2024-25 സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവില്‍ കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി നൂറു കോടി ക്ളബില്‍

Posted on Monday, April 7, 2025

105.63 കോടി  രൂപയുടെ റെക്കോഡ് വിറ്റുവരവുമായി കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി.  2024-25 സാമ്പത്തിക വര്‍ഷത്തിലെ വിറ്റുവരവിലാണ് മികച്ച നേട്ടം കൈവരിച്ചു കൊണ്ട് പദ്ധതിയുടെ കുതിപ്പ്.  ഇതു കൂടി ചേര്‍ത്ത് നാളിതു വരെ ആകെ 357 കോടി രൂപയുടെ വിറ്റുവരവ് പദ്ധതി സ്വന്തമാക്കി.

നിലവില്‍ പതിനൊന്ന് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.  ഇതിന്‍റെ ഭാഗമായി 450 ബ്രോയ്ലര്‍ ഫാമുകളും 139 ഔട്ട്ലെറ്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ഇതില്‍ അംഗങ്ങളായ എഴുനൂറോളം ഗുണഭോക്താക്കള്‍ക്കാണ് വിറ്റുവരവിന്‍റെ വരുമാനമത്രയും ലഭിക്കുക.

 2019-ലാണ് സംസ്ഥാനത്ത് കേരള ചിക്കന്‍ പദ്ധതി ആരംഭിച്ചത്. തുടക്കം മുതല്‍ ഗുണഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വരുമാന  ലഭ്യത ഉറപ്പു വരുത്താന്‍ കഴിയുന്നു എന്നതാണ്  പദ്ധതിയെ ശ്രദ്ധേയമാക്കുന്നത്.  ഔട്ട്ലെറ്റ് നടത്തുന്ന ഒരു ഗുണഭോക്താവിന് ശരാശരി 89,000 രൂപയാണ് മാസവരുമാനമായി ലഭിക്കുന്നത്. നാളിതു വരെ ഈയിനത്തില്‍ 45.40 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് വരുമാന ഇനത്തില്‍ ലഭിച്ചു.  

കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്കും മികച്ച നേട്ടമാണ് കൈവരിക്കാന്‍ കഴിഞ്ഞത്. ഫാം ഇന്‍റഗ്രേഷന്‍ വഴി കര്‍ഷകര്‍ക്ക് രണ്ടു മാസത്തിലൊരിക്കല്‍ 50,000 രൂപയാണ് വരുമാനമായി ലഭിക്കുക. നാളിതു വരെ ഇന്‍റഗ്രേഷന്‍ വഴി മാത്രം കര്‍ഷകര്‍ക്ക് 33.19 കോടി രൂപ ലഭിച്ചിട്ടുണ്ട്.

ഉപഭോക്താവിന് ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കന്‍. കുടുംബശ്രീ വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാന ലഭ്യതയും ഉറപ്പു വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ   ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ഗുണമേന്‍മയുള്ള ചിക്കന്‍ ലഭ്യമാക്കുക, ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ചിക്കന്‍റെ പകുതിയെങ്കിലും ഉല്‍പാദിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

പദ്ധതി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ചു  കൊണ്ട് 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന ബ്രാന്‍ഡില്‍ ഫ്രോസന്‍ ചിക്കന്‍ കറി കട്ട് വിപണിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു. നിലവില്‍ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉല്‍പന്നം ലഭ്യമാണ്. ഈ വര്‍ഷം ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. 

Content highlight
2024-25 സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവില്‍ കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി നൂറു കോടി ക്ളബില്‍