താരശോഭ പെയ്തിറങ്ങിയ സായാഹ്നത്തില്‍ ഇന്ത്യന്‍ ഗ്രാമീണ സംസ്ക്കാരത്തിന്‍റെ വൈവിധ്യവും തനിമയും ഒരുകുടക്കീഴില്‍ അണിനിരത്തി പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ നിറപ്പകിട്ടാര്‍ന്ന കൊടിയേറ്റം. പ്രധാനവേദിയില്‍ തിങ്ങി നിറഞ്ഞ നൂറുകണണക്കിനാളുകളെ സാക്ഷി നിര്‍ത്തി തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സരസ്മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ 2018-ലെ പ്രളയത്തില്‍ കൈവിട്ടു പോയ സരസ്മേളയുടെ ഗരിമയും ആഘോഷവും വീണ്ടെടുത്തു കൊണ്ട് ചെങ്ങന്നൂരിന്‍റെ അഭിമാനം വാനോളമുയര്‍ന്നു.
കേരളീയ നവോത്ഥാന മൂല്യത്തെ യാഥാര്‍ത്ഥ്യമാക്കിയതും ശാക്തീകരണം എന്ന ആശയത്തെ അര്‍ത്ഥവത്താക്കിയതും കുടുംബശ്രീയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളീയ ജനജീവിതത്തിന്‍റെ ഓരോ മേഖലയിലും കുടുംബശ്രീ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ കടന്നു വരവോടെയാണ് സ്ത്രീകള്‍ക്ക് പൊതുരംഗത്ത് ദൃശ്യത ലഭിച്ചത്. സ്ത്രീകള്‍ക്ക് സാമൂഹ്യ സാമ്പത്തിക സാംസ്കാരിക ശാക്തീകരണം ലഭ്യമാക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് നിസ്തുലമാണ്. സ്ത്രീശാക്തീകരണത്തിന് ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ നല്‍കിയ മാതൃകയാണ് കുടുംബശ്രീ. കേരളീയ സ്ത്രീജീവിതത്തെ കുടുംബശ്രീക്ക് മുമ്പും ശേഷവുമെന്ന് അടയാളപ്പെടുത്താന്‍ കഴിയും. ഇതിനുമുമ്പ് കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിയ പത്തു സരസ് മേളകളുടെ റെക്കോഡ് ഭേദിക്കുന്ന മേളയായിരിക്കും ചെങ്ങന്നൂരിലേത്. ഇതുവരെ നടത്തിയ പത്തു മേളകളില്‍ നിന്നായി 78 കോടിയിലേറെ രൂപയുടെ വരുമാനം 5000-ലേറെ സംരംഭകര്‍ക്ക് ലഭ്യമായിട്ടുണ്ട്. അഖിലേന്ത്യാ സ്വഭാവമുള്ള സരസ് മേള ഇന്ത്യയിലെ വ്യാപാര വാണിജ്യ കലാ സാംസ്കാരിക മേളയായായി മാറുമെന്നതില്‍ സംശയമില്ല. സരസ് മേള വിജയിപ്പിക്കുന്നതിന് അതുല്യമായ സംഘാടന മികവും ആസൂത്രണവും നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രി എം,.ബി രാജേഷ് അഭിനന്ദിച്ചു. കുടുംബശ്രീയുടെ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
വികസന കാര്യത്തില്‍ ജനങ്ങളോട് പറഞ്ഞതിലും അപ്പുറം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സാംസ്കാരിക ഫിഷറീസ് യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. നൂറു കോടിയുടെ ആശുപത്രി, അറുനൂറ്റി ഇരുപത്തഞ്ച് കോടിയുടെ കുടിവെള്ള പദ്ധതിയും നടപ്പാക്കി വരികയാണ്. 2018-ലെ പ്രളയത്തില്‍ നടത്താന്‍ കഴിയാതെ പോയ സരസ് മേള വീണ്ടും പൂര്‍വാധികം ഭംഗിയോടെ സംഘടിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ട്. ഭാരതത്തിന്‍റെ നേര്‍ക്കാഴ്ചയായ ദേശീയ സരസ് മേള ചെങ്ങന്നൂരിന് നല്‍കുന്ന പുതുവര്‍ഷ സമ്മാനമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കലാ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ചെങ്ങന്നൂര്‍ പെരുമ പുരസ്കാരം മന്ത്രി മോഹന്‍ലാലിന് സമ്മാനിച്ചു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് മുഖ്യ സന്ദേശം നല്‍കി.
കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയെ അടിമുടി മാറ്റിയെഴുതിയ കുടംബശ്രീയുടെ ഏതു പ്രവര്‍ത്തനവും അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യാതിഥിയായെത്തിയ മോഹന്‍ലാല്‍ പറഞ്ഞു. സാധാരണ ജനങ്ങളില്‍ പൗരബോധം വളര്‍ത്താന്‍ കേരള സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മാലിന്യമുക്ത കേരളത്തിനായി ശുചിത്വ സന്ദേശം പ്രചരിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
പൊതുജനാരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കേരളം നേടിയ പുരോഗതി ആഗോള തലത്തില്‍ ശ്രദ്ധ കൈവരിച്ചിട്ടുണ്ട്. കുടുംബത്തില്‍ സാമ്പത്തിക ഉന്നതിയും സുരക്ഷയും കൈവരിക്കണമെങ്കില്‍ ഗൃഹനാഥകള്‍ക്ക് വരുമാനം വേണമെന്നുളള ബോധ്യത്തില്‍ നിന്നാണ് കുടുംബശ്രീയെന്ന പ്രസ്ഥാനത്തിന്‍റെ തുടക്കം. കുടുംബശ്രീ സംരംഭരുടെ കൂട്ടായ്മ എന്നതിനേക്കാള്‍ ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉല്‍സവമാണ് ദേശീയ സരസ് മേള. ഈ സംരംഭം മഹത്തരമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അണിനിരന്നു കൊണ്ട് നടത്തുന്ന പരിശ്രമങ്ങള്‍ അഭിനന്ദനീയമാണ്. മഹാനഗരങ്ങള്‍ കേന്ദ്രീകരിച്ചു മാത്രം നടത്തിയിരുന്ന ഇത്തരം മേള ചെങ്ങന്നൂര്‍ പോലെയുള്ള ഗ്രാമീണ മേഖലയില്‍ നടത്താന്‍ അക്ഷീണം പരിശ്രമിക്കുന്ന സുഹൃത്തായ മന്ത്രി സജി ചെറിയാനെ അഭിനന്ദിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. മേളയിലെത്തിയ എല്ലാ സംരംഭകര്‍ക്കും മികച്ച രീതിയിലുള്ള നേട്ടം കൈവരിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചെങ്ങന്നൂര്‍ നഗരസഭയിലെ മുതിര്‍ന്ന ഹരിതകര്‍മസേനാംഗം പൊന്നമ്മയാണ് മോഹന്‍ലാലിനെ സ്വീകരിച്ചത്.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ.എസ് ഉണ്ണിക്കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിള എന്ന റോബോട്ടാണ് മന്ത്രിമാരായ എം.ബി രാജേഷ്, സജി ചെറിയാന്‍, പി.പ്രസാദ് എന്നിവരെ സ്വീകരിക്കാന്‍ വേദിയിലെത്തിയത്.
എച്ച്.സലാം, എം.എസ് അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി, കലക്ടര്‍ അലക്സ് വര്‍ഗീസ്, ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷ ശോഭാ വര്‍ഗീസ്, മുന്‍ എം.എല്‍ എ ശോഭനാ ജോര്‍ജ്, കെ.എസ്.സി.എം.എം.സി ചെയര്‍മാന്‍ എം.എച്ച് റഷീദ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം സലിം, പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം ഉഷ, ചെങ്ങന്നൂര്‍ നഗരസഭാ സി.ഡി.എസ് അധ്യക്ഷ എസ്.ശ്രീകല ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ സ്വാഗതവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത് എസ് നന്ദിയും പറഞ്ഞു.