ബഡ്സ് സ്‌കൂളുകളിലും ആഘോഷമായി പ്രവേശനോത്സവം

Posted on Tuesday, June 8, 2021

കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയോജന പദ്ധതിയായ ബഡ്‌സ് സ്ഥാപനങ്ങളിലും പ്രവേശനോത്സവം ആഘോഷമായി. ബഡ്സ് സ്‌കൂളുകളിലും ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലും ഓണ്‍ലൈന്‍ സങ്കേതം ഉപയോഗിച്ച് സ്ഥാപനതലത്തില്‍  പ്രവേശനോത്സവം മികച്ച രീതിയില്‍ സംഘടിപ്പിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന 342 ബഡ്സ് സ്ഥാപനങ്ങളിലായി 9545 കുട്ടികളാണ് പഠനവും പരിശീലനവും നേടുന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് നടന്ന പ്രവേശനോത്സവത്തിന് ശേഷം ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും ബഡ്സ് വിദ്യാര്‍ത്ഥികളെ സകുടുംബം ഭാഗമാക്കിക്കൊണ്ട് ഓണ്‍ലൈനായാണ് ബഡ്സ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ജനപ്രതിനിധികളും, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരും, അധ്യാപകരും, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലയിലുള്ളവരും ഓണ്‍ലൈനായി നടത്തിയ ഈ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

  കഴിഞ്ഞവര്‍ഷം മുതല്‍ ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളായിരുന്നു നല്‍കിവരുന്നത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകള്‍ നല്‍കിത്തുടങ്ങിയപ്പോള്‍ ബഡ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഫലപ്രദമായി വിവിധ ക്ലാസ്സുകളും പരിശീലനങ്ങളും നല്‍കുകയായിരുന്നു. സ്‌കൂളുകളില്‍ പോകാന്‍ കഴിയാത്തത് കുട്ടികളെ പലപ്പോഴും അസ്വസ്ഥരാക്കുന്നുവെന്ന് മനസ്സിലാക്കിയ സാഹചര്യത്തില്‍ ബഡ്സ് ടീച്ചര്‍മാരും, ആയമാരുമാരും, വിഷയ വിദഗ്ധരുമായി കൂടിയാലോചിച്ച് വ്യത്യസ്ത പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

  അധ്യാപകര്‍ ക്ലാസ്സുകളുടെ വീഡിയോ തയാറാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും വീഡിയോകള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. മാതാപിതാക്കള്‍ വീഡിയോ കുട്ടികളെ കാണിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലിരുന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും അസൈന്‍മെന്റുകളും മറ്റും കുട്ടികളെ കൊണ്ട് പൂര്‍ത്തിയാക്കി അധ്യാപകര്‍ക്ക് പരിശോധിക്കുന്നതിനായി നല്‍കുകയും ചെയ്തുവന്നു. കൂടാതെ ഓരോ വീഡിയോ ക്ലാസ്സുകള്‍ക്കും അനുസൃതമായ വര്‍ക്ക് ഷീറ്റുകള്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കുകയും കുട്ടികള്‍ അത് പൂര്‍ത്തീകരിച്ച്  അധ്യാപകര്‍ക്ക് അയച്ചു നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ കുട്ടികളെ ഫലപ്രദമായ രീതിയില്‍ ഈ ക്ലാസ്സുകളുടെ ഭാഗമാക്കി പൂര്‍ണ്ണമായും ഓരോ കുട്ടിയുമായും നേരിട്ട് ഇടപെട്ട്  ഇന്ററാക്ടീവായ രീതിയിലാണ് ഈ പ്രവര്‍ത്തനം നടപ്പിലാക്കിയത്.  ഓരോ സ്ഥാപനത്തിലെയും അധ്യാപകര്‍, അവിടുത്തെ വിദ്യാര്‍ത്ഥികളുടെ പ്രത്യേക സവിശേഷതകള്‍ അറിഞ്ഞ് തയാറാക്കിയ വ്യക്തിഗത പ്ലാനുകള്‍ അനുസരിച്ചുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങളും (ചിത്രരചന, പത്രവായന, അക്ഷരപഠനം, സംഗീത പഠനം, തയ്യല്‍ പഠനം അടുക്കള ജോലിക്ക് ഒപ്പം ചേരല്‍, കരകൗശല വസ്തു നിര്‍മ്മാണം, പച്ചക്കറി പരിപാലനം തുടങ്ങിയവ) ചെയ്യിപ്പിച്ചു. വാട്സ്ആപ്പ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കുട്ടികളുടെ പ്രവര്‍ത്തനങ്ങളുടെ നിരന്തര മേല്‍നോട്ടം നടത്തുകയും ചെയ്തു.

  ബഡ്സ് സ്ഥാപനം സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഭിന്നശേഷിക്കാരായ എല്ലാവരുടെയും ക്ഷേമം ഉറപ്പു വരുത്തേണ്ടത് ബഡ്‌സിലെ അധ്യാപകരുടെ കടമ ആണെന്ന് മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഭിന്നശേഷിക്കാരായ കുട്ടികളില്‍ പലര്‍ക്കും തെറാപ്പികള്‍  വളരെ അത്യാവശ്യമായിരുന്നതിനാല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോംപോസിറ്റ് റീജിയണല്‍ സെന്റര്‍ (സി.ആര്‍.സി) മുഖേന 6 ജില്ലകളില്‍ തെറാപ്പി ഏറ്റവും അത്യാവശ്യമായിട്ടുള്ള ബഡ്‌സിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ആയി തെറാപ്പി സേവനവും ആരംഭിച്ച് ഇപ്പോഴും നല്‍കി വരുന്നു. ഇത് കൂടാതെ അതാത് ജില്ലകള്‍ ഓരോ പ്രദേശത്തെയും സൗകര്യങ്ങള്‍ അനുസരിച്ച് നിരവധി ആശയങ്ങളും ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരുന്നു.

 കഴിഞ്ഞവര്‍ഷത്തേത് പോലുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി ഈ വര്‍ഷവും തുടരും. എല്ലാ ബഡ്സ്  അധ്യാപകരും ഒന്നിടവിട്ട ദിവസങ്ങളില്‍ കുട്ടികളെ ഫോണില്‍ വിളിക്കുകയോ, വീഡിയോ കോളിലൂടെ സംസാരിക്കുകയോ ചെയ്യുന്നതിനും, ആഴ്ചയില്‍ ഒരിക്കലെങ്കിലും ഓണ്‍ലൈനില്‍ കുട്ടികളെയും മാതാപിതാക്കളെയും പങ്കെടുപ്പിച്ച് ക്ലാസുകള്‍ നല്‍കുന്നതിനും അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം, മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് ഉറപ്പു വരുത്താനും അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക ആരോഗ്യത്തിനുതകുന്ന പരിശീലനങ്ങള്‍ ഓണ്‍ലൈനായി കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ നല്‍കുന്നതാണ്.

 

Content highlight
BUDS Schools celebrate Admission Festival in joyous mode mlm