ഫീച്ചറുകള്‍

47 വിപണന കേന്ദ്രങ്ങളുമായി 'കേരള ചിക്കന്‍' പദ്ധതി മുന്നോട്ട്

Posted on Thursday, July 1, 2021

കേരളത്തിലെ എല്ലാ ജില്ലകളിലും ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കേരള ചിക്കന്‍. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം 'കേരള ചിക്കന്‍' എന്ന പേരില്‍ 47 ബ്രാന്‍ഡഡ് വിപണന കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഫാമുകള്‍ ആരംഭിക്കുകയും ഫാമുകളില്‍ നിന്ന് ലഭ്യമാകുന്ന ബ്രോയിലര്‍ ചിക്കന്‍ വിപണിയിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. തുടര്‍ന്ന് 2020 ജൂണ്‍ മാസം മുതല്‍ ബ്രാന്‍ഡഡ് വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുകയായിരുന്നു. കുടുംബശ്രീയും മൃഗസംരക്ഷണവകുപ്പും ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും സംയുക്തമായാണ് കേരള ചിക്കന്‍ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ സമഗ്രമായ മേല്‍നോട്ടം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇന്റഗ്രേഷന്‍ ഫാമിങ് വഴി ചിക്കന്‍ വിപണിയിലെത്തിക്കുകയെന്ന പദ്ധതിയും പ്രോസസിങ് യൂണിറ്റ് ആരംഭിക്കുകയെന്ന പദ്ധതിയുമാണ് ഈ സമഗ്ര പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ചെയ്യുന്നത്.

  സംസ്ഥാനത്തെ ആദ്യ വിപണന കേന്ദ്രം എറണാകുളം ജില്ലയിലെ ഏഴിക്കര സി.ഡി.എസിന് കീഴില്‍ ആരംഭിച്ചു. ആകെ 203 കേരള ചിക്കന്‍ ഫാമുകളും നിലവിലുണ്ട്. എറണാകുളം ജില്ലയില്‍ 48 ഫാമുകളും 21 വിപണനകേന്ദ്രങ്ങളുമുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ 37 ഫാമുകളും 11 വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. കോട്ടയം, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ യഥാക്രമണം 30, 31, 26, 31 വീതമാണ് ഫാമുകള്‍. കോട്ടയത്ത് 9 ഉം തിരുവനന്തപുരത്തും കൊല്ലത്തും മൂന്ന് വീതവും വിപണന കേന്ദ്രങ്ങള്‍ ജൂണ്‍ 22 വരെ ആരംഭിച്ചിട്ടുണ്ട്.

  ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ ബ്രോയിലര്‍ ചിക്കന്‍ വിപണന കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയിലുള്ള പദ്ധതി നടപ്പിലാക്കുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ (എറണാകുളം, കോട്ടയം, തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം. കോഴിക്കോട്, പാലക്കാട് ) 40 വീതം ഫാമുകള്‍ ആരംഭിക്കുകയും ആ ഫാമുകളില്‍ നിന്നുള്ള ബ്രോയിലര്‍ ചിക്കന്‍ വിപണിയിലെത്തിക്കാനായി 20 വീതം വിപണന കേന്ദ്രങ്ങള്‍ തുടങ്ങുകയും ചെയ്യുന്നതാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തില്‍ മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലേക്ക് കൂടി ഈ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ശേഷിച്ച മറ്റ് ജില്ലകളിലും പദ്ധതി ആരംഭിച്ച് മൂന്നാം ഘട്ടം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

 

Content highlight
Kerala Chicken Project Progressing with 47 Marketing Outletsml

സര്‍ക്കാരിന്റെ പുതിയ 100 ദിന കര്‍മ്മപദ്ധതിയുടെയും ഭാഗമായി കുടുംബശ്രീ

Posted on Wednesday, June 30, 2021

സര്‍ക്കാരിന്റെ പുതിയ 100 ദിന കര്‍മ്മ പദ്ധതിയിലും കുടുംബശ്രീ ഭാഗമായി. ഇതില്‍ ആറ് പദ്ധതികളാണ് കുടുംബശ്രീയുടേതായുള്ളത്. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുന്‍ 100 ദിന പദ്ധതികളിലും കുടുംബശ്രീ ഭാഗമായിരുന്നു. പുതിയ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതികളും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ 100 ദിന പദ്ധതികളില്‍ ആറ് പദ്ധതികളാണ് കുടുംബശ്രീയുടേതായുള്ളത്.

1. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഹോട്ടലുകള്‍ക്ക് ഗ്രേഡിങ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം.

2. നിലവില്‍ സംരംഭകത്വ പരിശീലനം പൂര്‍ത്തിയാക്കി, നൈപുണ്യ പരിശീലനം ആരംഭിക്കുകയും ലോക്ഡൗണിനെത്തുടര്‍ന്ന് അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെയും വന്ന കുടുംബശ്രീ അംഗങ്ങളുണ്ട്. ഇവരുടെ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കി 2000 പേരെങ്കിലും സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കും.

3. കോവിഡ് നിയന്ത്രണങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് ധനസഹായത്തിനായി 20,000 ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റികള്‍ (എ.ഡി.എസ്) വഴി സംസ്ഥാനത്താകെ 200 കോടി രൂപയുടെ ധനസഹായ വിതരണം നടത്തും.

4. കെ.എസ്.എഫ്.ഇ യുമായി ചേര്‍ന്നുകൊണ്ടുള്ള വിദ്യാശ്രീ പദ്ധതിയുടെ കീഴില്‍ 50,000 ലാപ്‌ടോപ്പുകളുടെ വിതരണ ഉദ്ഘാടനം.

5. അതീവദാരിദ്ര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്ന പ്രക്രിയ പൂര്‍ത്തിയാക്കും. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരണം നടത്തും.

6. പി.എം.എ.വൈ (അര്‍ബന്‍)- ലൈഫ് പദ്ധതി പ്രകാരം 2000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

 കുടുംബശ്രീ മുഖേന നടത്തുന്ന 100 ദിന പദ്ധതികളുടെ ഫലങ്ങളും പുരോഗതിയും കുടുംബശ്രീ വെബ്‌സൈറ്റിലെ www.kudumbashree.org/pages/876 എന്ന ലിങ്കില്‍ ലഭിക്കും.

 

Content highlight
Kudumbashree projects included in the new 100 Day Programme ML

കാസര്‍ഗോഡിന്റെ 'ഹോമര്‍'വാതില്‍പ്പടി സേവനം

Posted on Tuesday, June 22, 2021

കോവിഡ് - 19 മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള ലോക്ഡൗണും അത് മൂലമുള്ള ബുദ്ധിമുട്ടുകളും കൊണ്ട് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ കടകളില്‍ പോകാന്‍ കഴിയാത്തവര്‍ക്കായി കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ ടീം 'ഹോമര്‍' വാതില്‍പ്പടി സേവനം ആരംഭിച്ചു.  ഗുണഭോക്താക്കള്‍ക്ക് അവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വീടുകളിലെത്തിച്ച് നല്‍കുന്ന ഈ പദ്ധതിയിലൂടെ ഒരു സംരംഭ സാധ്യതകൂടിയാണ് ജില്ലാ ടീം അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് തുറന്നേകിയിരിക്കുന്നത്.

  കാസര്‍ഗോഡ് ജില്ലയിലെ മംഗല്‍പ്പാടി, ചെറുവത്തൂര്‍, കാസര്‍ഗോഡ്, കാഞ്ഞങ്ങാട് എന്നീ നാല് സ്ഥലങ്ങളിലാണ് തുടക്കത്തില്‍ ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഈ നാല് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിലുമുള്ള ഇരുചക്ര വാഹനമോ ഓട്ടോയോ ഉള്ള രണ്ട് അയല്‍ക്കൂട്ടാംഗങ്ങളെ വീതം തെരഞ്ഞെടുത്ത് അവരുടെ മൊബൈല്‍ നമ്പരുകള്‍ സംഘടനാ സംവിധാനം വഴി എല്ലാ വീടുകളിലേക്കും എത്തിച്ച് നല്‍കിയാണ് ഹോമര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഈ നമ്പരുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്സ്ആപ്പ് മുഖേന അയച്ചു നല്‍കാം. ഇത് അനുസരിച്ച് സാധനങ്ങളും മരുന്നുകളും കടകളില്‍ നിന്ന് ഗുണഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്.  ഏറ്റവും കുറഞ്ഞത് 500 രൂപയുടെയെങ്കിലും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യണം. കൂടാതെ ഡെലിവറി ചാര്‍ജ്ജും ഈടാക്കും. 5 കിലോമീറ്ററിനുള്ളിലാണ് ഡെലിവറി നടത്തുക. 2 കിലോമീറ്റര്‍ പരിധി വരെ 40 രൂപയാണ് ഡെലിവറി ചാര്‍ജ്ജായി ഈടാക്കുന്നത്. 2 കിലോമീറ്റര്‍ മുതല്‍ 4 കിലോമീറ്റര്‍ വരെ 50 രൂപയും 4 മുതല്‍ 5 കിലോമീറ്റര്‍ വരെ 60 രൂപയും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കും.

  ഈ ഓര്‍ഡറുകളില്‍ നിന്ന് ലഭിക്കുന്ന കമ്മീഷനിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അതിലുപരിയായി മികച്ചൊരു സേവനമാണ് സംരംഭ മാതൃകയിലുള്ള 'ഹോമര്‍' എന്ന ഈ പദ്ധതിയിലൂടെ കാസര്‍ഗോഡ് ജില്ലാ ടീം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്. ആരംഭിച്ച് ആദ്യ രണ്ടു ദിവസങ്ങള്‍ കൊണ്ട് തന്നെ പദ്ധതി വിജയത്തിലേക്കെത്തുന്നുവെന്ന സൂചനയാണ് ലഭിച്ചത്. ആദ്യ ദിവസം ഒമ്പത് ഓര്‍ഡറുകള്‍ ലഭിച്ചു, 5850 രൂപയുടെ ഓര്‍ഡര്‍. രണ്ടാം ദിനം 11 ഓര്‍ഡറുകളും (7300 രൂപ). വിജയസാധ്യത പരിശോധിച്ച് കൂടുതല്‍ ഇടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് കാസര്‍ഗോഡ് ജില്ലാ ടീം ലക്ഷ്യമിട്ടിരിക്കുന്നത്.

homer

 

Content highlight
Kudumbashree Kasaragod District Mission launches 'Homer' Home Delivery Service mlm

ആറളത്ത് നിന്നും 'ആദി കുടകള്‍'

Posted on Monday, June 21, 2021

കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം പട്ടികവര്‍ഗ്ഗ പുനരധിവാസ മേഖലയിലെ കുടുംബശ്രീ സൂക്ഷ്മ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന കുടകള്‍ 'ആദി കുടകള്‍' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിയിരിക്കുന്നു. 28 ആദിവാസി വനിതകളാണ് ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. 21 ഇനം കുടകള്‍ 'ആദി കുടകള്‍' എന്നപേരില്‍ കുടുംബശ്രീ ശൃംഖലയിലൂടെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. പ്രിന്റ് കുടയ്ക്ക് 345 രൂപയും ത്രീ ഫോള്‍ഡ് കറുത്ത കുടയ്ക്ക് 325 രൂപയും കളര്‍ കുടയ്ക്ക് 335 രൂപയുമാണ് വില.

  ആറളം ഫാം പട്ടികവര്‍ഗ്ഗ പുനരധിവാസ മേഖലയിലെ 28 ആദിവാസി വനിതകള്‍ക്ക് കണ്ണൂര്‍ ജില്ലാ ടീമിന്റെ നേതൃത്വത്തില്‍ കുടനിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുകയായിരുന്നു. കുടനിര്‍മ്മാണ കിറ്റുകളും നല്‍കി. തുടര്‍ന്ന് ഇവരുടെ രണ്ട് സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ സി.ഡി.എസില്‍ രജിസ്ട്രര്‍ ചെയ്യുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 5000 കുടകള്‍ വിപണിയിലിറക്കുകയെന്ന ചെറിയ ലക്ഷ്യമാണ് ഈ യൂണിറ്റുകള്‍ ഏറ്റെടുത്തിരിക്കുന്നത്.

  കുട നിര്‍മ്മാണത്തിന് പൊതുവായി പിന്തുടരുന്ന അതേ രീതിയില്‍ തന്നെയാണ് നിള, ലോട്ടസ് എന്നീ രണ്ട് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത്. കുട തയാറാക്കുന്നതിനുള്ള കുടനിര്‍മ്മാണ കിറ്റ് വിപണിയില്‍ നിന്ന് വാങ്ങി വീടുകളിലിരുന്ന് കുടകള്‍ തയാറാക്കി വിപണിയിലേക്ക് എത്തിക്കുന്ന രീതിയാണിത്.

   കൂലിവേല മാത്രം ചെയ്ത് ഉപജീവനം കണ്ടെത്തുന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് പഞ്ഞമാസങ്ങളില്‍ അധിക വരുമാനം ലഭ്യമാക്കി കൈത്താങ്ങേകാനാണ് ഈ സംരംഭ പ്രവര്‍ത്തനം വഴി ജില്ലാമിഷന്‍ ലക്ഷ്യമിടുന്നത്. കുട വാങ്ങാന്‍ താത്പര്യമുള്ള ഏവര്‍ക്കും 04902953006, 9645183673 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

Content highlight
Kudumbashree Kannur District team comes up with ‘Aadhi Umbrellas’ from the Tribal Resettlement Area of Aralam Farm mlm

പരിസ്ഥിതി ദിനം ആഘോഷമാക്കി ബഡ്സ് കുട്ടികള്‍

Posted on Tuesday, June 8, 2021

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും ലോക പരിസ്ഥിതി ദിനം ആഘോഷമാക്കി. ലോക്ഡൗണാണെങ്കിലും ബഡ്സ് സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണമായ പങ്കാളിത്തത്തോട് കൂടി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയായിരുന്നു.

  കേരളത്തിലെ ഭൂരിഭാഗം ബഡ്സ് സ്ഥാപനങ്ങളിലെയും കുട്ടികള്‍ ലോക പരിസ്ഥിതി ദിനത്തില്‍ തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ നട്ട മരങ്ങളോടൊപ്പം  അതിന്റെ വളര്‍ച്ചയിലുള്ള സന്തോഷത്തോടെ നില്‍ക്കുന്ന ഫോട്ടോകളും ഈ പരിസ്ഥിതി ദിനത്തില്‍ നട്ട മരങ്ങളുടെ ഒപ്പമുള്ള ഫോട്ടോകളും എടുത്ത് അത് പങ്കുവയ്ക്കുന്ന പ്രവര്‍ത്തനങ്ങളായിരുന്നു ഇതില്‍ പ്രധാനം. ഒരു 'തൈ നടീലില്‍' ഒതുങ്ങാതെ പ്ലക്കാര്‍ഡ് നിര്‍മ്മാണം, വീടും പരിസരവും ശുചിയാക്കല്‍, ചിത്രരചനാ മത്സരം തുടങ്ങീ മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും വിവിധ ബഡ്സ് സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തി.

 

Content highlight
Children from BUDS Institutions cheerfully celebrate World Environment Day mlm

ബഡ്സ് സ്‌കൂളുകളിലും ആഘോഷമായി പ്രവേശനോത്സവം

Posted on Tuesday, June 8, 2021

കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയോജന പദ്ധതിയായ ബഡ്‌സ് സ്ഥാപനങ്ങളിലും പ്രവേശനോത്സവം ആഘോഷമായി. ബഡ്സ് സ്‌കൂളുകളിലും ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലും ഓണ്‍ലൈന്‍ സങ്കേതം ഉപയോഗിച്ച് സ്ഥാപനതലത്തില്‍  പ്രവേശനോത്സവം മികച്ച രീതിയില്‍ സംഘടിപ്പിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന 342 ബഡ്സ് സ്ഥാപനങ്ങളിലായി 9545 കുട്ടികളാണ് പഠനവും പരിശീലനവും നേടുന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് നടന്ന പ്രവേശനോത്സവത്തിന് ശേഷം ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും ബഡ്സ് വിദ്യാര്‍ത്ഥികളെ സകുടുംബം ഭാഗമാക്കിക്കൊണ്ട് ഓണ്‍ലൈനായാണ് ബഡ്സ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ജനപ്രതിനിധികളും, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരും, അധ്യാപകരും, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലയിലുള്ളവരും ഓണ്‍ലൈനായി നടത്തിയ ഈ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

  കഴിഞ്ഞവര്‍ഷം മുതല്‍ ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളായിരുന്നു നല്‍കിവരുന്നത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകള്‍ നല്‍കിത്തുടങ്ങിയപ്പോള്‍ ബഡ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഫലപ്രദമായി വിവിധ ക്ലാസ്സുകളും പരിശീലനങ്ങളും നല്‍കുകയായിരുന്നു. സ്‌കൂളുകളില്‍ പോകാന്‍ കഴിയാത്തത് കുട്ടികളെ പലപ്പോഴും അസ്വസ്ഥരാക്കുന്നുവെന്ന് മനസ്സിലാക്കിയ സാഹചര്യത്തില്‍ ബഡ്സ് ടീച്ചര്‍മാരും, ആയമാരുമാരും, വിഷയ വിദഗ്ധരുമായി കൂടിയാലോചിച്ച് വ്യത്യസ്ത പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

  അധ്യാപകര്‍ ക്ലാസ്സുകളുടെ വീഡിയോ തയാറാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും വീഡിയോകള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. മാതാപിതാക്കള്‍ വീഡിയോ കുട്ടികളെ കാണിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലിരുന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും അസൈന്‍മെന്റുകളും മറ്റും കുട്ടികളെ കൊണ്ട് പൂര്‍ത്തിയാക്കി അധ്യാപകര്‍ക്ക് പരിശോധിക്കുന്നതിനായി നല്‍കുകയും ചെയ്തുവന്നു. കൂടാതെ ഓരോ വീഡിയോ ക്ലാസ്സുകള്‍ക്കും അനുസൃതമായ വര്‍ക്ക് ഷീറ്റുകള്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കുകയും കുട്ടികള്‍ അത് പൂര്‍ത്തീകരിച്ച്  അധ്യാപകര്‍ക്ക് അയച്ചു നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ കുട്ടികളെ ഫലപ്രദമായ രീതിയില്‍ ഈ ക്ലാസ്സുകളുടെ ഭാഗമാക്കി പൂര്‍ണ്ണമായും ഓരോ കുട്ടിയുമായും നേരിട്ട് ഇടപെട്ട്  ഇന്ററാക്ടീവായ രീതിയിലാണ് ഈ പ്രവര്‍ത്തനം നടപ്പിലാക്കിയത്.  ഓരോ സ്ഥാപനത്തിലെയും അധ്യാപകര്‍, അവിടുത്തെ വിദ്യാര്‍ത്ഥികളുടെ പ്രത്യേക സവിശേഷതകള്‍ അറിഞ്ഞ് തയാറാക്കിയ വ്യക്തിഗത പ്ലാനുകള്‍ അനുസരിച്ചുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങളും (ചിത്രരചന, പത്രവായന, അക്ഷരപഠനം, സംഗീത പഠനം, തയ്യല്‍ പഠനം അടുക്കള ജോലിക്ക് ഒപ്പം ചേരല്‍, കരകൗശല വസ്തു നിര്‍മ്മാണം, പച്ചക്കറി പരിപാലനം തുടങ്ങിയവ) ചെയ്യിപ്പിച്ചു. വാട്സ്ആപ്പ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കുട്ടികളുടെ പ്രവര്‍ത്തനങ്ങളുടെ നിരന്തര മേല്‍നോട്ടം നടത്തുകയും ചെയ്തു.

  ബഡ്സ് സ്ഥാപനം സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഭിന്നശേഷിക്കാരായ എല്ലാവരുടെയും ക്ഷേമം ഉറപ്പു വരുത്തേണ്ടത് ബഡ്‌സിലെ അധ്യാപകരുടെ കടമ ആണെന്ന് മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഭിന്നശേഷിക്കാരായ കുട്ടികളില്‍ പലര്‍ക്കും തെറാപ്പികള്‍  വളരെ അത്യാവശ്യമായിരുന്നതിനാല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോംപോസിറ്റ് റീജിയണല്‍ സെന്റര്‍ (സി.ആര്‍.സി) മുഖേന 6 ജില്ലകളില്‍ തെറാപ്പി ഏറ്റവും അത്യാവശ്യമായിട്ടുള്ള ബഡ്‌സിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ആയി തെറാപ്പി സേവനവും ആരംഭിച്ച് ഇപ്പോഴും നല്‍കി വരുന്നു. ഇത് കൂടാതെ അതാത് ജില്ലകള്‍ ഓരോ പ്രദേശത്തെയും സൗകര്യങ്ങള്‍ അനുസരിച്ച് നിരവധി ആശയങ്ങളും ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരുന്നു.

 കഴിഞ്ഞവര്‍ഷത്തേത് പോലുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി ഈ വര്‍ഷവും തുടരും. എല്ലാ ബഡ്സ്  അധ്യാപകരും ഒന്നിടവിട്ട ദിവസങ്ങളില്‍ കുട്ടികളെ ഫോണില്‍ വിളിക്കുകയോ, വീഡിയോ കോളിലൂടെ സംസാരിക്കുകയോ ചെയ്യുന്നതിനും, ആഴ്ചയില്‍ ഒരിക്കലെങ്കിലും ഓണ്‍ലൈനില്‍ കുട്ടികളെയും മാതാപിതാക്കളെയും പങ്കെടുപ്പിച്ച് ക്ലാസുകള്‍ നല്‍കുന്നതിനും അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം, മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് ഉറപ്പു വരുത്താനും അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക ആരോഗ്യത്തിനുതകുന്ന പരിശീലനങ്ങള്‍ ഓണ്‍ലൈനായി കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ നല്‍കുന്നതാണ്.

 

Content highlight
BUDS Schools celebrate Admission Festival in joyous mode mlm

പാഠപുസ്തക വിതരണത്തില്‍ സജീവമായി കുടുംബശ്രീ അംഗങ്ങള്‍

Posted on Saturday, June 5, 2021

കേരളത്തിലെ സ്‌കൂളുകളിലേക്കുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി കുടുംബശ്രീ അംഗങ്ങള്‍. ഈ വര്‍ഷം മുതലാണ് എല്ലാ ജില്ലകളിലും ഈ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചത്. പുസ്തകം പ്രിന്റ് ചെയ്യുന്ന കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി (കെ.ബി.പി.എസ്) 14 ജില്ലകളിലുമായുള്ള 15 ഹബ്ബുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുന്നു. ഈ ഹബ്ബുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരു ടീം പ്രവര്‍ത്തിച്ചുകൊണ്ട് പുസ്തകങ്ങള്‍ ആ ജില്ലയിലുള്ള വിവിധ സൊസൈറ്റികളുടെ ആവശ്യം അനുസരിച്ച് തരംതിരിച്ച് തയാറാക്കി വാഹനങ്ങളില്‍ കയറ്റി കൃത്യസമയത്ത് സ്‌കൂളുകളിലേക്ക് വിതരണത്തിനായി എത്തിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനമാണ് ഇപ്പോള്‍ കുടുംബശ്രീ നടപ്പിലാക്കിവരുന്നത്. 15 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ 320 കുടുംബശ്രീ അംഗങ്ങളാണ് നിലവില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി വരുന്നത്.

  പാഠപുസ്തക വിതരണം പൂര്‍ണ്ണമായും ഏറ്റെടുക്കാനുള്ള അവസരം കുടുംബശ്രീയ്ക്ക് ലഭിച്ചത് 2021 ജനുവരിയിലാണ്. ഫെബ്രുവരിയോടെ ഹബ്ബിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ളവരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സജ്ജമാക്കി. ഫെബ്രുവരി മാസത്തില്‍ തന്നെ കെ.ബി.പി.എസില്‍ നിന്നുള്ള ആദ്യ ലോട്ട് എത്തുകയും സൊസൈറ്റികളില്‍ നിന്നുള്ള ആവശ്യകത അനുസരിച്ച് ഇത് തരംതിരിച്ച് തയാറാക്കുന്ന പ്രവര്‍ത്തനം കുടുംബശ്രീ അംഗങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളും പിന്നീട് ലോക്ഡൗണും നിലവില്‍ വന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. മേയ് മൂന്നാം ആഴ്ച മുതല്‍ പാഠപുസ്തക വിതരണം അവശ്യ സേവന പട്ടികയില്‍ ഉള്‍പ്പെടുത്തി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് ഈ പ്രവര്‍ത്തനം പുനഃരാരംഭിക്കുകയായിരുന്നു.

സ്‌കൂളുകള്‍ തുറന്ന്, കഴിഞ്ഞവര്‍ഷത്തെ റിവിഷന്‍ കാലയളവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മുഴുവന്‍ പാഠപുസ്തകങ്ങളും കെ.ബി.പി.എസില്‍ നിന്ന് ലഭ്യമാക്കി വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മേയ് 30 വരെ 70 ശതമാനം പുസ്തകം ഹബ്ബുകളില്‍ നിന്ന് സൊസൈറ്റികളിലേക്ക് വിതരണം ചെയ്തുകഴിഞ്ഞു. കുറച്ച് മാസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന തൊഴില്‍ അവസരമാണെങ്കിലും ഏറെ പ്രധാനപ്പെട്ട ഒരു സേവനത്തിലൂടെ താത്ക്കാലികമായ വരുമാന മാര്‍ഗ്ഗമാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.
 

textbook distribution

 

Content highlight
Kudumbashree members active in textbook distribution

കമ്മ്യൂണിറ്റി റേഡിയോയുമായി കാസര്‍ഗോഡ് ജില്ലാ മിഷന്‍

Posted on Friday, May 14, 2021

വ്യാജവാര്‍ത്തകളില്‍ നിന്നും തെറ്റിദ്ധരിപ്പിക്കുന്ന അറിവുകളില്‍ നിന്നും പൊതുജനങ്ങളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി റേഡിയോ സേവനവുമായി കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ ടീം. 'അറിവ് ആസ്വാദനം അയല്‍ക്കൂട്ടങ്ങളിലേക്ക്' എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിറ്റി റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മേയ് 10ന് നടന്ന ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ കെശ്രീ റേഡിയോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്‍ക്കാരില്‍ നിന്നുള്ള വിവരങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലേക്ക് നേരിട്ട് എത്തിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് കെശ്രീ റേഡിയോ. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് കമ്മ്യൂണിറ്റി റേഡിയോ സംപ്രേഷണം നടത്തുന്നത്. വാക്‌സിനേഷന്‍ ക്യാമ്പെയ്ന്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഏറെ ഫലപ്രദമായി കെശ്രീ റേഡിയോയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു.

  ജില്ലാ റാപ്പിഡ് റെസ്‌പോണ്‍സ് ടീം, പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌കുകള്‍, വാര്‍ റൂം എന്നിവിടങ്ങളില്‍ സജീവമായി സേവനങ്ങള്‍ നല്‍കി വരികയാണ് കുടുംബശ്രീ. അതാത് ദിനങ്ങളില്‍ ഈ മേഖലയിലെ ഇടപെടലുകളുടെ വിശദാംശങ്ങളും ജില്ലയിലെ കുടുംബശ്രീ സംവിധാനം മുഖേന നടത്തിയ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ളവയുടെ വിവരങ്ങളും ശേഖരിച്ച് ഇത് സംബന്ധിച്ച വാര്‍ത്ത ജില്ലാ ടീം അംഗങ്ങള്‍ തയാറാക്കുന്നു. ഈ വാര്‍ത്ത ജില്ലാ ടീം ഉദ്യോഗസ്ഥരോ കുടുംബശ്രീ അംഗങ്ങളോ വായിച്ച് റെക്കോഡ് ചെയ്യുന്നു. പിന്നീട് വാട്‌സ്ആപ്പ് മുഖേന ശബ്ദ സന്ദേശങ്ങളായി അയല്‍ക്കൂട്ടാംഗങ്ങൡലേക്ക് എത്തിക്കുന്നു. നാല് ദിനങ്ങളില്‍ നടത്തിയ കെശ്രീ റേഡിയോ സംപ്രേഷണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്.

 

Content highlight
സര്‍ക്കാരില്‍ നിന്നുള്ള വിവരങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലേക്ക് നേരിട്ട് എത്തിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് കെശ്രീ റേഡിയോ.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളില്‍ പുതിയ പരിശീലന പദ്ധതി നടപ്പിലാക്കാന്‍ കുടുംബശ്രീ

Posted on Thursday, February 4, 2021

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ലോക ബാങ്കിന്റെ സഹായത്തോടെ നാഷണല്‍ റൂറല്‍ എക്കണോമിക് ട്രാന്‍സ്ഫര്‍മേഷന്‍ പ്രോജക്ട് (എന്‍.ആര്‍.ഇ.ടി.പി) വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്നു. സംരംഭ മാതൃക ഉയര്‍ന്നതലത്തില്‍ കൊണ്ടുവരികയെന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. ഈ പ്രോജക്ടിന്റെ ഭാഗമായി സംരംഭങ്ങളുടെ ബിസിനസ് വര്‍ദ്ധിപ്പിക്കാനായി നിയമിക്കുന്ന ബിസിനസ് ഡെവലപ്പ്‌മെന്റ് സപ്പോര്‍ട്ട് പ്രൊവൈഡേഴ്‌സിന് (ബി.ഡി.എസ്.പി) പരിശീലനം നല്‍കാനുള്ള സഹായം എന്‍.ആര്‍.എല്‍.എം (ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം) കുടുംബശ്രീയോട് ആവശ്യപ്പെട്ടിരുന്നു . പരിശീലനത്തിനുള്ള മൊഡ്യൂള്‍ തയാറാക്കി ഉചിതമായ രീതിയില്‍ അവരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുകയെന്നതാണ് പരിശീലന ലക്ഷ്യം.

  സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോജക്ടിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കിയിരുന്നു. എസ്.വി.ഇ.പി പ്രോജക്ടിന്റെ മാതൃകയിലാണ് എന്‍.ആര്‍.ഇ.ടി.പി എന്നതിനാല്‍ തന്നെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കയതിന്റെ അനുഭവജ്ഞാനത്തില്‍ കുടുംബശ്രീയ്ക്ക് ബി.ഡി.എസ്.പിമാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുമെന്നതാണ് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം കുടുംബശ്രീയുടെ സഹായം തേടാന്‍ കാരണമായത്. ഇതേത്തുടര്‍ന്ന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യവുമായി പരിശീലനം നല്‍കുന്നതിന് കുടുംബശ്രീ കരാറിലൊപ്പിട്ടു. അസാം, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങള്‍ എന്‍.ആര്‍.ഇ.ടി.പിയുടെ ഭാഗമായി ബി.ഡി.എസ്.പിമാര്‍ക്കുള്ള പരിശീലനം നല്‍കാനായി ഇപ്പോള്‍ തന്നെ കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്. നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.ആര്‍.ഒ) മുഖേനയാണ് പരിശീലനം നല്‍കുക.  

  എസ്.വി.ഇ.പിയിലെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പ്രവര്‍ത്തനത്തേക്കാള്‍ കൂടുതല്‍ വ്യാപകമാണ് എന്‍.ആര്‍.ഇ.ടി.പിയിലെ ബി.ഡി.എസ്.പിമാരുടെ പ്രവര്‍ത്തനം. അതിനാല്‍ തന്നെ ഇവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കേണ്ടതണ്ട്.  കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് നല്‍കുന്ന പരിശീലന മൊഡ്യൂള്‍ ബി.ഡി.എസ്.പിമാര്‍ക്കുള്ള പരിശീലനത്തിന്റെ അടിസ്ഥാന മൊഡ്യൂളാക്കി പരിഗണിക്കാനും, ഉയര്‍ന്ന നിലവാരത്തിലുള്ള കഴിവും കാര്യശേഷിയും നേടിക്കൊടുക്കാന്‍ വേണ്ടി ഗ്രോത്ത് മൊഡ്യൂള്‍ എന്ന രീതിയില്‍ മറ്റൊരു പുതിയ പരിശീലന മൊഡ്യൂള്‍ കൂടി തയാറാക്കി ഇവര്‍ക്ക് പരിശീലനം നല്‍കാനുമാണ് കുടുംബശ്രീ തയാറെടുക്കുന്നത്. അടിസ്ഥാന മൊഡ്യൂളും ഗ്രോത്ത് മൊഡ്യൂളും അടങ്ങിയ പരിശീലന പദ്ധതിയാകും എന്‍.ആര്‍.എല്‍.എമ്മിന്റെ നിര്‍ദ്ദേശ പ്രകാരം ബി.ഡി.എസ്.പിമാര്‍ക്ക് വേണ്ടി കുടുംബശ്രീ തയാറാക്കുകയെന്ന് ചുരുക്കം.

  കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതി അവലംബിച്ച് ഈ പരിശീലനം നല്‍കാനാണ് കുടുംബശ്രീയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. സംരംഭങ്ങള്‍ക്ക്  പിന്തുണയേകാനുള്ള മികച്ച കമ്മ്യൂണിറ്റി കേഡര്‍മാരെ  വാര്‍ത്തെടുക്കാനുള്ള ഒരു പരിശീലനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലാക്കുകയെന്നത് കുടുംബശ്രീ നേരിടുന്ന കനത്ത വെല്ലുവിളിയാണ്. ആവശ്യമായ പരിശീലനവും നൈപുണ്യ വികസനവുമൊക്കെ ഓണ്‍ലൈനായി പരിശീലനാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി ഒരു ലേണിങ് മാനേജ്‌മെന്റ് സിസ്റ്റവും കുടുംബശ്രീ രൂപീകരിക്കും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പുറമേ വിവിധ വിഷയങ്ങളിലുള്ള വീഡിയോകളും കേസ് സ്റ്റഡികളും പരിശീലനങ്ങളും ഉള്‍പ്പെടെയുള്ള വ്യത്യസ്ത പഠന സാമഗ്രികളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുപരിയായി ഈ പഠന സാമഗ്രികളും പിന്തുടര്‍ന്ന് പരിശീലനം മികച്ചതാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 എന്‍.ആര്‍.എല്‍.എമ്മിന്റെ ഭാഗമായുള്ള ഈ പരിശീലന മൊഡ്യൂളുകള്‍ക്ക് അന്തിമ അംഗീകാരം ലഭിച്ചശേഷം പരിശീലന പരിപാടികള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

 

Content highlight
എസ്.വി.ഇ.പി പ്രോജക്ടിന്റെ മാതൃകയിലാണ് എന്‍.ആര്‍.ഇ.ടി.പി എന്നതിനാല്‍ തന്നെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കയതിന്റെ അനുഭവജ്ഞാനത്തില്‍ കുടുംബശ്രീയ്ക്ക് ബി.ഡി.എസ്.പിമാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുമെന്നതാണ് ദേശീയ ഗ്രാമീണ ഉപജീവന ദൗത

കുട്ടികളുടെ മാനസികാരോഗ്യത്തിനായി കണ്ണൂരിന്റെ കളിമുറ്റം

Posted on Monday, February 1, 2021

കോവിഡ്- 19നെത്തുടര്‍ന്നുണ്ടായ ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും കുട്ടികളെ ഏറെ ബാധിച്ചിരിക്കുന്നുവെന്നും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നുമുള്ള ചിന്തയില്‍ ജില്ലയിലെ കുടുംബശ്രീ ബാലസഭകള്‍ മുഖേന കണ്ണൂര്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പരിപാടിയാണ് കളിമുറ്റം. ശിശുവികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വകുപ്പുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നാണ് കുട്ടികളുടെ ഈ സമഗ്ര വികസന പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ലൈബ്രറി കൗണ്‍സില്‍, സമഗ്ര ശിക്ഷ അഭിയാന്‍, ഐ.സി.ഡി.എസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സര്‍വീസസ്) എന്നിവയുടെയെല്ലാം സംയോജനത്തോടെയാണ്  പദ്ധതിയുടെ നടത്തിപ്പ്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചരക്കണ്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2021 ജനുവരി 28ന് നടന്നു.

  കുട്ടികളുടെ ശാരീരിക, സാമൂഹിക, മാനസികാരോഗ്യ വികസനമാണ് കളിമുറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികമായി തെരഞ്ഞെടുക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ബാലസഭകളില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംവദിക്കുകയും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി ജില്ലാ മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ അവശ്യമായ സഹായം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പഠ്യേതര പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസനം, സാമൂഹ്യ സേവന മനോഭാവം വളര്‍ത്തിയെടുക്കല്‍, കലാ- കായിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ലിംഗ അവബോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഈ ഏകോപന പദ്ധതിയിലൂടെ നടത്തും. കോവിഡ്- 19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചാകും ഓരോ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

 കുട്ടികള്‍ക്ക് അവരുടെ സമപ്രായക്കാരുമായി ചേര്‍ന്ന് ഉത്പാദനപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ സാമൂഹിക- മാനസിക പിന്തുണയ്ക്കുള്ള റഫറല്‍ സംവിധാനം വികസിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. അയല്‍ക്കൂട്ടതലം (ബാലസഭാതലം), എ.ഡി.എസ് തലം, പഞ്ചായത്ത് തലം, ജില്ലാതലം എന്നിങ്ങനെ നാല് തലങ്ങളിലായാണ് കളിമുറ്റം പരിപാടി നടത്തുന്നത്. കളിമുറ്റം മുഖേന നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ താഴെ നല്‍കുന്നു.

1. പാഠ്യ പ്രവര്‍ത്തനങ്ങള്‍- കുട്ടികള്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളെ അധികരിച്ചുള്ള പ്രവര്‍ത്തനങ്ങളാണിവ. പ്രാദേശിക ചരിത്രവിവരം തേടല്‍ (സാമൂഹ്യപാഠം), പച്ചക്കറിത്തോട്ടം ഒരുക്കല്‍, ഉദ്യാനപരിപാലനം (ബോട്ടണി), പുസ്തക ചര്‍ച്ച, കവിതാലാപനം (ഭാഷാ പഠനം), പക്ഷീ നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം (സുവോളജി, ബോട്ടണി)
2. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍- കലയുമായി ബന്ധപ്പെട്ടത് (പുസ്തകങ്ങള്‍, കവിതകള്‍, സംഗീതം, കരകൗശല വസ്തു നിര്‍മ്മാണം, ഒറിഗാമി), സ്‌പോര്‍ട്‌സ്-ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ടത് (സൈക്ലിങ് ഗ്രൂപ്പുകള്‍, മാരത്തണ്‍, നടത്തം)
3. വ്യക്തിത്വ വികസനം, ലിംഗ സമത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ (ഡോക്ടര്‍ കിഡ്- കോവിഡ് പ്രതികരണത്തിനും അവബോധത്തിനും, പാചകം- ആണ്‍പെണ്‍ ഭേദമില്ലാതെ, വീട്ടുജോലികള്‍ - ആണ്‍പെണ്‍ ഭേദമില്ലാതെ, വീടും പരിസരവും വൃത്തിയാക്കല്‍- ആണ്‍പെണ്‍ ഭേദമില്ലാതെ)
4. സാമൂഹ്യസേവന മനോഭാവം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍- പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ അഭിമുഖങ്ങളും ഇവര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനങ്ങളും. സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം  പൊതു ഇടങ്ങള്‍, വഴികള്‍ എന്നിവയുടെ ശുചീകരണം.

Content highlight
കുട്ടികള്‍ക്ക് അവരുടെ സമപ്രായക്കാരുമായി ചേര്‍ന്ന് ഉത്പാദനപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ സാമൂഹിക- മാനസിക പിന്തുണയ്ക്കുള്ള റഫറല്‍ സംവിധാനം വികസിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.