കുടുംബശ്രീ ദേശീയ സരസ് മേള: പാലക്കാട് തൃത്താലയിൽ സംഘാടക സമിതി രൂപീകരിച്ചു

Posted on Monday, October 6, 2025

കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ തൃത്താലയിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. 2026 ജനുവരി രണ്ട് മുതൽ 11 വരെ തൃത്താല ചാലിശ്ശേരിയിലാണ് മേള സംഘടിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്(3-10-2025) ചാലിശ്ശേരി അൻസാരി ഒാഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ആകെ 17 സബ്കമ്മിറ്റികളും രൂപീകരിച്ചു.

ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകർ ഉൽപാദിപ്പിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ലഭിക്കുന്ന 250-ലധികം ഉൽപന്ന വിപണന സ്റ്റാളുകൾ മേളയോടനുബന്ധിച്ച് സജ്ജീകരിക്കും. ഇതരസംസ്ഥാനങ്ങളിലെ രുചി വൈവിധ്യങ്ങൾ വിളമ്പുന്ന ഫുഡ്കോർട്ട്, കലാ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ, വിവിധ വിഷയങ്ങളെ അധികരിച്ചുളള സെമിനാറുകൾ എന്നിവ ദിവസേന ഉണ്ടാകും.

സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഷൊർണ്ണൂർ എം.എൽ.എ പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, പാലക്കാട് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, തൃത്താല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റെജീന, ചേമ്പർ ഒാഫ് മുനിസിപ്പൽ ചെയർമാൻ പി. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ സുഭാഷ് പി.ബി എന്നിവർ സംസാരിച്ചു.

കുടുംബശ്രീ ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ നവീൻ സി കമ്മിറ്റി അവതരണം നടത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അനുരാധ എസ് നന്ദിയും പറഞ്ഞു.  എം.പി മാർ, എം.എൽ.എ മാർ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, സി.ഡി.എസ് അധ്യക്ഷമാർ, ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ  യോഗത്തിൽ പങ്കെടുത്തു.

Content highlight
Kudumbashree National SARAS mela at palakkad- organization committee formed