കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവ്: ഇതാദ്യമായി 17 വിഭാഗങ്ങളില്‍ സംസ്ഥാന ജില്ലാതല അവാര്‍ഡ്

Posted on Tuesday, January 28, 2025

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവിന് ബ്ളോക്ക് ജില്ലാ സംസ്ഥാനതലത്തില്‍ അവാര്‍ഡ് നല്‍കുന്നു. 17 വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഇതിന് മുമ്പ് മികച്ച സി.ഡി.എസുകള്‍ക്ക് അവാര്‍ഡു നല്‍കിയിട്ടുണ്ടെങ്കിലും ഇത്രയും വിഭാഗങ്ങളിലെ പ്രവര്‍ത്തനമികവിന് കുടുംബശ്രീ അംഗീകാരം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും മികവുറ്റതും ശ്രദ്ധേയവുമായ നേട്ടങ്ങള്‍ക്ക് ആദരം നല്‍കുന്നതിന്‍റെയും ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.

മികച്ച അയല്‍ക്കൂട്ടം, ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റി, മികച്ച ഊരുസമിതി, അഞ്ചു വ്യത്യസ്ത വിഭാഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സി.ഡി.എസുകള്‍, മികച്ച സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്സ് സ്ഥാപനം, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍, ഓക്സിലറി ഗ്രൂപ്പ്, ഓക്സിലറി സംരംഭം, സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്, മികച്ച പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, മികച്ച ജില്ലാമിഷന്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക. ജില്ലാ സംസ്ഥാന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിനൊപ്പം സര്‍ട്ടിഫിക്കറ്റും മെമന്‍റോയും ലഭിക്കും.  

 മികച്ച സ്നേഹിത, പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, ജില്ലാമിഷന്‍ എന്നിവയൊഴിച്ച് ബാക്കി എല്ലാ വിഭാഗത്തിലുമുള്ള അപേക്ഷകള്‍ ആദ്യം അതത് സി.ഡി.എസുകളില്‍   സമര്‍പ്പിക്കണം. ഇവ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ജില്ലാമിഷനിലേക്ക് അയക്കും. ഈ അപേക്ഷകള്‍ ജില്ലാതല സ്ക്രീനിങ്ങ് കമ്മിറ്റി പരിശോധിച്ച ശേഷം ബ്ളോക്ക്തല അവാര്‍ഡ് നിര്‍ണയ കമ്മിറ്റിക്ക് നല്‍കും. ഈ കമ്മിറ്റി ഫിസിക്കല്‍ വെരിഫിക്കേഷന്‍ ഉള്‍പ്പെടെ നടത്തിയ ശേഷം ബ്ളോക്ക്തല മത്സരത്തില്‍ വിജയികളായ വിഭാഗങ്ങളുടെ പട്ടിക ജില്ലാമിഷന് നല്‍കും. ബ്ളോക്ക്തലത്തില്‍ ഒന്നാമതായി തിരഞ്ഞെടുക്കപ്പെടുന്ന വിഭാഗം ജില്ലാതലത്തിലും ഇതില്‍  വിജയികളാകുന്നവ സംസ്ഥാനതലത്തിലും മത്സരിക്കും. അപേക്ഷകള്‍ സി.ഡി.എസുകള്‍ക്ക് ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 25.

മികച്ച സ്നേഹിത, പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, ജില്ലാമിഷന്‍ എന്നിവയ്ക്കുളള അപേക്ഷകള്‍ ഫെബ്രുവരി 20ന് മുമ്പ് സംസ്ഥാനമിഷനില്‍ സമര്‍പ്പിക്കണം.

2023-24 സാമ്പത്തിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സി.ഡി.എസ്, ബഡ്സ് സ്ഥാപനങ്ങള്‍, സ്നേഹിത, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍, ജില്ലാമിഷന്‍, മികച്ച പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല എന്നിവയ്ക്കുള്ള അവാര്‍ഡ് നിര്‍ണയം. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനമികവാണ് അയല്‍ക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ് എ.ഡി.എസ്, ഊരുസമിതി, സംരംഭം, സംരംഭക എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡിനായി പരിഗണിക്കുക. മറ്റു വിഭാഗങ്ങള്‍ക്ക് നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി അധ്യക്ഷയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കണ്‍വീനറുമായിട്ടുള്ള സംസ്ഥാനതല പുരസ്കാര നിര്‍ണയ കമ്മിറ്റിയാണ് വിവിധ വിഭാഗങ്ങളില്‍ സംസ്ഥാനതല വിജയികളെ തിരഞ്ഞെടുക്കുക.  കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ചെയര്‍മാനും അതത് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ വര്‍ക്കിങ്ങ് ചെയര്‍മാനുമായുള്ള ജില്ലാതല അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ജില്ലാതല മത്സര വിജയികളെ കണ്ടെത്തുക.

Content highlight
kudumbashree awards