കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ - കില

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ 1990-ല്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ രൂപം നല്‍കിയ സ്വയംഭരണ സ്ഥാപനമാണ് ‘കില’. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും  ഉദ്യോഗസ്ഥര്‍ക്കും  വിവിധ വകുപ്പുകളില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  കൈമാറികിട്ടിയ ഘടക സ്ഥാപനങ്ങളിലെ  ജീവനക്കാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുക എന്നതാണ് ‘കില’യുടെ മുഖ്യ ഉത്തരവാദിത്വം. അധികാര വികേന്ദ്രീകരണവുമായും പ്രാദേശിക ആസൂത്രണവുമായും പൊതുഭരണവുമായും ബന്ധപ്പെട്ട പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തിനും നയരൂപീകരണത്തിനുമാവശ്യമായ വിദഗ്ദ്ധ ഉപദേശവും സഹായവും നല്കുകയും ‘കില’യുടെ ഉത്തരവാദിത്വമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനുള്ള ഹെല്‍പ്പ് ലൈന്‍ സംവിധാനവും ‘കില’യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അധികാര വികേന്ദ്രീകരണവും പ്രാദേശികാസൂത്രണവും സംബന്ധിച്ച പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യം കൈവരിക്കാന്‍ ഇതിനകം ‘കില’യ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യ  അധികാര വികേന്ദ്രീകരണത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള ദക്ഷിണേന്ത്യയിലെ സുപ്രധാനമായ പരിശീലന സ്ഥാപനമായി ‘കില’യ്ക്ക്  ഇതിനകം മാറാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലാതലത്തില്‍ വികേന്ദ്രീകൃതമായ പരിശീലന സംവിധാനം സൃഷ്ടിച്ചുകൊണ്ട് സമയബന്ധിതമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിശീലനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ‘കില’യ്ക്ക് കഴിയുന്നു. അന്തര്‍ദേശീയ വികസന ഏജന്‍സിയായ യുഎന്‍ഡിപി, എസ്ഡിസി, യൂനിസെഫ്, യുഎന്‍ ഹാബിറ്റാറ്റ്, കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്റ്  ഫോറം എന്നിവയുടെയും ദേശീയതലത്തില്‍  ഹഡ്കോ, എന്‍ഐയുഎ, കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം, കേന്ദ്ര നഗരവികസന മന്ത്രാലയം എന്നിവ നടപ്പാക്കുന്ന അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനും ‘കില’ പ്രവര്‍ത്തിച്ചു വരുന്നു.

വെബ് സൈറ്റ് :www.kila.ac.in