കുടുംബശ്രീ 'ഓണക്കനി', 'നിറപ്പൊലിമ' കാര്‍ഷിക പദ്ധതികള്‍ക്ക് സംസ്ഥാനത്ത് തുടക്കം
'ഓണക്കനി' തീവ്ര കാര്‍ഷിക പദ്ധതിയിലൂടെ 20,000 പേര്‍ക്കും 'നിറപ്പൊലിമ' പൂക്കൃഷിയിലൂടെ ഓണം സീസണില്‍ 5000 പേര്‍ക്കും ഉള്‍പ്പെടെ സംസ്ഥാനമൊട്ടാകെ ആകെ 25,000 കര്‍ഷക വനിതകള്‍ക്ക് ഈ വര്‍ഷം മികച്ച ഉപജീവനമാര്‍ഗം ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പെരുങ്കടവിള അണമുഖത്ത് 'അഞ്ജന' കര്‍ഷക സംഘത്തിന്‍റെ കൃഷിയിടത്തില്‍ ജമന്തി, വഴുതന എന്നിവയുടെ തൈകള്‍ നട്ടുകൊണ്ട് 'നിറപ്പൊലിമ 2024', 'ഓണക്കനി 2024' പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടുകാര്‍ക്ക് പൂവും പച്ചക്കറിയും ലഭ്യമാക്കുന്നതോടൊപ്പം സ്ത്രീകള്‍ക്ക് മാന്യമായ വരുമാന മാര്‍ഗമൊരുക്കാനും ഇരുപദ്ധതികളും വഴി സാധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെല്ലാം കുടുംബശ്രീയുടെ പൂക്കള്‍ ലഭ്യമാകണം. 'നിറപ്പൊലിമ'യുടെ ഭാഗമായി 1250 ഏക്കറിലാണ് 3350 വനിതകള്‍ പൂക്കൃഷി ആരംഭിച്ചിട്ടുള്ളത്. ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവയാണ് കൃഷി ചെയ്യുന്നത്. ഒരേക്കര്‍ കൃഷി ചെയ്യുന്നതിന് 10,000 രൂപ റിവോള്‍വിങ്ങ് ഫണ്ട് ഇനത്തില്‍ നല്‍കുന്നുണ്ട്. പൂവിനായി മറ്റു സംസ്ഥാനത്തെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും പൂക്കൃഷി ആരംഭിച്ചുകൊണ്ട് വനിതകള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുമാണ് 'നിറപ്പൊലിമ' പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്.
ഓണത്തിന് സദ്യക്കുളള പച്ചക്കറികള്‍ കുടുംബശ്രീയുടെ വകയാണ്. 'ഓണക്കനി' പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 6000 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. പയര്‍, പാവല്‍, വെണ്ട, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മാങ്ങ, മുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ കേരളമൊട്ടാകെ 84327 കര്‍ഷക സംഘങ്ങളിലായി 3,92,682 വനിതകള്‍ കാര്‍ഷിക മേഖലയില്‍ സജീവമാണ്. ഇവര്‍ മുഖേന 17635 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കിയിട്ടുണ്ട്. 25 സെന്‍റിലോ അതില്‍ കൂടുതല്‍ സ്ഥലത്തോ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ബാങ്ക് വായ്പയും കൂടാതെ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ സബ്സിഡിയും ഇന്‍സെന്‍റീവും നല്‍കുന്നുണ്ട്. ജൈവക്കൃഷിയാണെങ്കില്‍ പത്തു ശതമാനത്തില്‍ കൂടുതല്‍ ഇന്‍സെന്‍റീവ് നല്‍കുന്നുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം മാത്രം 4.43 കോടി രൂപയാണ് ഇന്‍സെന്‍റീവ് ഇനത്തില്‍ വിതരണം ചെയ്തത്. 4.4 കോടി രൂപ പലിശ സബ്സിഡി ഇനത്തിലും നല്‍കി കൊണ്ട് കര്‍ഷകര്‍ക്ക് മികച്ച പ്രോത്സാഹനമാണ് കുടുംബശ്രീ നല്‍കുന്നത്. മന്ത്രി പറഞ്ഞു.
പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുഖേന നടത്തി വരുന്നുണ്ട്. ഓരോ കുടുംബത്തിനും ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'അഗ്രി ന്യൂട്രി ഗാര്‍ഡന്‍' പദ്ധതി വഴി സംസ്ഥാനത്ത് 11,30,371 കുടുംബങ്ങളില്‍ കാര്‍ഷിക പോഷക ഉദ്യാനങ്ങളൊരുക്കാന്‍ കഴിഞ്ഞു. മൂന്നു ലക്ഷം കുടുംബങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. സംസ്ഥാനത്ത് 88 ബ്ളോക്കുകളില്‍ വിഷവിമുക്ത പച്ചക്കറികളും പഴങ്ങളും വിപണനം ചെയ്യുന്ന ബ്രാന്‍ഡഡ് ഔട്ട്ലെറ്റുകള്‍'നേച്ചേഴ്സ് ഫ്രഷ്' പ്രവര്‍ത്തനം ആരംഭിച്ചു. 52 എണ്ണം കൂടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു.
കൃഷിക്കൊപ്പം മറ്റുമേഖലകളിലും വനിതകള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗമൊരുക്കുന്നു. വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട പരിചരണമൊരുക്കുന്ന കെ4കെയര്‍, പൊതുജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഭക്ഷണശാലകളായ പ്രീമിയം കഫേ എന്നീ പദ്ധതികള്‍ ഇതിന്‍റെ ഉദാഹരണങ്ങളാണ്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം മാത്രമല്ല, കുടുംബത്തിനുളളില്‍ അവരുടെ പദവി ഉയര്‍ത്തുന്നതിനും സാധിച്ചു. സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നു വരാനും രാഷ്ട്രീയശാക്തീകരണം നേടാനും സ്ത്രീകളെ പ്രാപ്തരാക്കിയത് കുടുംബശ്രീയാണ്. ഓണത്തിന് കേരളമൊട്ടാകെ കുടുംബശ്രീയുടെ പൂക്കള്‍ നിറയട്ടെ എന്നും മന്ത്രി ആശംസിച്ചു. പെരുങ്കടവിള സി.ഡി.എസ് അധ്യക്ഷ സചിത്ര പി.എസ് മന്ത്രിക്ക് ഉപഹാരം നല്‍കി.
'നിറപ്പൊലിമ', 'ഓണക്കനി' പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കാര്‍ഷികസമൃദ്ധിയും സ്ത്രീകള്‍ക്ക് മികച്ച വരുമാനവും നേടാന്‍ കഴിയുമെന്നും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഫലപ്രദമായ വിപണന മാര്‍ഗങ്ങള്‍ സജ്ജമാക്കുമെന്നും സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗം രതി എസ്. ആര്‍ മുദ്രഗീതം ആലപിച്ചു. പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.ഹരിന്‍ബോസ് ശുചിത്വ പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ഡോ.ഷാനവാസ്. എസ് പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം വി.എസ് ബിനു, ജില്ലാ പഞ്ചായത്ത് അംഗവും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീതാ നസീര്‍, വര്‍ക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ അഡ്വ.സ്മിത സുന്ദരേശന്‍, പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കാനക്കോട് ബാലരാജ്, മഞ്ജുഷ ജയന്‍, കെ.രജികുമാര്‍, പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ വാര്‍ഡ് മെമ്പര്‍മാരായ ആര്‍.സ്നേഹലത, ധന്യ പി.നായര്‍, വിനീത കുമാരി വി, കാക്കണം മധു, മിനി പ്രസാദ്, ജയചന്ദ്രന്‍ കെ.എസ്, വിമല എം, സുജിത്ത് സി, സചിത്ര വി.എ, എസ്.എസ് ശ്രീരാഗ്, അമ്പലത്തറയില്‍ ഗോപകുമാര്‍, കൃഷി ഓഫീസര്‍ മേരി ലത, മെമ്പര്‍ സെക്രട്ടറി റോബര്‍ട് ടി, സി.ഡി.എസ് അധ്യക്ഷ സചിത്ര പി.എസ് എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദി പറഞ്ഞു.