ക്രിസ്തുമസ് പുതുവർഷാഘോഷങ്ങൾക്ക് മധുരമേകാൻ കുടുംബശ്രീയുടെ ജില്ലാതല കേക്ക് വിപണന മേള

Posted on Friday, December 19, 2025

ക്രിസ്തുമസ് പുതുവർഷാഘോഷങ്ങൾക്ക് മധുരമേകി  ജില്ലാതലത്തിലും സി.ഡി.എസ്തലത്തിലും കുടുംബശ്രീയുടെ കേക്ക് വിപണന മേളകൾ ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ മുന്നൂറിലേറെ കേക്ക് വിപണന മേളകളാണ്  ഇക്കുറി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന മാർബിൾ, പ്ളം, ബ്ളാക്ക് ഫോറസ്റ്റ്, റെഡ് വെൽവറ്റ്, കോക്കനട്ട് കേക്ക്, ചോക്ളേറ്റ് കേക്ക്, കോഫീ കേക്ക്, ചീസ് കേക്ക്, ഫ്രൂട്ട്സ് കേക്ക്, കാരറ്റ് കേക്ക് തുടങ്ങി വിവിധ തരം കേക്കുകളാണ് ലഭ്യമാവുക. 250 രൂപ മുതൽ കേക്ക് ലഭിക്കും. കുടുംബശ്രീയുടെ കീഴിലുള്ള 850 ലേറെ യൂണിറ്റുകൾ കേക്ക് വിപണനമേളയുടെ ഭാഗമാകും. നാലായിരത്തോളം സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ജില്ലാതലത്തിലും നഗര ഗ്രാമതലത്തിലും സംഘടിപ്പിക്കുന്ന കേക്ക് വിപണന മേളകൾക്ക് പുറമേ കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട് ആപ് വഴി കേക്കുകളുടെ ഒാൺലൈൻ  ബുക്കിങ്ങും ഊർജിതമായി. ഒാണത്തോടനുബന്ധിച്ച് കുടുംബശ്രീ അവതരിപ്പിച്ച ഗിഫ്റ്റ് ഹാമ്പറുകളുടെ വൻ വിജയത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് ഇക്കുറി കേക്കുകളുടെ ഒാൺലൈൻ വിപണനം കൂടി ആരംഭിച്ചത്. ഒാരോ ജില്ലയിലും കേക്കുകൾ തയ്യാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രതേ്യകം  കേക്ക് ഡയറക്ടറിയും തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും പോക്കറ്റ്മാർട്ട് വഴി കേക്കുകൾ ഒാർഡർ ചെയ്തു വാങ്ങാം.

കേക്ക് ഫെസ്റ്റിൽ പങ്കെടുത്ത് വിപണനം നടത്തുന്നതു കൂടാതെ പുറമേ നിന്നു ലഭിക്കുന്ന ഒാർഡർ അനുസരിച്ചും സംരംഭകർ കേക്ക് എത്തിച്ചു നൽകും. ജില്ലാതല വിപണന മേളകൾക്കൊപ്പം ഭക്ഷ്യമേളയും ഊർജിതമാണ്. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് മേളയുടെ നടത്തിപ്പ്. കേക്ക് വിപണന മേളകൾ 25 ന് അവസാനിക്കും.    

Content highlight
kudumbashree cake fests at district, block and cds level