എഞ്ചിനീയറിംഗ് വിഭാഗം

തദ്ദേശ സ്വയംഭരണ വകുപ്പിന് സ്വന്തമായി എഞ്ചിനീയറിംഗ് കേഡര്‍ 1-10-2008-ല്‍ നിലവില്‍ വന്നു. പൊതുമരാമത്ത്, ജലസേചനം എന്നീ വകുപ്പുകളില്‍ നിന്നുള്ള നിശ്ചിത എണ്ണം സാങ്കേതിക വിഭാഗം ജീവനക്കാരും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന സാങ്കേതിക വിഭാഗം ജീവനക്കാരും, ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജന വിഭാഗം, കേരള സ്റ്റേറ്റ് റൂറല്‍ റോഡ് ഡെവല്പമെന്റ് ഏജന്‍സി എന്നിവിടങ്ങളിലെ സാങ്കേതിക വിഭാഗം ജീവനക്കാരെയുമാണ് എഞ്ചിനീയറിംഗ് കേഡറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകള്‍ക്ക് മാത്രമായി ഉത്തര/ദക്ഷിണ മേഖലകളില്‍ ഓരോ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ആഫീസും ജില്ലാ പഞ്ചായത്ത് ആഫീസിനോടൊപ്പം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആഫീസും ഓരോ ബ്ലോക്ക് പഞ്ചായത്തിനോടൊപ്പം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ആഫീസും ഒരോ ഗ്രാമപഞ്ചായത്തിനോടൊപ്പം അസിസ്റ്റന്റ് എഞ്ചിനീയര്‍ ആഫീസും പ്രവര്‍ത്തിക്കുന്നു. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെ ചുമതല ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും 407 അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് രണ്ട് ഗ്രാമപഞ്ചായത്തുകളുടെ വീതം ചുമതലയും,185 അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് ഓരോ ഗ്രാമ പഞ്ചായത്തിന്റെ ചുമതലയും എന്ന ക്രമത്തിലാണ് ഇപ്പോഴുള്ളത്. എല്ലാ കോര്‍പ്പറേഷന്‍ ആഫീസുകളിലും ഓരോ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് വിഭാഗവും മുനിസിപ്പാലിറ്റികളില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയോ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയോ അസിസ്റ്റന്റ് എഞ്ചിനീയറുടെയോ നേതൃത്വത്തിലുള്ള എഞ്ചിനീയറിംഗ് വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെയും നബാര്‍ഡിന്റെയും സഹായത്തോടെയുള്ള പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് ജില്ലാപഞ്ചായത്തുകളോടനുബന്ധിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ വിഭാഗവും നിലവിലുണ്ട്. ഇവയുടെ നിയന്ത്രണ അധികാരം കേരള സ്റ്റേറ്റ് റൂറല്‍ റോഡ് ഡെവല്പമെന്റ് ഏജന്‍സിയിലെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്കാണ്.

Websitewww.celsgd.kerala.gov.in