സംസ്ഥാന തദ്ദേശ സ്വയംഭരണ, ഊര്‍ജ വകുപ്പുകളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന 'ഗ്രാമീണ വനിതകള്‍ക്ക് ഇലക്ട്രിക് സൈക്കിളിലൂടെ സുസ്ഥിര ഗതാഗതം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ഇലക്ട്രിക് സൈക്കിള്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു.ആലത്തൂര്‍ യു. പ്ലസ് ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 18ന് നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.
കെ രാധാകൃഷ്ണൻ എം പി മുഖ്യാതിഥിയായി. എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, പി.പി സുമോദ്, ,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബിനുമോള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ രജനി ബാബു, ടി കെ ദേവദാസ് ,ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കള്‍, സി.ഡി.എസ് അധ്യക്ഷമാര്‍ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ എന്‍.ആര്‍.എല്‍.എം ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറും പ്രോഗ്രാ ഓഫീസറുമായ സി നവീന്‍ പദ്ധതി അവതരണം നടത്തി.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് സ്വാഗതവും കേരള എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ രജിസ്ട്രാര്‍ സുഭാഷ് ബാബു ബി.വി നന്ദിയും പറഞ്ഞു.ആലത്തൂർ ബ്ലോക്കിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച പുതുക്കോട് ഹരിതകർമ്മ സേനയെ കുടുംബശ്രീ ജില്ലാ മിഷൻ ആദരിച്ചു.പാലക്കാട് ജില്ലയിലെ ഏറ്റവും മികച്ച ബഡ്‌സ് സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ട ആലത്തൂർ ബഡ്‌സ് സ്കൂളിനെയും രോഗി പരിചരണം വയോജന പരിപാലനം എന്നീ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന കുടുംബശ്രീ സാന്ത്വനം വളണ്ടിയേഴ്സിനെയും ആദരിച്ചു.
2050-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം കുടുംബശ്രീ വനിതകളുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനും സംരംഭകത്വ വികസനത്തിനും വരുമാന വര്‍ദ്ധനവിനുമായി പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ കുടുംബശ്രീയില്‍ അംഗങ്ങളായ 600 വനിതാ സംരംഭകര്‍ക്കാണ് ഇ-സൈക്കിള്‍ വിതരണം ചെയ്യുന്നത്. ചടങ്ങിൽ ആലത്തൂര്‍ സി.ഡി.എസില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്കുള്ള ഇ-സൈക്കിള്‍ വിതരണം ചെയ്തു. മറ്റു ഗുണഭോക്താക്കള്‍ക്ക് ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ നിന്നായി വിതരണം ചെയ്യും. ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകര്‍ക്ക് ഇലക്ട്രിക് സൈക്കിളുകള്‍ നല്‍കുന്നതു വഴി അവരുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും വരുമാന വര്‍ധനവിന് സഹായിക്കുകയുമാണ് ലക്ഷ്യം.

- 34 views