കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി: കുടുംബശ്രീ ബാലസഭാംഗങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ ആഗോള മാതൃക: പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി

Posted on Tuesday, January 28, 2025

കുടുംബശ്രീ ബാലസഭാംഗങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ ആഗോള മാതൃകയാണെന്നും പരിസ്ഥിതി സംരക്ഷണത്തില്‍ നേതൃത്വം വഹിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിലൂടെ കുടുംബശ്രീ സമൂഹങ്ങളെ പരിവര്‍ത്തനം ചെയ്യുന്ന വലിയ ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്നും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘കുട്ടികളുടെ  അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി’യുടെ ഉദ്ഘാടനവും സാന്ത്വനം വോളണ്ടിയര്‍മാര്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണവും ജനുവരി 18ന്‌ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്‍ മാലിന്യരഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള ധീരമായ ചുവട്വയ്പ്പാണ്. ഇതിനു പിന്തുണ നല്‍കുന്നതിനായി കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് 2023ല്‍ ആരംഭിച്ച ശുചിത്വോത്സവം ക്യാമ്പയിന്‍ അടിത്തട്ടിലുള്ള  പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പരിവര്‍ത്തനാത്മകമാക്കാം എന്നതിന്‍റെ തെളിവാണ്. സമൂഹ പങ്കാളിത്തം, നവീകരണം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹത്തായ ക്യാമ്പയിന്‍റെ പര്യവസാനമാണ് കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി. ഇതില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ഉള്‍ക്കാഴ്ചയുള്ള പ്രബന്ധങ്ങളും ആശയങ്ങളും തദ്ദേശ സ്ഥാപന അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തും.

പ്രബന്ധ അവതരണം, പ്ളീനറി സെഷനുകള്‍, അന്താരാഷ്ട്ര പ്രതിനിധികളുമായുളള ആശയ വിനിമയം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ കുട്ടികള്‍ വിലമതിക്കാനാവാത്ത ഉള്‍ക്കാഴ്ചകള്‍ നേടിയിട്ടുണ്ട്. കുട്ടികള്‍ തയ്യാറാക്കിയ 80 പ്രബന്ധങ്ങള്‍ അവരുടെ സര്‍ഗാത്മകത, യഥാര്‍ത്ഥ ലോക പ്രശ്നങ്ങളെ കുറിച്ചുള്ള ധാരണ എന്നിവയെ കുറിച്ച് എടുത്തു പറയുന്നതാണ്. മാലിന്യ ഭീഷണി, വിഭവ ദൗര്‍ലഭ്യം മുതല്‍ വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം വരെ അവര്‍ കണ്ടെത്തിയ വിഷയങ്ങള്‍ തീക്ഷ്ണമായ അവബോധത്തെയും വിശകലന ശേഷിയെയും പ്രതിഫലിപ്പിക്കുന്നു.  ഔപചാരിക വിദ്യാഭ്യാസവുമായി പ്രവര്‍ത്തനാധിഷ്ഠിത  പഠനം സയോജിപ്പിക്കുന്നതിലൂടെ സുസ്ഥിര വികസന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സജ്ജരായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുന്ന ഈ ഉച്ചകോടി ഒരു വിദ്യാഭ്യാസ വിപ്ളവമാണ്.  മലിനീകരണത്തിന്‍റെയും സാമൂഹിക പുരോഗതിയുടെയും വെല്ലുവിളികളെ നേരിടുന്നതില്‍ അചഞ്ചലമായ പ്രതിബദ്ധതയുള്ള ബാലസഭയിലെ കുട്ടികള്‍ സാമൂഹിക പ്രവര്‍ത്തനത്തിലുള്ള ആഗോള മാതൃകയാണ്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സംസ്ഥാനത്തിനും രാഷ്ട്രത്തിനും വളരെയധികം അഭിമാനത്തിന്‍റെ ഉറവിടമാണെന്ന് പറഞ്ഞ മന്ത്രി ഉച്ചകോടി ശാശ്വതമായ മാറ്റത്തിന് വഴിയൊരുക്കട്ടെ എന്നും ആശംസിച്ചു.

വളര്‍ന്നു വരുന്ന തലമുറയിലേക്ക് ശുചിത്വ ബോധം എത്തിക്കുകയെന്നതാണ് മുതിര്‍ന്നവരുടെ ദൗത്യമെന്നും കുടുംബശ്രീ സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി നിര്‍വഹിക്കുന്നത് ആ ദൗത്യമാണന്നും അഡ്വ.വികെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള എല്ലാ മാലിന്യ ഭീഷണിയില്‍ നിന്നും നമ്മുടെ ഭൂമിയെ രക്ഷിക്കാന്‍ മാറ്റം നമ്മളില്‍ നിന്നു തന്നെ തുടങ്ങണമെന്നും അതിന് പ്രായം പ്രശ്നമല്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ ഇന്‍ഡ്യയിലെ പ്രമുഖ കാലാവസ്ഥാ പ്രവര്‍ത്തക കുമാരി ലിസി പ്രിയ കാങ്ജും പറഞ്ഞു. നാം അധിവസിക്കുന്ന ഭൂമിയില്‍ പ്ളാസ്റ്റിക് നിക്ഷേപിക്കുന്നത് മനുഷ്യരാശിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിന് കാരണം മനുഷ്യന്‍റെ പ്രവൃത്തിയാണ്.  നവമാധ്യമങ്ങളെ പ്രയോജപ്പെടുത്തിക്കൊണ്ട് മാലിന്യഭീഷണിയെ പ്രതിരോധിക്കാനും ക്രിയാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും ഓരോ കുട്ടിക്കും കഴിയും. പ്രകൃതിക്കു വേണ്ടി ഈ ശക്തമായ മാറ്റത്തിന്‍റെ വക്താക്കളാകാന്‍ ബാലസഭയിലെ കുട്ടികള്‍ മുന്നോട്ടും വരണം. 2018ല്‍ കേരളത്തിലുണ്ടായ പ്രളയവും ഒഡീഷയിലെ കൊടുങ്കാറ്റും ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളാണ് തന്നെ ഒരു പരിസ്ഥിതി പ്രവര്‍ത്തകയാക്കി മാറ്റിയതെന്നും മാലിന്യ വിപത്തിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി സംഘടിപ്പിക്കുന്ന കുടുംബശ്രീയെ അഭിനന്ദിക്കുന്നുവന്നും ലിസിപ്രിയ കാങ്ജും പറഞ്ഞു.  

ശുചിത്വപൂര്‍ണമായ ഒരു നവകേരള സൃഷ്ടിയില്‍ കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് വളരെ വലിയ പങ്കു വഹിക്കാനാവുമെന്ന് കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കുട്ടികള്‍ തയ്യാറാക്കിയ 80 പ്രബന്ധ സമാഹാരത്തിന്‍റെ മലയാളം പതിപ്പിന്‍റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി.സുരേഷ് കുമാറിനും ഇംഗ്ളീഷ് പതിപ്പ് മുഖ്യാതിഥിയായ ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡെയ്ക്കും നല്‍കി എം.എല്‍.എ നിര്‍വഹിച്ചു. വിഷയ വിദഗ്ധന്‍ ഡോ.സി.പി വിനോദ് ഉച്ചകോടി രൂപരേഖ അവതരിപ്പിച്ചു. ആശംസാ പ്രസംഗം നടത്തിയ കെ.എസ്.ഡബ്ളിയു.എം.പി പ്രൊജക്ട് ഡയറക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ലിസിപ്രിയ കാങ്ജും, റിഥിമ പാണ്ഡെ എന്നിവരെ ആദരിച്ചു.  

കോര്‍പ്പറേഷന്‍ സി.ഡി.എസ്-2അധ്യക്ഷ വിനീത സി,പിയര്‍ലെസ് ബയോടെക് ലിമിറ്റഡ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മോഹന്‍ കുമാര്‍, നാദം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഗിരീഷ് മേനോന്‍, സെക്രട്ടറി ശിവകുമാര്‍, സേവ് ദി ചില്‍ഡ്രന്‍ ദക്ഷിണ മേഖലാ നിര്‍വഹണ യൂണിറ്റ് മേധാവി ചന്ദ്രശേഖരന്‍ എന്‍.എം, ഉദ്ധ്യം ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ റീനു വര്‍ഗീസ് എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് നന്ദി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം രശ്മിതാ രമേഷ്(കണ്ണൂര്‍), കൃഷ്ണശ്രീ എം.എം(തിരുവനന്തപുരം), ശിവാനന്ദന്‍ സി.എ(കൊല്ലം), അനീവാ സതീഷ്(കോട്ടയം), സഫ ഖജീജ(എറണാകുളം), ദേവപ്രിയ കെ.വി(വയനാട്) എന്നിവര്‍ പ്രധാനവേദിയില്‍ പ്രബന്ധാവതരണം നടത്തി.

Content highlight
Kudumbashree's Pioneering International Children's Summit on Zero Waste Management starts