വാര്‍ത്തകള്‍

സംസ്ഥാന ബജറ്റ് 2026- 2027; കുടുംബശ്രീക്ക് 275 കോടി

Posted on Friday, January 30, 2026

സംസ്ഥാന ധനകാര്യമന്ത്രി അവതരിപ്പിച്ച 2026-2027 വാർഷിക ബജറ്റിൽ കുടുംബശ്രീക്ക് കൈനിറയെ നേട്ടം. 275 കോടി രൂപയാണ് കുടുംബശ്രീക്ക്  അനുവദിച്ചത്. സൂക്ഷ്മസംരംഭങ്ങൾ, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാൻസ്, ഉപജീവന പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതിൽ 22.27 കോടി രൂപ കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപുലമായ പ്രചാരവും വിപണനവും ഉൾപ്പെടുന്ന മാർക്കറ്റിങ്ങ് ശൃംഖല ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്.

പ്രാദേശിക കാർഷിക ഉൽപന്നങ്ങളെ ശാസ്ത്രീയമായ സംസ്ക്കരണത്തിലൂടെ പ്രീമിയം ബ്രാൻഡുകളാക്കി മാറ്റുന്നതിനും കുടുംബശ്രീ അംഗങ്ങൾക്ക് ആഗോളവിപണിയിൽ മത്സരിക്കാൻ കഴിയും വിധമുളള സാങ്കേതിക പരിശീലനം നൽകുന്നതിനുമായി ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാമീണ വനിതാ തൊഴിലിടങ്ങൾ പദ്ധതിയും കുടുംബശ്രീക്ക് നേട്ടമാകും. സ്വകാര്യ പങ്കാളിത്തത്തോടെയും സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെയും നടപ്പാക്കുന്ന പദ്ധതിക്കായി 10 കോടി രൂപയാണ്  വകയിരുത്തിയിട്ടുള്ളത്. ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ചതൊഴിലും വരുമാനവും നേടാൻ പദ്ധതി സഹായകമാകും.

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി വ്യാപിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ 184 ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കെ-ഇനം എന്ന ബ്രാൻഡിൽ പ്രീമീയം ബ്രാൻഡ് ഭക്ഷേ്യാൽപന്നങ്ങൾ തയ്യാറാക്കി ആഗോള വിപണിയിലെത്തിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം(കെ-ടാപ്) പദ്ധതിയും ബജറ്റിൽ പ്രതേ്യക പരാമർശം നേടി.

ഇതര വകുപ്പുകൾ മുഖേന നടപ്പാക്കുന്നതിനായി പ്രഖ്യാപിച്ച പുതിയ പദ്ധതികളിലും കുടുംബശ്രീക്ക് നേട്ടമുണ്ട്. പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ മുഖേന നടപ്പാക്കുന്ന "വനിതാ സമൃദ്ധി-സ്ത്രീ ശാക്തീകരണ പരിപാടി' എന്ന പുതിയ പദ്ധതിക്ക് ബജറ്റിൽ പത്തു കോടി രൂപ വകയിരുത്തി. പട്ടികജാതി വിഭാഗത്തിലെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി അയൽക്കൂട്ട വനിതകൾക്ക് ഗുണകരമാകും.

തിരുവനന്തപുരത്തെ മാനവീയം മാതൃകയിൽ പെരളശ്ശേരിയിൽ ഒരു സ്ഥിരം നിശാജീവിത സാംസ്കാരിക ഇടനാഴി സ്ഥാപിക്കുന്നതിനായി 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ കുടുംബശ്രീ അംഗങ്ങൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുളള മാർക്കറ്റുകളും ഉണ്ടാകും.

സാമൂഹ്യനീതി, വനിതാ ശാക്തീകരണം, സാമ്പത്തിക സുരക്ഷിതത്വം എന്നിവ ലക്ഷ്യമാക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് ആരംഭിച്ച ഗ്രൂപ്പ് ബെനഫിറ്റ് സ്കീമിൽ നിലവിൽ 14 ലക്ഷത്തോളം അംഗങ്ങളുണ്ട്. 5000-ത്തോളം അംഗങ്ങൾക്കായി 14 കോടി രൂപയോളം നഷ്ടപരിഹാരമായി നൽകുകയും ചെയ്തിട്ടുണ്ട്.

Content highlight
275 allocation for kudumbashree in kerala budget 2026-27

കുടുംബശ്രീ റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുന്നു: മന്ത്രി എം.ബി. രാജേഷ്

Posted on Thursday, January 29, 2026

കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും   സംരംഭകർക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെ-യിൽ രംഗത്ത് ചുവടുറപ്പിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മികച്ച ഗുണനിലവാരത്തിലും ആകർഷകമായ പായ്ക്കിങ്ങിലും തയ്യാറാക്കുന്ന കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉൽപന്നങ്ങൾക്കു ബദലാകാൻ കഴിയുമെന്നും ഇതിലൂടെ കുടുംബശ്രീ പുതിയ തലങ്ങളിലേക്കെത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകൾ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കിക്കൊണ്ട് സുസ്ഥിര വരുമാന ലഭ്യതയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

വിപണന രംഗത്തേക്ക് വാണിജ്യാടിസ്ഥാനത്തിൽ മാറുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ റീട്ടെയിൽ മേഖലയിലേക്ക് കടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. കുടുംബശ്രീ ഏകീകൃത ബ്രാൻഡിൽ പുറത്തിറക്കിയിട്ടുള്ള കറിപൗഡറുകൾ, പുട്ടുപൊടി, അപ്പപ്പൊടി, സാമ്പാർ മസാല, ചിക്കൻ മസാല, വെജ് മസാല, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിപ്സ്, ശർക്കര വരട്ടി തുടങ്ങിയ ഉൽപന്നങ്ങളോടൊപ്പം ഒാരോ ജില്ലയിലെയും മികച്ച സംരംഭകർ ഉൽപാദിപ്പിക്കുന്ന മികച്ച ഉൽപന്നങ്ങളുമാണ് ആദ്യഘട്ടത്തിൽ ഡിസ്ട്രിബ്യൂഷൻ ഏജൻസികൾ വഴി വിപണനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്.  ഇതു കൂടാതെ ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തയ്യാറാക്കിയ "കെ-ഇനം' ബ്രാൻഡഡ് മൂല്യവർധിത ഉൽപന്നങ്ങളും ഡിസ്ട്രിബ്യൂട്ടർമാർ വഴി വിപണിയിലെത്തിക്കും. ഡയബറ്റിക് മിക്സ്, പാനീയങ്ങൾ, കോഫി ക്യൂബ്സ്, വിർജിൻ കോക്കനട്ട് ഒായിൽ, ന്യൂട്രീബാർ, ടൂട്ടിഫ്രൂട്ടി, ബേബി പൗഡർ, കപ്പ കൊണ്ടുള്ള മിക്സചർ, മുറുക്ക്, പക്കാവട, കുക്കീസ്, ഏത്തപ്പഴം കൊണ്ടുള്ള ഹെൽത്ത് മിക്സ്, ഫ്രൂട്ട് ബാർ, പാസ്ത, ഹൈഡ്രേറ്റഡ് ബനാന, മുരിങ്ങയില പൗഡർ, മുരിങ്ങക്കായ പൗഡർ, കുക്കീസ്, മാംഗോ ഫ്രൂട്ട് ബാർ, മില്ലറ്റ് കൊണ്ടുള്ള വിവിധ പലഹാരങ്ങൾ എന്നിവയാണ് "കെ-ഇനം' ബ്രാൻഡിൽ എത്തുന്ന ഉൽപന്നങ്ങൾ.  

ഉൽപന്നങ്ങൾ വിതരണത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി കരാർ ആയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ നൂറിലേറെ ഉൽപന്നങ്ങൾ വിതരണത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ നടപടികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള സംരംഭകർക്ക് പുറമേ, കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് തൊഴിൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾ തുടങ്ങാനും അവസരമൊരുക്കും.

ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിൽ അംഗങ്ങളായ 5000-ലേറെ ഡിസ്ട്രിബ്യട്ടർമാർ മുഖേന രാജ്യമെമ്പാടുമുളള ഷോപ്പുകളിൽ കുടുംബശ്രീയുടെ ഉൽപന്നങ്ങളെത്തിക്കുന്നതിനാണ് പദ്ധതി.  ഇതിനായി 14 ജില്ലകളിലും പ്രധാനപ്പെട്ട ഡിസ്ട്രിബ്യൂഷൻ ഏജൻസികളെ കണ്ടെത്തി അവരെ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ബി 2 ബി മീറ്റുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. ഇതിൽ 900-ലേറെ സംരംഭകരും 227 ഡിസ്ട്രിബ്യൂട്ടർമാരും പങ്കെടുത്തു. ഏജൻസികളും സംരംഭകരുമായി നേരിട്ട് സംവദിക്കുന്നതിനും ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും വില, മാർജിൻ എന്നിവയിൽ ധാരണയാകുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ "കെ-ഇനം' എന്ന പുതിയ ബ്രാൻഡിൽ തയ്യാറാക്കിയ 30 കാർഷിക മൂല്യവർധിത ഭക്ഷ്യവിഭവങ്ങളുടെ ആഗോളതല ലോഞ്ചിങ്ങ്  17ന് എറണാകുളത്ത് സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് സ്വിറ്റ്സർലൻഡ്, ഗൾഫ്, യു.കെ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും കുടുംബശ്രീ ഉൽപന്നങ്ങൾക്ക്  ആവശ്യകത ഉയരുന്നുണ്ട്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹരീന്ദ്രബാബു, കൊല്ലം ജില്ലാ പ്രസിഡന്റ് ജി.പി നായർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഹാഷിം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.വി കണ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

 

Content highlight
kudumbashree to focus more on retail

കുടുംബശ്രീ ബഡ്സ് ഒളിമ്പിയയ്ക്ക് സമാപനം: കായിക കിരീടം സ്വന്തമാക്കി പത്തനംതിട്ട

Posted on Tuesday, January 27, 2026

കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച കായികോത്സവം "ബഡ്സ് ഒളിമ്പിയ'യിൽ കിരീടം സ്വന്തമാക്കി പത്തനംതിട്ട. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കൊല്ലവും കണ്ണൂരും ഉയർത്തിയ വെല്ലുവിളിയെ അവസാന ലാപ്പിൽ മിറകടന്നാണ് പത്തനംതിട്ട കിരീടത്തിൽ മുത്തമിട്ടത്. കണ്ണൂർ പോലീസ് സിന്തറ്റിക് ഗ്രൗണ്ടിൽ നടന്ന കായികോത്സവത്തിൽ 71 പോയിന്റോടെയാണ് പത്തനംതിട്ട കിരീടം സ്വന്തമാക്കിയത്. 52 പോയിന്റുമായി കൊല്ലം ജില്ലയും 48 പോയിന്റുമായി ആതിഥേയരായ കണ്ണൂർ ജില്ല മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ വർഷവും കണ്ണൂർ ജില്ല മൂന്നാം സ്ഥാനം നേടിയിരുന്നു. ഇക്കുറി നാല് പോയിന്റുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. സമാപന സമ്മേളനം കണ്ണൂർ കോർപ്പറേഷൻ മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷനായി.

 സമാപന ദിനമായ ഇന്നലെ(24-1-2026) 30 മത്സരങ്ങളാണ് നടന്നത്. രാവിലെ ട്രാക്കുണർന്നപ്പോൾ മുതൽ ആവേശകരമായ മത്സരങ്ങൾക്കാണ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. സബ് ജൂനിയർ വിഭാഗത്തിൽ കൊല്ലം ജില്ലയിലെ ശ്രീനന്ദനനും തിരുവനന്തപുരം ജില്ലയിലെ ആദിത്യയും ജൂനിയർ വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ മുഹമ്മദ് ഉഫൈസും പത്തനംതിട്ട ജില്ലയിലെ അമൃതയും ചാമ്പ്യൻമാരായി. സീനിയർ വിഭാഗത്തിൽ കോട്ടയം ജില്ലയിലെ ശ്രീരാജും പത്തനംതിട്ട ജില്ലയിലെ ഗൗരികൃഷ്ണയും വ്യക്തിഗത ചാമ്പ്യൻമാരായി.

ടി.ഐ മധുസൂദനൻ എം.എൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം എ.വി ലെജു, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഒാഫീസർ പി ബിജു, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ വിജിത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം. വി ജയൻ നന്ദിയും പറഞ്ഞു.  

Content highlight
buds olympia2026 pathanamthitta

കുടുംബശ്രീ ബഡ്സ് ഒളിമ്പിയയ്ക്ക് ആവേശത്തുടക്കം; ആദ്യ ദിനം 11 പോയിന്റുമായി കണ്ണൂർ ജില്ല മുന്നിൽ

Posted on Saturday, January 24, 2026

കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കായികോത്സവം "ബഡ്സ് ഒളിമ്പിയ'ക്ക് കണ്ണൂരിൽ ആവേശത്തുടക്കം. കണ്ണൂർ പോലീസ് സിന്തറ്റിക് ഗ്രൗണ്ടിൽ ഇന്നലെ(23-1-2026) കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ബഡ്സ് ഒളിമ്പിയ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ എം.വി ജയൻ അധ്യക്ഷത വഹിച്ചു.   ജില്ലാതല ബഡ്സ് കായിക മേളയിലെ വിജയികളായ 380 കായികതാരങ്ങളാണ് ഇതിൽ മത്സരിക്കുന്നത്.

ഉദ്ഘാടന ദിനമായ ഇന്നലെ(23-1-2026) ട്രാക്കിൽ 15 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 11 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. പത്തു പോയിന്റ് വീതം നേടി കോട്ടയം, മലപ്പുറം, വയനാട് ജില്ലകൾ രണ്ടാം സ്ഥാനത്തും ഒമ്പത് പോയിന്റുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ന്(24-1-2026) 30 ഇനങ്ങളിൽ മത്സരം നടക്കും.

കണ്ണൂർ ഡെപ്യൂട്ടി മേയർ കെ.പി താഹിർ, മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ എൻ ഷാജിത് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ബോബി എണ്ണച്ചേരിൽ, രജനി മോഹൻ, എ പ്രദീപൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി ഷക്കീൽ, നഗരസഭാ വികസന കാര്യ സ്ഥിരസമിതി അധ്യക്ഷ ലിസ ദീപക്, എസ്.കെ.പി സക്കറിയ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം സുനിൽ കുമാർ എന്നിവർ ആശംസിച്ചു.  കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ വിജിത്ത് നന്ദി പറഞ്ഞു.

ബ്ഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് ബഡ്സ് ഒളിമ്പിയയ്ക്ക് തുടക്കമിട്ടത്. കായിക താരങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശീലനവും നൽകുന്നുണ്ട്.  ബഡ്സ് ഒളിമ്പിയ ഇന്ന് സമാപിക്കും.

 

Content highlight
buds olympia2026

കുടുംബശ്രീ ടേക്ക് എവേ കൗണ്ടറുകൾക്ക് സമാരംഭം

Posted on Saturday, January 24, 2026

സ്വാദിഷ്ഠമായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ "മീറ്റ് പോയിന്റ്'ടേക്ക് എവേ കൗണ്ടറുകൾക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കുന്നുകുഴി മുളവന ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി നിർവഹിച്ചു. ഇതോടെ സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീയുടെ 24 മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകൾ നിലവിൽ വന്നു. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലുമായി ആകെ 50 ടേക്ക് എവേ കൗണ്ടറുകൾ  ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 

ആരോഗ്യകരവും രുചികരവുമായ ഭക്ഷണ വിഭവങ്ങൾക്ക് മിതമായ നിരക്കിൽ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിന് മീറ്റ് പോയിന്റ് ടേക്ക്  എവേ കൗണ്ടറുകൾ സഹായകമാകുമെന്ന് വി.പ്രിയദർശിനി പറഞ്ഞു.  

 പ്രഭാത ഭക്ഷണം, രാത്രിഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവയാണ് ടേക്ക് എവേ കൗണ്ടറുകളിൽ ലഭ്യമാവുക. കൂടാതെ ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗ്ഗെറ്റ്സ്, ചിക്കൻ കബാബ്, ചിക്കൻ മോമോസ്, ചിക്കൻ സമൂസ, ചിക്കൻ 65, ചിക്കൻ ലോലിപോപ്, ചിക്കൻ ബ്രീഡഡ് പോപ്സ്, ചിക്കൻ മീറ്റ് ബോൾസ് എന്നിങ്ങനെ വിവിധ ചിക്കൻ വിഭവങ്ങളും ലഭിക്കും. ധനശ്രീ അയൽക്കൂട്ട അംഗവും സംരംഭകയുമായ  ആരോഗ്യ മേരിയാണ് മുളവന ജംഗ്ഷനിൽ ആരംഭിച്ച ടേക്ക് എവേ കൗണ്ടർ നടത്തുന്നത്.

ഭക്ഷ്യവിഭവങ്ങളുടെ ഗുണമേൻമ,  അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലടക്കം ഏകീകൃകത മാതൃകയിലാണ് സംരംഭം തുടങ്ങുന്നത്. കുടുംബശ്രീ കഫേ/ കാന്റീൻ യൂണിറ്റുകൾക്ക് ഒരു സ്ഥിരവരുമാന മാർഗം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയുടെ തുടക്കം. തിരഞ്ഞെടുത്ത യൂണിറ്റ് അംഗങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ മീറ്റ് പ്രോഡക്ട്സ് ഒാഫ് ഇൻഡ്യയുമായി സഹകരിച്ചുകൊണ്ട് ഭക്ഷ്യവിഭവങ്ങൾ, റെസിപ്പി എന്നിവ തയ്യാറാക്കൽ, ഫുഡ് പായ്ക്കിങ്ങ്,  പർച്ചേസിങ്ങ്,  മാർക്കറ്റിങ്ങ് എന്നിവയിലടക്കം മികച്ച പരിശീലനവും ലഭ്യമാക്കിയിരുന്നു. ടേക്ക് എവേ കൗണ്ടറുകൾ എല്ലായിടത്തും പൂർത്തിയാകുന്നതോടെ ഇരുനൂറിലേറെ വനിതകൾക്ക് സുസ്ഥിരതൊഴിലും വരുമാനവും ലഭ്യമാകും.

ടേക്ക് എവേ കൗണ്ടറുകൾ തുടങ്ങാൻ താൽപര്യമുളള അയൽക്കൂട്ട / ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അതത് കുടുംബശ്രീ ജില്ലാ മിഷൻ ഒാഫീസുമായി ബന്ധപ്പെടാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനവും സാമ്പത്തിക പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.

വാർഡ് കൗൺസിലർ മേരി പുഷ്പം, സി.ഡി.എസ് അധ്യക്ഷ വിനീത, കുടുംബശ്രീ പബ്ളിക് റിലേഷൻസ്  ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ മുഹമ്മദ് ഷാൻ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ  ഷൈജു ആർ.എസ്, അഞ്ജിമ സുരേന്ദ്രൻ സി, അഖിലേഷ് എ, ജില്ലാ പ്രോഗ്രാം മാനേജർ നവജിത്ത്  എന്നിവർ പങ്കെടുത്തു.  

Content highlight
meet point take away counters

കുടുംബശ്രീ "ഉയരെ'  കലാജാഥയ്ക്ക് തുടക്കമായി

Posted on Saturday, January 24, 2026

കുടുംബശ്രീ "നയിചേത്ന 4.0--ഉയരെ' ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതല കലാജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റർഗ്രൂപ്പായ രംഗശ്രീ സംസ്ഥാന കൺസോർഷ്യത്തിൽ അംഗങ്ങളായ വനിതകളാണ് സംസ്ഥാനമൊട്ടാകെ കലാജാഥ അവതരിപ്പിക്കുക.  ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാക്കുന്ന വിവിധ പിന്തുണാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് കലാജാഥയിലൂടെ ബോധവൽക്കരണം നടത്തുകയാണ് ലക്ഷ്യം.

 

ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി കലാജാഥ ഫ്ളാഗ് ഒാഫ് ചെയ്തു. അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായ സ്ത്രീകളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ അവർക്ക് ജീവനോപാധി ഒരുക്കിക്കൊടുക്കാനുമുളള സംരംഭമാണ് രംഗശ്രീയെന്ന് വി.പ്രിയദർശിനി പറഞ്ഞു. സ്ത്രീകൾ കഴിവ് തെളിയിച്ചിട്ടില്ലാത്ത ഒരു മേഖലയും ഇന്നില്ല. ലിംഗനീതിയും ലിംഗാവബോധവുമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായുള്ള പ്രവർത്തനങ്ങൾ കുടുംബത്തിൽ നിന്നു തന്നെ തുടങ്ങണം. കുടുംബശ്രീയുടെ ഉയരെ കലാജാഥ ഈ ലക്ഷ്യം കൈവരിക്കുന്നതിന് സഹായകമാകുമെന്നും അവർ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നാരംഭിച്ച് ഫെബ്രുവരി മൂന്നിന് കാസർകോട് സമാപിക്കും. തിരുവനന്തപുരം,ആറ്റിങ്ങൽ, വർക്കല,  കൊല്ലം, പെരിനാട്, കൊട്ടാരക്കര, പത്തനംതിട്ട, അടൂർ, തിരുവല്ല,  ആലപ്പുഴ, മാവേലിക്കര, ഹരിപ്പാട്, ചങ്ങനാശ്ശേരി, കോട്ടയം, പാല, തൊടുപുഴ, അടിമാലി, നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കൊടുങ്ങല്ലൂർ, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, രാമനാട്ടുകര, കോഴിക്കോട്, താമരശ്ശേരി, കൽപ്പറ്റ, മീനങ്ങാടി, മാനന്തവാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ കലാജാഥ അവതരിപ്പിക്കും.

സ്റ്റേറ്റ് ജെൻഡർ അഡൈ്വസർ ഡോ.ടി.കെ ആനന്ദി, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു എന്നിവർ പങ്കെടുത്തു.

Content highlight
UYARE rangashree kalajadha

ഭാവനാത്മക സംരംഭക ആശയങ്ങളുമായി  ബാലസഭാംഗങ്ങൾ: ലിയോറ ഇന്നൊവേഷൻ കോൺക്ളേവിന് അഭിമാനകരമായ പരിസമാപ്തി

Posted on Saturday, January 24, 2026

ഉയർന്ന ചിന്തയും വൈവിധ്യവും ഭാവനാപൂർണവുമായ സംരംഭക ആശയങ്ങളും ഉയർന്ന "ലിയോറ' ബാലസഭ ഇന്നൊവേഷൻ കോൺക്ളേവിന് അഭിമാനകരമായ പരിസമാപ്തി. കേരള സ്റ്റാർട്ടപ് മിഷൻ ക്യാമ്പസിൽ 17,18 തീയതികളിലായി സംഘടിപ്പിച്ച കോൺക്ളേവിൽ സുരക്ഷിതവും വിശ്വസനീയവുമായ സ്മാർട്ട് വോട്ടിങ്ങ് മെഷീൻ രൂപകൽപന ചെയ്ത് അവതരിപ്പിച്ച കണ്ണൂർ ജില്ലയിൽ നിന്നുളള ബാലസഭാംഗം ശിവനന്ദ് ഒന്നാം സ്ഥാനം നേടി. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് വൈദ്യുതി ഇല്ലാതെ വരുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കാൻ  "ഹാൻഡ് ക്രാങ്ക് പവർ ബാങ്ക്' രൂപകൽപന ചെയ്ത തിരുവനന്തപുരം ജില്ലയിലെ വിഷ്ണു വി.എസ് രണ്ടാം സ്ഥാനവും ഡയപ്പറിൽ നിന്നും ആക്ടിവേറ്റഡ് ചാർക്കോൾ നിമിക്കുന്ന സംരംഭ ആശയം അവതരിപ്പിച്ച എറണാകുളം ജില്ലയിലെ അനാമിക മൂന്നാം സ്ഥാനവും നേടി.

വെള്ളപ്പൊക്ക ഭീഷണിയുളള പ്രദേശങ്ങളിൽ സുരക്ഷിതവും അനുയോജ്യവുമായ ദീർഘകാല സാമസസൗകര്യങ്ങൾ നവീന ഫ്ളോട്ടിങ്ങ് ഹൗസ് ആശയം അവതരിപ്പിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള സൂസൻ വിനോദ് നാലാം സ്ഥാനവും  കൊല്ലം ജില്ലയിൽ നിന്നുളള നവമി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.  

 

ഇന്നവേഷൻ കോൺക്ളേവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രഫി  മത്സരത്തിൽ വിജയിച്ചവർക്കുളള കാഷ് അവാർഡുകൾ,  ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗ്രീൻ ഫെല്ലോഷിപ്പ് ലഭിച്ച ബാലസഭാംഗങ്ങൾക്കുള്ള  പുരസ്കാരം, കോൺക്ളേവിൽ പങ്കെടുത്ത കുട്ടികൾ, ഇന്നവേഷൻ കോൺക്ളേവിനു വേണ്ടി കുട്ടികളെ പരിശീലിപ്പിച്ച മെന്റർമാർ എന്നിവർക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.

ലിയോറ ഇന്നവേഷൻ കോൺക്ളേവിനോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച "ഐഡിയ പിച്ചിങ്ങ് മത്സരത്തിൽ വിജയികളായ കരുനാഗപ്പള്ളിയിലെ മോഡൽ പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ സാമുവൽ രാജൻ, രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിലെ ജാൽവിൻ ജോമി, മൂന്നാം സ്ഥാനം നേടിയ  മലപ്പുറം അൽഷിഫ കോളേജ് ഒാഫ് ഫാർമസിയിലെ വിദ്യാർത്ഥികളായ  അസിം അബ്ദുളള,  ഹിബ അഷ്റഫ് എന്നിവർക്ക് യഥാക്രമം  ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഉൾപ്പെടുന്ന പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം കുമാരി ദേവനന്ദ മുഖ്യാതിഥിയായി. വിദ്യാഭ്യാസ വിദഗ്ധൻ ഡോ.രതീഷ് കാളിയാടൻ, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷൻ സീനിയർ മാനേജർ, സേവ് ദി ചിൽഡ്രൻ  അസിസ്റ്റന്റ് മാനേജർ ദിനകരൻ, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഒാഫീസർ മനോജ് ബി.എസ് എന്നിവർ പങ്കെടുത്തു.  കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ. ബി. ശ്രീജിത്ത് സ്വാഗതവും ജില്ലാമിഷൻ കോർഡിനേറ്റർ ടി.എം. റെജീന നന്ദി പറഞ്ഞു.  

Content highlight
leora innovation conclave

കുടുംബശ്രീക്ക് ഇത് ചരിത്ര നിമിഷം; 30 പ്രീമിയം ഉൽപന്നങ്ങൾ ആഗോള വിപണിയിലേക്ക്....

Posted on Saturday, January 24, 2026

കുടുംബശ്രീ  "കെ-ഇനം' മൂല്യവർധിത ഉൽപന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉൽപന്നങ്ങൾക്ക് ബദലാകുമെന്ന്  തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്  "കെ-ഇനം' എന്ന പുതിയ ബ്രാൻഡിൽ തയ്യാറാക്കിയ 30 കാർഷിക മൂല്യവർധിത ഭക്ഷ്യവിഭവങ്ങളുടെ ആഗോള ലോഞ്ചിങ്ങ്  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം( കെ-ടാപ)് പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി നടപ്പാകുന്ന സ്റ്റാർട്ടപ് ശൃംഖല "യുക്തി', തദ്ദേശീയ മേഖലയിലെ സംരംഭകർക്കായി നടപ്പാക്കുന്ന "ട്രൈബാൻഡ്', കുടുംബശ്രീ ഉൽപന്നങ്ങൾ ഉൾപ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേയക ഗിഫ്റ്റ് ബോക്സ്  എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുടുംബശ്രീയെ പ്രാപ്തമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. "കെ-ഇനം' ബ്രാൻഡഡ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതു വഴി കുടുംബശ്രീ ആ വെല്ലുവിളി ഏറ്റെടുക്കാൻ കുടുംബശ്രീ പ്രാപ്തമാണെന്ന് തെളിയിച്ചു. കഴിഞ്ഞ ജൂണിൽ ആരംഭിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം(കെ-ടാപ്) പദ്ധതി വഴി ഒരു വർഷം പൂർത്തിയാകും മുമ്പ് മുപ്പത് വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ആഗോള വിപണിയിലെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ കൂടുതൽ ഉൽപന്നങ്ങൾ പുറത്തിറങ്ങും. കുടുംബശ്രീയുടെ ഒാൺലൈൻ വിപണന മാർഗങ്ങൾ ഉൾപ്പെടെ സാധ്യമായ എല്ലാ വിപണന മാർഗങ്ങളും ഉപയോഗിച്ച് ഉൽപന്നം വിപണന വേദികൾ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

ഡയബറ്റിക് മിക്സ്, പാനീയങ്ങൾ, കോഫി ക്യൂബ്സ്, വിർജിൻ കോക്കനട്ട് ഒായിൽ, ന്യൂട്രീബാർ, ടൂട്ടിഫ്രൂട്ടി, ബേബി പൗഡർ, കപ്പ കൊണ്ടുള്ള മിക്സചർ, മുറുക്ക്, പക്കാവട, കുക്കീസ്, ഏത്തപ്പഴം കൊണ്ടുള്ള ഹെൽത്ത് മിക്സ്, ഫ്രൂട്ട് ബാർ, പാസ്ത, ഹൈഡ്രേറ്റഡ് ബനാന, മുരിങ്ങയില പൗഡർ, മുരിങ്ങക്കായ പൗഡർ, കുക്കീസ്, മാംഗ ഫ്രൂട്ട് ബാർ, മില്ലറ്റ് കൊണ്ടുള്ള വിവിധ പലഹാരങ്ങൾ തുടങ്ങിയ മുപ്പതോളം പ്രീമിയം ഉൽപന്നങ്ങളാണ് പുതിയ ബ്രാൻഡിൽ പുറത്തിറക്കിയത്. ഇവ നേരിട്ട് കാണാനും രുചിച്ചറിയാനും വേദിയിൽ സൗകര്യം ഒരുക്കിയിരുന്നു.ഐ.സി.എ.ആർ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, ഐ.സി.എ.ആർ-കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫുഡ് ടെക്നോളജി എൻട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് സി.എസ്.ഐ.ആർ-കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം, സി.എസ്.എ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജി(നിസ്റ്റ്), കേരള കാർഷിക സർവകലാശാല  തുടങ്ങി  ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് മൂല്യവർധിത ഉൽപന്നങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

കുടുംബശ്രീ അംഗങ്ങളെ മികച്ച സംരംഭകരാക്കി മാറ്റുന്ന കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് റോജി എം.ജോൺ എം.എൽ.എ പറഞ്ഞു. സി.ടി.സി.ആർ.ഐ സ്ഥാപനത്തിൽ നിന്നും 94 സാങ്കേതിക വിദ്യകൾ വാങ്ങിയിട്ടുണ്ടെന്നും മാർച്ച് 31നകം 150 പുതിയ സാങ്കേതിക വിദ്യകൾ കൂടി വാങ്ങുമെന്നും പദ്ധതി വിശദീകരണത്തിൽ കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ. എസ്.ഷാനവാസ് പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ മന്ത്രി എം.ബി രാജേഷിന് കുടുംബശ്രീ ഗിഫ്റ്റ് ബോക്സ് സമ്മാനിച്ചു. "കെ-ഇനം' ബ്രാൻഡഡ് ഉൽപന്നങ്ങൾ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കും സ്ഥാപനങ്ങൾക്കും മന്ത്രി ആദരം നൽകി.

എറണാകുളം നെടുമ്പാശ്ശേരി ഫ്ളോറ എയർപോർട്ട് ഹോട്ടൽ ആൻഡ് കൺവൻഷൻ സെന്റ്റിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. അങ്കമാലി നഗരസഭാധ്യക്ഷ റീത്താ പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജി.പ്രിയങ്ക, സ്റ്റേറ്റ് പ്ളാനിങ്ങ് ബോർഡ് അംഗം ഡോ.ജിജു പി.അലക്സ് എന്നിവർ മുഖ്യാതിഥികളായി.

സ്റ്റേറ്റ് പ്ളാനിങ്ങ് ബോർഡ് കാർഷിക വിഭാഗം ചീഫ് എസ്.എസ് നാഗേഷ്,  ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ യാസ്മിൻ എൽ.റഷീദ്, എസ്.എഫ്.എ.സി കേരള മാനേജിങ്ങ് ഡയറക്ടർ രാജേഷ് കുമാർ എസ്, ഡിവിഷൻ കൗൺസിലർ ഏലിയാസ് ടി.വൈ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി.എ, ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഒാഫീസർ സഞ്ജു സൂസൻ മാത്യു, ജില്ലാ ഇൻഫർമേഷൻ ഒാഫീസർ ബിജു എൻ.ബി, ട്രൈബൽ ഡെവലപ്മെന്റ് ഒാഫീസർ മനോജ് കെ.ജി, നബാർഡ് ഡി.ഡി.എം അജീഷ് ബാലു, സി.ഡി.എസ് അധ്യക്ഷ ലില്ലി ജോണി എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ റെജീന ടി.എം നന്ദി പറഞ്ഞു.

Content highlight
kinam

കുടുംബശ്രീ കേരള ചിക്കന്റെ ആദ്യത്തെ സ്നാക്സ് ബാർ വട്ടിയൂർക്കാവിൽ : മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Wednesday, January 14, 2026

കുടുംബശ്രീ കേരള ചിക്കൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്നാക്സ് ബാറിന് തിരുവനന്തപുരം വട്ടിയൂർക്കാവിൽ തുടക്കമായി.കോഴിയിറച്ചികൊണ്ടുള്ള  \രുചിയേറിയ വിഭവങ്ങളായ ബ്രോസ്റ്റഡ് ചിക്കൻ, സമോസ, ചിക്കൻ നഗട്സ്, കട്ലറ്റ്, മൊമോസ്, വിവിധയിനം ജ്യൂസുകൾ എന്നിവയാണ്  സ്നാക്സ് ബാറിൽ ലഭ്യമാകുക. കുടുംബശ്രീ വനിതകൾ അവരുടെ ഫാമിൽ വളർത്തിയെടുത്ത കോഴികളെ ശാസ്ത്രീയമായി സംസ്കരിച്ച് ഫ്രോസൺ കോഴിയിറച്ചി ലഭ്യമാകുന്ന ഔട്ട്ലറ്റായും ഇത് പ്രവർത്തിക്കും. തദ്ദേശസ്വയംഭരണ- എക്സൈസ് - പാർലമെൻ്റ്റി കാര്യവകുപ്പു മന്ത്രി എം.ബി. രാജേഷ് സ്നാക്സ് ബാർ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീയുടെ പുതിയ പദ്ധതിയാണ് ചിക്കൻ സ്നാക്സ് ബാർ എന്ന ആശയമെന്നും, കേരള ചിക്കൻറെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾവിപണിയിൽ എത്തിക്കുന്നതിന് സംസ്ഥാനതൊട്ടാകെ അൻപതോളം സ്നാക്സ് ബാറുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. ഇതുവരെ 458 കോടിയുടെ വിറ്റുവരവാണ് കേരള ചിക്കൻ നേടിയത്. കേരളത്തിലെ ആഭ്യന്തര ഇറച്ചി ഉത്പാദനത്തിന്റെ 10 ശതമാനം ഉല്പാദിപ്പിക്കാൻ നിലവിൽ കുടുംബശ്രീ കേരള ചിക്കന് സാധിച്ചിട്ടുണ്ട്. ഇത് 25 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടികളാണ്നടപ്പാക്കി വരുന്നത്. കോഴിയിറച്ചിയുടെ നിർമ്മാണ വിതരണ രംഗത്തുള്ള ബഹുരാഷ്ട്ര കുത്തകകൾ ക്കെതിരെയുള്ള ഒരു പ്രാദേശിക ബദൽ എന്ന നിലയിൽ കേരള ചിക്കനെ വിപുലീകരിക്കുക എന്നതാണ് നർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, ഐ.എ.എസ്., പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, ജില്ലാ മിഷൻ കോഡിനേറ്റർ രമേശ്. ജി,കേരള ചിക്കൻ അഡ്മിനിസ്ട്രേഷൻ മാനേജർ അനന്തു മാത്യു ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. കോർപ്പറേഷനിലെ സിഡിഎസ് മൂന്നിലെ ലോട്ടസ് അയൽക്കൂട്ടാംഗങ്ങളായ ഷഹീന,രാജി എന്നിവരാണ്ഈ സംരംഭത്തിന്റെ പിന്നിലുള്ളത്. വട്ടിയൂർക്കാവ് അറപ്പുര റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

Content highlight
minister MB rajesh inaugurates state's first kerala chicken snacks bar

വേദിയിൽ താരശോഭ നിറഞ്ഞു, പതിനായിരങ്ങളെ സാക്ഷിയാക്കി കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് നിറപ്പകിട്ടാർന്ന സമാപനം

Posted on Wednesday, January 14, 2026

ഇന്ത്യൻ ഗ്രാമീണ സംരംഭങ്ങളുടെ തനിമയും സംസ്കാരവും നൃത്ത സംഗീത വാദ്യങ്ങളും  സമന്വയിച്ച പതിമൂന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചാലിശ്ശേരിയിൽ  കൊടിയിറക്കം. രണ്ടര ലക്ഷത്തിലേറെ പേർ സന്ദർശിച്ച സരസ് മേള ജനകീയ സരസ് മേളയെന്ന ഖ്യാതിയും നേടിയാണ് പരിസമാപ്തികുറിച്ചത്. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. മമ്മിക്കുട്ടി എം.എൽ എ അധ്യക്ഷത വഹിച്ചു.
 ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി സ്വാഗതം പറഞ്ഞു. ചലച്ചിത്രതാരം മഞ്ജു വാര്യർ മുഖ്യാതിഥിയായി.

കുടുംബശ്രീ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രസ്ഥാനം: മന്ത്രി എം.ബി രാജേഷ് - 

അടുക്കളയിൽ നിന്നും സ്ത്രീകളെ അരങ്ങത്തേക്കെത്തിച്ചുകൊണ്ട് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി എം. ബി രാജേഷ് സരസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. പൊതു സമൂഹത്തിൽ സ്ത്രീകളുടെ ദൃശ്യത വർധിപ്പിച്ചത് കുടുംബശ്രീയുടെ പ്രവർത്തനങ്ങളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാപനാർത്ഥികളിൽ 17000-ലധികം പേർ കുടുംബശ്രീ വനിതകളാണ്. ഇതിൽ 7210 പേർ വിജയിക്കുകയും ത്രിതല പഞ്ചായത്തുകളുടെ അധികാര സ്ഥാനത്തെത്തുകയും ചെയതു. ഇങ്ങനെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരകവുമായി സ്ത്രീകളെ ശാക്തീകരിച്ചു കൊണ്ട് കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ വിധിവാക്യങ്ങൾ തിരുത്തിക്കുറിക്കാൻ കുടുംബശ്രീക്കായി. സംസ്ഥാനത്ത് സ്ത്രീജീവിതത്തിന്റെ മുന്നേറ്റം കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന് വേർതിരിച്ചു പറയാനാകും. മുണ്ടക്കൈ ചൂരൽമല ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവുമധികം തുക സംഭാവന ചെയ്തത് കുടുംബശ്രീ വനിതകളാണ്. ഇരുപത് കോടി രൂപയാണ് അയൽക്കൂട്ട അംഗങ്ങൾ സംഭാവന ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

 തൃത്താലയിൽ സരസ് മേള സംഘടിപ്പിക്കുന്നതിന് മുമ്പുണ്ടായിരുന്ന ആശങ്കകൾ എല്ലാം ഇല്ലാതാക്കിക്കൊണ്ട് മേളയെ ഹൃദയം കൊണ്ടേറ്റുവാങ്ങി തൃത്താലയിലെ ജനങ്ങൾ ഇതൊരു വലിയ വിജയമാക്കിയെന്നും മന്ത്രി പറഞ്ഞു. തൃത്താലയുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു സരസ് മേള. ബഹുസ്വരത എന്ന വികാരത്തെ പ്രാവർത്തികമാക്കിയ മേള കൂടിയായിരുന്നു ഇത്.  ഫുഡ് കോർട്ടിൽ ഒമ്പത് ദിവസം കൊണ്ട് 1.60 കോടി രൂപയും ഉൽപന്ന വിപണന സ്റ്റാളിൽ നിന്നും എട്ടു കോടി രൂപയും ഉൾപ്പെടെ ആകെ 9.60 കോടി രൂപയുടെ വിറ്റുവരവ് നേടാൻ സംരംഭകർക്ക് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

നിലപാടുള്ള ധീരയായ വനിതയെന്ന നിലയ്ക്കാണ് മഞ്ജുവാര്യരെ മുഖ്യാതിഥിയായി സരസ് സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നും എല്ലാ കാലത്തും കുടുംബശ്രീയുടെ അഭ്യുദയകാംക്ഷിയെന്ന നിലയ്ക്ക് മഞ്ജുവിന് ഈ പ്രസ്ഥാനത്തിനോട് വൈകാരികമായ അടുപ്പമുണ്ടെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മികച്ച രീതിയിൽ മേള സംഘടിപ്പിച്ച സംഘാടക സമിതിക്കുള്ള പുരസ്കാരവും മന്ത്രി സമ്മാനിച്ചു.  സരസ് മേളയുടെ അധ്യക്ഷനായ മന്ത്രി എം. ബി രാജേഷിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഉപഹാരം നൽകി.

തന്റെ ജീവിതത്തിൽ വലിയൊരു മാതൃകയാണ് കുടുംബശ്രീയെന്നും ഇത്രയേറെ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ മാറ്റിയെടുത്ത പ്രസ്ഥാനമാണിതെന്നും ചടങ്ങിൽ മുഖ്യാതിഥിയായ മഞ്ജു വാര്യർ പറഞ്ഞു.   കപ്പൂർ കുടുംബശ്രീ സി.ഡി.എസ് സംരംഭമായ ഇല്യൂസ് പിക്കിൾസിന്റെ പ്രതേ്യക ഉപഹാരം യൂണിറ്റ് അംഗങ്ങൾ മഞ്ജു വാര്യർക്ക് സമ്മാനിച്ചു. ഫുഡ് കോർട്ടിൽ പങ്കെടുത്ത കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരെയും വേദിയിൽ ആദരിച്ചു.

എം.എൽ.എമാരായ പി.പി സുമോദ്, കെ.ടി ജലീൽ, മുൻ എം.എൽ.എമാരായ എ.കെ ചന്ദ്രൻ, ടി.പി കുഞ്ഞുണ്ണി,  തൃത്താല ബ്ളോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി എന്നിവർ ആശംസിച്ചു. തൃത്താല സി.ഡി.എസ് അധ്യക്ഷ ലത സൽഗുണൻ നന്ദി പറഞ്ഞു.

ഫുഡ് സ്റ്റാൾ വിഭാഗത്തിൽ കേരളത്തിൽ നിന്നും ഏറ്റവും മികച്ച സ്റ്റാളിനുളള പുരസ്കാരം കോട്ടയം ജില്ലയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച സ്റ്റാളിനുള്ള പുരസ്കാരം സിക്കിമും  കരസ്ഥമാക്കി. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ മികച്ച സ്റ്റാൾ എറണാകുളം ജില്ലയിൽ നിന്നുള്ള ലക്ഷ്യ ഗ്രൂപ്പിനാണ്. തദ്ദേശീയ മേഖലയിൽ നിന്നുളള മികച്ച സ്റ്റാൾ അട്ടപ്പാടിയിലെ വനസുന്ദരി സ്റ്റാളും നേടി. മികച്ച നൂതന സംരംഭത്തിനുളള അവാർഡ് തൃത്താല പ്രഥമനും ലഭിച്ചു.

ഉൽപന്ന പ്രദർശന വിപണന വിഭാഗത്തിൽ മികച്ച സ്റ്റാളിനുള്ള ഒന്നാം സ്ഥാനം  ഗോവയും രണ്ടാം സ്ഥാനം പശ്ചിമബംഗാളും മൂന്നാം സ്ഥാനം ഗുജറാത്തും കരസ്ഥമാക്കി. കേരളത്തിൽ നിന്നും പങ്കെടുത്തതിൽ ഏറ്റവും മികച്ച സ്റ്റാളിനുള്ള ഒന്നാം സ്ഥാനം വയനാട് ജില്ലയിൽ നിന്നുള്ള ഇല്ലിക്കൽ എന്റർപ്രൈസസ് എന്ന സംരംഭത്തിനാണ്. സിബിതയാണ് സംരംഭക. രണ്ടാം സ്ഥാനം എറണാകുളം ജില്ലയിലെ ഭാവന ഗ്രൂപ്പിനും മൂന്നാം സ്ഥാനം കോഴിക്കോട് ജില്ലയിലെ പവിത്രം ഗ്രൂപ്പിനുമാണ്.

ഉൽപന്ന പ്രദർശന വിപണന സ്റ്റാളിൽ പങ്കെടുത്തതിൽ പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ നസറിയയുടെ ഗ്രാൻഡ് ഫ്ളോർ യൂണിറ്റിനാണ് ഒന്നാം സ്ഥാനം. വണ്ടാഴി കുടുംബശ്രീ സി.ഡി.എസിലെ  നിവേദ്യ പിക്കിൾസിന്  രണ്ടാം സ്ഥാനവും  വെളളിനേഴിയിലെ പ്രതേ്യക അയൽക്കൂട്ടം തേജസ് കുടുംബശ്രീ യൂണിറ്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.  

സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനിക്ക്, മാതൃഭൂമിക്ക് പ്രത്യേക ജൂറി പരാമർശം

കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് മേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയ വിവിധ മാധ്യമ പുരസ്കാരങ്ങൾ സമാപന സമ്മേളനത്തിൽ മന്ത്രിയും ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയും സംയുക്തമായി  സമ്മാനിച്ചു.  അച്ചടി മാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനിക്കാണ്. ഈ വിഭാഗത്തിൽ മാതൃഭൂമിക്ക് പ്രതേ്യക ജൂറി പരാമർശം ലഭിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം  പട്ടാമ്പി കേബിൾ വിഷനും ലഭിച്ചു.

സമഗ്ര കവറേജിനുള്ള പുരസ്കാരം നേടിയ ദേശാഭിമാനിക്കു വേണ്ടി പാലക്കാട് ബ്യൂറോ ചീഫ് വേണു.കെ ആലത്ത്,  പ്രതേ്യക ജൂറി പരമാർശം നേടിയ മാതൃഭൂമിക്കു വേണ്ടി കുറ്റനാട് ലേഖകൻ സി. മൂസ പെരിങ്ങോട്, പട്ടാമ്പി ലേഖകൻ എ.സന്ദീപ് ദാസ് എന്നിവർ  മന്ത്രി എം. ബി രാജേഷിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.

   ദൃശ്യമാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം നേടിയ പട്ടാമ്പി കേബിൾ വിഷനു വേണ്ടി പട്ടാമ്പി കേബിൾ വിഷൻ പ്രതിനിധികളായ  ഗിരീഷ് പട്ടാമ്പി, മുരളീധരൻ എന്നിവർക്ക് എന്നിവർക്ക് കളക്ടർ എം.എസ് മാധവിക്കുട്ടി പുരസ്കാരം സമ്മാനിച്ചു.

ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുളള പുരസ്കാരം പട്ടാമ്പി കേബിൾ വിഷൻ റിപ്പോർട്ടർ എം.വിഷ്ണുവിന് മന്ത്രി എം. ബി രാജേഷ് സമ്മാനിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം ദേശാഭിമാനിയിലെ അഖില ബാലകൃഷ്ണൻ, മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം ദേശാഭിമാനിയിലെ ശരത് കൽപ്പാത്തി എന്നിവർക്ക് കളക്ടർ എം.എസ് മാധവിക്കുട്ടിയും  സമ്മാനിച്ചു. ഇവർ മൂന്നു പേർക്കും  മെമന്റോയും 5000 രൂപ വീതം കാഷ് അവാർഡും ഉൾപ്പെടുന്ന പുരസ്കാരമാണ് സമ്മാനിച്ചത്.

എം.എൽ.എ പി. മമ്മിക്കുട്ടി, പി.പി സുമോദ് എം.എൽ എ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, തൃത്താല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണിക്കൃഷ്ണൻ, സി.ഡി.എസ് അധ്യക്ഷ ലത സൽഗുണൻ  എന്നിവർ പങ്കെടുത്തു.

Content highlight
saras mela concludes