വാര്‍ത്തകള്‍

മുണ്ടക്കൈ - ചൂരൽമല ഉപജീവന സംരംഭങ്ങളുടെ ധനസഹായ വിതരണം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Tuesday, October 21, 2025

ദുരന്ത ബാധിതരായ ജനതയുടെ ജീവിതം പുനർനിർമ്മിക്കാൻ സമാനതകളില്ലാത്ത ഇടപെടലാണ് സർക്കാരിന്റെ നേതൃത്വത്തിൽ കുടുംബശ്രീ നിറവേറ്റുന്നതെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഉപജീവനമാർഗം നഷ്ടപ്പെട്ട മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന  നൽകുന്ന ഉപജീവന സംരംഭങ്ങളുടെ ധനസഹായം വിതരണം ചെയ്ത് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ  സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലൂടെ ദുരന്തബാധിതരെ  അതിവേഗം തിരികെ  പിടിക്കുകയാണ് സർക്കാറെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ദുരിത ബാധിതരെ ഉപജീവന പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 357 കുടുംബങ്ങൾക്ക് 3.61 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് അനുവദിച്ചത്. ഫേസ്‌ 1, ഫേസ് 2 എ, ഫേസ് 2 ബി വിഭാഗങ്ങളിലായി ഉപജീവനം (മൈക്രോ എന്റർപ്രൈസുകൾ) ആവശ്യപ്പെട്ട മുഴുവൻ ആളുകൾക്കും സഹായം വിതരണം ചെയ്യും.
234 കുടുംബങ്ങൾക്കാണ്  ഉപജീവന ഫണ്ട് ലഭ്യമാക്കുന്നത്.  3.61 കോടി രൂപ സി.എം.ഡി.ആർഎഫ് ഫണ്ടും 1.65 കോടി രൂപ കുടുംബശ്രീ പ്രത്യാശ ഫണ്ടുൾപ്പടെ 5.20 കോടി രൂപയാണ് 435 ഗുണഭോക്തൃ  കുടുംബങ്ങൾക്കായി കുടുംബശ്രീ വിതരണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. 

 

  മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കുടുംബശ്രീയും ജില്ലാഭരണകൂടവും ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മൈക്രോപ്ലാൻ രൂപീകരിച്ച് നടപ്പിലാക്കി. ദുരിതബാധിതരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സർക്കാർ, സർക്കാരിതര ഫണ്ടുകൾ ഉപയോഗിച്ച്  പദ്ധതി ഫലപ്രദമായി പുരോഗമിക്കുകയാണ്.

കുടുംബശ്രീ പ്രത്യാശ പദ്ധതിയിൽ 95 പേർക്ക് 98 ലക്ഷം രൂപയും, സിക്ക് എം.ഇ പുനരുജ്ജീവന പദ്ധതിയിൽ 6 പേർക്ക് 6 ലക്ഷം രൂപയും അനുവദിച്ചു. പ്രവാസി ഭദ്രത പദ്ധതിയിൽ 21 പേർക്ക് 28 ലക്ഷം രൂപയും ആർ.കെ.ഇ.ഡി.പി പദ്ധതിയിൽ 27 പേർക്ക് 3.3 ലക്ഷം രൂപയുടെ പലിശരഹിത വായ്പയായി നൽകി. മുണ്ടക്കൈയിലെ 27 പേർ ബെയിലി ബാഗ് നിർമ്മാണത്തിലൂടെയും 19 പേർ ബെയിലി കുട നിർമ്മാണത്തിലൂടെയും ഉപജീവനമാർഗം കണ്ടെത്തി. കുടുംബശ്രീയും ജില്ലാ ഭരണകൂടവും ചേർന്ന് വിദഗ്‌ധ പരിശീലനവും വിപണന സാധ്യതയും ഒരുക്കിയ സംരംഭങ്ങൾ ദുരന്തബാധിതർക്ക് സ്ഥിരവരുമാനവും ആത്മവിശ്വാസവും നൽകി. ബെയിലി ബ്രാൻഡ് മുണ്ടക്കൈയുടെ അതിജീവനത്തിന്റെ പ്രതീകമായി സർക്കാർ മേളകളിലും പ്രാദേശിക വിപണിയിലും ശക്തമായ സാന്നിധ്യമായി വളരുകയും ഓൺലൈൻ വിപണി സാധ്യതകൾക്കായും  ഒരുങ്ങുകയാണ്.

മൈക്രോപ്ലാനിൽ തൊഴിലന്വേഷകരുടെ പുനരധിവാസം പ്രധാന ഘടകമായി ഉൾപ്പെടുത്തി. കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നു  തൊഴിൽമേളകളും  പ്രാദേശിക മേളകളും സംഘടിപ്പിച്ചു. 73 പേർ വൈദഗ്ധ്യ-നൈപുണി പരിശീലനം പൂർത്തിയാക്കി, 161 പേരുടെ പരിശീലനം പുരോഗമിക്കുന്നുണ്ട്.  ദുരന്തബാധിത പ്രദേശങ്ങളിലെ 21 പേർക്ക് തൊഴിൽ ലഭ്യമാക്കി. ദുരന്തബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാഭരണകൂടവും കുടുംബശ്രീയും സംയുക്തമായി ദുരന്തബാധിത കുടുംബങ്ങളിൽ നിന്നുള്ള 16 പേരെ മെന്റർമാരായി നിയമിച്ചു. ഒരു വർഷത്തേക്ക് ഇവരുടെ സേവനങ്ങൾക്ക് കുടുംബശ്രീ മുഖേന 27 ലക്ഷം രൂപ ഇവരുടെ കുടുംബങ്ങളിലേക്ക് എത്തിച്ചു. മൈക്രോപ്ലാനിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ മൃഗസംരക്ഷണ ആവശ്യങ്ങൾ അടിസ്ഥാനമാക്കി സമർപ്പിച്ച പ്രോപ്പോസൽ സർക്കാർ അംഗീകരിച്ച്  ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് 90 ലക്ഷം രൂപ അനുവദിച്ചു. 74 അർഹമായ കുടുംബങ്ങൾക്ക് സഹായം എത്തിക്കാനുള്ള നടപടികൾ  പുരോഗമിക്കുകയാണ്.

ആരോഗ്യ ആവശ്യങ്ങൾ സൗജന്യമായി നിറവേറ്റാൻ ആരോഗ്യ വകുപ്പ് ഇടപെടൽ നടത്തുന്നു. 238 ദുരന്തബാധിത കുടുംബങ്ങൾക്ക് ഇതിനകം സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തു. 852 കുടുംബങ്ങൾക്ക് 6 മാസത്തോളം  1000 രൂപയുടെ ഭക്ഷണ കൂപ്പൺ ലഭ്യമാക്കി. ജില്ലാഭരണകുടം നൽകുന്ന കൂപ്പണുകൾ അർഹമായ കരങ്ങളിൽ എത്തിക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്. ദുരന്തബാധിത കുടുംബങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള ഇടപെടലുകളും മൈക്രോപ്ലാനിൻ്റെ അടിസ്ഥാനത്തിൽ നടത്തി.
കെ.എസ്.ഡി.എം.എ 250 ലാപ്ടോപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഏജൻസികളുടെ സഹകരണത്തോടെ ഇതിനോടകം 235 കുട്ടികൾക്ക് ലാപ്ടോപ് ലഭ്യമാക്കി. 26 കുട്ടികളുടെ ട്യൂഷൻ ഫീസും 142 കുട്ടികൾക്ക് പഠനോപകരണങ്ങളും 200ലധികം കുട്ടികൾക്കായി യാത്രാസൗകര്യങ്ങളും ലഭ്യമാക്കി.
മൈക്രോപ്ലാനിന് പുറമേ കുടുംബശ്രീ 42 അയൽകൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട്, 3 വാർഡുകൾക്ക് വൾണറബിലിറ്റി റിഡക്ഷൻ ഫണ്ട്, 21 പേർക്ക് മൃഗസംരക്ഷണ പലിശരഹിത വായ്പ എന്നിവ നൽകി.
കുടുംബങ്ങൾക്കാവശ്യമായ കൗൺസിലിങ് സപ്പോർട്ട് കുടുംബശ്രീ സ്നേഹിത മുഖേന നൽകുന്നുണ്ട്.

ടി സിദ്ദീഖ് എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സരോജിനി ഓടമ്പത്ത്, കേരള കോ ഓപ്പറേറ്റീവ് ഡെവലപ്പ്മെൻ്റ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബി നാസർ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.എം സലീന, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.കെ അമീൻ, വി.കെ റജീന, മേപ്പാടി സി.സി.എസ് ചെയർപേഴ്സൺ ബിനി പ്രഭാകരൻ, ടി. ഹംസ എന്നിവർ സംസാരിച്ചു.  ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Content highlight
mundakkai

എൻ.ഡി.ഡി.ബി പ്രതിനിധികള്‍ കുടുംബശ്രീയിൽ പഠന സന്ദർശനം നടത്തി

Posted on Tuesday, October 21, 2025

ദേശീയ ക്ഷീര വികസന ബോർഡിലെ (എൻ.ഡി.ഡി.ബി) പ്രതിനിധികള്‍ കുടുംബശ്രീയിൽ പഠന സന്ദർശനം നടത്തി. കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ടിത സംഘടനാ സംവിധാനത്തെയും ഘടനയെയും കുറിച്ച് മനസ്സിലാക്കുന്നതിനും കുടുംബശ്രീയുടെ പഠനങ്ങളും മികച്ച മാതൃകകളും ക്ഷീര സഹകരണ വ്യവസ്ഥയിലേക്ക് പകർത്തുന്നതിനും ക്ഷീര സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സമഗ്രവും സുസ്ഥിരവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനുഉള അവസരങ്ങൾ കണ്ടെത്തുകയുമായിരുന്നു സന്ദർശന ലക്ഷ്യങ്ങൾ.

എസ്. രാജീവ് (എക്സിക്യൂട്ടീവ് ഡയറക്ടർ), വി. ശ്രീധർ (സീനിയർ ജനറൽ മാനേജർ), റോമി ജേക്കബ്, (റീജിയണൽ ഹെഡ് -സൗത്ത് റീജിയൺ) എന്നിവരുൾപ്പെടെ 10 എൻ.ഡി.ഡി.ബി ഉദ്യോഗസ്ഥരാണ് സന്ദർശനം നടത്തിയത്. 

കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ, ഭാവി സംയോജന സാധ്യത എന്നിവയെക്കുറിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസുമായി സംഘം ചർച്ച നടത്തി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അനീഷ് കുമാർ എം.എസ് കുടുംബശ്രീ കേരള സമൂഹത്തിൽ ഉളവാക്കിയ മാറ്റങ്ങളെക്കുറിച്ച് വിശദമാക്കി.

Content highlight
nddb

കുടുംബശ്രീ 'വിമൻ പവർ'-പദ്ധതിയുടെ ലോഗോ, 'സമതയുടെ നാളേയ്ക്ക്'-സുവനീർ പ്രകാശനം ചെയ്തു

Posted on Tuesday, October 14, 2025

കുടുംബശ്രീ മുഖേന സംസ്ഥാനത്തെ കോളേജുകളിൽ നടപ്പാക്കുന്ന "വിമൻ പവർ' പദ്ധതിയുടെ ലോഗോ, സ്ത്രീശാക്തീകരണവുമയി ബന്ധപ്പെട്ട് കുടുംബശ്രീ തയ്യാറാക്കിയ "സമതയുടെ നാളേയ്ക്ക്'-സുവനീർ എന്നിവയുടെ പ്രകാശനം  തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് കോസ്മോ പൊളിറ്റൻ ക്ളബ്ബിൽ സംഘടിപ്പിച്ച "വിഷൻ 2031' സംസ്ഥാനതല സെമിനാർ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ലോഗോയുടെയും സുവനീറിന്റെയും പ്രകാശനം.

സംസ്ഥാനത്തിന്റെ കഴിഞ്ഞ കാല വളർച്ചയെ വിലയിരുത്തുന്നതിനും ഭാവിവികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും 2031ൽ കേരളം എങ്ങനെ ആയിരിക്കണമെന്നും എന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നത്.

ടി.ശാന്ത കുമാരി എം.എൽ.എ, കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, മുൻ ചീഫ് സെക്രട്ടറിമാരായ ഡോ.കെ വേണു, ശാരദാ മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, കുടുംബശ്രീ എക-്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, സന്തോഷ് ജോർജ് കുളങ്ങര, ഹരീഷ് വാസുദേവൻ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു, സിനിമാ താരം സരയൂ മോഹൻ എന്നിവർ പങ്കെടുത്തു. വിവിധ കോർപ്പറേഷൻ മേയർമാർ, നഗരസഭാ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സി.ഡി.എസ് അധ്യക്ഷമാർ, ജില്ലാ മിഷൻ കോർഡിനേറ്റർമാർ എന്നിവരും പങ്കെടുത്തു.   

Content highlight
Kudumbashree releases 'Women Power' project logo

വിഷൻ 2031 : പ്രാദേശിക സാമ്പത്തിക വികസനം, പ്രാഥമിക മേഖലയ്ക്ക് പ്രാമുഖ്യം നൽകണം

Posted on Tuesday, October 14, 2025

സംരംഭകത്വം നിലനിർത്തുന്നതിനും പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിനും കൃഷി പോലുള്ള പ്രാഥമിക മേഖലകൾക്ക് പ്രാമുഖ്യം നൽകണമെന്ന്  തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് കോസ്മോ പൊളിറ്റൻ ക്ലബിൽ സംഘടിപ്പിച്ച വിഷൻ 2031 - സെമിനാറിന്റെ ഭാഗമായി 'ഉപജീവനം, പ്രാദേശിക സാമ്പത്തിക വികസനം' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അഭിപ്രായമുയർന്നു.

 കുടുംബശ്രീ അടക്കമുള്ള വിവിധ ഏജൻസികളെ സംയോജിപ്പിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാകൂ എന്നും ചർച്ചയിൽ വിലയിരുത്തി.വിവിധ മേഖലകളിൽ നാം ഇതുവരെ നേടിയ നേട്ടങ്ങളെ സുസ്ഥിരമായി നിലനിർത്താൻ സാമ്പത്തികമായ സുസ്ഥിരത ആവശ്യമാണ്.കേരളത്തിന്റെ സാമ്പത്തിക നിലനിൽപ്പിലെ പ്രധാന വെല്ലുവിളിയാണ് വരുമാനത്തിലെ അസന്തുലിതാവസ്ഥ. സംസ്ഥാനത്തിന്റെ വരുമാനത്തിൽ 65% ശതമാനവും സേവന മേഖലയിൽ നിന്നാണ്. ഉൽപാദന മേഖലയുടെ സംഭാവന 10% ശതമാനത്തിൽ താഴെ മാത്രമാണ്. ഈ സ്ഥിതി സാമ്പത്തികമായ നിലനിൽപ്പിന് വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിക്കേണ്ടതുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള ധനസഹായത്തിൽ 26 % ശതമാനത്തിന്റെ കുറവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്.

തദ്ദേശസ്ഥാപനങ്ങൾക്ക് സാമ്പത്തിക വികസനത്തിൽ വലിയ പങ്കുണ്ട്.
നാടിന്റെ വികസനത്തിലേക്കുള്ള ചവിട്ടുപടിയായാണ് സംരംഭകത്വത്തെ കാണേണ്ടത്. സംരംഭകത്വ മനോഭാവം കുട്ടികളിൽ വളർത്തിയെടുക്കണം. കാർഷിക മേഖല 'അഗ്രി ബിസിനസ്' എന്ന രീതിയിലേക്ക് മാറിയാൽ മാത്രമേ കൃഷിയിലൂടെയുള്ള പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാവൂ. വിളവെടുപ്പ് വരെയുള്ള കാലം, വിളവെടുപ്പിന് ശേഷമുള്ള കാലം എന്നിങ്ങനെ കൃഷിയെ വേർതിരിച്ച് ശാസ്ത്രീയമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തണം. കാർഷിക ഉത്പന്നങ്ങൾ കുടുംബശ്രീ, ഫാർമേഴ്സ് പ്രൊഡ്യൂസർ യൂണിറ്റുകൾ തുടങ്ങി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പ്രാദേശികമായി സംസ-്കരിക്കണം. ഉത്പന്നങ്ങളുടെ വിപണനത്തിന് നല്ല പാക്കേജിങ് സിസ്റ്റം ആവശ്യമാണ്.

പ്രാദേശിക സാമ്പത്തിക വികസന മേഖലയിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കണം. കേവലം 100 ദിവസം തൊഴിൽ നൽകുക എന്നതിലുപരി തൊഴിലുറപ്പ് പദ്ധതിയുടെ മറ്റു മേഖലകൾക്കും പ്രാധാന്യം നൽകണം. സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ നൽകുക, സാമ്പത്തിക സാക്ഷരത നൽകൽ, മൈക്രോ ഫിനാൻസ് എന്നീ മേഖലകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകണമെന്നും ചർച്ച അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ ആധുനികവത്കരണം, സാങ്കേതികമായി പുരോഗമിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു വന്നു.

കുടുംബശ്രീ എക-്സിക്യുട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ വിഷയാവതരണം നടത്തിയ ചർച്ചയിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു. പി. അലക-്സ് അധ്യക്ഷത വഹിച്ചു. കെ. ഡിസ-്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ, ആര്യനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.സി.എസ് ചെയർപേഴ്സൺ കെ. ആർ സുനിതാ കുമാരി, ഉദ്യം ലേണിങ് ഫൗണ്ടേഷൻ സീനിയർ മാനേജർ ടോണി കെ. ജോസ്, ഐ.സി.എ.ആർ- സി. ടി. സി. ആർ. ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ: എം.എസ് സജീവ്, കുടുംബശ്രീ മുൻ പ്രോഗ്രാം ഒാഫീസർ പി.ബാലചന്ദ്രൻ, നബാർഡ് മുൻ അസി. ജനറൽ മാനേജർ രമേഷ് വേണുഗോപാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

Content highlight
vision 2031- livelihood seminar

കുടുംബശ്രീയും റിലയന്‍സ് ജിയോയുമായി കൈകോര്‍ത്ത് 10,000 വനിതകള്‍ക്ക് തൊഴില്‍

Posted on Tuesday, October 14, 2025

കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുമായി കൈകോര്‍ത്ത് 10,000 വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിക്ക് ധാരണയായെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജ്ഞാനകേരളം- കുടുംബശ്രീ തൊഴില്‍ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും റിലയന്‍സുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ ഇത്രയും പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ധാരണയിലെത്തിയത്.

ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം, വര്‍ക്ക് ഫ്രം ഹോമായി കസ്റ്റമര്‍ കെയര്‍ ടെലി കോളിങ് ഉള്‍പ്പെടെയുള്ള തൊഴിലുകളിലേക്കാണ് കുടുംബശ്രീ വനിതകളെ പരിഗണിക്കുക. തൊഴിലിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എല്ലാ പരിശീലനവും ആകര്‍ഷകമായ വേതനവും റിലയൻസ് ലഭ്യമാക്കും. ഇതിനായി കുടുംബശ്രീയും റിലയന്‍സ് പ്രോജക്ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡും തമ്മില്‍ ധാരണാ പത്രം ഒപ്പുവച്ചു. മന്ത്രി ശ്രീ. എം.ബി. രാജേഷിന്റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, റിലയന്‍സ് പ്രോജക്ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് റിലയന്‍സ് ജിയോ കേരള ബിസിനസ് ഹെഡ് ഹേമന്ത് അംബോര്‍ക്കര്‍ എന്നിവര്‍ ധാരണാ പത്രം കൈമാറി.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ റിലയന്‍സ് ടെലികോം ഡിവിഷനായ ജിയോയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നു ലഭ്യമാകുന്ന ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വിപണനവും മറ്റ് ഡിജിറ്റല്‍ സേവനങ്ങളും നല്‍കുന്നതിനാണ് കുടുംബശ്രീ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. തൊഴില്‍ അവസരങ്ങളുടെ എണ്ണത്തിന് അനുസൃതമായി യോഗ്യരായ കുടുംബശ്രീ വനിതകളുടെ പട്ടിക അതത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി റിലയന്‍സിന് ലഭ്യമാക്കും. ഫ്രീലാന്‍സ് മാതൃകയിലായിരിക്കും ഇവരുടെ ജോലി. ചെയ്യുന്ന ജോലിക്കനുസരിച്ചാണ് വേതനം. നിലവില്‍ ജിയോയില്‍ ഈ രംഗത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപയിലേറെ വരുമാനം ലഭിക്കുന്നുണ്ട്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജിയോ കസ്റ്റമര്‍ അസോസിയേറ്റ്‌സിന്റെ കീഴില്‍ ടെലികോളിങ്ങ് മേഖലയില്‍ മുന്നൂറു പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ജോലിയും നല്‍കുന്നുണ്ട്. പുറത്തു പോയി ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത വീട്ടമ്മമാരായ കുടുംബശ്രീ വനിതകള്‍ക്ക് ഇത് ഏറെ സഹായകമാകും.

തിരുവനന്തപുരത്ത് ഒക്ടോബര്‍ 11ന്‌ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മന്ത്രിയ്ക്കൊപ്പം ഡോ. ടി.എം തോമസ് ഐസക് (വിജ്ഞാന കേരളം, മുഖ്യ ഉപദേഷ്ടാവ്), ടിങ്കു ബിസ്വാൾ ഐ.എ.എസ് (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി), ടി.വി അനുപമ ഐ.എ.എസ് (തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി), എച്ച്. ദിനേശൻ ഐ.എ.എസ് (കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ) എന്നിവർ പങ്കെടുത്തു

Content highlight
Kudumbashree joins hands with Reliance Jio to provide employment to 10,000 women

നാടെങ്ങും യുവതയുടെ ആഘോഷമായി കുടുംബശ്രീയുടെ ഓക്സെല്ലോ ഫെസ്റ്റ്

Posted on Tuesday, October 14, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് വാർഡുതലത്തിൽ സംഘടിപ്പിച്ച ‘ഓക്സെല്ലോ ഫെസ്റ്റ്’ യുവതയുടെ ആഘോഷമായി. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ‘ഓക്സെല്ലോ’ ക്യാമ്പയിന്റെ ഭാഗമായാണ് ഇന്നലെ(11-10-2025) വാർഡുതലത്തിൽ ഓക്സെല്ലോ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇതുവഴി പുതിയ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുകയും നിലവിലുള്ളവ പുന:സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ ഒട്ടേറെ യുവതികളും പുതുതായി അംഗത്വമെടുത്തവരിൽ ഉൾപ്പെടുന്നു. ഒക്ടോബർ 18, 19 തീയതികളിൽ നടക്കുന്ന ഓക്സിലറി ഗ്രൂപ്പുകളുടെ സി.ഡി.എസ്തല സംഗമത്തിനു മുന്നോടിയായിട്ടാണ് ഓക്സെല്ലോ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.  

ആദ്യഘട്ടത്തിൽ ഓരോ വാർഡിലും ഒന്നു വീതം എന്ന കണക്കിലാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത്. പരമാവധി അമ്പത് പേർ വരെ ഉൾപ്പെടുന്നതായിരുന്നു ഓരോ ഗ്രൂപ്പും. എന്നാൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലേതു പോലെ ആഴ്ച തോറുമുളള സമ്പാദ്യവും വായ്പയും ഉൾപ്പെടുന്ന സൂക്ഷ്മ സാമ്പത്തിക പ്രവർത്തനം ഓക്സിലറി ഗ്രൂപ്പുകൾക്ക് ഉണ്ടായിരുന്നില്ല.  ഓക്സിലറി ഗ്രൂപ്പുകളുടെ ഘടനയും പ്രവർത്തനവും സംബന്ധിച്ച ബൈലോ ഭേദഗതി ചെയ്തതു പ്രകാരം രണ്ടു വിധത്തിലാണ് ഇവയുടെ പ്രവർത്തനം. സൂക്ഷ്മ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താൻ താൽപര്യമുള്ള അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഗ്രൂപ്പുകളും അല്ലാത്തവയും. പുതിയ ബൈലോ പ്രകാരം ഒരു ഗ്രൂപ്പിൽ 10-20 വരെ അംഗങ്ങളെ മാത്രമാണ് ഉൾപ്പെടുത്താനാവുക. ഇതു പ്രകാരമാണ് നിലവിൽ ഇരുപത് പേരിൽ കൂടുതലുള്ള ഓക്സിലറി ഗ്രൂപ്പുകൾ പുന:സംഘടിപ്പിക്കുന്നത്.  ഇതോടെ പല വാർഡുകളിലും ഓക്സിലറി ഗ്രൂപ്പുകളുടെ എണ്ണം ഇരട്ടിയാകും എന്നാണ് പ്രതീക്ഷ. പുതിയ അംഗങ്ങളുടെ കടന്നു വരവും ഗ്രൂപ്പുകളുടെ എണ്ണം വർധിക്കാൻ സഹായകമാകും. നിലവിൽ പുതിയ കണക്കുകൾ പ്രകാരം ലഘുസമ്പാദ്യ നിക്ഷേപവും വായ്പാ സൗകര്യങ്ങളും ആവശ്യപ്പെടുന്ന അംഗങ്ങൾ ഉൾപ്പെടുന്ന ഓക്സിലറി ഗ്രൂപ്പുകളുടെ എണ്ണമാണ് കൂടുതൽ.

ഓക്സെല്ലോ ഫെസ്റ്റ് സംസ്ഥാനത്ത് 19470 വാർഡുകളിലും ഇന്നലെ(11-12-2025) സംഘടിപ്പിക്കാനായിരുന്നു നിർദേശം. എങ്കിലും പൂർത്തിയാകാത്ത വാർഡുകളിൽ ഇന്നു(12-10-2025)  കൂടി ഉണ്ടാകും. ഫെസ്റ്റിനോടനുബന്ധിച്ച് വാർഡുതലത്തിൽ യുവതീ സംഗമം, ഓപ്പൺ ഫോറം, കുടുംബശ്രീ അംഗങ്ങളും ബാലസഭാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് പ്രവർത്തകർ, ജനപ്രതിനിധികൾ, നിലവിലുള്ള ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ ഓക്സെല്ലോ ഫെസ്റ്റിന് നേതൃത്വം നൽകി.

Content highlight
ads level auxello fest was held on 11th October

വിഷൻ 2031: വീടുകളിൽ ഒരു സ്ത്രീക്കെങ്കിലും തൊഴിൽ നിർബന്ധമാക്കണമെന്ന് പാനൽ ചർച്ച

Posted on Tuesday, October 14, 2025

വീടുകളിൽ ഒരു സ്ത്രീക്കെങ്കിലും തൊഴിൽ നിർബന്ധമാക്കണമെന്ന് വിഷൻ 2031 സെമിനാറിലെ ക്ഷേമം, സാമൂഹിക നീതി, ലിംഗപദവി എന്ന വിഷയത്തിൽ നടത്തിയ പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു.  തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് കോസ്മോ പൊളിറ്റൻ ക്ളബ്ബിൽ സംഘടിപ്പിച്ച "വിഷൻ 2031' ന്റെ ഭാഗമായി കുടുംബശ്രീ അവതരിപ്പിച്ച പാനൽ ചർച്ചയിലാണ് ക്രിയാത്മകമായ അഭിപ്രായങ്ങൾ ഉയർന്നത്.

കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണ്. കുടുംബശ്രീ വഴി സ്ത്രീകളുടെ കഴിവ് മനസിലാക്കി അവരെ സ്വയംപര്യാപ്തമാക്കണമെന്നും ലിംഗപദവി, ലിംഗസമത്വം എന്നിവയുടെ അവബോധം വളർത്തണമെന്നും സംസ്ഥാന ജെൻഡർ കൗൺസിൽ കൺസൾട്ടന്റ് ടി.കെ ആനന്ദി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് സ്ത്രീകൾ സാക്ഷരതയിൽ മുന്നിലാണെങ്കിലും തൊഴിലില്ലായ്മ കൂടുതലുളളതും സ്ത്രീകൾക്കാണെന്നും വിഷയ അവതരണത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ (നഗരകാര്യം) സൂരജ്ഷാജി അഭിപ്രായപ്പെട്ടു. തൊഴിലുള്ളതു കൊണ്ടു മാത്രം ശാക്തീകരണം ഉണ്ടാവില്ല. സാമ്പത്തിക അടിസ്ഥാനം സ്ത്രീകൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. വർധിച്ചു വരുന്ന സ്ത്രീധന ആത്മഹത്യകൾ, ആക്രമണങ്ങൾ എന്നിവ കുറയ്ക്കണം.

കുടുംബശ്രീയിൽ ജെൻഡർ ഒാഡിറ്റ് നിർബന്ധമായും നടപ്പാക്കണമെന്നും കണ്ണൂർ ഗവ:മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ.കെ ജയശ്രീ അഭിപ്രായപ്പെട്ടു. സാമൂഹിക നീതി വളർത്തിയെടുക്കാൻ ജനപങ്കാളിത്തം വേണമെന്നും ഗാന്ധിഗ്രാം യൂണിവേഴ്സിറ്റി യുജിസി എമിരിറ്റസ് പ്രൊഫ. എം.എ സുധീർ അഭിപ്രായപ്പെട്ടു.

ഗോത്ര വർഗ മേഖലയിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കണമെന്നും കിർത്താഡ്സ് ഡയറക്ടർ ഡോ.എസ് ബിന്ദു അഭിപ്രായപ്പെട്ടു. ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നൈപുണ്യ വികസനത്തിന് സ്ത്രീകളെ പ്രാപ്തരാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയുമോ എന്ന് ആലോചിക്കണം. ടെക്നോളജിയെ കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളിലും സ്ത്രീകളിൽ അവബോധം സൃഷ്ടിക്കണം. ശാക്തീകരണം കുട്ടികളിൽ നിന്നു തുടങ്ങണമെന്നും സ്ത്രീ പുരുഷന്റെ ഒപ്പം നടക്കണമെന്ന ചിന്തയെ വളർത്തണമെന്നും കില ഡയറക്ടർ എ.നിസാമുദ്ദീൻ പറഞ്ഞു. കുടുംബശ്രീ വഴി കുട്ടികളെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇത് കൂടുതൽ സജീവമാക്കണമെന്നും ബാലസഭാ പ്രതിനിധി ഹിത മനോജ് അഭിപ്രായപ്പെട്ടു.   

Content highlight
VISION 2031 gender seminar

കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് മേള: ലോഗോയും ടാഗ് ലൈനും ക്ഷണിച്ചു

Posted on Wednesday, October 8, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 2026 ജനുവരി രണ്ട് മുതൽ പതിനൊന്ന് വരെ പാലക്കാട് തൃത്താലയിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയ്ക്കായി ലോഗോയും ടാഗ് ലൈനും ക്ഷണിക്കുന്നു. സരസ്മേളയിലൂടെ ഗ്രാമീണ സംരംഭകർക്ക് ലഭിക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണം, ഉൽപന്ന വൈവിധ്യം, വിവിധ സംസ്ക്കാരങ്ങളുടെ ഒത്തുചേരൽ എന്നിവ വ്യക്തമാക്കുന്ന ലോഗോയും ടാഗ് ലൈനുമാണ് അയക്കേണ്ടത്. ഒരാൾക്ക് ലോഗോയും ടാഗ് ലൈനും ഒരുമിച്ചോ രണ്ടും പ്രതേ്യകമായോ അയക്കാവുന്നതാണ്. പരമാവധി മൂന്ന് എൻട്രികൾ വരെ അയക്കാം. മികച്ച ടാഗ് ലൈനോടു കൂടി തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 10,000 രൂപ സമ്മാനമായി ലഭിക്കും. അത്തരം എൻട്രികൾ ലഭിക്കാത്ത പക്ഷം മികച്ച ലോഗോ, ടാഗ് ലൈൻ എന്നിവ പ്രതേ്യകമായി തിരഞ്ഞെടുക്കും. ഇവ ഒാരോന്നിനും 5000 രൂപ വീതം സമ്മാനം ലഭിക്കും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 13.  

രാജ്യത്തെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ, ഭക്ഷ്യ സംസ്കാരം, വനിതാ കൂട്ടായ്മ, പാലക്കാട് ജില്ലയുടെ കലാ സാംസ്കാരിക തനിമ, പ്രാദേശിക പ്രതേ്യകതകൾ എന്നിവ ലോഗോയുടെ ഭാഗമാക്കാവുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കുന്നവർ എൻട്രികൾ   kudumbashreesarasmelapkd2026@gmail.com  എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. "സരസ്@പാലക്കാട്-ലോഗോ/ടാഗ് ലൈൻ' എന്ന സബ്ജക്ട് കൂടി മെയിലിൽ ചേർത്താണ് അയക്കേണ്ടത്.  

Content highlight
Kudumbashree National SARAS mela at palakkad- logo and tagline invited

വികസന ആശയങ്ങളുമായി കുട്ടികൾ: കുടുംബശ്രീയുടെ ബാലസദസ്- വേറിട്ട അനുഭവമായി "ഡ്രീം വൈബ്'

Posted on Monday, October 6, 2025

സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച ബാലസദസ് "ഡ്രീം വൈബ്' കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് വേറിട്ട അനുഭവമായി.  സമൂഹത്തിന്റെ വികസന പ്രക്രിയയിൽ കുട്ടികളുടെ ആശയങ്ങളും സ്വപ്നങ്ങളും കൂടി ഉൾച്ചേർക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നത് ലക്ഷ്യമിട്ടാണ് ബാലസദസ് സംഘടിപ്പിച്ചത്. ~സംസ്ഥാനത്ത് ഒക്ടോബർ രണ്ട്,  മൂന്ന്, നാല്, അഞ്ച് തീയതികളിലായി 956 സി.ഡി.എസുകളിൽ ബാലസദസ് സംഘടിപ്പിച്ചു. ബാലസദസുകളിലും അതിനു മുന്നോടിയായി സംഘടിപ്പിച്ച വാർഡുതല ബാലസഭായോഗങ്ങളിലുമായി നാലു ലക്ഷത്തിലേറെ  കുട്ടികൾ പങ്കെടുത്തു.

കുട്ടികളുടെ വികസന ആശയങ്ങളും നിർദേശങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തി ആദ്യം വാർഡുതലത്തിലും പിന്നീട് സി.ഡി.എസ്തലത്തിലും ക്രോഡീകരിച്ച റിപ്പോർട്ട് ബാലസദസുകളിൽ അതത് തദ്ദേശ സ്ഥാപന അധ്യക്ഷന്  ബാലപഞ്ചായത്ത് പ്രസിഡന്റ് കൈമാറി. റിപ്പോർട്ടിലെ വികസന ലക്ഷ്യങ്ങളും നിർദേശങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക കർമപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും അവ പിന്നീട് പ്രാദേശിക വികസനത്തിന് സഹായകമാവുകയും ചെയ്യും.  

ജനാധിപത്യ മൂല്യങ്ങൾ, ലിംഗനീതി, തുല്യത എന്നീ വിഷയങ്ങൾ കൂടാതെ തങ്ങളുടെ പ്രദേശത്ത് പരിസ്ഥിതി ഉൾപ്പെടെ വിവിധ മേഖലകളിൽ നടപ്പാക്കേണ്ട വികസന ലക്ഷ്യങ്ങൾ, കുട്ടികളുടെ ആവശ്യങ്ങൾ, അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, വെല്ലുവിളികൾ എന്നിവ കുട്ടികൾ സധൈര്യം ഉയർത്തിക്കാട്ടിയത് ബാലസദസിന് നേതൃത്വം നൽകിയ മുതിർന്നവരിലും ഏറെ കൗതുകമുണർത്തി. മാലിന്യ സംസ്ക്കരണം, ശിശുസൗഹൃദ ഗ്രാമം, ഭിന്നശേഷി സൗഹൃദ ഗ്രാമം, പ്രാദേശിക വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, സുരക്ഷ എന്നീ വിഷയങ്ങൾക്ക് പ്രതേ്യക പ്രാധാന്യം നൽകി ചർച്ച നയിച്ചതും ശ്രദ്ധേയമായി. കുട്ടികൾ തന്നെയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. ജനാധിപത്യ സമൂഹത്തിൽ കുട്ടികൾക്ക്  അവകാശങ്ങൾ മാത്രമല്ല, കടമകളും ഉത്തരവാദിത്വങ്ങളും കൂടിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ബാലസദസിൽ ഉയർന്നു കേട്ട കുട്ടികളുടെ വാക്കുകൾ.

ഡിസംബറിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബാലപാർലമെന്റിനു മുന്നോടിയായിട്ടാണ് സംസ്ഥാനത്തെ കുടുംബശ്രീ സി.ഡി.എസുകളിൽ ബാലസദസ്-ഡ്രീം വൈബ് സംഘടിപ്പിച്ചത്. വാർഡുതലത്തിൽ കുട്ടികൾ നൽകിയ എല്ലാ നിർദേശങ്ങളും ആശയങ്ങളും സംസ്ഥാന മിഷനിൽ നിന്നു നൽകിയിട്ടുള്ള ഒാൺലൈൻ പ്ളാറ്റ്ഫോമിൽ അപ് ലോഡ് ചെയ്തു വരികയാണ്. റിസോഴ്സ് പേഴ്സൺമാർക്കാണ് ഇതിന്റെ ചുമതല.

Content highlight
Dream vibes special kudumbashree balasabha

കുടുംബശ്രീ ദേശീയ സരസ് മേള: പാലക്കാട് തൃത്താലയിൽ സംഘാടക സമിതി രൂപീകരിച്ചു

Posted on Monday, October 6, 2025

കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ തൃത്താലയിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. 2026 ജനുവരി രണ്ട് മുതൽ 11 വരെ തൃത്താല ചാലിശ്ശേരിയിലാണ് മേള സംഘടിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്(3-10-2025) ചാലിശ്ശേരി അൻസാരി ഒാഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ആകെ 17 സബ്കമ്മിറ്റികളും രൂപീകരിച്ചു.

ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകർ ഉൽപാദിപ്പിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ലഭിക്കുന്ന 250-ലധികം ഉൽപന്ന വിപണന സ്റ്റാളുകൾ മേളയോടനുബന്ധിച്ച് സജ്ജീകരിക്കും. ഇതരസംസ്ഥാനങ്ങളിലെ രുചി വൈവിധ്യങ്ങൾ വിളമ്പുന്ന ഫുഡ്കോർട്ട്, കലാ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ, വിവിധ വിഷയങ്ങളെ അധികരിച്ചുളള സെമിനാറുകൾ എന്നിവ ദിവസേന ഉണ്ടാകും.

സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഷൊർണ്ണൂർ എം.എൽ.എ പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, പാലക്കാട് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, തൃത്താല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റെജീന, ചേമ്പർ ഒാഫ് മുനിസിപ്പൽ ചെയർമാൻ പി. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ സുഭാഷ് പി.ബി എന്നിവർ സംസാരിച്ചു.

കുടുംബശ്രീ ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ നവീൻ സി കമ്മിറ്റി അവതരണം നടത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അനുരാധ എസ് നന്ദിയും പറഞ്ഞു.  എം.പി മാർ, എം.എൽ.എ മാർ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, സി.ഡി.എസ് അധ്യക്ഷമാർ, ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ  യോഗത്തിൽ പങ്കെടുത്തു.

Content highlight
Kudumbashree National SARAS mela at palakkad- organization committee formed