കുടുംബശ്രീ പ്രീമിയം കഫേയില്‍ ഇന്നു മുതല്‍ 18 വരെ 'വനസുന്ദരി ചിക്കന്‍ ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. ദേശീയ സരസ് മേളയില്‍ സംഘടിപ്പിക്കുന്ന ഫുഡ്കോര്‍ട്ട് ഉള്‍പ്പെടെ പ്രമുഖ ഭക്ഷ്യമേളകളിലെല്ലാം ഇതിനകം ഹിറ്റായി മാറിയ വിഭവമാണ് കുടുംബശ്രീയുടെ മാത്രം ഭക്ഷ്യ ഉല്‍പന്നമായ അട്ടപ്പാടിയുടെ 'വനസുന്ദരി ചിക്കന്‍'. അനന്തപുരിയിലെ ഭക്ഷണ പ്രേമികള്‍ക്ക് 'വനസുന്ദരി' ചിക്കന്‍ വിഭവം ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
അട്ടപ്പാടിയില്‍ ലഭിക്കുന്ന പ്രത്യേകതരം പച്ചിലകളും സുഗന്ധ വ്യഞ്ജനങ്ങളും ചേര്‍ത്ത് അരച്ചെടുക്കുന്ന പച്ചനിറത്തിലുള്ള കറിക്കൂട്ട് ചിക്കനില്‍ പുരട്ടി എണ്ണ ഉപയോഗിക്കാതെയാണ് പാകം ചെയ്യുന്നത്. അട്ടപ്പാടിയിലെ പട്ടികവര്‍ഗ മേഖലയില്‍ നിന്നെത്തിയ സംരംഭകരാണ് വിഭവം തയ്യാറാക്കുന്നതും. ഇവര്‍ 'വൃത്തി' കോണ്‍ക്ളേവിനൊടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബശ്രീ ഫുഡ് കോര്‍ട്ടിലും പങ്കെടുത്തിരുന്നു.
സെക്രട്ടേറിയറ്റിന് സമീപം ഗവ.പ്രസിന് എതിര്‍വശത്തെ ബഹുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കുടുംബശ്രീയുടെ പ്രീമിയം കഫേ റെസ്റ്റോറന്‍റിലാണ് വനസുന്ദരി ഫെസ്റ്റ് നടക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച റെസ്റ്റൊറന്‍റില്‍ ഒരേ സമയം 50 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്. ജില്ലയില്‍ കുടുംബശ്രീയുടെ ആദ്യത്തെ പ്രീമിയം കഫേയാണിത്. ട്രാവന്‍കൂര്‍ മിനി സദ്യ, പട്ടം കോഴിക്കറി, നെയ്മീന്‍ ഫിഷ് മല്‍ഹാര്‍, മലബാര്‍ വിഭവങ്ങള്‍, ചൈനീസ് വിഭവങ്ങള്‍ എന്നിവ പ്രീമിയം കഫേയില്‍ ലഭ്യമാകും.
- 29 views