പാഠപുസ്തക വിതരണത്തില്‍ സജീവമായി കുടുംബശ്രീ അംഗങ്ങള്‍

Posted on Saturday, June 5, 2021

കേരളത്തിലെ സ്‌കൂളുകളിലേക്കുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി കുടുംബശ്രീ അംഗങ്ങള്‍. ഈ വര്‍ഷം മുതലാണ് എല്ലാ ജില്ലകളിലും ഈ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചത്. പുസ്തകം പ്രിന്റ് ചെയ്യുന്ന കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി (കെ.ബി.പി.എസ്) 14 ജില്ലകളിലുമായുള്ള 15 ഹബ്ബുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുന്നു. ഈ ഹബ്ബുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരു ടീം പ്രവര്‍ത്തിച്ചുകൊണ്ട് പുസ്തകങ്ങള്‍ ആ ജില്ലയിലുള്ള വിവിധ സൊസൈറ്റികളുടെ ആവശ്യം അനുസരിച്ച് തരംതിരിച്ച് തയാറാക്കി വാഹനങ്ങളില്‍ കയറ്റി കൃത്യസമയത്ത് സ്‌കൂളുകളിലേക്ക് വിതരണത്തിനായി എത്തിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനമാണ് ഇപ്പോള്‍ കുടുംബശ്രീ നടപ്പിലാക്കിവരുന്നത്. 15 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ 320 കുടുംബശ്രീ അംഗങ്ങളാണ് നിലവില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി വരുന്നത്.

  പാഠപുസ്തക വിതരണം പൂര്‍ണ്ണമായും ഏറ്റെടുക്കാനുള്ള അവസരം കുടുംബശ്രീയ്ക്ക് ലഭിച്ചത് 2021 ജനുവരിയിലാണ്. ഫെബ്രുവരിയോടെ ഹബ്ബിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ളവരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സജ്ജമാക്കി. ഫെബ്രുവരി മാസത്തില്‍ തന്നെ കെ.ബി.പി.എസില്‍ നിന്നുള്ള ആദ്യ ലോട്ട് എത്തുകയും സൊസൈറ്റികളില്‍ നിന്നുള്ള ആവശ്യകത അനുസരിച്ച് ഇത് തരംതിരിച്ച് തയാറാക്കുന്ന പ്രവര്‍ത്തനം കുടുംബശ്രീ അംഗങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളും പിന്നീട് ലോക്ഡൗണും നിലവില്‍ വന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. മേയ് മൂന്നാം ആഴ്ച മുതല്‍ പാഠപുസ്തക വിതരണം അവശ്യ സേവന പട്ടികയില്‍ ഉള്‍പ്പെടുത്തി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് ഈ പ്രവര്‍ത്തനം പുനഃരാരംഭിക്കുകയായിരുന്നു.

സ്‌കൂളുകള്‍ തുറന്ന്, കഴിഞ്ഞവര്‍ഷത്തെ റിവിഷന്‍ കാലയളവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മുഴുവന്‍ പാഠപുസ്തകങ്ങളും കെ.ബി.പി.എസില്‍ നിന്ന് ലഭ്യമാക്കി വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മേയ് 30 വരെ 70 ശതമാനം പുസ്തകം ഹബ്ബുകളില്‍ നിന്ന് സൊസൈറ്റികളിലേക്ക് വിതരണം ചെയ്തുകഴിഞ്ഞു. കുറച്ച് മാസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന തൊഴില്‍ അവസരമാണെങ്കിലും ഏറെ പ്രധാനപ്പെട്ട ഒരു സേവനത്തിലൂടെ താത്ക്കാലികമായ വരുമാന മാര്‍ഗ്ഗമാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.
 

textbook distribution

 

Content highlight
Kudumbashree members active in textbook distribution