ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ആയിരത്തിലേറെ ഉല്‍പന്നങ്ങളുമായി കുടുംബശ്രീ

Posted on Wednesday, April 23, 2025
കുടുംബശ്രീ സംരംഭകരുടെ ആയിരത്തിലേറെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിച്ച് ഓണ്‍ലൈന്‍ വ്യാപാര രംഗത്തും സജീവമായി കുടുംബശ്രീ. പ്രമുഖ ഓണ്‍ ലൈന്‍ പ്ളാറ്റ്ഫോമുകളായ മീഷോ, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ഒ.എന്‍.ഡി.സി എന്നിവയിലെല്ലാം കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ലഭ്യമാകും. ഭക്ഷ്യോല്‍പന്നങ്ങള്‍, കറി പൗഡറുകള്‍, ആയുര്‍വേദിക് ഉല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി  വൈവിധ്യമാര്‍ന്ന കുടുംബശ്രീ ഉല്‍പന്നങ്ങളാണ് ഓണ്‍ ലൈന്‍ വിപണനരംഗത്തുള്ളത്. ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് എവിടെയിരുന്നും തങ്ങള്‍ക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കാനും വാങ്ങാനുമുള്ള സൗകര്യം വിരല്‍തുമ്പില്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകള്‍ വഴി മികച്ച വിറ്റുവരവ് നേടാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു.

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ശക്തമായ വിപണന ശൃംഖല സൃഷ്ടിക്കുകയും അതോടൊപ്പം സംരംഭകര്‍ക്ക് വരുമാന വര്‍ധനവുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നത് ഇതിന്‍റെ ഭാഗമായാണ്. വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി ഉല്‍പന്നങ്ങള്‍ വേഗത്തില്‍ ഉപഭോക്താക്കളിലേക്കെത്തിച്ചു കൊണ്ട് വിപണനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമില്‍ ഉല്‍പന്നങ്ങളെത്തിക്കുന്നതിന്‍റെ ഭാഗമായി  തിരഞ്ഞെടുത്ത 149 സംരംഭകര്‍ക്ക് ജി.എസ്.ടി രജിസ്ട്രേഷന്‍, കമ്പനി രജിസ്ട്രേഷന്‍, ഉല്‍പന്ന വിവരണം തയ്യാറാക്കല്‍, പ്രോഡക്ട് ഫോട്ടോഗ്രഫി, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങി സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉപയോഗിച്ചു കൊണ്ടുള്ള വിവിധ വിപണന രീതികള്‍ എന്നിവയില്‍ പരിശീലനവും നല്‍കിയിരുന്നു. സംരംഭകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ളാറ്റ് ഫോമില്‍ എത്തിക്കുന്നതിനും വിപണനം കാര്യക്ഷമമാക്കുന്നതിനും ആറുമാസത്തെ പിന്തുണയും ഉറപ്പു വരുത്തിയിട്ടുണ്ട്. നബാര്‍ഡിന്‍റെ പിന്തുണയോടെയാണ് സംരംഭകര്‍ക്ക് പരിശീലനം നല്‍കിയത്.  കുടുംബശ്രീ ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി പോക്കറ്റ്മാര്‍ട്ട്-കുടുംബശ്രീ സ്റ്റോര്‍ മൊബൈല്‍ ആപ്പും രൂപീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.  

കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വിപണി ഉറപ്പു വരുത്തുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷവും വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.  കുടുംബശ്രീ ഉല്‍പന്നങ്ങളെ വിവിധ വിതരണ ശൃംഖലയുമായി ബന്ധപ്പെടുത്തുക, ഉല്‍പന്ന സംഭരണത്തിന് ജില്ലകള്‍ തോറും വെയര്‍ഹൗസുകള്‍ സ്ഥാപിക്കുക തുടങ്ങി സംരംഭകരുടെ ശാക്തീകരണം  ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാകും ഈ വര്‍ഷം നടപ്പാക്കുക. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ ലൈന്‍ ഫുഡ് ഡെലിവറി സംവിധാനവുമായി ചേര്‍ന്ന് കുടുംബശ്രീ ലഞ്ച് ബെല്‍ ഉച്ചഭക്ഷണം  ലഭ്യമാക്കുന്നതിനുളള നടപടികളും ആരംഭിക്കും. വാട്ട്സാപ്, ഫേസ്ബുക്ക്, ഗുഗിള്‍ ബിസിനസ് തുടങ്ങി സോഷ്യല്‍മീഡിയ പ്ളാറ്റ്ഫോമുകള്‍ അടക്കം വിനിയോഗിച്ചു കൊണ്ട് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുന്നതിനായി സംരംഭകര്‍ക്ക് നല്‍കുന്ന വിവിധ പരിശീലനങ്ങള്‍ ഈ വര്‍ഷവും തുടരും. കൂടാതെ എ.ഐ അധിഷ്ഠിത മാര്‍ക്കറ്റിങ്ങിലും പരിശീലനം ലഭ്യമാക്കും.  

ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകള്‍ക്കൊപ്പം നിലവിലെ ഉല്‍പന്ന വിപണന സമ്പ്രദായങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ നേരിട്ടു വിപണനം ചെയ്യുന്ന ഹോം ഷോപ്പ് സംവിധാനം 50 പുതിയ മാനേജ്മെന്‍റ് ടീമുകള്‍, 8718 ഹോംഷോപ്പ് ഓണര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലീകരിച്ചിട്ടുണ്ട്. 19.61 കോടി രൂപയുടെ വിറ്റുവരവാണ് കഴിഞ്ഞ വര്‍ഷം മാത്രം ഹോംഷോപ്പ് വഴി ലഭിച്ചത്. 13 ജില്ലകളില്‍ ആരംഭിച്ച 13 പ്രീമിയം കഫേ റെസ്റ്ററന്‍റുകള്‍ വഴി കഴിഞ്ഞ ഒരു വര്‍ഷം അഞ്ചു കോടിയിലേറെ രൂപയുടെ വിറ്റുവരവ് നേടാനും കുടുംബശ്രീക്കായി.
 
Content highlight
Kudumbashree with more than 1,000 products in the online trading sector