സമ്പൂര്‍ണ മാലിന്യമുക്തം നവകേരളം പ്രഖ്യാപനം മാര്‍ച്ച് 30ന്: മന്ത്രി എം.ബി രാജേഷ്

Posted on Tuesday, January 7, 2025

അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് സമ്പൂര്‍ണ മാലിന്യമുക്തം നവകേരളം  പ്രഖ്യാപനം നടത്താനാണ് തീരുമാനമെന്നും അടുത്ത മൂന്നു മാസ കാലയളവില്‍ ഈ രംഗത്ത് വലിയ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ജൈവ മാലിന്യ സംസ്ക്കരണ ഉപാധികളുടെ വിവരശേഖരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാനതല സര്‍വേയുടെ ഉദ്ഘാടനം പാലക്കാട് കൊടുമ്പത്ത് സ്വന്തം വീട്ടില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഗാര്‍ഹികതലത്തിലും സ്ഥാപനതലത്തിലും കമ്യൂണിറ്റിതലത്തിലും ഉപയോഗിക്കുന്ന മാലിന്യ സംസ്ക്കരണ ഉപാധികള്‍ സംബന്ധിച്ച സമഗ്ര വിവരശേഖരണം മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അനവാര്യമാണ്. വന്‍കിട പ്ളാന്‍റുകള്‍ വരുന്നതോടൊപ്പം വികേന്ദ്രീകൃത പ്ളാന്‍റുകളും പ്രവര്‍ത്തനം തുടങ്ങും. കേരളത്തിന് രണ്ടും ആവശ്യമാണ്. ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കുക എന്നതാണ് നാം അംഗീകരിച്ച കാഴ്ചപ്പാട്. ബ്രഹ്മപുരത്ത് പ്രതിദിനം 150 ടണ്‍ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസായി മാറ്റാന്‍ കഴിയുന്ന പ്ളാന്‍റ് മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യാന്‍ തയ്യാറാകുന്നു. സമാനമായ പ്ളാന്‍റ് തിരുവനന്തപുരത്തും കോഴിക്കോടും സ്ഥാപിക്കാന്‍ അനുമതിയുമായിട്ടുണ്ടെന്നും ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തിക്കാനാണ് സര്‍വേ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
   
വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ ശാന്ത, തങ്കമണി, സി.ഡി.എസ് അധ്യക്ഷ കനകം എന്നിവരാണ് സര്‍വേയ്ക്കായി മന്ത്രിയുടെ വീട്ടില്‍ എത്തിയത്. വിവിധ സംസ്ക്കരണ ഉപാധികള്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിയോടും ഭാര്യയോടും ചോദിച്ചറിഞ്ഞു. ഹരിതമിത്രം ആപ്പ് മുഖേനയായിരുന്നു വിവരശേഖരണം.

മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്‍റെ മുന്നോടിയായിട്ടാണ് തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇന്നലെ(06-1-2024) മുതല്‍ സംസ്ഥാനമൊട്ടാകെ സര്‍വേ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് 35,000-ലേറെ വരുന്ന ഹരിതകര്‍സനാംഗങ്ങള്‍ പൂര്‍ണമായും രംഗത്തുണ്ട്. ഉറവിട മാലിന്യ സംസ്ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതോടൊപ്പം നൂറു ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിതകര്‍മ സേനയുടെ പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. സര്‍വേയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, ശുചിത്വമിഷന്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ട്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നിവയുടെ സഹകരണവുമുണ്ടാകും. ജനുവരി 12 വരെയാണ് സര്‍വേ.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ഉഷ എം.കെ അധ്യക്ഷത വഹിച്ചു. മലമ്പുഴ ബളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിജോയ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധനരാജ്, വൈസ് പ്രസിഡന്‍റ് ശാന്ത, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശാരദ, വാര്‍ഡ് മെമ്പര്‍ പ്രകാശിനി, നവകേരള ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വരുണ്‍ ജി, തദ്ദേശ സ്വയംഭരണ വകുപ്പ്  അസിസ്റ്റന്‍റ് ഡയറക്ടര്‍ ഹമീദ ജലീസ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് നന്ദി പറഞ്ഞു.

 

sdfa

 

Content highlight
kudumbashree survey starts