കുടുംബശ്രീ "നയിചേത്ന 4.0--ഉയരെ' ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതല കലാജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റർഗ്രൂപ്പായ രംഗശ്രീ സംസ്ഥാന കൺസോർഷ്യത്തിൽ അംഗങ്ങളായ വനിതകളാണ് സംസ്ഥാനമൊട്ടാകെ കലാജാഥ അവതരിപ്പിക്കുക. ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാക്കുന്ന വിവിധ പിന്തുണാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് കലാജാഥയിലൂടെ ബോധവൽക്കരണം നടത്തുകയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി കലാജാഥ ഫ്ളാഗ് ഒാഫ് ചെയ്തു. അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായ സ്ത്രീകളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ അവർക്ക് ജീവനോപാധി ഒരുക്കിക്കൊടുക്കാനുമുളള സംരംഭമാണ് രംഗശ്രീയെന്ന് വി.പ്രിയദർശിനി പറഞ്ഞു. സ്ത്രീകൾ കഴിവ് തെളിയിച്ചിട്ടില്ലാത്ത ഒരു മേഖലയും ഇന്നില്ല. ലിംഗനീതിയും ലിംഗാവബോധവുമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായുള്ള പ്രവർത്തനങ്ങൾ കുടുംബത്തിൽ നിന്നു തന്നെ തുടങ്ങണം. കുടുംബശ്രീയുടെ ഉയരെ കലാജാഥ ഈ ലക്ഷ്യം കൈവരിക്കുന്നതിന് സഹായകമാകുമെന്നും അവർ പറഞ്ഞു.
തിരുവനന്തപുരത്ത് നിന്നാരംഭിച്ച് ഫെബ്രുവരി മൂന്നിന് കാസർകോട് സമാപിക്കും. തിരുവനന്തപുരം,ആറ്റിങ്ങൽ, വർക്കല, കൊല്ലം, പെരിനാട്, കൊട്ടാരക്കര, പത്തനംതിട്ട, അടൂർ, തിരുവല്ല, ആലപ്പുഴ, മാവേലിക്കര, ഹരിപ്പാട്, ചങ്ങനാശ്ശേരി, കോട്ടയം, പാല, തൊടുപുഴ, അടിമാലി, നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കൊടുങ്ങല്ലൂർ, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, രാമനാട്ടുകര, കോഴിക്കോട്, താമരശ്ശേരി, കൽപ്പറ്റ, മീനങ്ങാടി, മാനന്തവാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ കലാജാഥ അവതരിപ്പിക്കും.
സ്റ്റേറ്റ് ജെൻഡർ അഡൈ്വസർ ഡോ.ടി.കെ ആനന്ദി, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു എന്നിവർ പങ്കെടുത്തു.
- 21 views



