കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ഇനി മുതല്‍ എല്ലാ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളിലും

Posted on Monday, February 24, 2025

സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളിലും കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. വിവിധ അതിക്രമങ്ങള്‍ക്കിരയായി പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരാതിക്കാരുടെ ആവശ്യവും കേസിന്‍റ പ്രാധാന്യവും  അനുസരിച്ച് പോലീസിന്‍റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുക. ഇതിനായി കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എണ്‍പത്തിനാല് കമ്യൂണിറ്റി കണ്‍സിലര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ ഇരുപത്തിയഞ്ച് പേര്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ചിന്‍റെ സംസ്ഥാനതല പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു.  

നിലവില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഏഴു പോലീസ് സ്റ്റേഷനുകളില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാന മാതൃകയില്‍ മാര്‍ച്ച് രണ്ടാം വാരത്തോടെ സംസ്ഥാന വ്യാപകമായി എല്ലാ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസമായിരിക്കും കൗണ്‍സലിങ്ങ് സേവനം ലഭ്യമാക്കുക.  കൗണ്‍സലിങ്ങിന് എത്തുന്നവര്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമെങ്കില്‍ അത് നല്‍കുന്നതിനുളള സംവിധാനവും ഒരുക്കും. കൂടാതെ റഫറിങ്ങ് സംവിധാനത്തിലൂടെ വിദഗ്ധ മാനസികാരോഗ്യ ചികിത്സയും ഉറപ്പാക്കും. പരാതിക്കാര്‍ക്ക് നിര്‍ഭയമായി കാര്യങ്ങള്‍ തുറന്നു പറയാനും ആവശ്യമായ പിന്തുണകള്‍ ലഭ്യമാകുന്നതിനും പദ്ധതി സഹായകരമാകും.

നിലവില്‍ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കാന്‍ സ്ഥല സൗകര്യമില്ലെങ്കില്‍ സബ്ഡിവിഷന്‍ പരിധിയിലുള്ള സൗകര്യപ്രദമായ മറ്റു പോലീസ് സ്റ്റേഷനുകള്‍ ഇതിനായി കണ്ടെത്തും. കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള അടിസ്ഥാന സൗകര്യവുമൊരുക്കും.

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമസഹായം, താല്‍ക്കാലിക താമസം, കൗണ്‍സലിങ്ങ് എന്നിവ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംവിധാനമാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്. നിലവില്‍ പതിനാല് ജില്ലകളിലും അട്ടപ്പാടിയിലും സ്നേഹിത പ്രവര്‍ത്തിക്കുന്നുണ്ട്.

Content highlight
snehitha extension centre