സംസ്ഥാന ധനകാര്യമന്ത്രി അവതരിപ്പിച്ച 2026-2027 വാർഷിക ബജറ്റിൽ കുടുംബശ്രീക്ക് കൈനിറയെ നേട്ടം. 275 കോടി രൂപയാണ് കുടുംബശ്രീക്ക് അനുവദിച്ചത്. സൂക്ഷ്മസംരംഭങ്ങൾ, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാൻസ്, ഉപജീവന പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതിൽ 22.27 കോടി രൂപ കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപുലമായ പ്രചാരവും വിപണനവും ഉൾപ്പെടുന്ന മാർക്കറ്റിങ്ങ് ശൃംഖല ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്.
പ്രാദേശിക കാർഷിക ഉൽപന്നങ്ങളെ ശാസ്ത്രീയമായ സംസ്ക്കരണത്തിലൂടെ പ്രീമിയം ബ്രാൻഡുകളാക്കി മാറ്റുന്നതിനും കുടുംബശ്രീ അംഗങ്ങൾക്ക് ആഗോളവിപണിയിൽ മത്സരിക്കാൻ കഴിയും വിധമുളള സാങ്കേതിക പരിശീലനം നൽകുന്നതിനുമായി ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാമീണ വനിതാ തൊഴിലിടങ്ങൾ പദ്ധതിയും കുടുംബശ്രീക്ക് നേട്ടമാകും. സ്വകാര്യ പങ്കാളിത്തത്തോടെയും സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെയും നടപ്പാക്കുന്ന പദ്ധതിക്കായി 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ചതൊഴിലും വരുമാനവും നേടാൻ പദ്ധതി സഹായകമാകും.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി വ്യാപിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ 184 ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കെ-ഇനം എന്ന ബ്രാൻഡിൽ പ്രീമീയം ബ്രാൻഡ് ഭക്ഷേ്യാൽപന്നങ്ങൾ തയ്യാറാക്കി ആഗോള വിപണിയിലെത്തിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം(കെ-ടാപ്) പദ്ധതിയും ബജറ്റിൽ പ്രതേ്യക പരാമർശം നേടി.
ഇതര വകുപ്പുകൾ മുഖേന നടപ്പാക്കുന്നതിനായി പ്രഖ്യാപിച്ച പുതിയ പദ്ധതികളിലും കുടുംബശ്രീക്ക് നേട്ടമുണ്ട്. പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ മുഖേന നടപ്പാക്കുന്ന "വനിതാ സമൃദ്ധി-സ്ത്രീ ശാക്തീകരണ പരിപാടി' എന്ന പുതിയ പദ്ധതിക്ക് ബജറ്റിൽ പത്തു കോടി രൂപ വകയിരുത്തി. പട്ടികജാതി വിഭാഗത്തിലെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി അയൽക്കൂട്ട വനിതകൾക്ക് ഗുണകരമാകും.
തിരുവനന്തപുരത്തെ മാനവീയം മാതൃകയിൽ പെരളശ്ശേരിയിൽ ഒരു സ്ഥിരം നിശാജീവിത സാംസ്കാരിക ഇടനാഴി സ്ഥാപിക്കുന്നതിനായി 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ കുടുംബശ്രീ അംഗങ്ങൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുളള മാർക്കറ്റുകളും ഉണ്ടാകും.
സാമൂഹ്യനീതി, വനിതാ ശാക്തീകരണം, സാമ്പത്തിക സുരക്ഷിതത്വം എന്നിവ ലക്ഷ്യമാക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് ആരംഭിച്ച ഗ്രൂപ്പ് ബെനഫിറ്റ് സ്കീമിൽ നിലവിൽ 14 ലക്ഷത്തോളം അംഗങ്ങളുണ്ട്. 5000-ത്തോളം അംഗങ്ങൾക്കായി 14 കോടി രൂപയോളം നഷ്ടപരിഹാരമായി നൽകുകയും ചെയ്തിട്ടുണ്ട്.
- 185 views



