സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച ബാലസദസ് "ഡ്രീം വൈബ്' കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് വേറിട്ട അനുഭവമായി. സമൂഹത്തിന്റെ വികസന പ്രക്രിയയിൽ കുട്ടികളുടെ ആശയങ്ങളും സ്വപ്നങ്ങളും കൂടി ഉൾച്ചേർക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നത് ലക്ഷ്യമിട്ടാണ് ബാലസദസ് സംഘടിപ്പിച്ചത്. ~സംസ്ഥാനത്ത് ഒക്ടോബർ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിലായി 956 സി.ഡി.എസുകളിൽ ബാലസദസ് സംഘടിപ്പിച്ചു. ബാലസദസുകളിലും അതിനു മുന്നോടിയായി സംഘടിപ്പിച്ച വാർഡുതല ബാലസഭായോഗങ്ങളിലുമായി നാലു ലക്ഷത്തിലേറെ കുട്ടികൾ പങ്കെടുത്തു.
കുട്ടികളുടെ വികസന ആശയങ്ങളും നിർദേശങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തി ആദ്യം വാർഡുതലത്തിലും പിന്നീട് സി.ഡി.എസ്തലത്തിലും ക്രോഡീകരിച്ച റിപ്പോർട്ട് ബാലസദസുകളിൽ അതത് തദ്ദേശ സ്ഥാപന അധ്യക്ഷന് ബാലപഞ്ചായത്ത് പ്രസിഡന്റ് കൈമാറി. റിപ്പോർട്ടിലെ വികസന ലക്ഷ്യങ്ങളും നിർദേശങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക കർമപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും അവ പിന്നീട് പ്രാദേശിക വികസനത്തിന് സഹായകമാവുകയും ചെയ്യും.
ജനാധിപത്യ മൂല്യങ്ങൾ, ലിംഗനീതി, തുല്യത എന്നീ വിഷയങ്ങൾ കൂടാതെ തങ്ങളുടെ പ്രദേശത്ത് പരിസ്ഥിതി ഉൾപ്പെടെ വിവിധ മേഖലകളിൽ നടപ്പാക്കേണ്ട വികസന ലക്ഷ്യങ്ങൾ, കുട്ടികളുടെ ആവശ്യങ്ങൾ, അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, വെല്ലുവിളികൾ എന്നിവ കുട്ടികൾ സധൈര്യം ഉയർത്തിക്കാട്ടിയത് ബാലസദസിന് നേതൃത്വം നൽകിയ മുതിർന്നവരിലും ഏറെ കൗതുകമുണർത്തി. മാലിന്യ സംസ്ക്കരണം, ശിശുസൗഹൃദ ഗ്രാമം, ഭിന്നശേഷി സൗഹൃദ ഗ്രാമം, പ്രാദേശിക വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, സുരക്ഷ എന്നീ വിഷയങ്ങൾക്ക് പ്രതേ്യക പ്രാധാന്യം നൽകി ചർച്ച നയിച്ചതും ശ്രദ്ധേയമായി. കുട്ടികൾ തന്നെയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. ജനാധിപത്യ സമൂഹത്തിൽ കുട്ടികൾക്ക് അവകാശങ്ങൾ മാത്രമല്ല, കടമകളും ഉത്തരവാദിത്വങ്ങളും കൂടിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ബാലസദസിൽ ഉയർന്നു കേട്ട കുട്ടികളുടെ വാക്കുകൾ.
ഡിസംബറിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബാലപാർലമെന്റിനു മുന്നോടിയായിട്ടാണ് സംസ്ഥാനത്തെ കുടുംബശ്രീ സി.ഡി.എസുകളിൽ ബാലസദസ്-ഡ്രീം വൈബ് സംഘടിപ്പിച്ചത്. വാർഡുതലത്തിൽ കുട്ടികൾ നൽകിയ എല്ലാ നിർദേശങ്ങളും ആശയങ്ങളും സംസ്ഥാന മിഷനിൽ നിന്നു നൽകിയിട്ടുള്ള ഒാൺലൈൻ പ്ളാറ്റ്ഫോമിൽ അപ് ലോഡ് ചെയ്തു വരികയാണ്. റിസോഴ്സ് പേഴ്സൺമാർക്കാണ് ഇതിന്റെ ചുമതല.
- 64 views



