കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംരംഭകർക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെ-യിൽ രംഗത്ത് ചുവടുറപ്പിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മികച്ച ഗുണനിലവാരത്തിലും ആകർഷകമായ പായ്ക്കിങ്ങിലും തയ്യാറാക്കുന്ന കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉൽപന്നങ്ങൾക്കു ബദലാകാൻ കഴിയുമെന്നും ഇതിലൂടെ കുടുംബശ്രീ പുതിയ തലങ്ങളിലേക്കെത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകൾ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കിക്കൊണ്ട് സുസ്ഥിര വരുമാന ലഭ്യതയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
വിപണന രംഗത്തേക്ക് വാണിജ്യാടിസ്ഥാനത്തിൽ മാറുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ റീട്ടെയിൽ മേഖലയിലേക്ക് കടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. കുടുംബശ്രീ ഏകീകൃത ബ്രാൻഡിൽ പുറത്തിറക്കിയിട്ടുള്ള കറിപൗഡറുകൾ, പുട്ടുപൊടി, അപ്പപ്പൊടി, സാമ്പാർ മസാല, ചിക്കൻ മസാല, വെജ് മസാല, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിപ്സ്, ശർക്കര വരട്ടി തുടങ്ങിയ ഉൽപന്നങ്ങളോടൊപ്പം ഒാരോ ജില്ലയിലെയും മികച്ച സംരംഭകർ ഉൽപാദിപ്പിക്കുന്ന മികച്ച ഉൽപന്നങ്ങളുമാണ് ആദ്യഘട്ടത്തിൽ ഡിസ്ട്രിബ്യൂഷൻ ഏജൻസികൾ വഴി വിപണനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതു കൂടാതെ ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തയ്യാറാക്കിയ "കെ-ഇനം' ബ്രാൻഡഡ് മൂല്യവർധിത ഉൽപന്നങ്ങളും ഡിസ്ട്രിബ്യൂട്ടർമാർ വഴി വിപണിയിലെത്തിക്കും. ഡയബറ്റിക് മിക്സ്, പാനീയങ്ങൾ, കോഫി ക്യൂബ്സ്, വിർജിൻ കോക്കനട്ട് ഒായിൽ, ന്യൂട്രീബാർ, ടൂട്ടിഫ്രൂട്ടി, ബേബി പൗഡർ, കപ്പ കൊണ്ടുള്ള മിക്സചർ, മുറുക്ക്, പക്കാവട, കുക്കീസ്, ഏത്തപ്പഴം കൊണ്ടുള്ള ഹെൽത്ത് മിക്സ്, ഫ്രൂട്ട് ബാർ, പാസ്ത, ഹൈഡ്രേറ്റഡ് ബനാന, മുരിങ്ങയില പൗഡർ, മുരിങ്ങക്കായ പൗഡർ, കുക്കീസ്, മാംഗോ ഫ്രൂട്ട് ബാർ, മില്ലറ്റ് കൊണ്ടുള്ള വിവിധ പലഹാരങ്ങൾ എന്നിവയാണ് "കെ-ഇനം' ബ്രാൻഡിൽ എത്തുന്ന ഉൽപന്നങ്ങൾ.
ഉൽപന്നങ്ങൾ വിതരണത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി കരാർ ആയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ നൂറിലേറെ ഉൽപന്നങ്ങൾ വിതരണത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ നടപടികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള സംരംഭകർക്ക് പുറമേ, കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് തൊഴിൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾ തുടങ്ങാനും അവസരമൊരുക്കും.
ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിൽ അംഗങ്ങളായ 5000-ലേറെ ഡിസ്ട്രിബ്യട്ടർമാർ മുഖേന രാജ്യമെമ്പാടുമുളള ഷോപ്പുകളിൽ കുടുംബശ്രീയുടെ ഉൽപന്നങ്ങളെത്തിക്കുന്നതിനാണ് പദ്ധതി. ഇതിനായി 14 ജില്ലകളിലും പ്രധാനപ്പെട്ട ഡിസ്ട്രിബ്യൂഷൻ ഏജൻസികളെ കണ്ടെത്തി അവരെ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ബി 2 ബി മീറ്റുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. ഇതിൽ 900-ലേറെ സംരംഭകരും 227 ഡിസ്ട്രിബ്യൂട്ടർമാരും പങ്കെടുത്തു. ഏജൻസികളും സംരംഭകരുമായി നേരിട്ട് സംവദിക്കുന്നതിനും ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും വില, മാർജിൻ എന്നിവയിൽ ധാരണയാകുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ "കെ-ഇനം' എന്ന പുതിയ ബ്രാൻഡിൽ തയ്യാറാക്കിയ 30 കാർഷിക മൂല്യവർധിത ഭക്ഷ്യവിഭവങ്ങളുടെ ആഗോളതല ലോഞ്ചിങ്ങ് 17ന് എറണാകുളത്ത് സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് സ്വിറ്റ്സർലൻഡ്, ഗൾഫ്, യു.കെ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ആവശ്യകത ഉയരുന്നുണ്ട്.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹരീന്ദ്രബാബു, കൊല്ലം ജില്ലാ പ്രസിഡന്റ് ജി.പി നായർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഹാഷിം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.വി കണ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
- 15 views



