കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമവും സി.ഡി.എസ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും
കുടുംബശ്രീ സി.ഡി.എസുകൾ കഴിഞ്ഞ നാലു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുന്നു. 2022 ൽ ചുമതലയേറ്റ ശേഷം ഉപജീവന സാമൂഹ്യവികസന മേഖലകളിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലും നടപ്പാക്കിയ പ്രവർത്തനങ്ങളും നേട്ടങ്ങളും സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ടാണ് തയ്യാറാക്കുക. മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റു സി.ഡി.എസുകൾക്കു കൂടി മനസിലാക്കാനും പ്രാവർത്തികമാക്കുന്നതിനുള്ള അവസരം ലഭ്യമാക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. 14ന് തിരുവല്ലയിലും 28ന് കോഴിക്കോടുമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സി.ഡി.എസ് സംഗമത്തിൽ സംസ്ഥാനത്തെ 1070 സി.ഡി.എസുകളും പുസ്തക രൂപത്തിൽ തയ്യാറാക്കിയ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. 14ന് തിരുവല്ല എം.ഡി.എം ഹാളിൽ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സി.ഡി.എസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
14ന് തിരുവല്ലയിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള സി.ഡി.എസ് അധ്യക്ഷമാർ പങ്കെടുക്കും. 28ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സംഗമത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുളളവരും പങ്കെടുക്കും. ആദ്യബാച്ചിൽ പങ്കെടുക്കുന്ന സി.ഡി.എസുകളുടെ പ്രോഗ്രസ് റിപ്പോർട്ട് ഇന്നും (ജൂലൈ പത്ത്) രണ്ടാമത്തെ ബാച്ചിന്റേത് ജൂലൈ 20നുള്ളിലും പൂർത്തിയാക്കും. പ്രോഗ്രസ് റിപ്പോർട്ട് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവൻ സ്റ്റാഫിനും സി.ഡി.എസുകളുടെ ചുമതല വിഭജിച്ചു നൽകിയിട്ടുണ്ട്.
സംഗമത്തിന്റെ ഭാഗമായി ഒാരോ ജില്ലയും കുടുംബശ്രീയുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിലെ ഇടപെടലുകൾ, കുടുംബശ്രീ സംഘടനാ ശാക്തീകരണ പ്രവർത്തനങ്ങൾ, സൂക്ഷ്മസാമ്പത്തിക പ്രവർത്തനങ്ങളും ഫിനാൻസ് മാനേജ്മെന്റും, ഒാക്സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം, സാമൂഹിക വികസന പദ്ധതികൾ, ട്രൈബൽ മേഖലയിലെ പ്രതേ്യക പ്രവർത്തനങ്ങൾ, കാർഷിക കാർഷികേതര രംഗത്തെ പ്രവർത്തനങ്ങളും മാർക്കറ്റിങ്ങ് തന്ത്രങ്ങളും എന്നീ വിഷയങ്ങളിൽ അവതരണം നടത്തും.
സ്ത്രീശാക്തീകരണത്തിനും ദാരിദ്ര്യ നിർമാർജനത്തിനുമായി കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പദ്ധതികൾ വിജയിപ്പിക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരാണ് സി.ഡി.എസ് അധ്യക്ഷമാർ. പദ്ധതി പ്രവർത്തനങ്ങൾ താഴേത്തട്ടിൽ ഫലപ്രദമായി എത്തിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഇവർക്കുള്ളത്. കാർഷിക കാർഷികേതര രംഗത്തു നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികൾ, സാമൂഹിക വികസന രംഗത്തു നടപ്പാക്കുന്ന പദ്ധതികൾ, വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾ, ഇവ ഫലപ്രദമായി നടപ്പാക്കുന്നതിൽ സി.ഡി.എസ് അധ്യക്ഷമാരുടെ പങ്ക് എന്നിവ സംബന്ധിച്ച് സി.ഡി.എസ് സംഗമത്തിൽ വിശദീകരിക്കും.
- 19 views