മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികള്‍ വഴി കുടുംബശ്രീ വരുമാനമൊരുക്കിയത് 3.24 ലക്ഷം ഗുണഭോക്താക്കള്‍ക്ക്

Posted on Tuesday, April 22, 2025

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വഴി നാളിതുവരെ വരുമാനമൊരുക്കിയത് 3.24 ലക്ഷം ഗുണഭോക്താക്കള്‍ക്ക്. ഈ രംഗത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇത്രയും ഗുണഭോക്താക്കള്‍ക്ക് മികച്ച തൊഴിലും അതുവഴി സുസ്ഥിര വരുമാനവും നേടിക്കൊടുക്കാന്‍ കുടുംബശ്രീക്കായത്. കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിന്‍റെ ഭാഗമായി തൊഴില്‍ ലഭിച്ച 100825 കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടും.

മൃഗസംരക്ഷണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടപ്പാക്കി വരുന്നത്. കേരള ചിക്കന്‍ പദ്ധതി വഴി ഇതുവരെ നേടിയത് 357 കോടി രൂപയാണ്. ആഭ്യന്തര ഉപഭോഗത്തിന്‍റെ എട്ടു ശതമാനം ഉല്‍പാദിപ്പിക്കാനാകുന്നതും പൊതുവിപണിയില്‍ വില നിയന്ത്രിക്കാന്‍ കഴിയുന്നു എന്നതും പദ്ധതിയുടെ നേട്ടമാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 'കേരള ചിക്കന്‍' എന്ന പേരില്‍ ഫ്രോസന്‍ ഉല്‍പന്നങ്ങളുടെ വിപണനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കഠിനംകുളത്ത് പ്രോസസിങ്ങ് പ്ളാന്‍റും പ്രവര്‍ത്തന സജ്ജമായി. നിലവില്‍ എഴുനൂറോളം ഗുണഭോക്താക്കള്‍ക്ക് പദ്ധതി വഴി സുസ്ഥിര വരുമാനം ലഭിക്കുന്നു.  

പൗള്‍ട്രി മേഖലയിലും വലിയ കുതിപ്പാണുണ്ടായത്. 104 ഹാച്ചറികളും 76 മദര്‍ യൂണിറ്റുകളും ഈ രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ കോഴിയും കൂടും പദ്ധതി വഴി  പൗള്‍ട്രി യൂണിറ്റുകളെ എംപാനല്‍ ചെയ്തു കൊണ്ട് 623 കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ മുട്ടക്കോഴി വളര്‍ത്തല്‍ ആരംഭിക്കാനും സഹായം നല്‍കി.

ഉപജീവന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് നല്‍കിയ സാമ്പത്തിക പിന്തുണയും ഏറെ ശ്രദ്ധേയമാണ്. ഇതിനായി ഗ്രാമീണ സി.ഡി.എസുകള്‍ക്ക് 35.1 കോടി രൂപയും നഗര സി.ഡി.എസുകള്‍ക്ക് 5.15 കോടി രൂപയും ഉള്‍പ്പെടെ 40.16 കോടി രൂപയാണ് കമ്യൂണിറ്റി എന്‍റര്‍പ്രൈസ് ഫണ്ട് ഇനത്തില്‍ ലഭ്യമാക്കിയത്.  20731 കന്നുകാലി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഇതു സഹായകമായി. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് 401 പ്രോഡ്യൂസര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനും പ്രവര്‍ത്തനമൂലധനത്തിനുമായി നാലു കോടി രൂപയും ധനസഹായമായി നല്‍കി.   ക്ഷീരസാഗരം പദ്ധതി വഴി പശുവളര്‍ത്തല്‍ കര്‍ഷകര്‍ക്കും ആട് ഗ്രാമം പദ്ധതി വഴി ആട് വളര്‍ത്തല്‍ കര്‍ഷകര്‍ക്കും സബ്സിഡി ലഭ്യമാക്കിയിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പും ഈ രംഗത്തെ പ്രശസ്ത സ്ഥാപനങ്ങളുമായും ചേര്‍ന്നു കൊണ്ട് അംഗങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനങ്ങള്‍ നല്‍കി മികച്ച കര്‍ഷകരും സംരംഭകരുമാക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഫീല്‍ഡ്തലത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനായി 4530 കമ്യൂണിറ്റി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി പശുസഖി സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കി. ഇതില്‍ നിന്നും 458 പശുസഖിമാര്‍ക്ക് എ ഹെല്‍പ് സര്‍ട്ടിഫിക്കേഷനും ലഭ്യമാക്കി. ഇവര്‍ ഫീല്‍ഡ്തലത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആവശ്യമായ പിന്തുണ നല്‍കും.

വനിതാ കര്‍ഷകര്‍ക്ക് മത്സ്യക്കൃഷിയിലും അനുബന്ധ മേഖലകളിലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഫിഷറീസ് ക്ളസ്റ്ററുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 

Content highlight
Kudumbashree generates income for 3.24 lakh beneficiaries through various schemes in the animal husbandry sector ml