കാര്‍ഷിക രംഗത്തെ ആധുനികവല്‍ക്കരണവും വനിതാ കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനലഭ്യതയും ലക്ഷ്യമിട്ട് കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്‍റ് പ്രോഗ്രാ(കെ-ടാപ്)മുമായി കുടുംബശ്രീ. കൃഷിയിലും അനുബന്ധ മേഖലകളിലും നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ ഉല്‍പാദനം, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം, സംസ്ക്കരണം, വിപണനം തുടങ്ങി കൃഷിയുടെ സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിച്ചു കൊണ്ട് വനിതകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഇന്ത്യയിലെ പ്രശസ്ത കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് കേന്ദ്രീകൃത സാങ്കേതികവിദ്യാ ശേഖരം തയ്യാറാക്കി. ഇതുപ്രകാരം 180-ലേറെ പുതിയ സാങ്കേതിക വിദ്യകള്‍ കുടുംബശ്രീ സ്വന്തമാക്കിയിട്ടുണ്ട്.
കാര്‍ഷിക മേഖലയുടെ നവീകരണത്തിനും വനിതാ കര്‍ഷകരുടെ ശാക്തീകരണത്തിനും കുടുംബശ്രീ ഇത്രയേറെ സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കുന്നത് ഇതാദ്യമാണ്. കുടുംബശ്രീ മുഖേന നിലവില്‍ നടപ്പാക്കി വരുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ മുഖച്ഛായ മാറ്റുന്നതാണ് പുതിയ പദ്ധതി. നിലവില്‍ കുടുംബശ്രീക്ക് കീഴിലുള്ള 92442 കര്‍ഷക സംഘങ്ങളിലെ 4.3 ലക്ഷത്തോളം വനിതകള്‍ മുഖേന സംസ്ഥാനമൊട്ടാകെ നെല്ല്, വാഴ, വിവിധ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍, കാര്‍ഷിക സംരംഭങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. ഇപ്രകാരം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ ഉപജീവന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ പുതിയ ടെക്നോളജി ബാങ്ക് മുഖേന കുടുംബശ്രീ സഹായമെത്തിക്കും. നിലവില്‍ മികച്ച രീതിയില്‍ കൃഷിയും അനുബന്ധ ബിസിനസുകളും ചെയ്യുന്ന സംരംഭകരെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് രാജ്യത്തെ പ്രമുഖ കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാകും പരിശീലനം നല്‍കുക. പുതിയ പദ്ധതി നടപ്പാകുന്നത് ഇവര്‍ക്ക് വരുമാനവര്‍ധനവിന് വഴിയൊരുക്കും.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംസ്ക്കരണം, ചെറുധാന്യങ്ങളുടെ മൂല്യവര്‍ധനവ്, നാളികേര ഉല്‍പന്നങ്ങള്‍, പരിസ്ഥിതി സൗഹൃദ പാക്കേജിങ്ങ് തുടങ്ങിയ മേഖലകളിലും വലിയ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ജൈവ ഉല്‍പാദന രീതികള്‍, സ്മാര്‍ട്ട് ഫാമിങ്ങ്, പായ്ക്കിങ്ങ്, ബ്രാന്‍ഡിങ്ങ്, ലൈസന്‍സ് ലഭ്യമാക്കല്‍ തുടങ്ങിയവ നവീകരിക്കുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിക്കും. ഇത് നിലവിലുളള സംരംഭങ്ങളുടെ വിപുലീകരണത്തിനും വരുമാനവര്‍ധനവിനും വഴിയൊരുക്കും.
നിലവില്‍ ഉല്‍പന്ന വിപണനം നേരിടുന്ന എല്ലാ പരിമിതികളെയും മറികടക്കാനുള്ള ആസൂത്രണവും പദ്ധതിയിലുണ്ട്. ഇതിനായി കയറ്റുമതി കൂടി ലക്ഷ്യമിട്ടുകൊണ്ട് പ്രീമിയം ലെവല്‍ ഉല്‍പന്നങ്ങളായിരിക്കും തയ്യാറാക്കുക. ദേശീയ അന്തര്‍ദേശീയ വിപണികളില്‍ കുടുംബശ്രീ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനാവശ്യമായ സര്‍ട്ടിഫിക്കേഷനുകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പു വരുത്തിയാകും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.
കുടുംബശ്രീയുടെ യുവനിരയായ ഓക്സിലറി ഗ്രൂപ്പ് ഉള്‍പ്പെടെ യുവതലമുറയില്‍ നിന്നു കൂടി മികച്ച കാര്‍ഷിക സംരംഭകരെ കണ്ടെത്താന്‍ കെ-ടാപ് പദ്ധതി പ്രയോജനപ്പെടുത്തും. കാര്‍ഷിക രംഗത്ത് മികച്ച കരിയര്‍ കണ്ടെത്താന്‍ യുവജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനായി ഇവര്‍ക്ക് ആധുനിക കൃഷിരീതികളും സംസ്ക്കരണ സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തും. സംരംഭകശേഷി വികസന പരിശീലനങ്ങളും നല്‍കും.
- 21 views