അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയുടെ തണലൊരുക്കിയ കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് മുഖേന ഇതുവരെ കൈകാര്യം ചെയ്തത് 60889 കേസുകള്‍. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 11776 പേര്‍ക്ക് സ്നേഹിത വഴി താല്‍ക്കാലിക അഭയം നല്‍കി. 49113 കേസുകളില്‍ അതത് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് സൗജന്യ നിയമ സഹായവും കൂടാതെ വൈദ്യ സഹായം, കൗണ്‍സലിങ്ങ് സേവനങ്ങള്‍ എന്നിവയും ലഭ്യമാക്കി. 2013 ഓഗസ്റ്റ് 23-ന് പ്രവര്‍ത്തനം തുടങ്ങിയ ശേഷം സ്നേഹിതയുടെ ഓഫീസിലേക്ക് നേരിട്ടെത്തിയ കേസുകളും ടെലി കേസുകളും ഉള്‍പ്പെടെയാണിത്.
2024-25 സാമ്പത്തിക വര്‍ഷം മാത്രം കുടുംബശ്രീ സ്നേഹിത കൈകാര്യം ചെയ്തത് 6605 കേസുകളാണ്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1692 പേര്‍ക്ക് അഭയം നല്‍കി. ആകെയുള്ള കേസുകളില്‍ 1102 എണ്ണം ഗാര്‍ഹിക പീഡനത്തിന്‍റെ പരിധിയിലും 233 എണ്ണം കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങളുടെ പരിധിയിലും വരുന്നവയാണ്. ഇതു കൂടാതെ കുട്ടികള്‍ക്കെതിരേയുള്ള മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 136 കേസുകളും കൈകാര്യം ചെയ്തിട്ടുണ്ട്. പോലീസിന്‍റെയും ചൈല്‍ഡ് ഹെല്‍പ് ലൈനിന്‍റെയും പിന്തുണയോടെയാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.
സമൂഹത്തില്‍ വിവിധ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ വിവിധ പിന്തുണകളും സഹായവും ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്ന സംവിധാനമാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്. വനിതാ ശിശുവികസന വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായും സഹകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍. വിവിധ പ്രശ്നങ്ങള്‍ നേരിട്ട് സ്നേഹിതയില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരമാവധി മൂന്നു ദിവസം വരെ താല്‍ക്കാലിക അഭയം നല്‍കും. പുനരധിവാസം ആവശ്യമായ കേസുകളും നിരവധിയാണ്. ഇതിന് വിവിധ വകുപ്പുകളും എന്‍.ജി.ഓകളുമായി ചേര്‍ന്നു കൊണ്ട് ആവശ്യമായ പിന്തുണകള്‍ ലഭ്യമാക്കുന്നുണ്ട്. മാനസിക പിന്തുണ ആവശ്യമായവര്‍ക്ക് കൗണ്‍സലിങ്ങ് സേവനങ്ങളും നല്‍കുന്നു.
പ്രാദേശിക തലത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജെന്‍ഡര്‍ പോയിന്‍റ് പേഴ്സണ്‍, വിജിലന്‍റ് ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ എന്നിവയുടെ ജില്ലാതല നോഡല്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററായും സ്നേഹിത പ്രവര്‍ത്തിക്കുന്നു.
2013 ഓഗസ്റ്റ് 23-ന് എറണാകുളം ജില്ലയിലായിരുന്നു തുടക്കം. നിലവില്‍ പതിനാല് ജില്ലകളിലും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായും സ്നേഹിത പ്രവര്‍ത്തിക്കുന്നു. സ്നേഹിതയുടെ ഓരോ ഓഫീസിലും രണ്ട് കൗണ്‍സിലര്‍മാര്‍, അഞ്ച് സര്‍വീസ് പ്രൊവൈഡര്‍മാര്‍, ഓഫീസ് അസിസ്റ്റന്‍റ്, കെയര്‍ടേക്കര്‍, രണ്ട് സെക്യൂരിറ്റി എന്നിവരടക്കം 11 ജീവനക്കാരും ഉണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവരുടെ പ്രവര്‍ത്തനം.
സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ 84 ഡി.വൈ.എസ്.പി/എ.സി.പി ഓഫീസുകളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകളും ആരംഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കമ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ ഉറപ്പാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. കൂടാതെ സ്നേഹിതയുടെ സേവനങ്ങള്‍ വിദൂരവും ഒറ്റപ്പെട്ടതുമായ സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ 11 സ്നേഹിത സബ് സെന്‍ററുകളും പ്രവര്‍ത്തിച്ചു വരുന്നു.
- 30 views