' കുടുംബശ്രീ മൈന്‍ഡ് ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ് ' സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിലൂടെ ഓരോ കുട്ടിക്കും ഉള്ളിലുള്ള വെളിച്ചത്തെ കണ്ടെത്താന്‍ കഴിയുന്നതിനൊപ്പം സമൂഹത്തിന് നന്‍മയുടെ വെളിച്ചം പകരാന്‍ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. സമ്മര്‍ ക്യാമ്പിന്‍റെ ഭാഗമായി ഏപ്രില്‍ എട്ടിന് സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും സംഘടിപ്പിക്കുന്ന ബാലസംഗമത്തില്‍ പങ്കെടുക്കുന്നതിനായി ബാലസഭാംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മന്ത്രിയുടെ കത്തിലാണ് കുട്ടികള്‍ക്കുള്ള ക്ഷണം.
ശുചിത്വോത്സവം, ശുചിത്വോസവം 2.0 യുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി എന്നിവയെല്ലാം കുടുംബശ്രീ ബാലസഭയുടെ പ്രവര്‍ത്തന മികവിന് തെളിവാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഇത്രയേറെ സന്തോഷത്തിലും അഭിമാനത്തിലും നില്‍ക്കുമ്പോഴും സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നു. അത്തരം പ്രവൃത്തികളെ ചെറുത്തു തോല്‍പ്പിക്കണം. 'കുടുംബശ്രീ മൈന്‍ഡ ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ്' എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പിന് നല്‍കിയിരിക്കുന്ന പേര്. ഓരോരുത്തരും അവരുടെ ഉള്ളിലുള്ള വെളിച്ചത്തെ തിരിച്ചറിയുക എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച മൈന്‍ഡ് ബ്ളോവേഴ്സ് ക്യാമ്പയിനിലൂടെ കുട്ടികളുടെ ഒട്ടേറെ നവീന ആശയങ്ങള്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. കുട്ടികള്‍ തയ്യാറാക്കുന്ന നൂതന ആശയങ്ങളില്‍ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കുന്ന മികച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള എല്ലാ സഹായവും കുടുംബശ്രീ നല്‍കും. മധ്യവേനല്‍ അവധിക്കാലത്ത് കുടുംബശ്രീ സംഘടിപ്പിക്കുന്ന സമ്മര്‍ക്യാമ്പില്‍ പങ്കെടുക്കുന്നതോടൊപ്പം കൂട്ടുകാരെയും പങ്കെടുപ്പിക്കണമെന്ന് പറഞ്ഞ മന്ത്രി എല്ലാ ബാലസഭാംഗങ്ങള്‍ക്കും റംസാന്‍, വിഷു, ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.
മന്ത്രിയുടെ കത്ത് ഓരോ ജില്ലയിലുമുളള ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാര്‍ വഴി ഏപ്രില്‍ എട്ടിന് മുമ്പായി അതത് ബാലസഭയിലെത്തിക്കും.

- 13 views