വാര്‍ത്തകള്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി കുടുംബശ്രീ 'പ്രത്യാശ' പദ്ധതി: ജീവിതമാര്‍ഗം തുറന്നു കിട്ടിയത് 2167 പേര്‍ക്ക്

Posted on Tuesday, May 13, 2025
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തില്‍ പെട്ടവര്‍ക്കായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രത്യാശ പദ്ധതി തുണയായത് 2167 പേര്‍ക്ക്. ഇതില്‍ 56 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ വയോജനങ്ങള്‍, ഗാര്‍ഹികാതിക്രമങ്ങള്‍ക്ക് വിധേയരായവര്‍ എന്നിവര്‍ക്ക് സ്വയംപര്യാപ്തത നേടിക്കൊടുക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 
 
  ഇതിന്‍റെ ഭാഗമായി തയ്യല്‍, ഫുഡ് പ്രോസസിങ്ങ്, തുണി സഞ്ചി, പേപ്പര്‍ പേന നിര്‍മാണം, കാറ്ററിങ്ങ് എന്നീ വിഭാഗങ്ങളില്‍ ആകെ 2037 സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ പിന്തുണ നല്‍കി. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ മുഖേന 19 സംരംഭങ്ങളും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.

ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന പാവപ്പെട്ടവര്‍ക്ക്  ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനായി കുടുംബശ്രീ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രത്യാശ. ഗുണഭോക്താക്കള്‍ക്ക് പദ്ധതി വഴി വ്യക്തിഗത സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 50,000 രൂപയും ഗ്രൂപ്പ് സംരംഭത്തിന് പരമാവധി 2,50,000/- രൂപ വരെയും സ്റ്റാര്‍ട്ടപ് ഫണ്ട് ഇനത്തില്‍ സാമ്പത്തിക സഹായമായി നല്‍കുന്നുണ്ട്. 
 
  സംരംഭങ്ങള്‍ ആരംഭിച്ച് മികവിലേക്കുയരാന്‍ തൊഴില്‍ വൈദഗ്ധ്യ പരിശീലനവും സബ്സിഡി ഉള്‍പ്പെടെയുള്ള ധനസഹായവും നിരന്തരമായ പിന്തുണയും കുടുംബശ്രീ ലഭ്യമാക്കുന്നുണ്ട്.
Content highlight
2167 people found their livelihood through Kudumbashree 'Prathyasha' Project for the marginalized

പ്രാദേശിക തൊഴില്‍ദാന കേന്ദ്രങ്ങളായി കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍ സംസ്ഥാനത്ത് സജീവമാകുന്നു നിലവില്‍ 13 ജില്ലകളിലായി ബ്ളോക്ക്തലത്തില്‍ 29 എം.ഇ.ആര്‍.സികള്‍

Posted on Monday, May 12, 2025

അയല്‍ക്കൂട്ട വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് കുടുംബശ്രീ  മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍(എം.ഇ.ആര്‍.സി) ബ്ളോക്ക്തലത്തില്‍ സജീവമായി. തൊഴിലും വരുമാന സാധ്യതകളും വര്‍ധിപ്പിക്കുന്നതോടൊപ്പം സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനങ്ങളുമടക്കമുള്ള  പിന്തുണകള്‍ ലഭ്യമാക്കുകയാണ് എം.ഇ.ആര്‍.സികളുടെ ലക്ഷ്യം. നിലവില്‍ പതിമൂന്ന് ജില്ലകളിലായി 29 ബ്ളോക്കുകളില്‍ എം.ഇ.ആര്‍.സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  നിലവിലുള്ള സംരംഭങ്ങള്‍ക്കും പുതുതായി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കും ഉള്‍പ്പെടെ ഇതുവഴി പിന്തുണകള്‍ ലഭ്യമാക്കി വരികയാണ്.  

അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി ബ്ളോക്ക്തലത്തില്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കുടുംബശ്രീയുടെ പ്രാദേശിക തൊഴില്‍ദാന കേന്ദ്രങ്ങളാണ് എം.ഇ.ആര്‍.സികള്‍. കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങളുടെ വിപുലീകരണവും പ്രാദേശിക സാമ്പത്തിക വികസനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വേതനാധിഷ്ഠിത തൊഴില്‍ നേടുന്നതിനാവശ്യമായ സഹായങ്ങള്‍, നൂതന ആശയങ്ങള്‍ അടിസ്ഥാനമാക്കി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കാവശ്യമായ പ്രോത്സാഹനം ഉല്‍പന്ന വിപണനത്തിന് ആവശ്യമായ പിന്തുണകള്‍ എന്നിവ ഇതിലൂടെ ലഭ്യമാക്കുന്നു. കൂടാതെ തൊഴില്‍ മേളകള്‍  സംഘടിപ്പിച്ചും അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നു. മേഖലാതലത്തില്‍ സംരംഭങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനായതും ശ്രദ്ധേയമായ നേട്ടമാണ്. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും പദ്ധതി ഏറെ സഹായകമാകുന്നുണ്ട്.

എം.ഇ.ആര്‍.സികളുടെ പ്രവര്‍ത്തനം  മെച്ചപ്പെടുത്താന്‍ കോള്‍ സെന്‍റര്‍, ഹെല്‍പ് ഡെസ്ക് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ജില്ലാമിഷനെയും സി.ഡി.എസുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഘടകമായാണ് എം.ഇ.ആര്‍.സി പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എം.ഇ.ആര്‍.സി വഴി ലഭിക്കും.

എം.ഇ.ആര്‍.സി സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഓരോ ജില്ലയ്ക്കും ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ പദ്ധതി വിഹിതത്തില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഓഫീസ് നവീകരണം, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, പ്രവര്‍ത്തന മൂലധനം, അടിസ്ഥാന സൗകര്യ വികസനം, യന്ത്രസാമാഗ്രികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. കുടുംബശ്രീ സി.ഡി.എസിനു കീഴിലുള്ള മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റ്മാര്‍ക്കാണ് എം.ഇ.ആര്‍.സിയുടെ നടത്തിപ്പ് ചുമതല.  

Content highlight
Kudumbashree Micro Enterprise Resource Centres become active in the state as Local Employment Centres

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണം, പോഷകം, ആരോഗ്യം, വെള്ളം, ശുചിത്വം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതി

Posted on Saturday, May 10, 2025

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മികച്ച പോഷകാഹാര ലഭ്യതയും ആരോഗ്യവും ശുചിത്വവും കുടിവെളളവും ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ലിയു പദ്ധതി സംസ്ഥാനത്ത് ശ്രദ്ധേയമാകുന്നു. കുടുംബശ്രീയുടെ കീഴിലുള്ള 48 ലക്ഷം അംഗങ്ങള്‍ക്കും ഇതു സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി  42 ലക്ഷത്തിലേറെ അയല്‍ക്കൂട്ട  അംഗങ്ങളില്‍ ആര്‍ത്തവ ശുചിത്വം, സ്ത്രീകള്‍ക്ക് പോഷകാഹാരത്തിന്‍റെ അനിവാര്യത എന്നിവയുമായി ബന്ധപ്പെട്ട് അവബോധ പരിശീലനങ്ങള്‍ ലഭ്യമാക്കി. 2678 ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കും അവബോധം നല്‍കി.  

2015-ല്‍ അട്ടപ്പാടിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് എല്ലാ ജില്ലകളിലേക്കും  വ്യാപിപ്പിച്ചു. അയല്‍ക്കൂട്ട അംഗങ്ങള്‍, കുട്ടികള്‍ എന്നിവരെ കേന്ദ്രീകരിച്ചു കൊണ്ട് കുടുംബശ്രീ സി.ഡി.എസുകളിലും എ.ഡി.എസുകളിലുമാണ് പ്രവര്‍ത്തനങ്ങള്‍. ഇതിനകം 791 ഭക്ഷ്യമേളകള്‍, 27 മെഡിക്കല്‍ ക്യാമ്പുകള്‍, കൂടാതെ പോഷകാഹാര അവബോധം നല്‍കുന്നതിന്‍റെ ഭാഗമായി 1112 പോഷകാഹാര മേളകള്‍, മൈക്രോ ഗ്രീന്‍ കൃഷി എന്നിവയും സംഘടിപ്പിച്ചു.

പട്ടികവര്‍ഗ മേഖലയില്‍ പദ്ധതി നടത്തിപ്പിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി 'ഒസ്റ' ബോധവല്‍ക്കരണ ക്യാമ്പയിനും സംഘടിപ്പിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ആര്യാട് ബ്ളോക്കുകളില്‍ സംഘടിപ്പിച്ച 'ശ്രദ്ധ' കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ വഴി 2243 കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രാഥമിക പരിശോധനയും ബോധവല്‍ക്കരണ ക്യാമ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ വകുപ്പുകളുടെയും രാജ്യാന്തര സംഘടനകളുടെയും സഹകരണവും കുടുംബശ്രീ ഉറപ്പുവരുത്തുന്നു. ഇതിന്‍റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്നു കൊണ്ട് 387 സി.ഡി.എസുകളില്‍ 'പോഷന്‍ മാ' ക്യാമ്പയിന്‍, യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ചേര്‍ന്നുകൊണ്ട് എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 1732 റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനവും സംഘടിപ്പിച്ചു.

കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 154 മോഡല്‍ സി.ഡി.എസുകളില്‍ ഹാപ്പി കേരളം പദ്ധതിയും നടപ്പാക്കുന്നു. 

Content highlight
Food, Nutrition, Health, Water and Sanitation for Women and Children: Kudumbashree FNHW Project with Remarkable Activities

കെ-ടാപ് : 12 മുന്‍നിര കാര്‍ഷിക സാങ്കേതിക വിദ്യകള്‍ക്കായി കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ - കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും ധാരണാപത്രത്തില്‍ ഒപ്പിട്ടു

Posted on Saturday, May 10, 2025
കിഴങ്ങുവര്‍ഗ്ഗ കൃഷിയിലെ 12 മുന്‍നിര സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ - കേന്ദ്ര കിഴുങ്ങുവിള ഗവേഷണ കേന്ദ്രവും (ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ) ഒപ്പിട്ടു. തിരുവനന്തപുരം ശ്രീകാര്യത്ത് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ ഇന്നലെ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീയ്ക്കായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസും ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐയ്ക്ക് വേണ്ടി ഡയറക്ടര്‍ ഡോ. ജി. ബൈജുവുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
 
 
കുടുംബശ്രീയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ നിന്ന് ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് അയല്‍ക്കൂട്ടാംഗങ്ങളെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയിലൂന്നിയ കൃഷി രീതികളിലേക്കും സുസ്ഥിര വരുമാന ലഭ്യതയിലേക്കും നയിക്കുന്നതിനായി തയാറാക്കിയിരിക്കുന്ന കെ-ടാപ് (കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം)ന്റെ ഭാഗമായി സാങ്കേതിക വിദ്യകള്‍ കൈമാറുന്നതിനുള്ള ആദ്യ ധാരണാപത്രമാണിത്. ഇത് പ്രകാരം കിഴങ്ങുവിളകളില്‍ നിന്നുള്ള മൂല്യവര്‍ദ്ധനവും ഭക്ഷ്യ സംസ്‌ക്കരണവും കേന്ദ്രീകരിച്ചുള്ള 12 സാങ്കേതിക വിദ്യകള്‍ കുടുംബശ്രീക്ക് ലഭിക്കും. കപ്പ, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് കുക്കീസ്, കുല്‍ഫി, മഫിന്‍സ്, സ്‌നാക്കസ്, പാസ്ത, ജെല്ലി തുടങ്ങിയ വിവിധ വിഭവങ്ങള്‍ തയാറാക്കുന്നതിനുള്ള സാങ്കേതിക വിദ്യകളാണ് നല്‍കുക.
 
വരും ആഴ്ചകളില്‍ ഇന്ത്യയിലെ മറ്റ് ഏഴ് പ്രമുഖ കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് കൂടി സാങ്കേതിക വിദ്യകള്‍ വാങ്ങി ആകെ 180 സാങ്കേതിക വിദ്യകളടങ്ങുന്ന വിദ്യാശേഖരം തയാറാക്കി ഇത് ഉപയോഗപ്പെടുത്തിയുള്ള ഉത്പന്നങ്ങള്‍ ഓണത്തോടെ പുറത്തിറക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് മുഖ്യപ്രഭാഷണത്തില്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യകളില്‍ ഊന്നിയുള്ള പരിശീലനം നല്‍കുന്ന പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും.
 
കൃഷിയിലും അനുബന്ധ മേഖലകളിലും നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ ഉത്പാദനം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണം, സംസ്‌ക്കരണം, വിപണനം തുടങ്ങീ കൃഷിയുടെ സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിച്ചു കൊണ്ട് വനിതകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കെ-ടാപ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ കുടുംബശ്രീക്ക് കീഴിലുള്ള 94,594 കര്‍ഷക സംഘങ്ങളിലെ 4,32,667 വനിതകള്‍ സംസ്ഥാനമൊട്ടാകെ 20,000ത്തിലേറെ ഹെക്ടറില്‍ വിവിധ കൃഷികള്‍ ചെയ്തുവരുന്നു.
 
പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍, കാര്‍ഷിക സംരംഭങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവയുമുണ്ട്. ഈ വനിതാ കര്‍ഷകരുടെ ഉപജീവന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ കെ-ടാപ് സാങ്കേതിക വിദ്യാശേഖരം ഉപയോഗപ്പെടുത്തും. കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌ക്കരണം, ചെറുധാന്യങ്ങളുടെ മൂല്യവര്‍ധനവ്, ജൈവ ഉത്പാദന രീതികള്‍, സ്മാര്‍ട്ട് ഫാമിങ്ങ്, പരിസ്ഥിതി സൗഹൃദ പാക്കേജിങ്ങ്, ബ്രാന്‍ഡിങ്ങ്, ലൈസന്‍സ് ലഭ്യമാക്കല്‍ എന്നിവയ്‌ക്കെല്ലാം ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതോടുകൂടി നിലവിലുളള സംരംഭങ്ങളുടെ വിപുലീകരണവും വരുമാനവര്‍ദ്ധനവുമുണ്ടാകും.
 
ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. ജി. ബൈജു അധ്യക്ഷനായി. കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ടുള്ള പരിപാടികളെല്ലാം ഫലപ്രദമായി താഴേത്തട്ടിലേക്ക് എത്തി വിജയകരമായി തീരുമെന്ന് ഉറപ്പാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ്. ജി, ഡോ. എം.എസ്. സജീവ് (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐ) എന്നിവര്‍ സംസാരിച്ചു. ഡോ. പി.എസ്. ശിവകുമാര്‍ (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐ) സ്വാഗതവും ഡോ. ടി. കൃഷ്ണകുമാര്‍ (സയന്റിസ്റ്റ്, ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐ) നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷന്‍, ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
hg
 
 
Content highlight
KTAP Kudumbashree and ICAR-CTCRI signs MoU

കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊല്യൂഷന്‍സ്-കിബ്സ്: തൊഴില്‍ ലഭിച്ചത് 1190 പേര്‍ക്ക്

Posted on Friday, May 9, 2025
കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊല്യൂഷന്‍സ്-കിബ്സ് വഴി സംസ്ഥാനത്ത് തൊഴില്‍ ലഭിച്ചത് 1190 പേര്‍ക്ക്.  നഗരമേഖലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ തൊഴില്‍ വൈദഗ്ധ്യമുള്ള വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് അവര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ ജോലി ലഭിച്ച 1190 പേരില്‍ 1060 പേരും സ്ത്രീകളാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 14 പേരും 116 പുരുഷന്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു.  

കുടുംബശ്രീ സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ എറണാകുളം ആസ്ഥാനമാക്കിയാണ് കിബ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍. ട്രാവന്‍കൂര്‍ കൊച്ചി സയന്‍റിഫിക് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരമാണ് കിബ്സിന്‍റെ രൂപീകരണം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെ നല്‍കുന്ന ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍ററാണ് കിബ്സ്. കൊച്ചി റെയില്‍ മെട്രോയുടെ 24 സ്റ്റേഷനുകളിലും ജോലി ചെയ്യുന്ന 585 കുടുംബശ്രീ വനിതകള്‍ക്ക് അഭിമാനകരമായ ജോലി ലഭ്യമായതും കിബ്സ് വഴിയാണ്.  ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ സര്‍വീസ്, ഹെല്‍പ് ഡെസ്ക്, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സര്‍വീസ്, പൂന്തോട്ടം-പച്ചക്കറി തോട്ട നിര്‍മാണം, കിച്ചണ്‍, കാന്‍റീന്‍, പാര്‍ക്കിങ്ങ് എന്നീ വിഭാഗങ്ങളിലാണ് ഇവരുടെ സേവനം. കൊച്ചി മെട്രോയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ജോലി ലഭ്യമായതും കിബ്സ് വഴിയാണ്.

കൊച്ചി റെയില്‍ മെട്രോയ്ക്കു ശേഷം കൊച്ചി വാട്ടര്‍ മെട്രോയിലും  ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിങ്ങ് എന്നീ ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള മുപ്പത് പേരും കുടുംബശ്രീ വനിതകളാണ്. കിബ്സ് വഴിയാണ് ഇവര്‍ക്കും തൊഴില്‍ ലഭ്യമായത്. കിബ്സ് വഴി വിവിധ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള വേതനവും ഇ.എസ്.ഐ, പ്രൊവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളും ഉറപ്പു വരുത്തുന്നുണ്ട്.
 
 
 
Content highlight
1190 people get jobs through Kudumbashree Initiative for Business Solutions (KIBS)

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവ്: പതിനേഴ് വിഭാഗങ്ങളില്‍ കുടുംബശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു

Posted on Thursday, May 8, 2025

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവിന് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ പതിനേഴ് വിഭാഗങ്ങളിലെ അവാര്‍ഡ് വിജയികളെ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

മികച്ച അയല്‍ക്കൂട്ട വിഭാഗത്തില്‍  ഒന്നാം സ്ഥാനം പൗര്‍ണ്ണമി അയല്‍ക്കൂട്ടം ( സുല്‍ത്താന്‍ ബത്തേരി സി.ഡി.എസ്, വയനാട്) രണ്ടാം സ്ഥാനം ഭാഗ്യശ്രീ (ശ്രീകൃഷ്ണപുരം സി.ഡി.എസ്, പാലക്കാട്) മൂന്നാം സ്ഥാനം അശ്വതി അയല്‍ക്കൂട്ടം (തിരുവാണിയൂര്‍ സി.ഡി.എസ്, എറണാകുളം)

മികച്ച എ.ഡി.എസ് വിഭാഗത്തില്‍ തിച്ചൂര്‍ എ.ഡി.എസ്(വരവൂര്‍ സി.ഡി,എസ്, തൃശൂര്‍) ഒന്നാം സ്ഥാനവും പുന്നാംപറമ്പ് എ.ഡി.എസ്(ശ്രീകൃഷ്ണപുരം സി.ഡി.എസ്, പാലക്കാട്) രണ്ടാം സ്ഥാനവും മാട്ടറ എ.ഡി.എസ്(ഉളിക്കല്‍, കണ്ണൂര്‍) മൂന്നാം സ്ഥാനവും നേടി.

മികച്ച ഓക്സിലറി ഗ്രൂപ്പിനുള്ള ഒന്നാം സ്ഥാനം വയനാട് സുല്‍ത്താന്‍ ബത്തേരി സി.ഡി.എസിലെ ധ്വനി ഓക്സിലറി ഗ്രൂപ്പിനാണ്. രണ്ടാം സ്ഥാനം പുനര്‍ജ്ജനി(പോര്‍ക്കുളം, തൃശൂര്‍) ഗ്രൂപ്പിനാണ്. മൂന്നാം സ്ഥാനം കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ സി.ഡി.എസിലെ വിങ്ങ്സ് ഓഫ് ഫയര്‍, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സി.ഡി.എസിലെ വൈഭവം ഓക്സിലറി ഗ്രൂപ്പും പങ്കിട്ടു.

മികച്ച ജില്ലാ മിഷനുള്ള അവാര്‍ഡ് കൊല്ലം ജില്ലാ മിഷന്‍ നേടി. തൃശൂര്‍ ജില്ലാമിഷനാണ് രണ്ടാം സ്ഥാനം. എറണാകുളം, വയനാട് ജില്ലാ മിഷനുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

മികച്ച ഊരുസമിതി വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ അഗളി പഞ്ചായത്ത് സമിതിയിലെ ദൈവഗുണ്ഡ് ജെല്ലിപ്പാറ ഊരുസമിതിക്കാണ് ഒന്നാം സ്ഥാനം. വയനാട് ജില്ലയിലെ തിരുനെല്ലി സി.ഡി.എസിലെ സ്ത്രീശക്തി ഊരുസമിതിക്കാണ് രണ്ടാം സ്ഥാനം.

മികച്ച സംരംഭ ഗ്രൂപ്പ് വിഭാഗത്തില്‍ സഞ്ജീവനി ന്യൂട്രിമിക്സ് യൂണിറ്റ്(താഴെക്കാട് സി.ഡി.എസ്, മലപ്പുറം) ഒന്നാം സ്ഥാനവും ഐശ്വര്യ ശ്രീ അമൃതം ഫുഡ്സ്(തിരുമിറ്റക്കോട്, പാലക്കാട്) രണ്ടാം സ്ഥാനവും നന്‍മ ഫുഡ് പ്രോസസിങ്ങ് യൂണിറ്റ്(പൊഴുതന, വയനാട്) മൂന്നാം സ്ഥാനവും നേടി.

മികച്ച സംരംഭക വിഭാഗത്തില്‍ ശരീഫ(മലപ്പുറം നഗരസഭാ സി.ഡി.എസ്-2, മലപ്പുറം) ഒന്നാം സ്ഥാനവും ഏലിയാമ്മ ഫിലിപ്പ്(പനത്തടി, കാസര്‍കോട്) രണ്ടാം സ്ഥാനവും സന്ധ്യ ജെ(പുളിമാത്ത്, തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി.

മികച്ച ഓക്സിലറി സംരംഭ വിഭാഗത്തില്‍ ടീം ഗ്രാമം (പൂതാടി, വയനാട്) ഒന്നാം സ്ഥാനവും, വണ്‍ 18 (വരവൂര്‍, തൃശൂര്‍) രണ്ടാം സ്ഥാനവും നേടി. എ.ജീസ് ആരണ്യകം ഹോംസ്റ്റേ ആന്‍ഡ് കഫേ (അമരമ്പലം, മലപ്പുറം)യ്ക്കാണ് മൂന്നാം സ്ഥാനം.

മികച്ച സി.ഡി.എസ്(സംയോജന പ്രവര്‍ത്തനം, തനതു പ്രവര്‍ത്തനം, ഭരണ നിര്‍വഹണം, മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനം) വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ സി.ഡി.എസിനാണ് ഒന്നാം സ്ഥാനം. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സി.ഡി.എസ് രണ്ടാം സ്ഥാനവും തൃശൂര്‍ ജില്ലയിലെ വരവൂര്‍ സി.ഡി.എസ് മൂന്നാം സ്ഥാനവും നേടി.

മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍) വിഭാഗത്തില്‍ ഒന്നാം സ്ഥാനം തൃശൂര്‍ ജില്ലയിലെ വരവൂര്‍ സിഡി.എസ് നേടി. കിനാലൂര്‍-കരിന്തളം(കാസര്‍കോട്), കാവിലുംപാറ(കോഴിക്കോട്) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മികച്ച സി.ഡി.എസ്(ട്രൈബല്‍ പ്രവര്‍ത്തനം) വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇടുക്കി ജില്ലയിലെ മറയൂര്‍ സി.ഡി.എസ് നേടി. വയനാട് ജില്ലയിലെ തിരുനെല്ലി സി.ഡി.എസിനാണ് രണ്ടാം സ്ഥാനം.

മികച്ച സി.ഡി.എസ്(കാര്‍ഷിക മേഖല, മൃഗസംരക്ഷണം) വിഭാഗത്തില്‍ വരവൂര്‍(തൃശൂര്‍) സി.ഡി.എസ് ഒന്നാം സ്ഥാനവും കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക സി.ഡി.എസ് രണ്ടാം സ്ഥാനവും എറണാകുളം ജില്ലയിലെ വാളകം സി.ഡി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച സി.ഡി.എസ്(കാര്‍ഷികേതര ഉപജീവനം) വിഭാഗത്തില്‍ ഇടുക്കി ജില്ലയിലെ മരിയാപുരം സി.ഡി.എസ് ഒന്നാം സ്ഥാനം നേടി. മുട്ടില്‍(വയനാട്) രണ്ടാം സ്ഥാനവും ശാസ്താംകോട്ട(കൊല്ലം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച സ്നേഹിത വിഭാഗത്തില്‍ മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
 
മികച്ച ബഡ്സ് സ്ഥാപനങ്ങളുടെ വിഭാഗത്തില്‍  പഴശ്ശിരാജ(മട്ടന്നൂര്‍ സി.ഡി.എസ്, കണ്ണൂര്‍) ബഡ്സ് സ്കൂളിനാണ് ഒന്നാം സ്ഥാനം. ബഡ്സ് പാരഡൈസ് സ്പെഷല്‍ സ്കൂള്‍(തിരുനെല്ലി, വയനാട്), സ്പെക്ട്രം സ്പെഷല്‍ സ്കൂള്‍(മാറഞ്ചേരി, മലപ്പുറം) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മികച്ച ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ വിഭാഗത്തില്‍ വാഴയൂര്‍(മലപ്പുറം)ജി.ആര്‍.സി ഒന്നാം സ്ഥാനവും നന്ദിയോട്(തിരുവനന്തപുരം) രണ്ടാം സ്ഥാനവും പള്ളിപ്പുറം(എറണാകുളം) മൂന്നാം സ്ഥാനവും നേടി.

മികച്ച പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലയ്ക്കുള്ള ഒന്നാം സ്ഥാനവും കൊല്ലം ജില്ല കരസ്ഥമാക്കി. തൃശൂര്‍, എറണാകുളം ജില്ലാ മിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.


ഇതിന് മുമ്പ് മികച്ച സി.ഡി.എസുകള്‍ക്ക് അവാര്‍ഡു നല്‍കിയിട്ടുണ്ടെങ്കിലും ഇത്രയും വിഭാഗങ്ങളിലെ പ്രവര്‍ത്തനമികവിന് കുടുംബശ്രീ അംഗീകാരം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും മികവുറ്റതും ശ്രദ്ധേയവുമായ നേട്ടങ്ങള്‍ക്ക് ആദരം നല്‍കുന്നതിന്‍റെയും ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി അധ്യക്ഷയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കണ്‍വീനറുമായിട്ടുള്ള സംസ്ഥാനതല പുരസ്കാര നിര്‍ണയ കമ്മിറ്റിയാണ് പതിനേഴ് വിഭാഗങ്ങളില്‍ നിന്നുള്ള സംസ്ഥാനതല വിജയികളെ തിരഞ്ഞെടുത്തത്.  സംസ്ഥാനതലത്തില്‍ വിജയികളായ എല്ലാവര്‍ക്കും കാഷ് അവാര്‍ഡും മെമന്‍റോയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം കുടുംബശ്രീ ദിനമായ മെയ് പതിനേഴിന് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീത നസീര്‍ പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ കെ.യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 

Content highlight
Kudumbashree Awards 2025: State Level Awards Announced ml

കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് കൊല്ലത്തും ; മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു

Posted on Thursday, May 8, 2025
പൊതുജനങ്ങള്‍ക്ക് എല്ലാവിധ നൂതന സൗകര്യങ്ങളും ലഭ്യമാക്കുന്ന കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റ് ശൃംഖലയുടെ ഭാഗമായി കൊല്ലം ജില്ലയും. കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാല്‍ കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ വെറ്റമുക്ക് ജംക്ഷനില്‍ നിര്‍വഹിച്ചു. കുടുംബശ്രീ തുടക്കമിടുന്ന പതിനൊന്നാം പ്രീമിയം റെസ്റ്റോറന്റാണിത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിലവില്‍ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
 
കൊല്ലത്തിന്റെ പ്രാദേശിക സ്വാദിന് പ്രാധാന്യം നല്‍കുന്ന വിഭവങ്ങളാണ് കൊല്ലം പ്രീമിയം റെസ്റ്റോറന്റിന്റെ പ്രത്യേകത. അഷ്ടമുടി പ്രാച്ചിക്കറി, കണമ്പ് മപ്പാസ്, കല്ലുമ്മക്കായ മപ്പാസ്, അഷ്ടമുടി കരിമീന്‍ പൊള്ളിച്ചത്, ചിപ്പി റോസ്റ്റ്, കണവ 23, ചെമ്മീന്‍ മല്‍ഹാര്‍, നാലു തരം മീനും കൊഞ്ചും ഞണ്ടും ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ ദേശിംഗനാട് മീന്‍ സദ്യ എന്നിവ ഇവിടെ ലഭിക്കും. കൂടാതെ വെജ് ഊണ്, മീന്‍ കറിയോടുകൂടിയ ഊണ്, സദ്യ, ബിരിയാണി, അറേബ്യന്‍, ചൈനീസ് വിഭവങ്ങളുമുണ്ട്. 82 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ ഫീഡിങ് റൂം മികച്ച ശുചിമുറി, പാര്‍ക്കിങ് എന്നിവയുമുണ്ട്.
 
പന്മന പഞ്ചായത്തിലെ ഇന്‍സൈറ്റ് ആക്ടിവിറ്റി ഗ്രൂപ്പാണ് കഫേയുടെ പ്രവര്‍ത്തനം നടത്തുന്നത്. ചവറ, തേവലക്കര, പന്മന ഗ്രാമപഞ്ചായത്തുകളിലെ അയല്‍ക്കൂട്ട കുടുംബാംഗങ്ങളായ 38 പേര്‍ക്ക് റെസ്റ്റോറന്റ് വഴി ഉപജീവന അവസരമൊരുങ്ങുന്നു.
ഉദ്ഘാടന ചടങ്ങില്‍ ചവറ നിയോജക മണ്ഡലം എം.എല്‍.എ ഡോ. സുജിത് വിജയന്‍പിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ എന്നിവര്‍ വിശിഷ്ട സാന്നിധ്യമായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല. പി, കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. സി.പി. സുധീഷ് കുമാര്‍, എസ്. സോമന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീനത്ത്, പന്മന ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജീവ് കുഞ്ഞുമണി എന്നിവര്‍ സംസാരിച്ചു.
 
  കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, പന്മന സി.ഡി.എസ് അധ്യക്ഷ രമ്യ സുനിത്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ അനീസ. എ, രതീഷ്. ആര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ വിഷ്ണു പ്രസാദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ചന്ദ്രന്‍. ആര്‍ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഉന്‍മേഷ്. ബി നന്ദിയും പറഞ്ഞു.

 

Content highlight
Cafe Kudumbashree Premium Restaurant opened in Kollam

പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതി വഴി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയത് 90237 വീടുകള്‍

Posted on Wednesday, May 7, 2025

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി 90237 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സംസ്ഥാനത്താകെ 127048 വീടുകള്‍ നിര്‍മിക്കാനാണ് കേന്ദ്രാനുമതി. ഇതിനായി കേന്ദ്ര സംസ്ഥാന വിഹിതം ഉള്‍പ്പെടെ 2124.68 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്രകാരം അനുമതി ലഭിച്ചതില്‍ 90237 വീടുകളുടെ നിര്‍മാണമാണ് നിലവില്‍ പൂര്‍ത്തീകരിച്ചത്.  ബാക്കിയുള്ള 36811 വീടുകളുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകും. ഇതോടെ ഭവനരഹിതരായ 127048 ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.  

ഭവനരഹിതരായ ഒട്ടേറെ കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ളതും വാസയോഗ്യവുമായ ഭവനം ലഭ്യമാക്കിയതു വഴി സമൂഹത്തില്‍ അന്തസോടെ ജീവിക്കുന്നതിനും പദ്ധതി വഴിയൊരുക്കുന്നു.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് ഈ നേട്ടം.

'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 93 നഗരസഭകളിലും ലൈഫ് മിഷനുമായി സംയോജിച്ചു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഗുണഭോക്തൃ കേന്ദ്രീകൃത ഭവനനിര്‍മാണം എന്ന ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ക്ക് അംഗീകാരം നേടിയിട്ടുള്ളത്.

പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതി പ്രകാരം മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപ പദ്ധതി വഴി ലഭിക്കും. ഇതില്‍ രണ്ടു ലക്ഷം രൂപ നഗരസഭാ വിഹിതവും അമ്പതിനായിരം രൂപ സംസ്ഥാന വിഹിതവും ഉള്‍പ്പെടെ രണ്ടര ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. ഒന്നര ലക്ഷം രൂപയാണ് കേന്ദ്ര വിഹിതം.  
 
ഗുണഭോക്താക്കള്‍ക്ക് സ്വന്തം ഭവനം നേടാന്‍ പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഉപഘടകമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതിയും സഹായകമായിട്ടുണ്ട്. ഇതു പ്രകാരം ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി വീട് നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ ബാങ്കില്‍ നിന്നും വായ്പ ലഭ്യമാക്കും. നാളിതു വരെ 32651 കുടുംബങ്ങള്‍ക്ക് ഇപ്രകാരം വായ്പ ലഭ്യമാക്കി.

 ഭൂരഹിത ഭവനരഹിതര്‍ക്കു വേണ്ടി ലൈഫ് മിഷനുമായി സഹകരിച്ചു കൊണ്ട്  970 യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന 11 ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതിയും കുടുംബശ്രീ നേടിയെടുത്തിരുന്നു. ഇതില്‍ 530 യൂണിറ്റുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.

Content highlight
90,237 houses completed in the state through Kudumbashree

പട്ടികവര്‍ഗ മേഖലയിലെ യുവജനങ്ങള്‍ക്കായി കുടുംബശ്രീയുടെ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം: സര്‍ക്കാര്‍ ജോലി ലഭ്യമായത് 113 പേര്‍ക്ക്

Posted on Monday, May 5, 2025
കുടുംബശ്രീയുടെ പിന്തുണയില്‍ പട്ടികവര്‍ഗ മേഖലയില്‍ നിന്നും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ ജോലി നേടിയത് 113 യുവജനങ്ങള്‍. ഈ മേഖലയിലെ യുവജനങ്ങളുടെ സാമ്പത്തിക സാമൂഹ്യ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് സംഘടിപ്പിച്ച മത്സര പരീക്ഷാ പരിശീലനങ്ങളുടെ ഭാഗമായാണ് ഇത്രയും പേര്‍ക്ക് ജോലി ലഭ്യമായത്. 
 
എല്‍.ഡി ക്ളര്‍ക്ക്, പോലീസ്, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അധികം നിയമനങ്ങളും. ഇവര്‍ എല്ലാവരും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇതു കൂടാതെ 364 പേര്‍ വിവിധ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  കുടുംബശ്രീ വഴി വിദഗ്ധ പരിശീലനം ലഭ്യമാക്കിയ 2893 പേരില്‍ നിന്നാണ് ഈ നേട്ടം. സര്‍ക്കാര്‍ ജോലി ലഭിച്ചതിലൂടെ ഇവര്‍ക്ക് സാമ്പത്തിക സുസ്ഥിരതയും സമൂഹത്തില്‍ എല്ലാവര്‍ക്കുമൊപ്പം ഇടപെടുന്നതിനുള്ള ആത്മവിശ്വാസവും വര്‍ധിച്ചിട്ടുണ്ട്.  

ഈ മേഖലയിലെ യുവജനങ്ങളെ മുഖ്യധാരാ സമൂഹത്തിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തീവ്ര പി.എസ്.എസി മത്സര പരീക്ഷാ പരിശീലനം നല്‍കിയത്. ഇതിനായി ഇവര്‍ അധിവസിക്കുന്ന ജില്ലകളില്‍ പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഡിഗ്രിയും പ്ളസ് ടു യോഗ്യതയുള്ളവരെയുമാണ് ഉള്‍പ്പെടുത്തിയത്. പിന്നീട്  ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പോലുള്ള തസ്തികകളിലേക്ക് ആവശ്യമായ പരിശീലനവും ലഭ്യമാക്കി.
 
ഇതിനായി വിവിധ മേഖലകളിലെ വിദഗ്ധരായ ഫാക്കല്‍റ്റിയെ കണ്ടെത്തി അവര്‍ മുഖേനയാണ് പരിശീലനം നല്‍കുന്നത്.   പിശീലനത്തിനായി ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ പ്രത്യേകം  കേന്ദ്രങ്ങങ്ങളും പ്രവര്‍ത്തിക്കുന്നു. കൂടാതെ മറ്റു പരിശീലന കേന്ദ്രങ്ങളുമായി ചേര്‍ന്നും പരിശീലനം ലഭ്യമാക്കുന്നു. അതത് കുടുംബശ്രീ സി.ഡി.എസുകളുടെ പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍.
Content highlight
PSC Competitive Exam Training for Scheduled Tribe Youth under the leadership of Kudumbashree: 113 people get Government Jobs & 364 people in various rank lists

പ്രാദേശിക സംരംഭകത്വ വികസനത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലായി കുടുംബശ്രീ മാറി - മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍

Posted on Sunday, May 4, 2025

പ്രാദേശിക സംരഭകത്വ വികസനത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലായി കുടുംബശ്രീ മാറിയെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍. കുടുംബശ്രീ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെയും സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന മേളയുടെയും ഉദ്ഘാടനം കോഴിക്കോട് ബീച്ചില്‍ മേയ് മൂന്നിന്‌ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അരക്കോടിയോളം സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ഇത്തവണത്തെ ബജറ്റില്‍ 270 കോടി രൂപ കുടുംബശ്രീക്കായി നീക്കിവച്ചുവെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി.   പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ. പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായി. കുടുംബശ്രീയിലൂടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളുടെ നേര്‍ച്ചിത്രമാണ് സരസ് മേളയില്‍ കാണാന്‍ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. 

 കോഴിക്കോട് ബീച്ചില്‍ 64000 ചതുരശ്ര അടിയില്‍ ഒരുക്കിയിരിക്കുന്ന സരസ് മേളയിലെ ഉത്പന്ന വിപണന സ്റ്റാളിലും ഫുഡ്‌കോര്‍ട്ടിലും  ജനത്തിരക്കേറെയായിരുന്നു. പൂര്‍ണ്ണമായും ശീതീകരിച്ച പവലിയനില്‍ ഇന്ത്യയിലെ ഗ്രാമീണ സംരംഭകരൊക്കുന്ന വിവിധ ഉത്പന്നങ്ങള്‍ ലഭിക്കുന്ന 250ഓളം വിപണന സ്റ്റാളുകളും ഫുഡ്‌കോര്‍ട്ടില്‍ 17 സംസ്ഥാനങ്ങളിലെ തനത് ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കുന്ന 50ഓളം സ്റ്റാളുകളുമാണുള്ളത്. മേയ് 13 വരെ നീളുന്ന മേളയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യവുമാണ്. 

ഉദ്ഘാടന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ഇ.കെ. വിജയന്‍, പി.ടി.എ റഹീം, കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കെ.എം. സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ ഐ.എ.എസ്, ജില്ലാ പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍, ഐ ആന്റ് പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, കുടുംബശ്രീ ഗവേണിങ് ബോഡി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. ലതിക, പി.കെ. സൈനബ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുല്‍ കരീം, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐ.എ.എസ് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി. കവിത നന്ദിയുംപറഞ്ഞു.   ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയില്‍ ആയിരക്കണക്കിന് പേര്‍ പങ്കാളികളായി. കുടുംബശ്രീ അംഗങ്ങളാണ് ഘോഷയാത്ര നയിച്ചത്.

Content highlight
Chief Minister Shri. Pinarayi Vijayan inagurates Kudumbashree National SARAS mela