സംസ്ഥാനതല 'കുടുംബശ്രീ അവാര്‍ഡ്' നിര്‍ണ്ണയ ശില്‍പ്പശാലയ്ക്ക് തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് കിലയില്‍ ഇന്നലെ (ഏപ്രില്‍ 21) തുടക്കമായി. മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍), മികച്ച അയല്‍ക്കൂട്ടം, മികച്ച ഊരുസമിതി, മികച്ച ബഡ്‌സ് സ്ഥാപനം, മികച്ച സംരംഭക ഗ്രൂപ്പ് എന്നീ ഇനങ്ങളില്‍ സംസ്ഥാനതല അവാര്‍ഡിനായുള്ള നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ ആദ്യ ദിനമായ ഇന്നലെ നടന്നു.
ഇന്ന് (ഏപ്രില്‍ 22) മികച്ച സി.ഡി.എസ് (സംയോജന പ്രവര്‍ത്തനം, തനത് പ്രവര്‍ത്തനം, ഭരണ നിര്‍വ്വഹണം - സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനം), മികച്ച ഓക്‌സിലറി ഗ്രൂപ്പ്, മികച്ച സംരംഭക, മികച്ച സി.ഡി.എസ് (ട്രൈബല്‍ പ്രവര്‍ത്തനം), മികച്ച ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ എന്നിവയ്ക്കായുള്ള അവതരണങ്ങള്‍ നടക്കും. ഏപ്രില്‍ 26 വരെയാണ് അവാര്‍ഡ് നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍. മേയ് 17ന് കുടുംബശ്രീ ദിനത്തോട് അനുബന്ധിച്ച് അവാര്‍ഡ് വിതരണവും സംഘടിപ്പിക്കും.
ത്രിതല സംഘടനാ സംവിധാനമുള്‍പ്പെടെ താഴേത്തട്ടുമുതലുള്ള കുടുംബശ്രീ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജവും പ്രചോദനവുമേകുകയെന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അതിന് അംഗീകാരം നല്‍കുകയാണ് അവാര്‍ഡ് വിതരണത്തിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. ആകെ 17 വിഭാഗങ്ങളിലാണ് സംസ്ഥാനതല അവാര്‍ഡുകള്‍ നല്‍കുന്നത്.
മികച്ച അയല്‍ക്കൂട്ടം, എ.ഡി.എസ്, ഊര് സമിതി, സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്‌സ് സ്ഥാപനം, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, ഓക്‌സിലറി ഗ്രൂപ്പ്, ഓക്‌സിലറി സംരംഭം, സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷന്‍ എന്നീ പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം മികച്ച സി.ഡി.എസ് (സംയോജന പ്രവര്‍ത്തനം, തനത് പ്രവര്‍ത്തനം, ഭരണ നിര്‍വ്വഹണം- സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍), മികച്ച സി.ഡി.എസ് (കാര്‍ഷികമേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍), മികച്ച സി.ഡി.എസ് (ട്രൈബല്‍ പ്രവര്‍ത്തനം), മികച്ച സി.ഡി.എസ് (സൂക്ഷ്മ സംരംഭം, ഡി.ഡി.യു-ജി.കെ.വൈ്, കെഡിസ്‌ക്) എന്നീ പുരസ്‌ക്കാരങ്ങളും നല്‍കും.
മികച്ച ജില്ലാ മിഷന്‍, മികച്ച പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, മികച്ച സ്‌നേഹിത, മികച്ച ബഡ്‌സ് സ്ഥാപനം എന്നിവ ഒഴികെ ശേഷിച്ച അവാര്‍ഡുകള്‍ക്കായി 14 ജില്ലകളില്‍ നിന്നും ജില്ലാതല അവാര്‍ഡ് നേടിയെത്തിയ ത്രിതല സംഘടനാ സംവിധാന പ്രതിനിധികളാണ് ശില്‍പ്പശാലയില്‍ അവതരണങ്ങള്‍ നടത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
സംസ്ഥാനതല കുടുംബശ്രീ അവാര്‍ഡ് നിര്‍ണ്ണയ ശില്‍പ്പശാല തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് എന്നിവര്‍ ഇന്നലെ സന്ദര്‍ശിച്ചു.
- 16 views