വാര്‍ത്തകള്‍

'വിവിധ്താ കാ അമൃത് മഹോത്സവി'ല്‍ കേരളത്തിന്‍റെ സ്വന്തം രുചികളുമായി സൗപര്‍ണിക കുടുംബശ്രീ യൂണിറ്റ്

Posted on Wednesday, March 12, 2025

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനത്തില്‍ സംഘടിപ്പിച്ച 'വിവിധ്താ കാ അമൃത് മഹോത്സവി'ല്‍ കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന രുചികള്‍ വിളമ്പാന്‍ അവസരം ലഭിച്ചതിന്‍റെ ത്രില്ലിലാണ് കോഴിക്കോട് ജില്ലയിലെ സൗപര്‍ണിക കുടുംബശ്രീ യൂണിറ്റ് അംഗങ്ങളായ സജീന, നുസ്രത്ത്, പ്രശാന്തിനി, മൈമുന, ഷാഹിദ  എന്നിവര്‍. മാര്‍ച്ച് ഒന്നു മുതല്‍ ഒമ്പതു വരെ സംഘടിപ്പിച്ച മേളയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും പുതുച്ചേരി, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് പങ്കെടുത്തത്. ഇതില്‍ കേരളത്തിന് അനുവദിച്ച ഫുഡ്സ്റ്റാള്‍ കുടുംബശ്രീക്ക് ലഭിച്ചതു വഴിയാണ് ഇവര്‍ക്ക് അവസരമൊരുങ്ങിയത്.

ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളകളില്‍ ഉള്‍പ്പെടെ നിരവധി ഭക്ഷ്യമേളകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്. സെലക്ഷന്‍ കിട്ടിയപ്പോള്‍ ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് ആത്മവിശ്വാസത്തോടെ ഡല്‍ഹിലേക്ക് പറക്കുകയായിരുന്നു ഇവര്‍.  

മേളയുടെ തുടക്കം മുതല്‍ തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ രുചികള്‍ നിറഞ്ഞ ഭക്ഷ്യവിഭവങ്ങളുമായി  ഇവര്‍ സന്ദര്‍ശകരുടെ മനം കവര്‍ന്നു. മത്സ്യവും മാംസവും കൊണ്ടുള്ള വിവിധ തരം ബിരിയാണികള്‍, ചിക്കന്‍ വിഭവങ്ങള്‍, ലഘുഭക്ഷണങ്ങള്‍, കപ്പ, മീന്‍കറി, മിനി സദ്യ എന്നിവയായിരുന്നു പ്രധാന ആകര്‍ഷണം. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, ജനപ്രതിനിധികള്‍, ഉന്നതഉദ്യോഗസ്ഥര്‍ എന്നിവര്‍ ഫുഡ്സ്റ്റാള്‍ സന്ദര്‍ശിച്ചത് അഭിമാനമായി.  ഒമ്പതു ദിവസത്തെ വിറ്റുവരവിലൂടെ അഞ്ചു ലക്ഷം രൂപയോളം വരുമാനവും നേടി.

കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ഷൈജു ആര്‍.എസ്, കുടുംബശ്രീ യുവശ്രീ സംരംഭമായ ഐഫ്രത്തിന്‍റെ സാരഥികളായ അജയകുമാര്‍, ദയന്‍, റിജേഷ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഫുഡ് സ്റ്റാളിന്‍റെ പ്രവര്‍ത്തനം.

df

 

Content highlight
kudumbashree unit participated in vividhtha ka amrith maholsav

കുടുംബശ്രീ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

Posted on Wednesday, March 12, 2025

അധികാര സ്ഥാനങ്ങളില്‍ സ്ത്രീപുരുഷ ഭേദമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കുടുംബശ്രീയുടെ  ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്‍റെയും കുടുംബശ്രീയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന 'സന്നദ്ധം' പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 സ്ത്രീകള്‍ക്ക് ഏത് പദവിയിലും വിജയിക്കാന്‍ കഴിയും. പുരുഷന്‍ ചെയ്തു വന്നിരുന്നതായ എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. സാമൂഹ്യ ജീവിതത്തിന്‍റെ എല്ലാ പ്രതലങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് കുടുംബശ്രീ. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ അധികാര സ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ കടന്നു വന്നിട്ടുണ്ട്. ജാതി മത രാഷ്ട്രീയ മതില്‍ക്കെട്ടുകള്‍ക്കതീതമായി നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കു വഹിക്കാന്‍ സ്ത്രീകള്‍ക്കാകും. വര്‍ഗപരമായി നേടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. സാമൂഹിക ധര്‍മം ഏതെല്ലാം വിധത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന് ദുരന്തമുഖങ്ങളിലെ അതിജീവന ഉപജീവന പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീ കൂട്ടായ്മ തെളിയിച്ചിട്ടുണ്ട്. സാമൂഹിക വികസനത്തിനായുളള സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍ക്ക് കുടുംബശ്രീയുടെ പങ്കാളിത്തം ഉണ്ടാകണം. സ്ത്രീയെന്ന നിലയ്ക്ക് അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ മന്ത്രി കുടുംബശ്രീയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ചു നടപ്പാക്കുന്ന 'സന്നദ്ധം' പദ്ധതി സാമൂഹ്യ സേവനത്തിന്‍റ പ്രതിദ്ധ്വനിയാണമെന്നും വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിലെ ഹരിതകര്‍മസേനാംഗവും കഥാകൃത്തുമായ ധനൂജ കുമാരി എസ്, ഫോറസ്റ്റ്  ബീറ്റ് ഓഫീസര്‍ റോഷ്നി ജി, എഴുത്തുകാരി ഷീല ടോമി  എന്നിവര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകളെ മന്ത്രി ആദരിച്ചു.

സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ലഹരിക്കെതിരേ പ്രതിരോധിക്കാന്‍ ഏറ്റവും നിര്‍ണായകശക്തിയായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീക്ക് കഴിയുമെന്ന് അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പുരുഷന്‍മാരയും കുട്ടികളെയും നയിക്കാന്‍ കഴിയുന്നശക്തിയായി മാറിക്കൊണ്ട് നവസമൂഹ നിര്‍മിതിയില്‍ സുപ്രധാന പങ്കുവഹിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവരുടെ അഭിരുചികളും സ്വപ്നങ്ങളും കൈവരിക്കാന്‍  പ്രാപ്തമാക്കേണ്ട ഉത്തരവാദിത്വവും സമൂഹത്തിനുണ്ടെന്ന് ജില്ലാ കളക്ടര്‍ മേഘശ്രീ ഡി. ആര്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍  ജെന്‍ഡര്‍ കണ്‍സള്‍ട്ടന്‍റ് സുപര്‍ണ ആഷ് മുഖ്യാതിഥിയായി.    

നയിചേത്ന ദേശീയ ക്യാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല ഓപ്പണ്‍ ഫോറങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങളുടെ പ്രകാശനം കല്‍പ്പറ്റ നഗരസഭാധ്യക്ഷന്‍ അഡ്വ.ടി.ജെ ഐസക് നിര്‍വഹിച്ചു.

പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലക്ഷ്മി ആലക്കമുറ്റം, കല്‍പ്പറ്റ സിഡി.എസ് അധ്യക്ഷ ദീപ എ.വി, കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു കെ.എസ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് സ്വാഗതവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 'ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍' എന്ന വിഷയത്തില്‍ സിംപോസിയം സംഘടിപ്പിച്ചു.

 

sdf

 

 

 

 

Content highlight
Kudumbashree organized International Women's Day celebration

എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവകാശങ്ങള്‍ സമത്വം ശാക്തീകരണം ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകളുമായി കുടുംബശ്രീ അന്താരാഷ്ട്ര വനിതാ ദിനാഘോഷം

Posted on Thursday, March 6, 2025

കുടുംബശ്രീയുടെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനഘോഷം മാര്‍ച്ച് എട്ടിന് വയനാട് കല്‍പ്പറ്റയില്‍ വിവിധ പരിപാടികളോടെ അരങ്ങേറും. 'എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവകാശങ്ങള്‍ സമത്വം ശാക്തീകരണം' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രിയങ്കാ ഗാന്ധി എം.പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ മേഘശ്രീ ഡി. ആര്‍ മുഖ്യ പ്രഭാഷണം നടത്തും. നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍  ജെന്‍ഡര്‍ കണ്‍സള്‍ട്ടന്‍റ് സുപര്‍ണ ആഷ് മുഖ്യാതിഥിയാകും.      

തിരുവനന്തപുരം ജില്ലയിലെ ഹരിതകര്‍മസേനാംഗവും കഥാകൃത്തുമായ ധനൂജ കുമാരി എസ്, ഫോറസ്റ്റ്  ബീറ്റ് ഓഫീസര്‍ റോഷ്നി ജി, എഴുത്തുകാരി ഷീല ടോമി  എന്നിവര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നായി ഇരുപത്തഞ്ച് വനിതകളെ  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ എന്നിവര്‍ ആദരിക്കും. നയിചേത്ന ദേശീയ ക്യാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല ഓപ്പണ്‍ ഫോറങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങളുടെ പ്രകാശനം കല്‍പ്പറ്റ നഗരസഭാധ്യക്ഷന്‍ അഡ്വ.ടി.ജെ ഐസക് നിര്‍വഹിക്കും.

കല്‍പ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ട്രെഷറര്‍ എം.വി വിജേഷ്, കല്‍പ്പറ്റ സിഡി.എസ് അധ്യക്ഷ ദീപ എ.വി, കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു കെ.എസ് എന്നിവര്‍ സംസാരിക്കും. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ നന്ദി പറയും. ഉച്ചയ്ക്ക് ശേഷം 'ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍' എന്ന വിഷയത്തില്‍ സിംപോസിയവും നടക്കും.

Content highlight
international womens day

കുടുംബശ്രീ 'സര്‍ഗം' ത്രിദിന സംസ്ഥാനതല ശില്‍പശാല: രചനയുടെ മൗലിക ഭാവങ്ങള്‍ അടുത്തറിഞ്ഞ് ശില്‍പശാലയ്ക്ക് സമാപനം

Posted on Monday, March 3, 2025

സര്‍ഗാത്മകതയുടെ വസന്തവും അനുഭവങ്ങളുടെ തീക്ഷ്ണതയും സമന്വയിച്ച 'സര്‍ഗം' ത്രിദിന സംസ്ഥാനതല സാഹിത്യ ശില്‍പശാലയ്ക്ക് സമാപനം. കേരള സാഹിത്യ അക്കാദമി സെക്രട്ടി സി.പി അബൂബക്കര്‍ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനവും ശില്‍പശാലയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു. കില അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.കെ.പി.എന്‍ അമൃത അധ്യക്ഷത വഹിച്ചു.

സര്‍ഗാത്മകതയെ പരിപോഷിപ്പിക്കാന്‍ അനുഭവങ്ങളും നിരന്തരമായ വായനയും പരിശീലനവും ആവശ്യമാണെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍ പറഞ്ഞു. എഴുത്തിന്‍റെ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ അന്തര്‍ലീനമായ കഴിവുകള്‍ക്കൊപ്പം പുതിയ അറിവുകളും ആര്‍ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള സാഹിത്യഅക്കാദമിയും കിലയുമായി സഹകരിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുത്ത കുടുംബശ്രീ വനിതകള്‍ക്ക് വേണ്ടിയാണ് മൂന്നു ദിവസത്തെ ശില്‍പശാല സംഘടിപ്പിച്ചത്. ശില്‍പശാലയില്‍ സാഹിത്യത്തിന്‍റെ വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു ക്ളാസുകള്‍. മലയാള കഥയും കവിതയും നാടകവും ഉള്‍പ്പെടെ രചനയുടെ മൗലിക ഭാവങ്ങളെ അടുത്തറിയാനും സ്വയം നവീകരിക്കപ്പെടാനും ശില്‍പശാല സഹായകമായെന്ന് ക്യാമ്പ് ഡയറക്ടര്‍ വി.എസ് ബിന്ദു പറഞ്ഞു.

സമാപന സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.എസ് സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ക്യാമ്പ് അംഗങ്ങള്‍ ശില്‍പശാലാ അവലോകനം നടത്തി. എഴുത്തുകാരി കെ.രേഖ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. യു.സലില്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പി.ആര്‍.ഓ ഡോ.അഞ്ചല്‍ കൃഷ്ണ കുമാര്‍ നന്ദി പറഞ്ഞു. രാവിലെ നടന്ന വിവിധ സെഷനുകളില്‍ എഴുത്തുകാരായ കെ.രേഖ, കെ.വി സജയ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

SAF

 

Content highlight
Sargam State Level Literary Workshop concludes

കന്നിക്കിരീടം മലപ്പുറത്തിന്; പ്രഥമ ‘ബഡ്‌സ് ഒളിമ്പിയ’ കായികമേളയില്‍ ആതിഥേയരുടെ തേരോട്ടം

Posted on Saturday, March 1, 2025

ബൗദ്ധിക വെല്ലുവിളി ബഡ്‌സ്, ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ വേഗവും ഉയരവും ദൂരവും കണ്ടെത്തിയ പ്രഥമ ബഡ്‌സ് ഒളിമ്പിയ 2025 സംസ്ഥാന കായിക മേളയില്‍ ആതിഥേയരായ മലപ്പുറം ചാമ്പ്യന്മാര്‍. ആദ്യദിനത്തില്‍ മുന്നിലുണ്ടായിരുന്ന ജില്ലകളെയെല്ലാം കാതങ്ങള്‍ പിന്നിലാക്കി 71 പോയിന്റോടെയാണ് മലപ്പുറം മേളയില്‍ വെന്നിക്കൊടി പാറിച്ചത്. രണ്ട് ദിനങ്ങളിലായി കുടുംബശ്രീ സംഘടിപ്പിച്ച മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കായിക മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

ജില്ലാതല കായികമേളകളില്‍ വിജയിച്ചെത്തിയ 400 ഓളം കായികതാരങ്ങള്‍ 35 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹയര്‍ എബിലിറ്റി, ലോവര്‍ എബിലിറ്റി വിഭാഗങ്ങളിലായാണ് രണ്ട് ദിനങ്ങളില്‍ മത്സരിച്ചത്. 51 പോയിന്റോടെ പത്തനംതിട്ട ജില്ല രണ്ടാം സ്ഥാനവും 43 പോയിന്റോടെ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ ദിനം നടന്ന മാര്‍ച്ച് പാസ്റ്റില്‍ വയനാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

സമാപന സമ്മേളനത്തില്‍ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.സക്കീര്‍ ഹുസൈന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ബാസ് സി.കെ, അബ്ദുല്‍ കലാം മാസ്റ്റര്‍, പി.കെ. അബ്ദുള്ള കോയ, പള്ളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറായ അബ്ദുല്‍ ലത്തീഫ് പി.സി, കുടുംബശ്രീ മലപ്പുറം അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സനീറ.ഇ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ സീനത്ത്.സി, സല്‍മത്ത്. പി.ഇ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍. പി.രാജന്‍ നന്ദിയും പറഞ്ഞു.

വ്യക്തിഗത ചാമ്പ്യന്മാര്‍:

സബ് ജൂനിയര്‍ ബോയ്‌സ്
മുഹമ്മദ് റാസില്‍ (കാളികാവ് ബി.ആര്‍.സി മലപ്പുറം)
സബ് ജൂനിയര്‍ ഗേള്‍സ്
റോഷ്‌നി പി. റെജോ (നാറാണംമൂഴി ബഡ്‌സ് സ്‌കൂള്‍ പത്തനംതിട്ട)

ജൂനിയര്‍ ബോയ്‌സ്
അഭിഷേക് കെ. കുമാര്‍ (കുമളി പ്രിയദര്‍ശിനി ബഡ്‌സ് സ്‌കൂള്‍, ഇടുക്കി)
ജൂനിയര്‍ ഗേള്‍സ്
അമൃത ആര്‍.ഡി (കൊടുമണ്‍ ബി.ആര്‍.സി പത്തനംതിട്ട)

സീനിയര്‍ ബോയ്‌സ്
മുഹമ്മദ് ഫാസില്‍ (ഊര്‍ങ്ങാട്ടിരി ബി.ആര്‍.സി മലപ്പുറം)
സീനിയര്‍ ഗേള്‍സ്
അതുല്യ വിനോദ് (പള്ളിച്ചല്‍ ബഡ്‌സ് സ്‌കൂള്‍ തിരുവനന്തപുരം).

 

kjj

 

Content highlight
buds olympia 2025; Malappuram cinched the title

കുടുംബശ്രീ ബഡ്സ് ഒളിമ്പിയ 2025; സംസ്ഥാന കായിക മേളയ്ക്ക് മലപ്പുറത്ത് ട്രാക്കുണര്‍ന്നു, കണ്ണൂര്‍ മുന്നില്‍

Posted on Friday, February 28, 2025

ബഡ്സ് സ്‌കൂളുകളിലെയും ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെയും പരിശീലനാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ ഇതാദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കായികമേള ബഡ്സ് ഒളിമ്പിയ 2025ന് മലപ്പുറത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഫെബ്രുവരി 27ന് തുടക്കം. 14 ജില്ലകളില്‍ നിന്നുമുള്ള കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ് ഫ്ലാഗ് ഓഫ് ചെയ്തു.

 തുടര്‍ന്ന് സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍,ഹയര്‍ എബിലിറ്റി,ലോവര്‍ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 13 പോയിന്റോടെ കണ്ണൂര്‍ ജില്ല മുന്നിട്ടു നില്‍ക്കുന്നു. 11 പോയിന്റോടെ പത്തനംതിട്ട ജില്ലയും 10 പോയിന്റോടെ വയനാട് ജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

 മേള ഫെബ്രുവരി 28ന് സമാപിക്കും.

 

 

 

Content highlight
buds olpympia starts

സമൂഹത്തിന്‍റെ വേദനകളും പ്രതിസന്ധികളും മനസിലാക്കാന്‍ എഴുത്തുകാരന് കഴിയണം:കെ.സച്ചിദാനന്ദന്‍- കുടുംബശ്രീ സര്‍ഗ്ഗം 2025 സാഹിത്യശില്‍പ്പശാലയ്ക്ക് തുടക്കം

Posted on Friday, February 28, 2025
സ്വന്തം അനുഭവങ്ങള്‍ മാത്രമല്ല, സമൂഹത്തിന്‍റെ വേദനകളും പ്രതിസന്ധികളും മനസിലാക്കാനും എഴുത്തുകാരന് കഴിയണമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ.സച്ചിദാനന്ദന്‍.  കേരള സാഹിത്യ അക്കാദമിയും കിലയുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്കായി  സംഘടിപ്പിക്കുന്ന 'സര്‍ഗം' ത്രിദിന സംസ്ഥാനതല സാഹിത്യ ശില്‍പപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാര്‍ ലോകത്തെ അറിയാന്‍ ബാധ്യസ്ഥരാണ്. തന്‍റെ ഉള്ളിലേക്കും അനുഭവങ്ങളുടെ സങ്കീര്‍ണതകളിലേക്കും തിരിഞ്ഞു നോക്കാന്‍ സാഹിത്യം എഴുത്തുകാരനെ പ്രേരിപ്പിക്കുന്നു. എഴുതാനാവശ്യമായ പരിശീലനങ്ങള്‍ ജീവിതത്തില്‍ ഉടനീളം ഉണ്ടാകണം. സാഹിത്യത്തിനൊപ്പം മറ്റു കലാരൂപങ്ങളെയും ഉള്‍ക്കൊള്ളണം. എഴുത്തുകാര്‍ എല്ലാത്തരം അസമത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അതീതമായി സ്വപ്നം കാണാന്‍ കഴിയുന്നവരാകണമന്നും സാഹിത്യമേഖലയിലേക്ക് കടന്നു വരുന്ന സ്ത്രീകള്‍ ഈ രംഗത്ത് തന്‍റേതായ ഇടം കണ്ടെത്തണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

കുടുംബശ്രീ പി.ആര്‍.ഓ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. കില അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.കെ.പി.എന്‍ അമൃത അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് അശോകന്‍ ചരുവില്‍ മുഖ്യാതിഥിയായി. ക്യാമ്പ് ഡയറക്ടര്‍ വി.എസ് ബിന്ദു ആമുഖ പ്രഭാഷണം നടത്തി.   ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ പ്രസാദ് കെ.കെ നന്ദി പറഞ്ഞു. എഴുത്തുകാരി കെ. എ ബീന, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.യു സലില്‍ എന്നിവര്‍ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം നടന്ന വിവിധ സെഷനുകളില്‍ കെ.എ ബീന, ഡോ. കെ.എം അനില്‍, സംഗീത ചേനംപുല്ലി, രാഹേഷ് മുതുമല, ഡോ.മിനി പ്രസാദ്, വര്‍ഗീസാന്‍റണി എന്നിവര്‍ വിഷയാവതരണം നടത്തി. ശില്‍പശാല നാളെ സമാപിക്കും.
 
jjj
 

 

Content highlight
sargam2025 1

കുടുംബശ്രീ കെ 4 കെയര്‍ പദ്ധതിയിലൂടെ വയോജന രോഗീ പരിചരണ മേഖലയില്‍ തൊഴില്‍: നിപ്മറും കുടുംബശ്രീയും സംയുക്തമായി ആയിരം വനിതകള്‍ക്ക് പരിശീലനം

Posted on Wednesday, February 26, 2025
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വയോജന രോഗീ പരിചരണ മേഖലയില്‍ ആയിരം വനിതകള്‍ക്ക് പരിശീലനം നല്‍കുന്നു. ഈ രംഗത്തെ പ്രശസ്ത സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍-നിപ്മറുമായി ചേര്‍ന്നു കൊണ്ട്  ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സിലാണ് പരിശീലനം നല്‍കുന്നത്. വയോജന രോഗീ പരിചരണ മേഖലയില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം കുടുംബശ്രീ വനിതകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൃശൂരിലെ നിപ്മര്‍ ക്യാമ്പസില്‍ മാര്‍ച്ച് ആദ്യവാരം മുതലാണ് പരിശീലനം ആരംഭിക്കുക. വനിതകള്‍ക്ക് മാത്രമായിരിക്കും അവസരം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങളിലും തൊഴിലവസരങ്ങളുണ്ട്.  

25-40 നും ഇടയില്‍ പ്രായമുളള കുടുംബശ്രീ അംഗത്തിനോ കുടുംബശ്രീ കുടുംബാംഗത്തിനോ ഓക്സിലറി ഗ്രൂപ്പ് അംഗത്തിനോ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. പത്താം ക്ളാസ് ജയിച്ചിരിക്കണം. പരിശീലനം ലഭ്യമായ അംഗങ്ങള്‍ കെ 4 കെയര്‍ എക്സിക്യൂട്ടീവ് എന്ന പേരിലാകും അറിയപ്പെടുക. വയോജനങ്ങള്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, നവജാത ശിശുക്കള്‍ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങി വിവിധ മേഖലകളിലായിരിക്കും ഇവര്‍ക്ക് തൊഴിലവസരം ലഭ്യമാവുക. ഇതിന് കുടുംബശ്രീയുടെ പിന്തുണയും ഉണ്ടാകും.  

2024 ജനുവരിയില്‍ തുടക്കമിട്ട പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 605  പേര്‍ പരിശീലനം നേടി. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതത് ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. 
 
Content highlight
k4care

കുടുംബശ്രീ ദേശീയ സരസ് മേള കോഴിക്കോട് - സംഘാടകസമിതി രൂപീകരിച്ചു

Posted on Wednesday, February 26, 2025

കുടുംബശ്രീയുടെ നേതൃത്വത്തില് കോഴിക്കോട് ജില്ലയില് ഇതാദ്യമായി സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സംഘാടകസമിതി രൂപീകരിച്ചു. ഏപ്രില് അവസാനം കോഴിക്കോട് കടപ്പുറത്താണ് മേള സംഘടിപ്പിക്കുക. സംഘാടക സമിതിയുടെ രൂപീകരണ യോഗം ഫെബ്രുവരി 24ന്‌ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 201 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും 2001 അംഗ സംഘാടകസമിതിയുമാണ് രൂപീകരിച്ചത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകര് ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്ന്ന ഉത്പന്നങ്ങള് ലഭിക്കുന്ന 250-ലധികം ഉത്പന്ന വിപണന സ്റ്റാളുകള് മേളയോട് അനുബന്ധിച്ച് സജ്ജീകരിക്കും. ഇതര സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം വിളമ്പുന്ന ഫുഡ്‌കോര്ട്ട്, കലാ - സാംസ്‌കാരിക രംഗത്തെ പ്രഗത്ഭര് പങ്കെടുക്കുന്ന കലാപരിപാടികള്, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള് എന്നിവയും ദിവസേനയുണ്ടാകും.
 
സംഘാടക സമിതി രൂപീകരണ യോഗത്തില് ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് പി.ജി. ജോര്ജ്ജ് മാസ്റ്റര് അധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് ഡെപ്യൂട്ടി മേയര് സി.പി. മുസാഫര് അഹമ്മദ്, കുടുംബശ്രീ ഗവേണിങ് ബോഡി എക്‌സിക്യൂട്ടീവ് അംഗവും മുന് എം.എല്.എയുമായ കെ. കെ. ലതിക ജില്ലാമിഷന് കോര്ഡിനേറ്റര് പി.സി. കവിത എന്നിവര് സംസാരിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് എച്ച്. ദിനേശന് ഐ.എ.എസ് സ്വാഗതവും അഴിയൂര് സി.ഡി.എസ് ചെയര്പേഴ്‌സണ് ബിന്ദു ജയ്‌സണ് നന്ദിയും പറഞ്ഞു.
 
രക്ഷാധികാരികള് - എം.ബി. രാജേഷ് (തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്ലമെന്ററികാര്യ വകുപ്പുമന്ത്രി), എ.കെ. ശശീന്ദ്രന് (വനം വന്യജീവി വകുപ്പുമന്ത്രി), ഡോ. ബീന ഫിലിപ്പ് (കോര്പ്പറേഷന് മേയര്), എം. പിമാരായ എം.കെ. രാഘവന്, ഷാഫി പറമ്പില്, പ്രിയങ്കാ ഗാന്ധി, കുടുംബശ്രീ ഗവേണിംഗ് ബോഡി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. ലതിക, പി.കെ. സൈനബ.
ചെയര്മാന് - അഡ്വ. പി.എ മുഹമ്മദ് റിയാസ് (പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി)
വൈസ് ചെയര്മാന്മാര് - എം. മെഹബൂബ്, അഡ്വ. കെ. പ്രവീണ്കുമാര്, കെ.കെ. ബാലന്, അഡ്വ. വി.കെ. സജീവന്, എം.എ. റസാഖ് മാസ്റ്റര്, മുക്കം മുഹമ്മദ്, ബഷീര് പാണ്ടികശാല, ടി.എം. ജോസഫ്, ഗോപാലന് മാസ്റ്റര്
ജനറല് കണ്വീനര്- സ്‌നേഹില്കുമാര് സിങ് ഐ.എ.എസ് (ജില്ലാ കളക്ടര്)
 
njn

 

Content highlight
national saras mela at kozhikode

കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ഇനി മുതല്‍ എല്ലാ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളിലും

Posted on Monday, February 24, 2025

സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളിലും കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. വിവിധ അതിക്രമങ്ങള്‍ക്കിരയായി പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരാതിക്കാരുടെ ആവശ്യവും കേസിന്‍റ പ്രാധാന്യവും  അനുസരിച്ച് പോലീസിന്‍റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുക. ഇതിനായി കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എണ്‍പത്തിനാല് കമ്യൂണിറ്റി കണ്‍സിലര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ ഇരുപത്തിയഞ്ച് പേര്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ചിന്‍റെ സംസ്ഥാനതല പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു.  

നിലവില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഏഴു പോലീസ് സ്റ്റേഷനുകളില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാന മാതൃകയില്‍ മാര്‍ച്ച് രണ്ടാം വാരത്തോടെ സംസ്ഥാന വ്യാപകമായി എല്ലാ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസമായിരിക്കും കൗണ്‍സലിങ്ങ് സേവനം ലഭ്യമാക്കുക.  കൗണ്‍സലിങ്ങിന് എത്തുന്നവര്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമെങ്കില്‍ അത് നല്‍കുന്നതിനുളള സംവിധാനവും ഒരുക്കും. കൂടാതെ റഫറിങ്ങ് സംവിധാനത്തിലൂടെ വിദഗ്ധ മാനസികാരോഗ്യ ചികിത്സയും ഉറപ്പാക്കും. പരാതിക്കാര്‍ക്ക് നിര്‍ഭയമായി കാര്യങ്ങള്‍ തുറന്നു പറയാനും ആവശ്യമായ പിന്തുണകള്‍ ലഭ്യമാകുന്നതിനും പദ്ധതി സഹായകരമാകും.

നിലവില്‍ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കാന്‍ സ്ഥല സൗകര്യമില്ലെങ്കില്‍ സബ്ഡിവിഷന്‍ പരിധിയിലുള്ള സൗകര്യപ്രദമായ മറ്റു പോലീസ് സ്റ്റേഷനുകള്‍ ഇതിനായി കണ്ടെത്തും. കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള അടിസ്ഥാന സൗകര്യവുമൊരുക്കും.

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമസഹായം, താല്‍ക്കാലിക താമസം, കൗണ്‍സലിങ്ങ് എന്നിവ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംവിധാനമാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്. നിലവില്‍ പതിനാല് ജില്ലകളിലും അട്ടപ്പാടിയിലും സ്നേഹിത പ്രവര്‍ത്തിക്കുന്നുണ്ട്.

Content highlight
snehitha extension centre