സംസ്ഥാനത്തെ 19470 വാര്‍ഡുകളിലെ 31612 ബാലസഭകളില്‍ ഇന്ന് (8-4-2025) തെരഞ്ഞെടുപ്പ്. 4.6 ലക്ഷം ബാലസഭാ അംഗങ്ങള്‍ ഇതില്‍ പങ്കെടുക്കും. ലോകത്തു തന്നെ ഇത്രയേറെ കുട്ടികള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നത് കുടുംബശ്രീ ബാലസഭാ സംവിധാനത്തില്‍ മാത്രമാണ്. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഇന്ന് രാവിലെ 9ന് എല്ലാ ബാലസഭകളും യോഗം ചേര്‍ന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രിയുടെ ക്ഷണക്കത്ത് വായിക്കും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിലേക്ക് കടക്കും. അതത് അയല്‍ക്കൂട്ട പ്രസിഡന്‍റാണ് വരണാധികാരി.
പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. ഓരോ ബാലസഭയിലേക്കും പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നീ ഭാരവാഹികളെ തിരഞ്ഞെടുക്കും. ഇതു പ്രകാരം ഒരു ബാലസഭയില്‍ നാലു ഭാരവാഹികള്‍ വീതം സംസ്ഥാനമൊട്ടാകെ ആകെ 1,26,448 ഭാരവാഹികളെ ബാലസഭാതലത്തില്‍ തെരഞ്ഞെടുക്കും. ഒരു വര്‍ഷമാണ് ബാലസഭാ ഭരണസമിതിയുടെ കാലാവധി.
ഓരോ ബാലസഭയിലും തെരഞ്ഞെടുക്കപ്പെടുന്ന നാല് ഭാരവാഹികളില്‍ രണ്ടു പേര്‍ പെണ്‍കുട്ടികളായിരിക്കും. കൂടാതെ പ്രസിഡന്‍റ്, സെക്രട്ടറി പദവികളില്‍ ഏതിലെങ്കിലും ഒന്നില്‍ പെണ്‍കുട്ടി ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇപ്രകാരം പൊതുസഭയില്‍ നിന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കുന്ന ഭാരവാഹികളായിരിക്കും പിന്നീട് വാര്‍ഡ്തലത്തില്‍ രൂപീകരിക്കുന്ന ബാലസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ബാലസഭകളുടെ മൂന്നാമത്തെ തലമായ ബാലപഞ്ചായത്തിലേക്കും ബാലനഗരസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് മെയ് രണ്ടിന് സംഘടിപ്പിക്കും.
മെയ്മാസം ബാലസഭാംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'കുടുംബശ്രീ മൈന്‍ഡ് ബ്ളോവേവ്സ് ലിയോറ ഫെസ്റ്റ് ' ജില്ലാതല സമ്മര്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനുള്ളവരുടെ തിരഞ്ഞെടുപ്പും ഇന്നത്തെ തെരഞ്ഞെടുപ്പിനൊടൊപ്പം നടത്തും. ഇതിന്‍റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും വാര്‍ഡുതല ബാലസംഗമം സംഘടിപ്പിക്കും. ഇതില്‍ മികച്ച ആശയാവതരണം നടത്തുന്ന കുട്ടികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് /നഗരസഭാതലത്തില്‍ ഏകദിന ശില്‍പശാലയും തുടര്‍ന്ന് ബ്ളോക്ക്തല ഇന്നവേഷന്‍ ഫെസ്റ്റും സംഘടിപ്പിക്കും. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കാണ് മൂന്നു ദിവസത്തെ 'കുടുംബശ്രീ മൈന്‍ഡ് ബ്ളോവേവ്സ് ലിയോറ ഫെസ്റ്റ് 'ജില്ലാതല സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഓരോ ജില്ലയിലും അമ്പത് കുട്ടികള്‍ക്ക് വീതം സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
- 19 views