വേദിയിൽ താരശോഭ നിറഞ്ഞു, പതിനായിരങ്ങളെ സാക്ഷിയാക്കി കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് നിറപ്പകിട്ടാർന്ന സമാപനം

Posted on Wednesday, January 14, 2026

ഇന്ത്യൻ ഗ്രാമീണ സംരംഭങ്ങളുടെ തനിമയും സംസ്കാരവും നൃത്ത സംഗീത വാദ്യങ്ങളും  സമന്വയിച്ച പതിമൂന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചാലിശ്ശേരിയിൽ  കൊടിയിറക്കം. രണ്ടര ലക്ഷത്തിലേറെ പേർ സന്ദർശിച്ച സരസ് മേള ജനകീയ സരസ് മേളയെന്ന ഖ്യാതിയും നേടിയാണ് പരിസമാപ്തികുറിച്ചത്. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. മമ്മിക്കുട്ടി എം.എൽ എ അധ്യക്ഷത വഹിച്ചു.
 ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി സ്വാഗതം പറഞ്ഞു. ചലച്ചിത്രതാരം മഞ്ജു വാര്യർ മുഖ്യാതിഥിയായി.

കുടുംബശ്രീ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രസ്ഥാനം: മന്ത്രി എം.ബി രാജേഷ് - 

അടുക്കളയിൽ നിന്നും സ്ത്രീകളെ അരങ്ങത്തേക്കെത്തിച്ചുകൊണ്ട് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി എം. ബി രാജേഷ് സരസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. പൊതു സമൂഹത്തിൽ സ്ത്രീകളുടെ ദൃശ്യത വർധിപ്പിച്ചത് കുടുംബശ്രീയുടെ പ്രവർത്തനങ്ങളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാപനാർത്ഥികളിൽ 17000-ലധികം പേർ കുടുംബശ്രീ വനിതകളാണ്. ഇതിൽ 7210 പേർ വിജയിക്കുകയും ത്രിതല പഞ്ചായത്തുകളുടെ അധികാര സ്ഥാനത്തെത്തുകയും ചെയതു. ഇങ്ങനെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരകവുമായി സ്ത്രീകളെ ശാക്തീകരിച്ചു കൊണ്ട് കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ വിധിവാക്യങ്ങൾ തിരുത്തിക്കുറിക്കാൻ കുടുംബശ്രീക്കായി. സംസ്ഥാനത്ത് സ്ത്രീജീവിതത്തിന്റെ മുന്നേറ്റം കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന് വേർതിരിച്ചു പറയാനാകും. മുണ്ടക്കൈ ചൂരൽമല ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവുമധികം തുക സംഭാവന ചെയ്തത് കുടുംബശ്രീ വനിതകളാണ്. ഇരുപത് കോടി രൂപയാണ് അയൽക്കൂട്ട അംഗങ്ങൾ സംഭാവന ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

 തൃത്താലയിൽ സരസ് മേള സംഘടിപ്പിക്കുന്നതിന് മുമ്പുണ്ടായിരുന്ന ആശങ്കകൾ എല്ലാം ഇല്ലാതാക്കിക്കൊണ്ട് മേളയെ ഹൃദയം കൊണ്ടേറ്റുവാങ്ങി തൃത്താലയിലെ ജനങ്ങൾ ഇതൊരു വലിയ വിജയമാക്കിയെന്നും മന്ത്രി പറഞ്ഞു. തൃത്താലയുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു സരസ് മേള. ബഹുസ്വരത എന്ന വികാരത്തെ പ്രാവർത്തികമാക്കിയ മേള കൂടിയായിരുന്നു ഇത്.  ഫുഡ് കോർട്ടിൽ ഒമ്പത് ദിവസം കൊണ്ട് 1.60 കോടി രൂപയും ഉൽപന്ന വിപണന സ്റ്റാളിൽ നിന്നും എട്ടു കോടി രൂപയും ഉൾപ്പെടെ ആകെ 9.60 കോടി രൂപയുടെ വിറ്റുവരവ് നേടാൻ സംരംഭകർക്ക് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

നിലപാടുള്ള ധീരയായ വനിതയെന്ന നിലയ്ക്കാണ് മഞ്ജുവാര്യരെ മുഖ്യാതിഥിയായി സരസ് സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നും എല്ലാ കാലത്തും കുടുംബശ്രീയുടെ അഭ്യുദയകാംക്ഷിയെന്ന നിലയ്ക്ക് മഞ്ജുവിന് ഈ പ്രസ്ഥാനത്തിനോട് വൈകാരികമായ അടുപ്പമുണ്ടെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മികച്ച രീതിയിൽ മേള സംഘടിപ്പിച്ച സംഘാടക സമിതിക്കുള്ള പുരസ്കാരവും മന്ത്രി സമ്മാനിച്ചു.  സരസ് മേളയുടെ അധ്യക്ഷനായ മന്ത്രി എം. ബി രാജേഷിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഉപഹാരം നൽകി.

തന്റെ ജീവിതത്തിൽ വലിയൊരു മാതൃകയാണ് കുടുംബശ്രീയെന്നും ഇത്രയേറെ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ മാറ്റിയെടുത്ത പ്രസ്ഥാനമാണിതെന്നും ചടങ്ങിൽ മുഖ്യാതിഥിയായ മഞ്ജു വാര്യർ പറഞ്ഞു.   കപ്പൂർ കുടുംബശ്രീ സി.ഡി.എസ് സംരംഭമായ ഇല്യൂസ് പിക്കിൾസിന്റെ പ്രതേ്യക ഉപഹാരം യൂണിറ്റ് അംഗങ്ങൾ മഞ്ജു വാര്യർക്ക് സമ്മാനിച്ചു. ഫുഡ് കോർട്ടിൽ പങ്കെടുത്ത കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരെയും വേദിയിൽ ആദരിച്ചു.

എം.എൽ.എമാരായ പി.പി സുമോദ്, കെ.ടി ജലീൽ, മുൻ എം.എൽ.എമാരായ എ.കെ ചന്ദ്രൻ, ടി.പി കുഞ്ഞുണ്ണി,  തൃത്താല ബ്ളോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി എന്നിവർ ആശംസിച്ചു. തൃത്താല സി.ഡി.എസ് അധ്യക്ഷ ലത സൽഗുണൻ നന്ദി പറഞ്ഞു.

ഫുഡ് സ്റ്റാൾ വിഭാഗത്തിൽ കേരളത്തിൽ നിന്നും ഏറ്റവും മികച്ച സ്റ്റാളിനുളള പുരസ്കാരം കോട്ടയം ജില്ലയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച സ്റ്റാളിനുള്ള പുരസ്കാരം സിക്കിമും  കരസ്ഥമാക്കി. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ മികച്ച സ്റ്റാൾ എറണാകുളം ജില്ലയിൽ നിന്നുള്ള ലക്ഷ്യ ഗ്രൂപ്പിനാണ്. തദ്ദേശീയ മേഖലയിൽ നിന്നുളള മികച്ച സ്റ്റാൾ അട്ടപ്പാടിയിലെ വനസുന്ദരി സ്റ്റാളും നേടി. മികച്ച നൂതന സംരംഭത്തിനുളള അവാർഡ് തൃത്താല പ്രഥമനും ലഭിച്ചു.

ഉൽപന്ന പ്രദർശന വിപണന വിഭാഗത്തിൽ മികച്ച സ്റ്റാളിനുള്ള ഒന്നാം സ്ഥാനം  ഗോവയും രണ്ടാം സ്ഥാനം പശ്ചിമബംഗാളും മൂന്നാം സ്ഥാനം ഗുജറാത്തും കരസ്ഥമാക്കി. കേരളത്തിൽ നിന്നും പങ്കെടുത്തതിൽ ഏറ്റവും മികച്ച സ്റ്റാളിനുള്ള ഒന്നാം സ്ഥാനം വയനാട് ജില്ലയിൽ നിന്നുള്ള ഇല്ലിക്കൽ എന്റർപ്രൈസസ് എന്ന സംരംഭത്തിനാണ്. സിബിതയാണ് സംരംഭക. രണ്ടാം സ്ഥാനം എറണാകുളം ജില്ലയിലെ ഭാവന ഗ്രൂപ്പിനും മൂന്നാം സ്ഥാനം കോഴിക്കോട് ജില്ലയിലെ പവിത്രം ഗ്രൂപ്പിനുമാണ്.

ഉൽപന്ന പ്രദർശന വിപണന സ്റ്റാളിൽ പങ്കെടുത്തതിൽ പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ നസറിയയുടെ ഗ്രാൻഡ് ഫ്ളോർ യൂണിറ്റിനാണ് ഒന്നാം സ്ഥാനം. വണ്ടാഴി കുടുംബശ്രീ സി.ഡി.എസിലെ  നിവേദ്യ പിക്കിൾസിന്  രണ്ടാം സ്ഥാനവും  വെളളിനേഴിയിലെ പ്രതേ്യക അയൽക്കൂട്ടം തേജസ് കുടുംബശ്രീ യൂണിറ്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.  

സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനിക്ക്, മാതൃഭൂമിക്ക് പ്രത്യേക ജൂറി പരാമർശം

കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് മേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയ വിവിധ മാധ്യമ പുരസ്കാരങ്ങൾ സമാപന സമ്മേളനത്തിൽ മന്ത്രിയും ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയും സംയുക്തമായി  സമ്മാനിച്ചു.  അച്ചടി മാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനിക്കാണ്. ഈ വിഭാഗത്തിൽ മാതൃഭൂമിക്ക് പ്രതേ്യക ജൂറി പരാമർശം ലഭിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം  പട്ടാമ്പി കേബിൾ വിഷനും ലഭിച്ചു.

സമഗ്ര കവറേജിനുള്ള പുരസ്കാരം നേടിയ ദേശാഭിമാനിക്കു വേണ്ടി പാലക്കാട് ബ്യൂറോ ചീഫ് വേണു.കെ ആലത്ത്,  പ്രതേ്യക ജൂറി പരമാർശം നേടിയ മാതൃഭൂമിക്കു വേണ്ടി കുറ്റനാട് ലേഖകൻ സി. മൂസ പെരിങ്ങോട്, പട്ടാമ്പി ലേഖകൻ എ.സന്ദീപ് ദാസ് എന്നിവർ  മന്ത്രി എം. ബി രാജേഷിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.

   ദൃശ്യമാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം നേടിയ പട്ടാമ്പി കേബിൾ വിഷനു വേണ്ടി പട്ടാമ്പി കേബിൾ വിഷൻ പ്രതിനിധികളായ  ഗിരീഷ് പട്ടാമ്പി, മുരളീധരൻ എന്നിവർക്ക് എന്നിവർക്ക് കളക്ടർ എം.എസ് മാധവിക്കുട്ടി പുരസ്കാരം സമ്മാനിച്ചു.

ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുളള പുരസ്കാരം പട്ടാമ്പി കേബിൾ വിഷൻ റിപ്പോർട്ടർ എം.വിഷ്ണുവിന് മന്ത്രി എം. ബി രാജേഷ് സമ്മാനിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം ദേശാഭിമാനിയിലെ അഖില ബാലകൃഷ്ണൻ, മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം ദേശാഭിമാനിയിലെ ശരത് കൽപ്പാത്തി എന്നിവർക്ക് കളക്ടർ എം.എസ് മാധവിക്കുട്ടിയും  സമ്മാനിച്ചു. ഇവർ മൂന്നു പേർക്കും  മെമന്റോയും 5000 രൂപ വീതം കാഷ് അവാർഡും ഉൾപ്പെടുന്ന പുരസ്കാരമാണ് സമ്മാനിച്ചത്.

എം.എൽ.എ പി. മമ്മിക്കുട്ടി, പി.പി സുമോദ് എം.എൽ എ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, തൃത്താല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണിക്കൃഷ്ണൻ, സി.ഡി.എസ് അധ്യക്ഷ ലത സൽഗുണൻ  എന്നിവർ പങ്കെടുത്തു.

Content highlight
saras mela concludes