ഇന്ദിരാ ആവാസ് യോജന

ഗ്രാമീണമേഖലയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഇതര സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കിക്കൊണ്ട് അവരുടെ പാര്‍പ്പിട പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്നതാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇന്ദിരാ ആവാസ് യോജനയുടെ ലക്ഷ്യം. ഗുണഭോക്താക്കള്‍ വീടുവെയ്ക്കുന്നതിനാവശ്യമായ ഭൂമി സ്വന്തമായുള്ളവരായിരിക്കണം. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഗ്രാമസഭകളിലൂടെയാണ്. ഗുണഭോക്തൃ കുടുംബത്തിലെ സ്ത്രീ അംഗത്തിന്‍റെ പേരിലാണ് വീട് അനുവദിക്കുന്നത്. പ്രത്യേക സാഹചര്യങ്ങളില്‍ കുടുംബത്തിലെ ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും കൂട്ടായ പേരിലോ ഗൃഹനാഥന്‍റെ പേരില്‍മാത്രമായോ വീട് അനുവദിക്കാറുണ്ട്. ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകതകള്‍ക്കനുസരിച്ചാണ് വീടിന്‍റെ രൂപകല്‍പ്പന, തരഭേദം എന്നിവ നിശ്ചയിക്കുന്നത്. ഇന്ദിരാ ആവാസ് യോജനയില്‍ പുതിയ വീടുകളുടെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക 70,000/- രൂപയാണ്. ഇത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ 50:50 അനുപാതത്തില്‍ വകയിരുത്തുന്നു. എന്നാല്‍  കേരളത്തില്‍ ഐ.എ.വൈ ഗുണഭോക്താക്കള്‍ക്കുള്ള യൂണിറ്റ് കോസ്റ്റ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 3 ലക്ഷമായും പൊതുവിഭാഗത്തിന് 2 ലക്ഷമായും സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ദ്ധിപ്പിച്ച നിരക്കു മൂലമുണ്ടായ ബാധ്യതയില്‍ യൂണിറ്റ് ഒന്നിന് 50,000/- രൂപ വീതം സംസ്ഥാന നിരക്കില്‍ തുക നല്‍കുന്നതിലേക്കായി ഒരു ലക്ഷം രൂപാ വീതം പട്ടികജാതി വകുപ്പും 50,000/- രൂപ വീതം പട്ടികവര്‍ഗ്ഗ വകുപ്പും ബാക്കിയുള്ള തുക ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ 25:40:35 എന്ന അനുപാതത്തിലും വകയിരുത്തുന്നുണ്ട്. ഐ.എ.വൈ പ്രകാരം നിര്‍മ്മിക്കുന്ന വീടുകളുടെ പരമാവധി വിസ്തീര്‍ണ്ണം 66 ച.മീ ആയി നിജപ്പെടുത്തിയിട്ടുണ്ട്. 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ ധനസഹായം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് സംസ്ഥാനത്ത് നിന്നും നല്‍കിവരുന്നു. 2016-17 വര്‍ഷം മുതല്‍ ഐ.എ.വൈ പദ്ധതി പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്ന പേരിലാണ് നടപ്പിലാക്കി വരുന്നത്.