, സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് കുടുംബശ്രീ സംരംഭകര്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സീനിയര്‍ ടെക്‌നോളജി ഫെല്ലോ റോണി കെ.റോയ് ക്ലാസ് നയിച്ചു. സംരംഭകര്‍ക്ക് അവരുടെ സംരംഭക യാത്രയിലെ അനുഭവങ്ങളും, പാഠങ്ങളും പങ്കുവെക്കാനുള്ള വേദിയും പരിപാടിയിലൊരുക്കിയിരുന്നു.

ഉദ്ഘാടന ചടങ്ങില്‍ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റഹ്‌മത്തുന്‍സാ. ഐ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് മുഖ്യാതിഥിയായി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ രമ്യ രാജപ്പൻ, കുടുംബശ്രീ മലപ്പുറം അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ രഗീഷ്.ആര്‍, പ്രസാദ് ടി.വി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍.ബി സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ മന്‍ഷൂബ പി.എം നന്ദിയും പറഞ്ഞു. കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും അഗ്രി ബിസ്നെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ അതാത് ജില്ലകളിലെ കോളേജുകളുമായി സഹകരിച്ച് കുടുംബശ്രീ സംഘടിപ്പിച്ചിരുന്നു.

Content highlight
kabiznest

‘ബാക് ടു ഫാമിലി’ക്ക് കാസർഗോട്ടു തുടക്കം

Posted on Tuesday, October 21, 2025

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കുന്ന ‘ബാക്ക് ടു ഫാമിലി 2025′ അയല്‍ക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക്’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. സ്ത്രീ ശാക്തീകരണം, സുരക്ഷിത ബാല്യം, മികവാര്‍ന്ന രക്ഷാകര്‍തൃത്വം, കുടുംബാരോഗ്യം, കുട്ടിയും അവകാശവും എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പൗരബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതും കുട്ടികളുടെയും കുടുംബങ്ങളുടെയും ആരോഗ്യത്തെ മികച്ച രക്ഷാകര്‍തൃത്വത്തിലൂടെ പരിപോഷിപ്പിക്കുന്നതും സ്ത്രീ ശാക്തീകരണത്തിലൂന്നിയ ശേഷിയിലേക്ക് കുടുംബങ്ങളെ നയിക്കുന്നതും ആരോഗ്യ സാക്ഷരതയുള്ള കുടുംബം എന്ന നേട്ടം കൈവരിക്കുന്നതുമാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

ബാക് ടു ഫാമിലിയുടെ ജില്ലാതല ഉദ്ഘാടനം മടിക്കൈ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഗീതനാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പവതി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഴുത്തുകാരന്‍ സുറാബ് മുഖ്യാതിഥിയായി. ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് പദ്ധതി വിശദീകരണം നടത്തി.

ഒക്ടോബര്‍ 30ന് ഔദ്യോഗികമായി സമാപിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത രണ്ട് വീതം ജനപ്രതിനിധികളെ റിസോഴ്‌സ് പേഴ്‌സ്സണ്‍മാരായി പങ്കെടുപ്പിച്ച് ബാക് ടു ഫാമിലി പരിശീലനങ്ങള്‍ നല്‍കിവരികയാണ്. വരുന്ന അവധി ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും ഇവര്‍ മുഖേന പരിശീലനങ്ങള്‍ നല്‍കുകയും ഈ പരിശീലനം സിദ്ധിച്ച അയല്‍ക്കൂട്ടാംഗങ്ങളിലൂടെ ജില്ലയിലെ 1,88,900 അയല്‍ക്കൂട്ട കുടുംബങ്ങളിലേക്ക് ബാക്ക് ടു ഫാമിലി ലക്ഷ്യങ്ങള്‍ എത്തിക്കുകയും ചെയ്യും. ഓരോ കുടുംബത്തിന്റെയും ആര്‍ജ്ജിച്ചെടുക്കേണ്ട ആരോഗ്യ അറിവും, പരിരക്ഷയും സംബന്ധിച്ച അയല്‍ക്കൂട്ടതല പ്ലാനുകള്‍ തയ്യാറാക്കി കൂട്ടായി നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങളും നടത്തും.

ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Content highlight
back to family

തള്ത്ത തളിറ് - പോസ്റ്റര്‍ പ്രകാശനം ചെയ്തു

Posted on Tuesday, October 14, 2025

കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയുടെ സാമൂഹിക, സാംസ്‌ക്കാരിക പശ്ചാത്തലത്തില്‍ തദ്ദേശീയ മേഖലകളിലെ വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, ബാലാവകാശം, ലഹരി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഹ്രസ്വ ചിത്രം തള്ത്ത തളിറ്-ന്റെ പോസ്റ്റര്‍ പ്രകാശനം തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു. പാലക്കാട് ഇന്ന് സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിഷന്‍ 2031 സെമിനാറിലായിരുന്നു പോസ്റ്റര്‍ പ്രകാശനം.

തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കായി കുടുംബശ്രീ സംഘടിപ്പിച്ച കനസ് ജാഗ ഫിലിം ഫെസ്റ്റിവലിനായി തയാറാക്കിയ ഹ്രസ്വ ചലച്ചിത്രങ്ങളില്‍ കഥ,അഭിനയം,സംവിധാനം എന്നിവ നിര്‍വഹിച്ച കുട്ടികളും അട്ടപ്പാടിയിലെ അയൽക്കൂട്ട അംഗങ്ങളും ഈ ചിത്രത്തിന്റെ ഭാഗമായി. കനസ് ജാഗ റിസോഴ്‌സ് പേഴ്‌സണും അട്ടപ്പാടി സ്‌പെഷ്യല്‍ പ്രോജക്ട് യൂത്ത് കോര്‍ഡിനേറ്ററുമായ സുരേഷ് ശ്രീ എറിക് ആണ് തള്ത്ത തളിറ്-ന്റെ കഥ എഴുതി സംവിധാനം ചെയ്തിട്ടുള്ളത്. സിനിമ അടുത്ത മാസം റിലീസ് ചെയ്യും.

  ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത്, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ്. മനോജ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ജിഷ്ണു ഗോപൻ, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോമോന്‍ കെ.ജെ എന്നിവര്‍ പങ്കെടുത്തു. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അഗളി, ഷോളയൂര്‍, പുതൂര്‍, കുറുമ്പ പഞ്ചായത്ത് സമിതികള്‍ എന്നിവര്‍ ചിത്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.

Content highlight
thaltha thalir poster released