കുടുംബശ്രീ "മാ കെയർ സ്റ്റോർ' സംസ്ഥാനതല ഉദ്ഘാടനം 22ന്
കുടുംബശ്രീയുടെ "മാ കെയർ സ്റ്റോർ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2025 ജൂലൈ 22ന് മൂന്നു മണിക്ക് കരമന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി അധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ വിശിഷ്ടാതിഥിയാകും. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാനത്തെ മുഴുവൻ ഹൈ സ്കൂളുകളിലും ഹയർ സെക്കണ്ടറി സ്കൂളുകളിലും മാ കെയർ സ്റ്റോറുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിട്ടറി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതാണ് മാ കെയർ പദ്ധതി. ഇവയെല്ലാം സ്കൂൾ കോമ്പൗണ്ടിനുളളിൽ തന്നെ ലഭ്യമാക്കിക്കൊണ്ട് കുട്ടികൾ പുറത്ത് പോകുന്നതും അപരിചിതരുമായി ഇടപെടുന്നത് ഒഴിവാക്കുന്നതിനും മാ കെയർ പദ്ധതി ലക്ഷ്യമിടുന്നു. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെയാണ് സ്റ്റോറുകൾ പ്രവർത്തിക്കുക. വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് ഇവിടെ നിന്നും ഭക്ഷണ പാനീയങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാനാകും. ലഘുഭക്ഷണങ്ങളും പാനീയങ്ങളും പഠന സഹായത്തിനാവശ്യമായ സ്റ്റേഷനറികളും ഉൾപ്പെടെ ലഭ്യമാക്കുന്നതു വഴി സ്കൂൾ സമയത്ത് കുട്ടികൾ പുറത്തു പോകുന്നത് ഒഴിവാക്കാനാകും. കൂടാതെ സ്കൂളിനു വെളിയിലുളള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്ന സാഹചര്യങ്ങൾക്ക് തടയിടാനും കഴിയും.
കുടുംബശ്രീ വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതോടൊപ്പം ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി വഴി ആദ്യഘട്ടത്തിൽ കുറഞ്ഞത് 5000 വനിതകൾക്കെങ്കിലും മികച്ച ഉപജീവന മാർഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കണ്ണൂരിലും കാസർകോടും ആരംഭിച്ച പദ്ധതിക്ക് ഇതിനകം വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മാ കെയർ സ്റ്റോറുകൾ നടത്താൻ താൽപര്യമുള്ള സംരംഭകരെ സി.ഡി.എസിന്റെ പിന്തുണയോടെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളും നിലവിൽ ഊർജിതമാണ്. തിരഞ്ഞെടുക്കുന്നവർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭ മാതൃകയിൽ സ്റ്റോർ നടത്തുന്നതിനാവശ്യമായ പരിശീലനം നൽകും. കുടുംബശ്രീയുടെ വിവിധ പദ്ധതികൾ, കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട്, ലിങ്കേജ് വായ്പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹതം എന്നിവ വഴി സംരംഭം ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കും.
ഉദ്ഘാടന പരിപാടിയിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ, നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ശരണ്യ എസ്.എസ്, ക്ളൈനസ് റോസാരിയോ, കരമന ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷൈലമ്മ ടി.കെ, കരമന ജി.എച്ച്.എസ് ഹെഡ്മിസ്ട്രസ് ശ്രീജ പി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ ഗീത നസീർ, സ്മിത സുന്ദരേശൻ, നഗരസഭാ വാർഡ് കൗൺസിലർ മഞ്ജു ജി.എസ്, തിരുവനന്തപുരം സി.ഡി.എസ്-3 അധ്യക്ഷ ഷൈന ടി, പി.ടി.എ പ്രസിഡന്റ് മാത്യു സി.ഡി എന്നിവർ ആശംസിക്കും. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി നന്ദി പറയും.
- 13 views