വാര്‍ത്തകള്‍

'ടി.ബി മുക്ത കേരളം' യാഥാര്‍ത്ഥ്യമാക്കാന്‍ കുടുംബശ്രീയും - സംസ്ഥാന മിഷന്‍ ഉദ്യോഗസ്ഥര്‍ക്കായി സ്റ്റേറ്റ് ടി.ബി സെല്ലിന്‍റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിശീലനം നടത്തി

Posted on Saturday, July 25, 2026

സംസ്ഥാനത്തെ 'ടി.ബി മുക്ത കേരളം' എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നൂറു ദിന തീവ്രയജ്ഞത്തിന്‍റെ ഭാഗമായി സ്റ്റേറ്റ് ടി.ബി സെല്ലിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ സംസ്ഥാനമിഷനിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ഫുഡ്, ന്യൂട്രീഷന്‍, ഹെല്‍ത്ത്, വാഷ്-സാനിട്ടേഷന്‍ എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കിയത്.  ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ക്ഷയരോഗത്തിന്‍റെ ലക്ഷണങ്ങള്‍, രോഗവ്യാപനത്തിനുള്ള സാഹചര്യങ്ങള്‍, രോഗനിര്‍ണയത്തിനുള്ള പരിശോധനകള്‍, ചികിത്സാ സംവിധാനങ്ങള്‍, പോഷകാഹാരത്തിന്‍റെ പ്രാധാന്യം, സാമൂഹ്യതല ബോധവല്‍ക്കരണത്തിന്‍റെ ആവശ്യകത എന്നിവയെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും സ്റ്റേറ്റ് ടി.ബി സെല്‍ ഓഫീസറുമായ ഡോ.സക്കീന കെ ക്ളാസ് നയിച്ചു. രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാനും രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ പരിശോധനയും ചികിത്സയും ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും പരിശീലനത്തില്‍ ഊന്നിപ്പറഞ്ഞു. നിക്ഷയ് മിത്ര കണ്‍സള്‍ട്ടന്‍റ് എലിസബത്ത് ടി.ബി.മുക്ത്ഭാരത് മൊബൈല്‍ ആപ്ളിക്കേഷന്‍ പരിചയപ്പെടുത്തി.

ടി.ബി മുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനായി സമൂഹത്തില്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുമെന്നും ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പ്രതിജ്ഞയെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ്പ്രോഗ്രാം മാനേജര്‍ കൃഷ്ണകുമാരി ആര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംവിധാനങ്ങളിലൂടെ ക്ഷയരോഗ പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാനും രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നടപ്പാക്കുന്ന ക്യാമ്പയിനാണ് ടി.ബി മുക്ത കേരളം. കൂടുതല്‍ ഫലപ്രദമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതില്‍ കുടുംബശ്രീക്ക് നിര്‍ണായക പങ്കു വഹിക്കാനാകുമെന്നാണ് പ്രതീക്ഷ.  

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു സ്വാഗതം പറഞ്ഞു. കുടുംബശ്രീ ഡയറക്ടര്‍ സിന്ധു കെ.പി, ചീഫ് ഫിനാന്‍സ് ഓഫീസര്‍ അജയകുമാര്‍ കെ.എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയശ്രീ ടി.വി, പി.ആര്‍.ഓ ബി സേതുരാജ്, അക്കൗണ്ട്സ് ഓഫീസര്‍ ജയറാം ടി എന്നിവര്‍ ഉള്‍പ്പെടെ സംസ്ഥാനമിഷനിലെ ഉദ്യോഗസ്ഥര്‍, പബ്ളിക് ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍റ് അരുണ്‍രാജ് എന്നിവര്‍ പങ്കെടുത്തു.
                                                 

Content highlight
Kudumbashree conducted awareness training for state mission officials under the leadership of the State TB Cell

എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിക്ക് കരുത്തേകാന്‍ സംസ്ഥാനതല ഇമേര്‍ഷന്‍ പരിശീലനം

Posted on Friday, July 24, 2026

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ളിയു (ഫുഡ്, ന്യൂട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്-വാട്ടര്‍ & സാനിട്ടേഷന്‍) പദ്ധതിയുടെ മികച്ച പ്രവര്‍ത്തന മാതൃകകള്‍ സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളില്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇമേര്‍ഷന്‍ സൈറ്റ്-സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതി നിര്‍ദേശമനുസരിച്ച് പ്രായോഗിക പഠനത്തിന് ഊന്നല്‍ നല്‍കി തിരുവനന്തപുരം നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പഠനസന്ദര്‍ശനത്തില്‍  കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ  പ്രഫഷണല്‍ സംഘം പങ്കെടുത്തു.

വിജയകരമായ മാതൃകകള്‍ നേരില്‍ പഠിച്ച സംഘം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന്  പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി സംസ്ഥാനത്തുടനീളം ഇത്തരം മാതൃകകള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.  

നന്ദിയോട് പഞ്ചായത്തില്‍ നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതി പ്രവര്‍ത്തനങ്ങള്‍, കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ വഴി നല്‍കുന്ന വിവിധ സേവനങ്ങള്‍, പ്രാദേശിക തലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്നിവ സംഘം മനസിലാക്കി. പദ്ധതി നടത്തിപ്പിന്‍റെ അനുഭവങ്ങളും മികച്ച പ്രവര്‍ത്തനരീതികളും സംബന്ധിച്ച് പ്രദേശത്തെ ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരുമായും സംഘം ആശയവിനിമയം നടത്തി. തുടര്‍ന്ന് പേരയം വാര്‍ഡില്‍ സൂര്യ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മില്ല് സംഘം സന്ദര്‍ശിച്ചു. 

ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെ വിവിധ ധാന്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉല്‍പന്നങ്ങള്‍ അവയുടെ പോഷകഗുണവും സ്വാഭാവിക നിറവും നിലനിര്‍ത്തി സംസ്ക്കരിച്ചു വിപണിയിലെത്തിക്കുന്ന പ്രവര്‍ത്തനരീതി വിശദമായി പരിചയപ്പെട്ടു. പോഷകാഹാര സുരക്ഷയും പ്രാദേശിക സംരംഭ വികസനവും ഒരു പോലെ ലക്ഷ്യമിടുന്ന മാതൃക പ്രതിനിധികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ആനക്കക്കുളം വാര്‍ഡില്‍ പഞ്ചമി സംഘക്കൃഷി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ജൈവക്കൃഷി, കാവേരി ജൈവവള യൂണിറ്റ്, കാര്‍ഷിക സാമഗ്രികള്‍ റോപ്പ് സംവിധാനത്തിലൂടെ കൃഷിയിടത്തിലേക്ക് എത്തിക്കുന്ന നൂതന മാതൃക, നാട്ടുചന്ത, ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ കൃഷ്ണകുമാരി ആര്‍.  പ്രീത ജി.നായര്‍, തസ്നീം എ, ജില്ലാ പ്രോഗ്രാം മാനേജര്‍ സ്വാതി ശശിധരന്‍ എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. നന്ദിയോട് സി.ഡി.എസ് അധ്യക്ഷ രാധാമണി, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ ഉദയകുമാര്‍, വാര്‍ഡ് മെമ്പര്‍ രാമഭദ്രന്‍, മെമ്പര്‍ സെക്രട്ടറി ശബരി കൃഷ്ണ, സി.ഡി.എസ് അംഗങ്ങള്‍ എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

Content highlight
State-level immersion training to strengthen the FNHW project

റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങ്: ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സമഗ്ര സേവനങ്ങളുമായി കുടുംബശ്രീ

Posted on Wednesday, July 22, 2026

റബര്‍ കൃഷി മേഖലയിലെ തൊഴിലാളി ക്ഷാമത്തിനും പരിപാലന പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ കുടുംബശ്രീ. ഇതിനായി കേരള റബര്‍ ലിമിറ്റഡിന്‍റെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തില്‍ നടപ്പാക്കിയ റബര്‍ തോട്ടങ്ങളുടെ സമഗ്ര പരിപാലനത്തിനുളള  പദ്ധതി വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. കുടുംബശ്രീ റബര്‍ കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍. വ്യാവസായികാടിസ്ഥാനത്തില്‍ റബര്‍ കൃഷി നടത്തുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ സി.ഡി.എസുകളിലാകും ആദ്യം പദ്ധതി വ്യാപിപ്പിക്കുക. നിലവില്‍ കോട്ടയത്ത് പതിനഞ്ച് വനിതകളാണ് ഈ രംഗത്തുള്ളത്. മറ്റു ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന മുറയ്ക്ക് കൂടുതല്‍ വനിതകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി അവര്‍ക്കും തൊഴില്‍ അവസരമൊരുക്കും.

കുടുംബശ്രീ സി.ഡി.എസുകളെ 'ഈവന്‍റ് മാനേജ്മെന്‍റ്' മാതൃകയില്‍ റബര്‍ തോട്ടങ്ങളുടെ വാണിജ്യ-പ്രൊഫഷണല്‍ മാനേജ്മെന്‍റിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്ക് ഈ രംഗത്ത് ശാസ്ത്രീയ പരിശീലനം നല്‍കി റബര്‍തോട്ട മേഖലയില്‍ സേവനദാതാക്കളായി മാറ്റും.  ആവശ്യമായ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും റബര്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമാകും.

തദ്ദേശതലത്തില്‍ പദ്ധതി നടപ്പാക്കുന്നതിനുളള ചുമതല കുടുംബശ്രീ സി.ഡി.എസിനാണ്. ഓരോ പഞ്ചായത്തില്‍ നിന്നും തോട്ടം ഉടമകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അവരില്‍ നിന്നും റബര്‍ പരിപാലനത്തിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു കൊണ്ട് നടീല്‍, പരിപാലനം, ടാപ്പിങ്ങ്, സംസ്ക്കരണം, വിപണനം എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇവര്‍ ഏകോപിപ്പിക്കും. ഓരോ വര്‍ഷവും ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു നിശ്ചത വിഹിതം ഉടമകള്‍ക്ക് നല്‍കും. കേരള റബര്‍ ലിമിറ്റഡിന്‍റെ സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും പദ്ധതി നടത്തിപ്പ്. സി.ഡി.എസുകള്‍ക്ക് സാമ്പത്തിക പിന്തുണയും നല്‍കും.   റബര്‍ കൃഷിയുമായി ബന്ധപ്പെട്ട് ടാപ്പിങ്ങ് ഉള്‍പ്പെടെ വിവിധ പരിശീലനങ്ങളും ആവശ്യമായ ടൂള്‍ കിറ്റും കര്‍ഷകര്‍ക്ക് ലഭ്യമാക്കും.  റബര്‍ ബോര്‍ഡ്, റബര്‍ ഉല്‍പാദക സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളെ ആവശ്യാനുസരണം വിന്യസിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. സേവനം ആവശ്യമായ ചെറുകിട റബര്‍ കര്‍ഷകരെയും കണ്ടെത്തും.

25 വര്‍ഷത്തോളം സ്ഥിരവരുമാനം ലഭ്യമാക്കാന്‍ കഴിയുന്ന കാര്‍ഷിക മേഖലയാണ് റബര്‍ കൃഷി എന്നതിനാല്‍ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതി സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടൊപ്പം ഹൈറേഞ്ച് പ്രദേശങ്ങളിലെ പ്രധാന കൃഷിയിനങ്ങളായ കാപ്പി. ഏലം എന്നിവയ്ക്ക് വളപ്രയോഗം നടത്തുന്നതിനുള്ള അവസരവും ഡ്രോണ്‍ പരിശീലനം നേടിയ കുടുംബശ്രീ കര്‍ഷകര്‍ക്ക് ലഭിച്ചേക്കും. നിലവില്‍ അമ്പതോളം വനിതകള്‍ക്ക് കുടുംബശ്രീ മുഖേന ഡ്രോണ്‍ പരിശീലനവും ലൈസന്‍സും നേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.

Content highlight
Kudumbashree provides comprehensive services from tapping to marketing to help rubber farmers

കുടുംബശ്രീ സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ - മാനസിക പിന്തുണയും തുടര്‍സേവനങ്ങളും ലഭ്യമാക്കിയത് ഇതു വരെ 7991 പേര്‍ക്ക്

Posted on Tuesday, July 21, 2026

പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ പിന്തുണാ സംവിധാനമൊരുക്കി കുടുംബശ്രീയുടെ സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ശ്രദ്ധ നേടുന്നു. പോലീസ് സംവിധാനവുമായി ചേര്‍ന്നുകൊണ്ട് കുടുംബശ്രീ നടത്തുന്ന പദ്ധതിയാണിത്.   സംസ്ഥാനത്ത് ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ മാനസിക പിന്തുണയും  തുടര്‍ സേവനങ്ങളും ആവശ്യമായവര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ വഴി സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഉള്‍പ്പെടെ ഇതുവരെ 7991 പേര്‍ക്ക്  മാനസിക പിന്തുണയും തുടര്‍ സേവനങ്ങളും ലഭ്യമാക്കി.

ആഭ്യന്തര വകുപ്പുമായി സഹകരിച്ചു കൊണ്ട് 2025 മാര്‍ച്ചിലാണ് പദ്ധതിയുടെ തുടക്കം. നിലവില്‍ സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലായി 84 സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗാര്‍ഹിക പീഡനം, കുടുംബ പ്രശ്നങ്ങള്‍, മദ്യപാനം, ലഹരി ഉപയോഗം, മൊബൈല്‍ അഡിക്ഷന്‍, സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ എന്നിവയാണ് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് സെന്‍ററുകളിലേക്ക് ഏറ്റവും കൂടുതല്‍ റഫര്‍ ചെയ്യുന്ന കേസുകള്‍. നിലവില്‍ ആഴ്ചയില്‍ രണ്ടു ദിവസം വീതമാണ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകളുടെ പ്രവര്‍ത്തനം. സേവനങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രവൃത്തിദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതും പരിഗണനയിലാണ്.

സെന്‍ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര വകുപ്പും കുടുംബശ്രീയും വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കുളള ട്രെയിനിങ്ങ് സിലബസില്‍ സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകളെ കുറിച്ചും ഇതിലൂടെ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചുമുള്ള അവബോധ പരിശീലനം ഉള്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലാതലത്തില്‍ വിവിധ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര വകുപ്പും കുടുംബശ്രീയും സംയുക്തമായി പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. എക്സ്റ്റന്‍ഷന്‍ സെന്‍ററുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് വിവിധ ഘട്ടങ്ങളിലായി വിദഗ്ദ പരിശീലനങ്ങളും ലഭ്യമാക്കി വരികയാണ്.
 
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി എല്ലാ മാസവും കുടുംബശ്രീ ജില്ലാമിഷന്‍റെയും ജില്ലാ പോലീസ് മേധാവിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല മോണിട്ടറിങ്ങ് കമ്മിറ്റിയും കൂടാറുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ റൂറല്‍ തലത്തിലും സിറ്റി തലത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.

Content highlight
Kudumbashree Snehitha Police Extension Centres - Delivered psychosocial support and follow-up services to 7,991 beneficiaries to date.

കുടുംബശ്രീ കേരള ചിക്കന്‍ ഫാം തുടങ്ങാം: കുടുംബശ്രീ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

Posted on Tuesday, July 21, 2026

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലകളില്‍ പുതിയ ചിക്കന്‍ ഫാം ആരംഭിക്കുന്നതിന് അവസരം. കുടുംബശ്രീ അയല്‍ക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്ന കണക്കില്‍ 1000 മുതല്‍ 10000 കോഴികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഫാമുകളുളള കര്‍ഷകര്‍ക്കാണ് അപേക്ഷിക്കാനാവുക. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്ക് ആവശ്യമായ തീറ്റയും കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നല്‍കും. കൂടാതെ വളര്‍ച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികെ വാങ്ങി വിപണനം ചെയ്യും.

അപേക്ഷാ ഫോം www.keralachicken.org.in  ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്/സി.ഡി.എസ് ഓഫീസുമായും കൂടാതെ 0471-2448144 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Content highlight
opportunity to start Kerala Chicken farm

എഫ്.എന്‍.എച്ച്.ഡബ്ളിയു : സ്റ്റേറ്റ് കോര്‍ കമ്മിറ്റി യോഗം സംഘടിപ്പിച്ചു

Posted on Saturday, July 18, 2026

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ളിയു (ഫുഡ്, ന്യൂട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്-വാട്ടര്‍&സാനിട്ടേഷന്‍) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം ഏകോപിതവും ഫലപ്രദവുമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ളിയു സ്റ്റേറ്റ് കോര്‍ കമ്മിറ്റി യോഗം 16-ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്തിയും ആരോഗ്യ-പോഷക ഇടപെടലുകള്‍ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു പോകുന്നതിനും യോഗത്തില്‍ തീരുമാനമായി.  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു.  പദ്ധതിയുടെ സംസ്ഥാന ജില്ലാ ബ്ളോക്ക്തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിവിധ വകുപ്പുകളുമായുള്ള സംയോജിത പ്രവര്‍ത്തനം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് സ്റ്റേറ്റ് കോര്‍ കമ്മിറ്റിയുടെ രൂപീകരണം.

കൂടുതല്‍ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പു വരുത്തി സ്റ്റേറ്റ് കോര്‍ കമ്മിറ്റി കൂടുതല്‍ വിപുലീകരിക്കുന്നതോടൊപ്പം എല്ലാ ജില്ലകളിലും എഫ്.എന്‍.എച്ച്.ഡബ്ളിയു കോര്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെയും സഹകരണത്തോടെ സംസ്ഥാനത്ത് 14 ജില്ലകളിലെ 28 ഇമേര്‍ഷന്‍ സൈറ്റ് ബ്ളോക്കുകളില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കാന്‍സര്‍ സ്ക്രീനിങ്ങ്, അനീമിയ പരിശോധന, സാംക്രമികേതര രോഗങ്ങളുടെ പ്രാഥമിക പരിശോധന, നേത്ര പരിശോധന എന്നിവ ഉള്‍പ്പെടെ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.  

ഭക്ഷ്യ പോഷക സുരക്ഷയും (ഫുഡ്, ന്യൂട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്) ശുചിത്വവുമായി ബന്ധപ്പെട്ട ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് പോഷകാഹാരം, ആരോഗ്യ സംരക്ഷണം, ശുചിത്വം, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നിന് സ്റ്റേറ്റ് കോര്‍ കമ്മിറ്റി രൂപീകരണം സഹായകമാകും. മികച്ച പ്രവര്‍ത്തന മാതൃകകള്‍ പ്രചരിപ്പിക്കുന്നതിനും കാര്യശേഷി വികസന പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിനും കമ്മിറ്റി നേതൃത്വം നല്‍കും.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി വിഘ്നേശ്വരിയാണ്  സ്റ്റേറ്റ് കോര്‍ കമ്മിറ്റിയുടെ അധ്യക്ഷ.  കുടുംബശ്രീ, ആരോഗ്യ കുടുംബക്ഷേമം, പൊതുവിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ 25 പേരാണ് കമ്മിറ്റിയിലെലെ അംഗങ്ങള്‍.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.എസ് ഷാനവാസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണകുമാരി ആര്‍, വനിതാ ശിശു വികസനം, ആരോഗ്യ കുടുംബക്ഷേമം, പൊതുവിദ്യാഭ്യാസ വകുപ്പുകളിലെയും നാഷണല്‍ ഹെല്‍ത്ത് മിഷനിലെയും പ്രതിനിധികള്‍ പങ്കെടുത്തു.

Content highlight
FNHW: State Core Committee meeting organized

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) രണ്ടാം ഗഡു: കുടുംബശ്രീയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 93.7 കോടി കൂടി

Posted on Wednesday, July 15, 2026

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.ആര്‍.എല്‍.എം രണ്ടാം ഗഡുവായി 93.6 കോടി  രൂപ കൂടി അനുവദിച്ചു. ഇതില്‍ 5.56 കോടി രൂപ സംസ്ഥാന മിഷന്‍റെയും,  80.04 കോടി രൂപ 14 ജില്ലാ മിഷനുകളുടെയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിക്കായി ആറ് കോടി രൂപയും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പ്രത്യേക പദ്ധതിക്കായി രണ്ടു കോടിയും ഈ ഫണ്ടില്‍ നിന്നു നല്‍കും.

കുടുംബശ്രീ സമര്‍പ്പിച്ച ഈ സാമ്പത്തിക വര്‍ഷത്തെ 400.84 കോടി രൂപയുടെ വാര്‍ഷിക കര്‍മപദ്ധതിക്ക്  എന്‍.ആര്‍.എല്‍.എം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ ആദ്യഗഡുവായി 69.40 കോടി രൂപ എന്‍.ആര്‍.എല്‍.എം അനുവദിച്ചു നല്‍കി. ഇതിനു പുറമേയാണ് ഇപ്പോള്‍ രണ്ടാം ഗഡുവായി 93.6 കോടി രൂപ കൂടി അനുവദിച്ചു നല്‍കിയത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീയുടെ വാര്‍ഷിക കര്‍മപദ്ധതിക്കായി ആകെ 163 കോടി രൂപ ലഭിച്ചു.  ഇതില്‍ 97.8 കോടി രൂപ കേന്ദ്ര വിഹിതവും 65.2 കോടി രൂപ സംസ്ഥാന വിഹിതവുമാണ്.  

സംഘടനാ ശാക്തീകരണം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, കാര്‍ഷികം. മൃഗസംരക്ഷണം, സാമൂഹ്യ വികസനം, ജെന്‍ഡര്‍, എഫ്.എന്‍എച്ച്.ഡബ്ളിയു, സൂക്ഷ്മ സംരംഭങ്ങള്‍, മാര്‍ക്കറ്റിങ്ങ്, ലാഖ്പതിദീതി, മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങി ദാരിദ്ര്യനിര്‍മാര്‍ജന സ്ത്രീശാക്തീകരണ മേഖലയില്‍ സംസ്ഥാന ജില്ലാതലത്തില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക.

കാര്‍ഷിക കാര്‍ഷികേതര മേഖലയില്‍ സംരംഭകത്വ വികസനം ഉള്‍പ്പെടെയുളള വിവിധ ഉപജീവന പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യവികസനം, സംഘടനാ ശാക്തീകരണം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയാണ് ജില്ലാമിഷനുകള്‍ക്കുള്ള ഫണ്ട് വിതരണം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം(6.27 കോടി), കൊല്ലം(6.14 കോടി), പത്തനംതിട്ട(3.86 കോടി), ആലപ്പുഴ (5.73 കോടി), കോട്ടയം(5.01 കോടി), ഇടുക്കി(4.51 കോടി), എറണാകുളം (6.74 കോടി), തൃശൂര്‍ (7.03 കോടി), പാലക്കാട്(7.58 കോടി), മലപ്പുറം(8.09 കോടി), കോഴിക്കോട് (6.10 കോടി), വയനാട്(3.42 കോടി), കണ്ണൂര്‍ (5.71 കോടി ), കാസര്‍കോട് ജില്ലയ്ക്ക് (3.85) കോടി രൂപയും ഫണ്ട് ഇനത്തില്‍ വിതരണം ചെയ്തു.    
വാര്‍ഷിക കര്‍മപദ്ധതി പ്രകാരം ഓരോ പദ്ധതിക്കും അനുവദിച്ചിട്ടുള്ള നിശ്ചിത ഫണ്ട് മാത്രമാണ് ചെലവഴിക്കാന്‍ കഴിയുക. ധനവിനിയോഗ സാക്ഷ്യപത്രം  സമയബന്ധിതമായി സംസ്ഥാനമിഷനില്‍ സമര്‍പ്പിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ജില്ലാമിഷനുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

Content highlight
nrlm fund second installement

16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കി കുടുംബശ്രീയുടെ 'ജീവന്‍ ദീപം ഒരുമ' ഇന്‍ഷുറന്‍സ് പദ്ധതി

Posted on Tuesday, July 14, 2026

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി വഴി  16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും എല്‍.ഐ.സിയുമായി ചേര്‍ന്നു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഇരുനൂറ് രൂപയാണ് വാര്‍ഷിക പ്രീമിയം. അംഗങ്ങള്‍ക്ക് മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്.  കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എന്‍റോള്‍മെന്‍റ് ക്യാമ്പയിന്‍ വഴിയാണ് ഇത്രയും പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2027 മാര്‍ച്ച് 31 വരെയാണ് പോളിസി കാലാവധി.  

അയല്‍ക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് ആകസ്മിക മരണമോ അപകടമരണമോ  സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്നതാണ് പദ്ധതി.  18 മുതല്‍ 74 വയസു വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 18-നും 50-നും ഇടയില്‍ പ്രായമുള്ള അയല്‍ക്കൂട്ട അംഗത്തിന് സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കില്‍ പോളിസിയില്‍ പറഞ്ഞിട്ടുള്ള പ്രകാരം  അവകാശിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും.   51-60 വയസു വരെയുള്ള പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ 80,000 രൂപയും,  61 -70 വരെ  30,000 രൂപയും  71 -74 വരെ 25,000 രൂപയുമാണ് അവകാശിക്ക് ലഭിക്കുക. അപകട മരണം സംഭവിച്ചാല്‍ ഈ തുകയ്ക്ക് പുറമേ 18-50 വയസു വരെയുള്ള അംഗങ്ങള്‍ക്ക് 1,20,000 രൂപയും 51-60 വയസുവരെ ഒരു ലക്ഷം രൂപയും 61-74 വരെ 60,000 രൂപയും അപകട ആനുകൂല്യമായി അവകാശിക്ക് ലഭിക്കും.    

അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് ലിങ്കേജ് വായ്പയെടുത്ത ശേഷം ഏതെങ്കിലും ഒരഗത്തിനു മരണം സംഭവിച്ചാല്‍ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതു വഴി ഈ സാഹചര്യം ഒഴിവാക്കാനായിട്ടുണ്ട്.  മരണമടഞ്ഞ അംഗത്തിന്‍റെ പേരില്‍ ഉണ്ടായിരുന്ന വായ്പാ തുക ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും അയല്‍ക്കൂട്ടത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്കും ലഭിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതി വഴി നാളിതുവരെ 37 കോടി രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യമായി വിതരണം ചെയ്തിട്ടുണ്ട്.

സി.ഡി.എസ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാരായ ബീമ മിത്ര വഴിയാണ് അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നുള്ള പ്രീമിയം സമാഹരണം. പദ്ധതിയില്‍ പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതും നിലവിലുളള പോളിസി പുതുക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ബീമാ മിത്ര വഴിയാണ്.  

Content highlight
kudumbashree insrnce

ജനോപകാരപ്രദവും കാര്യക്ഷമവുമായ ഭരണ സേവന സംവിധാനം: 167 കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കൂടി ഐ.എസ്.ഓ അംഗീകാരം

Posted on Tuesday, July 14, 2026

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 167 സി.ഡി.എസുകള്‍ക്ക് കൂടി ഐ.എസ്.ഓ (ഇന്‍റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍) സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം. സി.ഡി.എസുകളുടെ  പ്രവര്‍ത്തന സംവിധാനങ്ങളില്‍ കാര്യക്ഷമതയും സമ്പൂര്‍ണ ഗുണമേന്‍മ ഉറപ്പു വരുത്തിക്കൊണ്ട് അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കിയതിനാണിത്.

സ്ഥാപനത്തില്‍ ക്വാളിറ്റി മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഓ 9001-2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. സി.ഡി.എസുകള്‍ക്ക് ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 2025-ല്‍ നടത്തിയ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളില്‍   617 സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ അംഗീകാരം ലഭിച്ചിരുന്നു. ബാക്കിയുള്ള 453 സി.ഡി.എസുകളെ ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി നടത്തിയ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ഇപ്പോള്‍ 167 സി.ഡി.എസുകള്‍ കൂടി ഈ നേട്ടം കൈവരിച്ചത്.

രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളിലൂടെ പത്തനംതിട്ട(58), വയനാട്, കോഴിക്കോട്(82), കണ്ണൂര്‍(81) ജില്ലകളിലെ  എല്ലാ സി.ഡി.എസുകളും സര്‍ട്ടിഫിക്കേഷന്‍ നേടി നൂറ് ശതമാനം നേട്ടം കൈവരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 33-ല്‍ 32 സി.ഡി.എസുകളും സര്‍ട്ടിഫിക്കേഷന്‍ നേടി. വയനാട് ജില്ലയിലെ  ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്നലെ(13-7-2026) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു. വയനാട് മുട്ടില്‍ എം.ആര്‍ ഓഡിറ്റോറിയത്തില്‍ കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്കു വേണ്ടി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. മാതൃകാപരമായ പ്രവര്‍ത്തനമികവിന് സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ചതും വയനാട് ജില്ലയിലെ വെങ്ങപ്പള്ളി സി.ഡി.എസിനായിരുന്നു.  ആദ്യഘട്ടത്തില്‍ തന്നെ എല്ലാ സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ അംഗീകാരം നേടിയ ജില്ല കൊല്ലമാണ്. ഇവിടെ 74 സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

കാര്യക്ഷമതയും ഗുണനിലവാരവുമുള്ള ഓഫീസ് സംവിധാനം, സര്‍ക്കാര്‍ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം, സി.ഡി.എസുകള്‍ മുഖേന നല്‍കുന്ന സേവനങ്ങളുടെ  മികവ്,  ഉയര്‍ന്ന പശ്ചാത്തല സൗകര്യങ്ങളോടു കൂടിയ സുസ്ഥിരവും സമഗ്രവുമായ ഓഫീസ് മികവ് എന്നിവ കൈവരിച്ചു കൊണ്ടാണ് സി.ഡി.എസുകള്‍ ഐ.എസ്.ഓ അംഗീകാരം നേടിയത്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, വയോജനങ്ങള്‍, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കുള്ള സേവനങ്ങളും  ലഭ്യമാക്കി.   ഗുണമേന്‍മാ നയരൂപീകരണം, സി.ഡി.എസ് ഓഫീസിലെ സാമ്പത്തിക ഇടപാടുകളുടെയും രജിസ്റ്ററുകളുടെ സൂക്ഷിപ്പിലെയും കൃത്യത, ഇവയുടെ ശാസ്ത്രീയമായ പരിപാലനം, അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍, ഫണ്ടുകളുടെ വിനിയോഗം,  കൃത്യമായ അക്കൗണ്ടിങ്ങ് സിസ്റ്റം, കാര്യക്ഷമമായ ഓഡിറ്റിങ്ങ് സംവിധാനം, കുടുംബശ്രീയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും
ലഭ്യമാക്കുന്നതിലെ കൃത്യത, സി.ഡി.എസുകള്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയിലടക്കം കൈവരിച്ച മികവ് പരിഗണിച്ചാണ് സി.ഡി.എസുകള്‍ക്ക് അംഗീകാരം.  

ഫയല്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും  കിലയുടെയും അതത് പഞ്ചായത്ത് ഭരണസമിതിയുടെയും പൂര്‍ണ പിന്തുണയും സി.ഡി.എസുകള്‍ക്ക് ലഭിക്കുന്നുണ്ട്.

കുടുംബശ്രീയുടെ ഭരണ സേവന സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുത്യാര്യവും ജനസൗഹൃദവുമാക്കുന്നതിനൊപ്പം, പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും സേവന വിതരണത്തില്‍ ഏകീകൃത ഗുണനിലവാരം ഉറപ്പാക്കുന്നതിനും സര്‍ട്ടിഫിക്കേഷന്‍ സഹായകമാകും. മൂന്നു വര്‍ഷമാണ് ഒരു സര്‍ട്ടിഫിക്കേഷന്‍റെ കാലാവധി.

Content highlight
iso

കുടുംബശ്രീ 'ധീരം' ടീമിന് യൂണിഫോമായി- മന്ത്രി ശ്രീ.കെ.എം. ഷാജി സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ചു

Posted on Thursday, July 9, 2026

സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച 'ധീരം' സ്വയംപ്രതിരോധ പരിശീലന പദ്ധതിയുടെ ഭാഗമായവര്‍ക്കുള്ള യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി നിര്‍വഹിച്ചു. എറണാകുളത്ത് തദ്ദേശസ്ഥാപന അധ്യക്ഷര്‍ക്കും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുമായി ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശനി ഹാളില്‍ ഇന്നലെ സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ 'ധീരം' ജില്ലാതല മാസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ മന്ത്രിയില്‍ നിന്ന് യൂണിഫോം ഏറ്റുവാങ്ങി.

കുടുംബശ്രീയും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സംയുക്തമായാണ് 'ധീരം' സ്വയം പ്രതിരോധ പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വയംപ്രതിരോധ മുറകളില്‍ വിദഗ്ധ പരിശീലനം നല്‍കുകയും ഇതുവഴി സമൂഹത്തിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം.

പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി രണ്ടായിരത്തോളം വനിതകള്‍ പരിശീലനം നേടുകയും സംരംഭ യൂണിറ്റുകളായി രജിസ്റ്റര്‍ ചെയ്ത് വരുമാനം നേടുകയും ചെയ്തുവരുന്നു. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 28 പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി മാസ്റ്റര്‍ പരിശീലകരുമാക്കിയിട്ടുണ്ട്. ഇവര്‍ മുഖേനയാണ് താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നത്. 

ധീരം പരിശീലന പദ്ധതിയുടെ ഭാഗമായവര്‍ക്ക് സ്വയംപ്രതിരോധ മാര്‍ഗ്ഗങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ കൈപ്പുസ്തകവും സംസ്ഥാനതലത്തില്‍ തയാറാക്കിയിട്ടുണ്ട്.

Content highlight
dheeram