കുട്ടികളാല്‍ നയിക്കപ്പെടുന്ന മാന്ത്രികവും ശുചിത്വപൂര്‍ണവുമായ ലോകത്തിന്‍റെ പ്രതീക്ഷകള്‍ ഉയര്‍ത്തി കുട്ടികളുടെ അന്താരാഷ്ട്ര ഉച്ചകോടിക്ക് അര്‍ത്ഥപൂര്‍ണമായ സമാപനം. മാലിന്യ സംസ്ക്കരണ രംഗത്ത് പുതിയ കണ്ടെത്തലുകളും മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടെ അവതരിപ്പിച്ചുകൊണ്ടും അറിവും ആശയങ്ങളും പങ്കുവച്ചുകൊണ്ടുമായിരുന്നു രണ്ടു ദിനങ്ങളിലായി സംഘടിപ്പിച്ച കുട്ടികളുടെ ഉച്ചകോടിയുടെ കൊടിയിറക്കം.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച പ്രബന്ധാവതരണം നടത്തി ആദ്യ അഞ്ചു സ്ഥാനങ്ങള്‍ നേടിയ ശിവനന്ദന്‍ സി(കൊല്ലം), ചന്ദന(കോഴിക്കോട്), ദേവനന്ദ(കണ്ണൂര്‍), അഭിനന്ദ്(വയനാട്), ആതിരബാബു(പാലക്കാട്) എന്നിവര്‍ക്കും മികച്ച ജില്ലാ സ്റ്റാളുകള്‍ക്കുള്ള ആദ്യ മൂന്ന് സ്ഥാനം നേടിയ നേടിയ വയനാട്, തിരുവനന്തപുരം, കാസര്‍കോട് ജില്ലകള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി പ്രബന്ധാവതരണം നടത്തിയവര്‍ക്കുമുള്ള പുരസ്കാര വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
കുട്ടികള്‍ പ്രബന്ധാവതരണത്തിനായി കണ്ടെത്തിയ പ്രശ്നങ്ങളുടെ പരിഹാരം കണ്ടെത്തുന്നതിനായി ഉദ്യം ലേണിങ്ങ് ഫൗണ്ടേഷന്‍ സാമ്പത്തിക പിന്തുണ നല്‍കുമെന്നും ഇത് പ്രയോജനപ്പെടുത്തി കുട്ടികള്‍ ചൂണ്ടിക്കാട്ടിയ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ പറഞ്ഞു.

മാലിന്യത്തെ കുറിച്ചും അവയുടെ പുനരുപയോഗ സാധ്യതകളെ കുറിച്ചും നിരന്തര പഠനം നടത്തുന്നതിനായി കേരളം ആസ്ഥാനമാക്കി ദേശീയ ശുചിത്വ സര്‍വകലാശാല രൂപീകരിക്കണമെന്ന് കുട്ടികളുടെ ഉച്ചകോടി ദേശീയ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി തിരുവനന്തപുരം പ്രഖ്യാപനം നടത്തിയ റിഥിമ പാണ്ഡെ പറഞ്ഞു. പ്ളീനറി സെഷനില്‍ വിഷയാവതരണം നടത്തിയ കുട്ടികള്‍ക്കും ജില്ലകളിലെ സ്റ്റാളുകളില്‍ സമാന്തര സെഷനുകളില്‍ പ്രബന്ധാവതരണം നടത്തിയ കുട്ടികള്‍ക്കുമുള്ള പുരസ്കാര വിതരണം റിഥിമ പാണ്ഡെ നിര്‍വഹിച്ചു.
പ്ളീനറി സെഷനുകള്‍ കൈകാര്യം ചെയ്ത മോഡറേറ്റര്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കുമുള്ളപുരസ്കാര വിതരണവും ഉച്ചകോടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കാവശ്യമായ അക്കാദമിക് പരിശീലനം ലഭ്യമാക്കിയവര്‍ക്കുള്ള പുരസ്കാര വിതരണവും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീത നസീര്‍ നിര്‍വഹിച്ചു.
നഗരസഭകളുടെ ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ റാങ്കിങ്ങ് നടത്തുന്ന ദേശീയ ശുചിത്വ സര്‍വേ സ്വച്ഛ് സര്‍വേക്ഷണ്‍-2024 ലെ ശുചിത്വ സര്‍വേയില്‍ തിരുവനന്തപുരം നഗരസഭയും ഭാഗമാകുന്നതിനോടനുബന്ധിച്ച് പോസ്റ്റര്‍ പ്രകാശനവും സമാപന സമ്മേളനത്തില്‍ നടന്നു.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ബി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. രതീഷ് കാളിയാടന്‍ ശുചിത്വ ഉച്ചകോടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ഷാനവാസ് , ശ്യാംകുമാര്‍, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായി. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദി പറഞ്ഞു.