സ്‌നേഹിത പ്രചാരണം- ആലപ്പുഴയില്‍ മിനി മാരത്തണ്‍ സംഘടിപ്പിച്ചു
കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബര്‍ 26ന് സംഘടിപ്പിച്ച മിനി മാരത്തണിൽ പ്രായഭേദമന്യേ ഭാഗമായത് ആയിരത്തിലേറെ അയൽക്കൂട്ടാംഗങ്ങൾ.
ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം മുതൽ ബീച്ച് വരെയായിരുന്നു മാരത്തോൺ. കുടുംബശ്രീ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്ക് നൽകുന്ന 24 മണിക്കൂർ ടെലി കൗൺസിലിങ്ങ് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക് പ്രചാരം നൽകുകയായിരുന്നു മിനി മാരത്തണിൻ്റെ ലക്ഷ്യം.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മിനി മാരത്തൺ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ കെ. കെ. ജയമ്മ അധ്യക്ഷയായ ചടങ്ങിൽ വാർഡ് കൗൺസിലർമാരായ സിമി ഷാഫീഖാൻ, ഹെലൻ ഫെർണാണ്ടസ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ മാരായ ടെസ്സി ബേബി, അനന്ത രാജൻ,ആലപ്പുഴ സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഷീല മോഹൻ, ആലപ്പുഴ നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ സോഫിയ അഗസ്റ്റിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ കോർഡിനേറ്റർ രഞ്ജിത്ത്. എസ് സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ സുനിത. പി കൃതജ്ഞതയും പറഞ്ഞു. തുടർന്ന് ബീച്ചിൽ പുന്നപ്ര ജ്യോതികുമാറും സംഘവും അവതരിപ്പിച്ച നാട്ടുപാട്ടു ചങ്ങാത്തം പരിപാടിയുമുണ്ടായിരുന്നു.




