സംസ്ഥാനമൊട്ടാകെ 163458 സൂക്ഷ്മസംരംഭ യൂണിറ്റുകള്‍; 3.23 ലക്ഷം വനിതകള്‍ക്ക് തൊഴിലൊരുക്കി കുടുംബശ്രീ

Posted on Tuesday, April 22, 2025

സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയില്‍  3.23 ലക്ഷം വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉള്‍പ്പെടെ ആകെ  163458 സംരംഭങ്ങള്‍  ഈ മേഖലയില്‍ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംരംഭ രൂപീകരണം. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിന്‍ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34422 സംരംഭങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇതിലൂടെ മാത്രം 61158 പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ് സൂക്ഷ്മസംരംഭങ്ങള്‍. വിവിധ പദ്ധതികളുടെ ഭാഗമായി ഉല്‍പാദന സേവന മേഖലകളിലടക്കം  കുടുംബശ്രീ വനിതകള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കുന്നു. ഉല്‍പാദന മേഖലയിലാണ് ഏറ്റവും കൂടുതല്‍ വനിതകള്‍. 69484 സംരംഭങ്ങളാണ് ഈ മേഖലയിലുള്ളത്. അംഗന്‍വാടികളിലേക്ക് പൂരക പോഷകാഹാരം വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സ് തയ്യാറാക്കി നല്‍കുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241 യൂണിറ്റുകള്‍ മുഖേനയാണ്. 1680 വനിതകളാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്.

സേവന മേഖലയില്‍ 49381-ഉം വ്യാപാര രംഗത്ത് 35646 ഉം സംരംഭങ്ങളും രൂപീകരിച്ചിട്ടുണ്ട്. ഭക്ഷ്യോല്‍പാദനത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണവും ഭക്ഷ്യ-സംസ്കരണവുമടക്കമുള്ള മേഖലകളിലും  ശ്രദ്ധേയമായ ചുവട് വയ്പ്പ് നടത്താന്‍ കുടുംബശ്രീക്കായി. 2685 സംരംഭങ്ങള്‍ ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ മാത്രമുണ്ട്.

സംസ്ഥാനത്ത് അജൈവ മാലിന്യ ശേഖരണത്തിനായി കുടുംബശ്രീയുടെ കീഴില്‍ രൂപീകരിച്ച 4438 ഹരിതകര്‍മ സേനകളിലെ 35214 വനികള്‍ക്കും ഇന്ന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ഇതു കൂടാതെ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍, സിമന്‍റ് കട്ട നിര്‍മാണം, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഡ്രൈവിംഗ് സ്കൂള്‍, മാര്യേജ് ബ്യൂറോ, ഹൗസ് കീപ്പിങ്ങ് തുടങ്ങിയ രംഗങ്ങളിലും കുടുംബശ്രീ സംരംഭകരുണ്ട്. യുവജനങ്ങള്‍ക്കായി പി.എം-യുവ, പദ്ധതിയും നടപ്പാക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ അംഗപരിമിതര്‍, വിധവകള്‍ എന്നിവര്‍ക്കായി 1784 'പ്രത്യാശ'യൂണിറ്റുകളും  സംസ്ഥാനത്തുണ്ട്. പാവപ്പെട്ടവര്‍ക്ക് 20 രൂപയ്ക്ക് ഗുണനിലവാരമുള്ള ഉച്ചഭക്ഷണം ലഭ്യമാക്കുന്ന  1028 ജനകീയ ഹോട്ടലുകള്‍ നടത്തുന്നതിലൂടെ അയ്യായിരത്തോളം വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു.  

കാലാനുസൃതമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വനിതകളുടെ സംരംഭകത്വ ശേഷി വികസിപ്പിക്കുന്നതിനും കുടുംബശ്രീ പ്രത്യേക പരിഗണന നല്‍കുന്നു. സംസ്ഥാനമൊട്ടാകെ ആരംഭിച്ച 288 ബ്രാന്‍ഡഡ് കഫേ, 13 ജില്ലകളില്‍ ആരംഭിച്ച പ്രീമിയം കഫേ റെസ്റ്റൊറന്‍റുകള്‍ എന്നിവയാണ് ഇതില്‍ പ്രധാനം. വയോജന രോഗീപരിചരണ മേഖലയില്‍ ലഭ്യമാകുന്ന തൊഴിലവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച കെ4കെയര്‍ പദ്ധതിയാണ് മറ്റൊന്ന്. ഇതിലൂടെ 605 പേര്‍ക്ക് ഇതിനകം തൊഴില്‍ ലഭിച്ചു.

ഇതര വകുപ്പുകളുമായും ഏജന്‍സികളുമായും സംയോജിച്ചു കൊണ്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളും കുടുംബശ്രീയുടെ കീഴിലുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുമായി ചേര്‍ന്ന് 51 ഇ-സേവാ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ഓഫീസുകളിലായി 343 കാന്‍റീനുകളും ഉണ്ട്. നിലവില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് എഴുപതോളം പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്.

സ്വയംതൊഴില്‍ മേഖലയിലേക്ക് കടന്നു വരുന്ന വനിതകള്‍ക്ക് പൊതുഅവബോധന പരിശീലനം, സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ വികസന പരിശീലനം, വിവിധ സാമ്പത്തിക പിന്തുണകള്‍  എന്നിവയും കുടുംബശ്രീ ലഭ്യമാക്കുന്നു.

Content highlight
Kudumbashree provides employment to 3.23 lakh women through 1,63,458 micro-enterprise units across the stateml