കുടുംബശ്രീ കേരള ചിക്കന്റെ ആദ്യത്തെ സ്നാക്സ് ബാർ വട്ടിയൂർക്കാവിൽ : മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Wednesday, January 14, 2026

കുടുംബശ്രീ കേരള ചിക്കൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്നാക്സ് ബാറിന് തിരുവനന്തപുരം വട്ടിയൂർക്കാവിൽ തുടക്കമായി.കോഴിയിറച്ചികൊണ്ടുള്ള  \രുചിയേറിയ വിഭവങ്ങളായ ബ്രോസ്റ്റഡ് ചിക്കൻ, സമോസ, ചിക്കൻ നഗട്സ്, കട്ലറ്റ്, മൊമോസ്, വിവിധയിനം ജ്യൂസുകൾ എന്നിവയാണ്  സ്നാക്സ് ബാറിൽ ലഭ്യമാകുക. കുടുംബശ്രീ വനിതകൾ അവരുടെ ഫാമിൽ വളർത്തിയെടുത്ത കോഴികളെ ശാസ്ത്രീയമായി സംസ്കരിച്ച് ഫ്രോസൺ കോഴിയിറച്ചി ലഭ്യമാകുന്ന ഔട്ട്ലറ്റായും ഇത് പ്രവർത്തിക്കും. തദ്ദേശസ്വയംഭരണ- എക്സൈസ് - പാർലമെൻ്റ്റി കാര്യവകുപ്പു മന്ത്രി എം.ബി. രാജേഷ് സ്നാക്സ് ബാർ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീയുടെ പുതിയ പദ്ധതിയാണ് ചിക്കൻ സ്നാക്സ് ബാർ എന്ന ആശയമെന്നും, കേരള ചിക്കൻറെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾവിപണിയിൽ എത്തിക്കുന്നതിന് സംസ്ഥാനതൊട്ടാകെ അൻപതോളം സ്നാക്സ് ബാറുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. ഇതുവരെ 458 കോടിയുടെ വിറ്റുവരവാണ് കേരള ചിക്കൻ നേടിയത്. കേരളത്തിലെ ആഭ്യന്തര ഇറച്ചി ഉത്പാദനത്തിന്റെ 10 ശതമാനം ഉല്പാദിപ്പിക്കാൻ നിലവിൽ കുടുംബശ്രീ കേരള ചിക്കന് സാധിച്ചിട്ടുണ്ട്. ഇത് 25 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടികളാണ്നടപ്പാക്കി വരുന്നത്. കോഴിയിറച്ചിയുടെ നിർമ്മാണ വിതരണ രംഗത്തുള്ള ബഹുരാഷ്ട്ര കുത്തകകൾ ക്കെതിരെയുള്ള ഒരു പ്രാദേശിക ബദൽ എന്ന നിലയിൽ കേരള ചിക്കനെ വിപുലീകരിക്കുക എന്നതാണ് നർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, ഐ.എ.എസ്., പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, ജില്ലാ മിഷൻ കോഡിനേറ്റർ രമേശ്. ജി,കേരള ചിക്കൻ അഡ്മിനിസ്ട്രേഷൻ മാനേജർ അനന്തു മാത്യു ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. കോർപ്പറേഷനിലെ സിഡിഎസ് മൂന്നിലെ ലോട്ടസ് അയൽക്കൂട്ടാംഗങ്ങളായ ഷഹീന,രാജി എന്നിവരാണ്ഈ സംരംഭത്തിന്റെ പിന്നിലുള്ളത്. വട്ടിയൂർക്കാവ് അറപ്പുര റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

Content highlight
minister MB rajesh inaugurates state's first kerala chicken snacks bar