തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇംഗ്ളീഷ് ഭാഷാ നൈപുണ്യം ലഭ്യമാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന 'കമ്യൂണിക്കോര്‍' പദ്ധതിക്ക് ലോക ആംഗലേയ ഭാഷാ ദിനമായ ഏപ്രില്‍ 23 ന് സംസ്ഥാനത്ത് തുടക്കമാകും. ഇംഗ്ളീഷ് ഭാഷയില്‍ പ്രാവീണ്യം വര്‍ധിപ്പിച്ചു കൊണ്ട് ഗുണമേന്‍മയുളള ഉന്നതവിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും ഒപ്പം ഡിജിറ്റല്‍ സാക്ഷരതയും ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശീയ മേഖലയില്‍ നിന്നും പദ്ധതി ഗുണഭോക്താക്കളായി തിരഞ്ഞെടുത്ത ആയിരത്തോളം കുട്ടികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 23ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ മന്ത്രി എം.ബി രാജേഷ് ഓണ്‍ലൈനായി നിര്‍വഹിക്കും.
നിലവില്‍ പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന അട്ടപ്പാടി, പറമ്പിക്കുളം(പാലക്കാട്), തിരുനെല്ലി,
നൂല്‍പ്പുഴ(വയനാട്), ആറളം ഫാം(കണ്ണൂര്‍), നിലമ്പൂര്‍(മലപ്പുറം), കോടഞ്ചേരി (കോഴിക്കോട്), കുട്ടമ്പുഴ (എറണാകുളം), മറയൂര്‍, കാന്തല്ലൂര്‍, വട്ടവട(ഇടുക്കി) കൊറഗ പ്രത്യേക പദ്ധതി (കാസര്‍കോട്), കാടര്‍ പ്രത്യേക പദ്ധതി(തൃശൂര്‍), മലൈപണ്ടാരം പ്രത്യേക പദ്ധതി(പത്തനംതിട്ട) എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുക.
ഓരോ ജില്ലയിലും പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 30 മുതല്‍ 50 കുട്ടികള്‍ വരെ ഉള്‍പ്പെടുന്ന വിവിധ ബാച്ചുകള്‍ ഉണ്ടാകും. 12 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികളായിരിക്കും ഇതില്‍ പങ്കെടുക്കുക. അവധിക്കാലത്ത് റെസിഡന്‍ഷ്യല്‍ പരിശീലനം ഉള്‍പ്പെടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ക്ളാസ് റൂം പഠനത്തോടൊപ്പം റോള്‍ പ്ളേ, തിയേറ്റര്‍, ഡിബേറ്റുകള്‍, ചര്‍ച്ചകള്‍, ഔട്ട് ഡോര്‍ ഗെയിംസ് തുടങ്ങി വിവിധ പഠന രീതികള്‍ ഉപയോഗിച്ചുകൊണ്ടാകും പരിശീലനം നല്‍കുക. ഇതിനായി നാല്‍പ്പതോളം അധ്യാപകരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായി ചേര്‍ന്നുകൊണ്ട് പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂള്‍ പ്രകാരം പരിശീലനവും നല്‍കിയിട്ടുണ്ട്.
തദ്ദേശീയ മേഖലയില്‍ അധിവസിക്കുന്നവര്‍ക്ക് മലയാളം ഇംഗ്ളീഷ് ഭാഷകള്‍ മനസിലാക്കുന്നതിന് പ്രയാസം നേരിടുന്നത് വിദ്യാഭ്യാസ രംഗത്തും തൊഴില്‍മേഖലയിലും അവരുടെ മുന്നേറ്റത്തെ സാരമായി ബാധിക്കുന്നുണ്ട്. കമ്യൂണിക്കോര്‍ പരിശീലന പദ്ധതി നടപ്പാക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും. കുടുംബശ്രീ സംസ്ഥാന മിഷനാണ് പദ്ധതി വിഭാവനം ചെയ്തു നടപ്പാക്കുന്നത്.
- 18 views