അവകാശങ്ങള്‍ക്കായി അടിയുറച്ച ശബ്ദം: ജില്ലകളില്‍ ആവേശമായി കുടുംബശ്രീ ബാലസഭാംഗങ്ങളുടെ ബാലപാര്‍ലമെന്‍റ്

Posted on Monday, December 9, 2024
കുട്ടികള്‍ക്ക് ജനാധിപത്യ സംവിധാനത്തിന്‍റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള അവസരം ലഭ്യമാക്കി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും ബാലസഭാംഗങ്ങള്‍ പങ്കെടുക്കുന്ന ബാലപാര്‍ലമെന്‍റ് പുരോഗമിക്കുന്നു. കുട്ടികളില്‍ ജനാധിപത്യ അവബോധം വളര്‍ത്തുക, പാര്‍ലമെന്‍റ് നടപടിക്രമങ്ങള്‍, നിയമ നിര്‍മാണം, ഭരണ സംവിധാനങ്ങള്‍, ഭരണഘടനാ മൂല്യം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നിവയാണ് ബാലപാര്‍ലമെന്‍റിന്‍റെ ലക്ഷ്യങ്ങള്‍.

നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, ആലപ്പുഴ ജില്ലകളിലും അട്ടപ്പാടിയിലും ബാലപാര്‍ലമെന്‍റ് സംഘടിപ്പിച്ചു. ബാക്കി ജില്ലകളില്‍ ഡിസംബര്‍ 25നു മുമ്പായി സംഘടിപ്പിക്കും. ജില്ലാതല ബാലപാര്‍ലമെന്‍റില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ ഉള്‍പ്പെടുത്തി ഈ മാസം 28,29,30 തീയതികളില്‍ തിരുവനന്തപുരത്ത്  സംസ്ഥാനതല ബാലപാര്‍മെന്‍റും സംഘടിപ്പിക്കും. ഇതിനായി ഓരോ ജില്ലയില്‍ നിന്നും അട്ടപ്പാടി മേഖലയില്‍ നിന്നും പതിനൊന്ന് കുട്ടികളെ വീതം 165 പേരെ തിരഞ്ഞെടുക്കും. ഇവര്‍ക്ക് നിയമസഭ സന്ദര്‍ശിക്കാനും നടപടിക്രമങ്ങള്‍ മനസിലാക്കാനും അവസരമൊരുക്കി കൊണ്ട് വിദഗ്ധ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ഓരോ സി.ഡി.എസിലുമുളള ബാലപഞ്ചായത്തുകളില്‍ നിന്നും പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്ത് വിദഗ്ധ പരിശീലനം നല്‍കിയ ശേഷമാണ് അവരെ ബാലപാര്‍ലമെന്‍റില്‍ പങ്കെടുപ്പിക്കുന്നത്. ഇതുവഴി കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനുളള അറിവും ആര്‍ജവത്വവും അവരില്‍ വളര്‍ത്തിയെടുക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഇതുവരെ പൂര്‍ത്തിയായ ബാലപാര്‍ലമെന്‍റുകളില്‍ കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങള്‍, പ്രാദേശികമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നിങ്ങനെ നിരവധി പ്രസക്തമായ വിഷയങ്ങളാണ് കുട്ടികള്‍ ഉയര്‍ത്തിയത്. രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കര്‍, ആറ് വകുപ്പ് മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ചീഫ് മാര്‍ഷല്‍, എ.ഡി.സി  എന്നിവരായി എത്തുന്ന കുട്ടികളുടെ പ്രകടനവും ഏറെ ശ്രദ്ധേയമാണ്.  
Content highlight
District Level Kudumbashree Bala Parliaments Progressing ml