കുടുംബശ്രീ ദേശീയ സരസ് മേള കോഴിക്കോട് - ലോഗോ പ്രകാശനം ചെയ്തു
- 138 views
തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ച വൃത്തി കോൺക്ലേവിലേക്ക് 18000 ത്തോളം തൂണിസഞ്ചികൾ തയാറാക്കി നൽകി പത്തനംതിട്ടയിലെ കുടുംബശ്രീ സംരംഭകർ. പന്തളം നേച്ചർ ബാഗ് യൂണിറ്റാണ് സഞ്ചികൾ തയാറാക്കിയത്.
കുടുംബശ്രീയുടെ കീഴിലുള്ള കുട്ടികളുടെ കൂട്ടായ്മയായ 31,612 ബാലസഭകളില് ഏപ്രില് എട്ടിന് സംഘടിപ്പിച്ച തെരഞ്ഞെടുപ്പിലൂടെ 1.26 ലക്ഷത്തോളം കുട്ടികള് ഭാരവാഹികളായി ചുമതലയേറ്റു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയ്ന്റ് സെക്രട്ടറി എന്നീ ഭാരവാഹികള് അടങ്ങുന്ന ബാലസഭാ ഭരണസമിതിയുടെ കാലാവധി ഒരു വര്ഷമാണ്. ബാലസഭ ഭരണസമിതയിലെ നാല് പേരില് രണ്ട് പേര് പെണ്കുട്ടികളാണ്. കൂടാതെ പ്രസിഡന്റ്, സെക്രട്ടറി പദവികളിലൊന്നും പെണ്കുട്ടിക്കാണ് നല്കിയിരിക്കുന്നത്.
കുടുംബശ്രീ പ്രീമിയം കഫേയില്‍ ഇന്നു മുതല്‍ 18 വരെ 'വനസുന്ദരി ചിക്കന്‍ ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. ദേശീയ സരസ് മേളയില്‍ സംഘടിപ്പിക്കുന്ന ഫുഡ്കോര്‍ട്ട് ഉള്‍പ്പെടെ പ്രമുഖ ഭക്ഷ്യമേളകളിലെല്ലാം ഇതിനകം ഹിറ്റായി മാറിയ വിഭവമാണ് കുടുംബശ്രീയുടെ മാത്രം ഭക്ഷ്യ ഉല്‍പന്നമായ അട്ടപ്പാടിയുടെ 'വനസുന്ദരി ചിക്കന്‍'. അനന്തപുരിയിലെ ഭക്ഷണ പ്രേമികള്‍ക്ക് 'വനസുന്ദരി' ചിക്കന്‍ വിഭവം ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
അട്ടപ്പാടിയില്‍ ലഭിക്കുന്ന പ്രത്യേകതരം പച്ചിലകളും സുഗന്ധ വ്യഞ്ജനങ്ങളും ചേര്‍ത്ത് അരച്ചെടുക്കുന്ന പച്ചനിറത്തിലുള്ള കറിക്കൂട്ട് ചിക്കനില്‍ പുരട്ടി എണ്ണ ഉപയോഗിക്കാതെയാണ് പാകം ചെയ്യുന്നത്. അട്ടപ്പാടിയിലെ പട്ടികവര്‍ഗ മേഖലയില്‍ നിന്നെത്തിയ സംരംഭകരാണ് വിഭവം തയ്യാറാക്കുന്നതും. ഇവര്‍ 'വൃത്തി' കോണ്‍ക്ളേവിനൊടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബശ്രീ ഫുഡ് കോര്‍ട്ടിലും പങ്കെടുത്തിരുന്നു.
സെക്രട്ടേറിയറ്റിന് സമീപം ഗവ.പ്രസിന് എതിര്‍വശത്തെ ബഹുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കുടുംബശ്രീയുടെ പ്രീമിയം കഫേ റെസ്റ്റോറന്‍റിലാണ് വനസുന്ദരി ഫെസ്റ്റ് നടക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച റെസ്റ്റൊറന്‍റില്‍ ഒരേ സമയം 50 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്. ജില്ലയില്‍ കുടുംബശ്രീയുടെ ആദ്യത്തെ പ്രീമിയം കഫേയാണിത്. ട്രാവന്‍കൂര്‍ മിനി സദ്യ, പട്ടം കോഴിക്കറി, നെയ്മീന്‍ ഫിഷ് മല്‍ഹാര്‍, മലബാര്‍ വിഭവങ്ങള്‍, ചൈനീസ് വിഭവങ്ങള്‍ എന്നിവ പ്രീമിയം കഫേയില്‍ ലഭ്യമാകും.
കുടുംബശ്രീ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എ.ഡി.എസ്തലത്തില്‍ തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള തിയേറ്റര്‍ പരിശീലന മൊഡ്യൂള്‍ സംസ്ഥാനത്തെ 14 ബ്ളോക്കുകളില്‍ നടപ്പാക്കുന്നു. ഇതിനായി പ്രമുഖ സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യ പത്രം ക്ഷണിച്ചു. തിയേറ്റര്‍ മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനങ്ങള്‍ക്ക് പ്രോപ്പോസല്‍ സഹിതം അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kudumbashree.org/eoi-gpp എന്ന ലിങ്ക് സന്ദര്‍ശിക്കുക.
കേരള ചിക്കന്‍ പദ്ധതി വഴി ചിക്കന്‍റെ ഉല്‍പാദനം 25 ശതമാനമായി ഉയര്‍ത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കഠിനംകുളത്ത് സ്ഥാപിച്ച പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റിന്‍റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ ആഭ്യന്തര വിപണിയില്‍ ആവശ്യമായി വരുന്ന ചിക്കന്‍റെ എട്ടു ശതമാനമാണ് കേരള ചിക്കന്‍ പദ്ധതി വഴി ഉല്‍പാദിപ്പിക്കുന്നത്. ഉല്‍പാദനവും വിതരണവും കൂടുതല്‍ കാര്യക്ഷമമാക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 105.63 കോടി രൂപയുടെ വിറ്റുവരവ് നേടിയ കേരള ചിക്കന്‍ പദ്ധതി വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലാണ്. പദ്ധതി വിപുലീകരിക്കുന്നതിനായുള്ള ആസൂത്രണ പരിപാടികള്‍ നടന്നുവരികയാണ്. കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് രണ്ടു മാസം കൂടുമ്പോള്‍ ശരാശരി 50,000 രൂപയും ഔട്ട്ലെറ്റ് നടത്തുന്ന ഗുണഭോക്താവിന് പ്രതിമാസം 89,000 രൂപയുമാണ് വരുമാനമായി ലഭിക്കുന്നത്. പദ്ധതി വഴി ആയിരം പേര്‍ക്ക് പ്രത്യക്ഷമായും 500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആനയറ വേള്‍ഡ് മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തനം ആരംഭിക്കുന്ന കുടുംബശ്രീയുടെ മിനി പൗള്‍ട്രി പ്രോസസിങ്ങ് യൂണിറ്റിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കഠിനംകുളം ചാന്നാങ്കരയില്‍ നാലര ഏക്കറിലായാണ് പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറില്‍ 500 കോഴികളെ സംസ്ക്കരിച്ച് ഇറച്ചിയാക്കാന്‍ ശേഷിയുള്ളതാണ് പ്ളാന്‍റ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് പ്ളാന്‍റിലുള്ളത്. ശാസ്ത്രീയമായി സെമി ഓട്ടോമേറ്റഡ് പൗള്‍ട്രി പ്രോസസിങ്ങ് ലൈനില്‍ ഓവര്‍ ഹെഡ് റെയില്‍ സിസ്റ്റത്തിന്‍റെ സഹായത്തോടെയാണ് സംസ്ക്കരണവും മറ്റു പ്രവര്‍ത്തനങ്ങളും. കോഴിയിറച്ചി ശീതീകരിച്ച് സൂക്ഷിക്കാന്‍ വിപുലമായ കോള്‍ഡ് സ്റ്റോറേജ് സൗകര്യവും പ്ളാന്‍റിലുണ്ട്. നിലവില്‍ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുമായിസഹകരിച്ച് 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന ബ്രാന്‍ഡില്‍ ഫ്രോസന്‍ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്.
കഠിംകുളത്തെ പ്ളാന്‍റിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും സജ്ജമാകുന്നതോടെ മെയ് ആദ്യവാരം മുതല്‍ സംസ്ക്കരിച്ചു ശീതീകരിച്ച കോഴിയിറച്ചിയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ആവശ്യാനുസരണം വിപണിയിലെത്തിക്കാന്‍ കഴിയും. ആനയറയിലെ മിനി പ്രോസസിങ്ങ് യൂണിറ്റില്‍ നിന്നും ബിരിയാണി കട്ട്, കറി കട്ട്, അല്‍ഫാം കട്ട് എന്നിങ്ങനെ ചില്‍ഡ് ചിക്കന്‍ ഉല്‍പ്പന്നങ്ങളും ലഭ്യമാകും.
കോഴിയിറച്ചി കൊണ്ട് വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കി കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ' മീറ്റ് ഓണ്‍ വീല്‍സ്' എന്ന പേരില്‍ മൊബൈല്‍ വില്‍പനശാലയും ആരംഭിക്കും.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ നവീന്‍ സി, കുടുംബശ്രീ പ്രോഗ്രാം ഓഫീസറും കേരള ചിക്കന്‍ പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ.റാണാ രാജ് വി.ആര്‍, പ്രോജക്ട് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അനന്തു മാത്യുജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വയോജന രോഗീ പരിചരണ മേഖലയില്‍ തൊഴില്‍ നേടാന്‍ കുടുംബശ്രീ വനിതകള്‍ക്ക് അവസരം. ഈ രംഗത്തെ പ്രശസ്ത സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍-നിപ്മറുമായി ചേര്‍ന്നു കൊണ്ട് പ്രായോഗിക പരിശീലനം ഉള്‍പ്പെടെ ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സിലാണ് പരിശീലനം നല്‍കുക. തൃശൂരിലെ നിപ്മര്‍ ക്യാമ്പസില്‍ ഏപ്രില്‍ 21-ന് ആരംഭിക്കുന്ന രണ്ടാമത്തെ ബാച്ചിലാണ് അവസരം. 40 പേര്‍ക്ക് പങ്കെടുക്കാം. പരിശീലനം സൗജന്യമാണ്. പരിശീലനം ലഭ്യമായ അംഗങ്ങള്‍ കെ 4 കെയര്‍ എക്സിക്യൂട്ടീവ് എന്ന പേരിലാകും അറിയപ്പെടുക.
25-40 നും ഇടയില്‍ പ്രായമുളള കുടുംബശ്രീ അംഗത്തിനോ കുടുംബശ്രീ കുടുംബാംഗത്തിനോ ഓക്സിലറി ഗ്രൂപ്പ് അംഗത്തിനോ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. പത്താം ക്ളാസ് ജയിച്ചിരിക്കണം.
2024 ജനുവരിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്നവര്‍ക്ക് പ്രൊഫഷണല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ആദ്യഘട്ടത്തില്‍ 765 പേര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇതില്‍ 482 പേര്‍ക്കും മികച്ച വേതനത്തോടെ വിദേശത്തടക്കം തൊഴില്‍ ലഭ്യമായിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചു കൊണ്ടാണ് നിപ്മറുമായി ചേര്‍ന്ന് ഈ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നത്. ആദ്യബാച്ചിന്‍റെ പരിശീലനം തൃശൂരിലെ നിപ്മര്‍ ക്യാമ്പസില്‍ നടന്നു വരികയാണ്. ഇത് ഏപ്രില്‍ 12ന് പൂര്‍ത്തിയാകും.
പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതത് ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കെ ഫോര്‍ കെയര്‍ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 9188925597 എന്ന നമ്പറില്‍ വിളിക്കാം.
രുചിവൈവിധ്യങ്ങളുടെ പെരുമയും അതിഥി സല്‍ക്കാരത്തിന്‍റെ ഊഷ്മളതയുമായി മലയാളിയുടെ മനം കവര്‍ന്ന കുടുംബശ്രീയുടെ പ്രീമിയം കഫെ റെസ്റ്റോറന്‍റ് ശൃംഖല രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം കോട്ടയം ജില്ലകളില്‍ പ്രീമിയം കഫേ റസ്റ്ററന്‍റ് പ്രവര്‍ത്തനം ആരംഭിച്ചു.
കുടുംബശ്രീ സംരംഭകരുടെ ഏറ്റവും വലിയ മികവ് അവരുടെ കൈപ്പുണ്യമാണെന്നും അത് മനസിലാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ കോവിഡ് കാലത്ത് ജനകീയ ഹോട്ടലുകളും ഇപ്പോള്‍ പ്രീമീയം കഫേ റസ്റ്ററന്‍റുകള്‍ക്കും തുടക്കമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കോട്ടയം ജില്ലയില്‍ കുറവിലങ്ങാട് പ്രീമിയം കഫേ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.. കുടുംബശ്രീയുടെ മറ്റു സംരംഭങ്ങള്‍ പോല പ്രീമിയം കഫേ റെസ്റ്ററന്‍റുകളും വലിയ വിജയമായി തീരുമെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി, ഉഴവൂര്‍ ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്‍റ് രാജു ജോണ്‍ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കുറവിലങ്ങാട് സയന്‍സ് സിറ്റിക്ക് സമീപത്ത് നാലായിരം ചതുരശ്ര അടിയിലാണ് പ്രീമീയം കഫേസജ്ജമാക്കിയിട്ടുള്ളത്. പൂര്‍ണമായും ശീതീകരിച്ച റെസ്റ്ററന്‍റില്‍ ഒരേ സമയം 75 പേര്‍ക്ക് ഭക്ഷണം കഴിക്കാനുളള സൗകര്യവും വിശാലമായ പാര്‍ക്കിങ്ങും ഉണ്ട്. ഭിന്നശേഷി സൗഹൃദപരമായി സജ്ജീകരിച്ച റെസ്റ്ററന്‍റില്‍ ഇന്ത്യന്‍, ചൈനീസ്, അറബിക് ഭക്ഷ്യവിഭവങ്ങളും ലഭിക്കും. റെസ്റ്ററന്‍റിനൊപ്പം ടേക്ക് എ ബ്രേക്ക് സംവിധാനവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബേക്കറിയും ഉണ്ട്. കൂടാതെ രണ്ടാം നിലയില്‍ മീറ്റിങ്ങ് ഹാളും ഡോര്‍മിറ്ററി സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൂന്നാമത്തെ നിലയില്‍ ഉടന്‍ ഷീ ലോഡ്ജും ആരംഭിക്കും. ജില്ലയിലെ വിവിധ കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളിലെ നാല്‍പ്പതു വനിതകളുടെ നേതൃത്വത്തിലായിരിക്കും പ്രീമിയം കഫേയുടെ എല്ലാ പ്രവര്‍ത്തനങ്ങളും.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപം ഗവ.പ്രസിന്‍റെ എതിര്‍വശത്തെ ബഹുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ആരംഭിച്ച പ്രീമിയം കഫേ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂര്‍ മിനി സദ്യ, പ്രാദേശികമായ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് മണ്‍ചട്ടിയില്‍ തയ്യാറാക്കുന്ന നെയ്മീന്‍ വിഭവമായ ഫിഷ് മല്‍ഹാര്‍, മലബാര്‍ വിഭവങ്ങള്‍, പട്ടം കോഴിക്കറി, ചൈനീസ് വിഭവങ്ങള്‍ എന്നിവ ഇവിടെ ലഭിക്കും. കൂടാതെ ടേക്ക് എവേ കൗണ്ടറും നാടന്‍ പലഹാരങ്ങളും പാനീയങ്ങളും ലഭിക്കുന്ന കോഫീ ഷോപ്പും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. സ്വിഗ്ഗി, സൊമാറ്റോ എന്നിവ വഴിയും ഫുഡ് ഓര്‍ഡര്‍ ചെയ്യാം. ലഞ്ച് ബെല്‍ പദ്ധതിയുടെ ഭാഗമായി ഉച്ചയൂണും ഇവിടെ നിന്ന് വാങ്ങാനാകും. എല്ലാ പ്രീമിയം കഫേയിലും രാവിലെ ഏഴു മണി മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തന സമയം. ഭക്ഷണ പാചകം, വിതരണം, ബില്ലിങ്ങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ തന്നെയാണ് നിര്‍വഹിക്കുക.
തിരുവനന്തപുരത്ത് പ്രീമിയം കഫേ ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീതനസീര്‍, പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീകാന്ത് എ.എസ്, ഡോ.ഷാനവാസ്, കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് ജി, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ ശ്രീലത ബി.വി എന്നിവര്‍ പങ്കെടുത്തു.
സംരംഭങ്ങളുടെ ആധുനികവത്ക്കരണവും സുസ്ഥിരതയും ലക്ഷ്യമിട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പ്രീമിയം കഫേ റെസ്റ്റോറന്‍റ് ശൃംഖലയ്ക്ക് തുടക്കമിട്ടത്. എറണാകുളം ജില്ലയില്‍ അങ്കമാലിയിലാണ് ആദ്യത്തെ റസ്റ്ററന്‍റ് ആരംഭിച്ചത്. പിന്നീട് വയനാട് (മേപ്പാടി), കണ്ണൂര്‍ തൃശൂര്‍ (ഗുരുവായൂര്‍) പത്തനംതിട്ട(പന്തളം) എന്നിവിടങ്ങളിലും പ്രീമിയം കഫേ ആരംഭിച്ചു. ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതോടെയാണ് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്. കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് ഓഫീസിനു സമീപം ഈ വര്‍ഷം മാര്‍ച്ച് 26നും മലപ്പുറം കോട്ടയ്ക്കലില്‍ ഏപ്രില്‍ ആറിനും പ്രീമിയം കഫേ ആരംഭിച്ചിരുന്നു. നിലവില്‍ ഒമ്പത് ജില്ലകളില്‍ പ്രീമിയം കഫേ തുടങ്ങിയിട്ടുണ്ട്. നൂറിലേറെ വനിതകള്‍ക്ക് മികച്ച തൊഴിലും വരുമാനവും ഉറപ്പു വരുത്താന്‍ പദ്ധതി വഴി സാധിക്കുന്നുണ്ട്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ(ചെങ്ങന്നൂര്‍ കല്ലിശ്ശേരി) കൊല്ലം (കരുനാഗപ്പള്ളി വെട്ടുമുക്ക് ജംഗ്ഷന്‍), പാലക്കാട് (കണ്ണമ്പ്ര,) കോഴിക്കോട് (കൊയിലാണ്ടി) എന്നീ ജില്ലകളില്‍ പ്രീമിയം റെസ്റ്ററന്‍റുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
സംസ്ഥാനത്തെ 19470 വാര്‍ഡുകളിലെ 31612 ബാലസഭകളില്‍ ഇന്ന് (8-4-2025) തെരഞ്ഞെടുപ്പ്. 4.6 ലക്ഷം ബാലസഭാ അംഗങ്ങള്‍ ഇതില്‍ പങ്കെടുക്കും. ലോകത്തു തന്നെ ഇത്രയേറെ കുട്ടികള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നത് കുടുംബശ്രീ ബാലസഭാ സംവിധാനത്തില്‍ മാത്രമാണ്. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഇന്ന് രാവിലെ 9ന് എല്ലാ ബാലസഭകളും യോഗം ചേര്‍ന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രിയുടെ ക്ഷണക്കത്ത് വായിക്കും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിലേക്ക് കടക്കും. അതത് അയല്‍ക്കൂട്ട പ്രസിഡന്‍റാണ് വരണാധികാരി.
പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. ഓരോ ബാലസഭയിലേക്കും പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നീ ഭാരവാഹികളെ തിരഞ്ഞെടുക്കും. ഇതു പ്രകാരം ഒരു ബാലസഭയില്‍ നാലു ഭാരവാഹികള്‍ വീതം സംസ്ഥാനമൊട്ടാകെ ആകെ 1,26,448 ഭാരവാഹികളെ ബാലസഭാതലത്തില്‍ തെരഞ്ഞെടുക്കും. ഒരു വര്‍ഷമാണ് ബാലസഭാ ഭരണസമിതിയുടെ കാലാവധി.
ഓരോ ബാലസഭയിലും തെരഞ്ഞെടുക്കപ്പെടുന്ന നാല് ഭാരവാഹികളില്‍ രണ്ടു പേര്‍ പെണ്‍കുട്ടികളായിരിക്കും. കൂടാതെ പ്രസിഡന്റ്, സെക്രട്ടറി പദവികളില്‍ ഏതിലെങ്കിലും ഒന്നില്‍ പെണ്‍കുട്ടി ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇപ്രകാരം പൊതുസഭയില്‍ നിന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കുന്ന ഭാരവാഹികളായിരിക്കും പിന്നീട് വാര്‍ഡ്തലത്തില്‍ രൂപീകരിക്കുന്ന ബാലസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ബാലസഭകളുടെ മൂന്നാമത്തെ തലമായ ബാലപഞ്ചായത്തിലേക്കും ബാലനഗരസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് മെയ് രണ്ടിന് സംഘടിപ്പിക്കും.
മെയ്മാസം ബാലസഭാംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'കുടുംബശ്രീ മൈന്‍ഡ് ബ്ളോവേവ്സ് ലിയോറ ഫെസ്റ്റ് ' ജില്ലാതല സമ്മര്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനുള്ളവരുടെ തിരഞ്ഞെടുപ്പും ഇന്നത്തെ തെരഞ്ഞെടുപ്പിനൊടൊപ്പം നടത്തും. ഇതിന്‍റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും വാര്‍ഡുതല ബാലസംഗമം സംഘടിപ്പിക്കും. ഇതില്‍ മികച്ച ആശയാവതരണം നടത്തുന്ന കുട്ടികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് /നഗരസഭാതലത്തില്‍ ഏകദിന ശില്‍പശാലയും തുടര്‍ന്ന് ബ്ളോക്ക്തല ഇന്നവേഷന്‍ ഫെസ്റ്റും സംഘടിപ്പിക്കും. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കാണ് മൂന്നു ദിവസത്തെ 'കുടുംബശ്രീ മൈന്‍ഡ് ബ്ളോവേവ്സ് ലിയോറ ഫെസ്റ്റ് 'ജില്ലാതല സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഓരോ ജില്ലയിലും അമ്പത് കുട്ടികള്‍ക്ക് വീതം സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
105.63 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവുമായി കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി. 2024-25 സാമ്പത്തിക വര്‍ഷത്തിലെ വിറ്റുവരവിലാണ് മികച്ച നേട്ടം കൈവരിച്ചു കൊണ്ട് പദ്ധതിയുടെ കുതിപ്പ്. ഇതു കൂടി ചേര്‍ത്ത് നാളിതു വരെ ആകെ 357 കോടി രൂപയുടെ വിറ്റുവരവ് പദ്ധതി സ്വന്തമാക്കി.
നിലവില്‍ പതിനൊന്ന് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി 450 ബ്രോയ്ലര്‍ ഫാമുകളും 139 ഔട്ട്ലെറ്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ഇതില്‍ അംഗങ്ങളായ എഴുനൂറോളം ഗുണഭോക്താക്കള്‍ക്കാണ് വിറ്റുവരവിന്‍റെ വരുമാനമത്രയും ലഭിക്കുക.
2019-ലാണ് സംസ്ഥാനത്ത് കേരള ചിക്കന്‍ പദ്ധതി ആരംഭിച്ചത്. തുടക്കം മുതല്‍ ഗുണഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വരുമാന ലഭ്യത ഉറപ്പു വരുത്താന്‍ കഴിയുന്നു എന്നതാണ് പദ്ധതിയെ ശ്രദ്ധേയമാക്കുന്നത്. ഔട്ട്ലെറ്റ് നടത്തുന്ന ഒരു ഗുണഭോക്താവിന് ശരാശരി 89,000 രൂപയാണ് മാസവരുമാനമായി ലഭിക്കുന്നത്. നാളിതു വരെ ഈയിനത്തില്‍ 45.40 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് വരുമാന ഇനത്തില്‍ ലഭിച്ചു.
കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്കും മികച്ച നേട്ടമാണ് കൈവരിക്കാന്‍ കഴിഞ്ഞത്. ഫാം ഇന്‍റഗ്രേഷന്‍ വഴി കര്‍ഷകര്‍ക്ക് രണ്ടു മാസത്തിലൊരിക്കല്‍ 50,000 രൂപയാണ് വരുമാനമായി ലഭിക്കുക. നാളിതു വരെ ഇന്‍റഗ്രേഷന്‍ വഴി മാത്രം കര്‍ഷകര്‍ക്ക് 33.19 കോടി രൂപ ലഭിച്ചിട്ടുണ്ട്.
ഉപഭോക്താവിന് ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കന്‍. കുടുംബശ്രീ വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാന ലഭ്യതയും ഉറപ്പു വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ഗുണമേന്‍മയുള്ള ചിക്കന്‍ ലഭ്യമാക്കുക, ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ചിക്കന്‍റെ പകുതിയെങ്കിലും ഉല്‍പാദിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
പദ്ധതി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ചു കൊണ്ട് 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന ബ്രാന്‍ഡില്‍ ഫ്രോസന്‍ ചിക്കന്‍ കറി കട്ട് വിപണിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു. നിലവില്‍ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉല്‍പന്നം ലഭ്യമാണ്. ഈ വര്‍ഷം ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും.