വാര്‍ത്തകള്‍

പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി 'കനസ് ജാഗ' കുട്ടികളുടെ ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് പ്രൗഢോജ്ജ്വല സമാപനം

Posted on Tuesday, October 29, 2024

തദ്ദേശ ജനതയുടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ അടിസ്ഥാനമാക്കിയുളള കരുത്തുറ്റ പ്രമേയവും തെളിമയുള്ള ദൃശ്യഭാഷ്യവുമായി രണ്ടു നാള്‍ പ്രേക്ഷകമനസുകളെ കീഴടക്കിയ 'കനസ് ജാഗ' ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് പ്രൗഢഗംഭീര സമാപനം. എറണാകുളം സെന്‍റ് തെരേസാസ് കോളേജിലെ മൂന്നു വേദികളിലായി പ്രദര്‍ശിപ്പിച്ച 102 ചലച്ചിത്രങ്ങളിലും മിന്നിത്തിളങ്ങിയത് ഊര്‍ജസ്വലമായ നൂറുകണക്കിന് കൗമാര പ്രതിഭകളുടെ മിന്നലാട്ടം. അറിവും കഴിവും സര്‍ഗാത്മകതയും കൊണ്ട് കലാലോകത്ത് നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറാന്‍ കഴിയുന്നവരാണ് തങ്ങളെന്ന് തെളിയിച്ചു കൊണ്ടാണ് തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേളയുടെ കൊടിയിറക്കം. ഒക്ടോബര്‍ 27ന്‌ വ്യവസായ കയര്‍ നിയമ വകുപ്പ് മന്ത്രി പി.രാജീവ് സമാപന  സമ്മേളനം ഉദ്ഘാടനം ചെയ്തു. മേയര്‍ അഡ്വ.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.  

ആകെ 102 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകാഭിപ്രായം നേടിയതിന്‍റെ അടിസ്ഥാനത്തില്‍ വയനാട് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ തയ്യാറാക്കിയ 'നാരങ്ങാ മിട്ടായി' ഏറ്റവും മകച്ച ഹ്രസ്വ ചിത്രത്തിനുള്ള ജനപ്രിയ അവാര്‍ഡ് നേടി. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ നിര്‍മിച്ച 'ദാഹം'മികച്ച രണ്ടാമത്തെ ചിത്രത്തിനുളള അവാര്‍ഡ് നേടി. പറമ്പിക്കുളം ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ തയ്യാറാക്കിയ നെറ്റ് വര്‍ക്ക് മികച്ച മൂന്നാമത്തെ ചിത്രത്തിനുളള അവാര്‍ഡും നേടി. മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച കുന്നത്തുനാട് എം.എല്‍.എ അഡ്വ.പി.വി ശ്രീനിജിന്‍ അദ്ദേഹത്തിന്‍റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കിക്കൊണ്ടാണ് മികച്ച ചിത്രങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

 പ്രതിഭകള്‍ മാറ്റുരച്ച പ്രദര്‍ശന വേദിയില്‍ നെറ്റ് വര്‍ക്ക്, ചേല്, ദാഹം, തിരിച്ചറിവ്, ഒഴുക്ക്, നാരങ്ങാ മിട്ടായി, കിക്ക്, ഒരു ജാതി ഒരു ദൈവം ഒരു മതം, ആദ്യാക്ഷരം, തിരുട്ട് എന്നീ പത്തു ചിത്രങ്ങളാണ്  ഫൈനല്‍ റൗണ്ടിലെത്തിയത്. ഇതില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന തദ്ദേശീയ മേഖലയിലെ കുട്ടികളുടെ സമഗ്ര വികാസത്തിനായി കനസ് ജാഗ പോലെ  ഹ്രസ്വ ചിത്ര നിര്‍മാണവും പ്രദശനവും നടത്താനുള്ള സംവിധാനമൊരുക്കിയ കുടുംബശ്രീയുടേത് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കനസ് ജാഗ-തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ശക്തമായ ഉള്ളടക്കം കൊണ്ട് സമ്പന്നമായ ചിത്രങ്ങളാണ് മേളയ്ക്കെത്തിയത് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് ഈ രംഗത്ത് മികച്ച രീതിയിലുള്ള പരിശീലനങ്ങള്‍ ലഭ്യമാക്കി അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
 
തദ്ദേശീയ മേഖലയിലെ കുട്ടികള്‍ ഒരേ സമയം ഏറ്റവും കൂടുതല്‍ സിനിമകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചതിനുള്ള ടാലന്‍റ് വേള്‍ഡ് റെക്കോഡ് മന്ത്രി പി.രാജീവിന് ഓള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് ഹോള്‍ഡേഴ്സ് സംസ്ഥാന പ്രസിഡന്‍റ് ഗിന്നസ് സത്താര്‍ ആദൂര്‍ കൈമാറി. തുടര്‍ന്ന് അവാര്‍ഡ് മന്ത്രി കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്തിന് നല്‍കി.

ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ തിരുനെല്ലി ടീമിന്  25,000 രൂപയുടെ ക്യാഷ് പ്രൈസും മെമന്‍റോയും,  രണ്ടാമത്തെ ചിത്രത്തിനുളള അവാര്‍ഡ് നേടിയ അട്ടപ്പാടി ടീമിന്  15,000 രൂപ ക്യാഷ് പ്രൈസും മെമന്‍റോയും,  മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ പറമ്പിക്കുളം ടീമിന് 10,000 രൂപ ക്യാഷ് പ്രൈസും മെമന്‍റോയും ഉള്‍പ്പെടുന്ന അവാര്‍ഡ് ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിതരണം ചെയ്തു. കുടുംബശ്രീ വായ്പ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് തന്‍റെ ആദ്യ മിമിക്രി ട്രൂപ്പിന് തുടക്കമിട്ടതെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ അനുസ്മരിച്ചു. തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കും ഐശ്വര്യമുള്ള തുടക്കത്തിന് കുടുംബശ്രീ വഴിയൊരുക്കുമെന്നും അദ്ദേഹം  പറഞ്ഞു.

കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, സി.ഡി.എസ് ഭാരവാഹികള്‍ എന്നിവര്‍ മേളയില്‍ പങ്കെടുത്ത എല്ലാ ചിത്രങ്ങളുടെയും പിന്നണി പ്രവര്‍ത്തകര്‍ക്കുളള സമ്മാനം വിതരണം ചെയ്തു. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കൊറഗ(കാസര്‍കോട്), ആറളം (കണ്ണൂര്‍), തിരുനെല്ലി, നൂല്‍പ്പുഴ(വയനാട്), നിലമ്പൂര്‍(മലപ്പുറം), പറമ്പിക്കുളം(പാലക്കാട്), അട്ടപ്പാടി(പാലക്കാട്), കാടര്‍(തൃശൂര്‍), മറയൂര്‍-കാന്തല്ലൂര്‍(ഇടുക്കി), മലൈപണ്ടാരം(പത്തനംതിട്ട) ട്രൈബര്‍ സ്പെഷ്യല്‍ പ്രോജക്ടുകള്‍ക്കുള്ള അവാര്‍ഡ് വിതരണം മേയര്‍ അഡ്വ.അനില്‍ കുമാര്‍ നിര്‍വഹിച്ചു.  

വിദ്യാഭ്യാസ വിദഗ്ധന്‍ രതീഷ് കാളിയാടന്‍ കനസ് ജാഗ വിലയിരുത്തല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടന്‍ മുഖ്യാതിഥിയായി. സി.ഡി.എസ് അധ്യക്ഷമാരായ മേരി മിനി, ലത സാബു, നബീസ ലത്തീഫ് എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് സ്വാഗതവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റജീന ടി.എം നന്ദി പറഞ്ഞു.

sdr

 

Content highlight
Kudumbashree 'Kanas Jaga' Film Festival of Indigenous Children held at Ernakulamml

കന്നുകാലി സെന്‍സസ്: എന്യൂമറേറ്റര്‍മാരായി കുടുംബശ്രീയുടെ പശുസഖിമാര്‍ രംഗത്ത്

Posted on Friday, October 25, 2024

സംസ്ഥാനത്ത് ഇന്നു മുതല്‍ ആരംഭിക്കുന്ന കന്നുകാലി സര്‍വേയുടെ ഭാഗമായി കുടുംബശ്രീയുടെ പശുസഖിമാര്‍ വിവരശേഖരണത്തിനായി വീടുകളിലെത്തും. രാജ്യവ്യാപകമായി നടത്തുന്ന ഇരുപത്തി ഒന്നാമത് കന്നുകാലി സെന്‍സസിന്‍റെ ഭാഗമായി കേരളത്തില്‍ ആകെ 3155 പേരാണ് എന്യൂമറേറ്റര്‍മാരായി എത്തുന്നത്. ഇതില്‍ 2800-ലധികം പേര്‍ കുടുംബശ്രീയുടെ കീഴിലുള്ള പശുസഖിമാരാണ്.   കുടുംബശ്രീയുടെ മൃഗസംരക്ഷണ പദ്ധതികള്‍ ഫീല്‍ഡ്തലത്തില്‍ ഊര്‍ജിതമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.

നിലവിലെ സ്ഥിതിവിവരങ്ങള്‍ വിലയിരുത്താനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൃഗസംരക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും കന്നുകാലി സെന്‍സസ് പ്രയോജനപ്പെടുത്തും. കൂടാതെ മൃഗസംരക്ഷണ മേഖലയില്‍ സര്‍ക്കാര്‍ നയരൂപീകരണത്തിനും ഉപയോഗിക്കും.  

സെന്‍സസ് സര്‍വേയുടെ ഭാഗമായി ഓരോ വീടുകളിലുമുള്ള മുഴുവന്‍ കന്നുകാലികളുടെയും  വിവരങ്ങള്‍ ശേഖരിക്കും. ഒരു എന്യൂമറേറ്റര്‍ക്ക്  മൂവായിരം മുതല്‍ നാലായിരം വരെ വീടുകള്‍ കന്നുകാലി സെന്‍സസ് നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തും. നാലു മാസമാണ് സര്‍വേയുടെ കാലാവധി. പശുസഖി വനിതകള്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനും പദ്ധതി ആസൂത്രണത്തില്‍ ഭാഗമാകുന്നതിനും ഈ അവസരം സഹായകമാകും.

1919ല്‍ ആരംഭിച്ച കന്നുകാലി സെന്‍സസ് ഇപ്പോള്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും നടത്തി വരികയാണ്.  കഴിഞ്ഞ 20 സെന്‍സസുകളില്‍ നിന്നും വ്യത്യസ്തമായി ദേശീയതലത്തില്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയാണ് ഇത്തവണ വിവരശേഖരണം നടത്തുന്നത്. ഇതിനായി മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനവും എന്യൂമറേറ്റര്‍മാര്‍ക്ക് നല്‍കി വരുന്നു.

കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയോജിതമായി പശുസഖി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി ഇവരെ എ-ഹെല്‍പ് അംഗീകൃത റിസോഴ്സ് പേഴ്സണ്‍ ആയി പ്രാദേശിക മൃഗാശുപത്രികളിലൂടെ കര്‍ഷക സേവനങ്ങള്‍ നല്‍കുന്നതിനും പ്രാപ്തരാക്കി വരുന്നു.

Content highlight
cattle senses

തദ്ദേശീയ സമൂഹത്തിന്‍റെ നേര്‍കാഴ്ചകള്‍: കുട്ടികള്‍ തയ്യാറാക്കിയ നൂറ് ഹ്രസ്വ ചലച്ചിത്രങ്ങളുമായി കുടുംബശ്രീ 'കനസ് ജാഗ' ചലച്ചിത്രോത്സവം

Posted on Wednesday, October 23, 2024

തദ്ദേശീയ സമൂഹത്തിന്‍റെ നേര്‍കാഴ്ചകള്‍ ഒപ്പിയെടുത്ത നൂറു ഹ്രസ്വ ചലച്ചിത്രങ്ങളുമായി കുടുംബശ്രീയുടെ 'കനസ് ജാഗ' ചലച്ചിത്രോത്സവം ഒക്ടോബര്‍ 26,27 തീയതികളില്‍ എറണാകുളം സെന്‍റ്തെരേസാസ് കോളേജില്‍ അരങ്ങേറും. സംസ്ഥാനത്ത് പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളിലെ കുട്ടികള്‍ തയ്യാറാക്കിയ ഹ്രസ്വ ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. തദ്ദേശീയ മേഖലയിലെ കുട്ടികളുടെ നേതൃത്വത്തില്‍ ആശയ രൂപീകരണം, കഥ, തിരക്കഥ, ചിത്രീകരണം എന്നിവ ഉള്‍പ്പെടെ നിര്‍വഹിച്ചു കൊണ്ട് ഹ്രസ്വ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതും രാജ്യത്ത് തന്നെ ഇതാദ്യമാണ്. കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിച്ചു കൊണ്ട് സാമൂഹികവും സാംസ്കാരികമായും മുന്നേറാന്‍ പ്രാപ്തരാക്കുകയാണ് കുടുംബശ്രീ ഇതിലൂടെ  ലക്ഷ്യമിടുന്നത്.

 ചലച്ചിത്രോത്സവത്തിനോടൊപ്പം ഹ്രസ്വ ചലച്ചിത്ര നിര്‍മാണത്തിന്‍റെ ഭാഗമായി ഒമ്പത് പട്ടികവര്‍ഗ പ്രത്യേക പദ്ധതികളിലെ കുട്ടികള്‍ രചിച്ച കഥ, തിരക്കഥാ പുസ്തകങ്ങളുടെ പ്രകാശനം, തദ്ദേശീയ മേഖലയില്‍ കുടുംബശ്രീയുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന അനിമേറ്റര്‍മാര്‍, അനിമേറ്റര്‍ കോര്‍ഡിനേറ്റര്‍മാര്‍, കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ബ്രിഡ്ജ് കോഴ്സ് അധ്യാപകര്‍ എന്നിവരുടെ സംസ്ഥാനതല സംഗമവും നടക്കും. ഇതില്‍ ഐക്യ രാഷ്ട്ര സംഘടന, ടാലന്‍റ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സ് എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രമേയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓരോ ചിത്രത്തിന്‍റെയും നിര്‍മാണം. മൊബൈല്‍ ഫോണില്‍ കുട്ടികള്‍ തന്നെയാണ് സിനിമ ചിത്രീകരിച്ചത്. എഡിറ്റിങ്ങിനു മാത്രമാണ് പുറമേ നിന്നുളള സാങ്കേതിക സഹായം തേടിയത്.

ആകെ അഞ്ചു വേദികളിലായായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ നാലു വേദികളില്‍ ഹ്രസ്വചലച്ചിത്ര പ്രദര്‍ശനവും ഒരു വേദിയില്‍ സെമിനാറും സംഘടിപ്പിക്കും. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ സെമിനാറുകളില്‍ പങ്കെടുക്കും. ഹ്രസ്വ ചലച്ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനും സെമിനാറുകളില്‍ പങ്കെടുക്കുന്നതിനും പൊതു ജനങ്ങള്‍ക്കും അവസരമുണ്ട്. ഹ്രസ്വ ചലച്ചിത്രങ്ങള്‍ തയ്യാറാക്കിയ അഞ്ഞൂറോളം കുട്ടികളും അനിമേറ്റര്‍മാര്‍, ബ്രിഡ്ജ് സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ രണ്ടായിരത്തോളം പേര്‍ ഇതിന്‍റെ ഭാഗമാകും.

ഹ്രസ്വ ചലച്ചിത്ര നിര്‍മാണത്തിന്‍റെ മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട് മുപ്പത് മുതല്‍ അമ്പത് വരെ കുട്ടികളെ ഉള്‍പ്പെടുത്തി നൂറോളം പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഓരോ ബാച്ചില്‍ നിന്നും ഓരോ ഹ്രസ്വചിത്രം വീതം തയ്യാറാക്കി. കഥ, തിരക്കഥാ രചന എന്നിവയ്ക്ക് ഈ രംഗത്തെ വിദഗ്ധരുടെ പിന്തുണയും പരിശീലന പരിപാടിയില്‍ ലഭ്യമാക്കിയിരുന്നു.

Content highlight
KANAS JAGA

കേരളം ഹാപ്പിയാക്കാന്‍ ദക്ഷിണകേരളത്തില്‍ 70 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തയാര്‍, ഉത്തരമേഖലാ പരിശീലനം 9 മുതല്‍

Posted on Thursday, October 10, 2024

കേരള സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള കുടുംബശ്രീയുടെ ‘ ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ നിന്നുള്ള എഴുപത് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള ദക്ഷിണമേഖലാ ത്രിദിന പരിശീലനം കോട്ടയത്ത് ഒക്ടോബര്‍ 3 മുതല്‍ അഞ്ച് വരെയായിരുന്നു . ശേഷിച്ച ജില്ലകളിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം 9 മുതല്‍ 11 വരെയുള്ള തീയതികളില്‍ കോഴിക്കോട് വടകരയില്‍.

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായുള്ള എഫ്.എന്‍.എച്ച്.ഡബ്ല്യു (ഫുഡ്, ന്യുട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹാപ്പി കേരളം പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 154 മാതൃകാ സി.ഡി.എസുകളില്‍ കുടുംബശ്രീ ഹാപ്പിനസ് സെന്ററുകള്‍ ആരംഭിക്കും.

സംസ്ഥാനതല പരിശീലനം നേടിയവര്‍ ജില്ലാ, സി.ഡി.എസ്, എ.ഡി.എസ് തലങ്ങളില്‍ ‘ഹാപ്പിനസ് ഫോറങ്ങള്‍’ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രതിനിധികള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഹാപ്പിനസ് ഫോറം രൂപീകരിക്കുന്നത്. ഓരോ വാര്‍ഡിലും 10 മുതല്‍ 40 വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ ‘ഇട’ങ്ങളും രൂപീകരിക്കും. പൊതു സമൂഹത്തിലെ എല്ലാ കുടുംബങ്ങളും ഇതിലുണ്ടാകും. ഓരോ കുടുംബത്തിനും ആവശ്യമായ സന്തോഷ സൂചിക കണ്ടെത്തുന്നതിനുളള കുടുംബാധിഷ്ഠിത സൂക്ഷ്മതല പദ്ധതി തയ്യാറാക്കുന്നത് വാര്‍ഡുതലത്തില്‍ രൂപീകരിക്കുന്ന ഈ ‘ഇട’ങ്ങളിലായിരിക്കും.

ദക്ഷിണമേഖലാ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ സ്വാഗതവും കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണ കുമാരി. ആര്‍ പദ്ധതി വിശദീകരണവും നടത്തി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ (ജെന്‍ഡര്‍) ഉഷാദേവി നന്ദിയും പറഞ്ഞു.

sfda

 

Content highlight
70 Resource Persons all set in Southern Kerala to make Kerala Happy, North Region Training startsm

മേപ്പാടി പുനരധിവാസം – മൈക്രോ പ്ലാൻ തയ്യാറാക്കുന്ന ഫെസിലിറ്റേറ്റർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

Posted on Thursday, October 10, 2024

ഉരുൾപൊട്ടൽ ദുരിതം നേരിട്ട വയനാട് മേപ്പാടിയിലെ പുനരധിവാസ പ്രവർത്തനത്തിന്റെ ഭാഗമായി മൈക്രോ പ്ലാൻ തയാറാക്കുന്നതിന് മുന്നോടിയായി ഫെസിലിറ്റേറ്റർമാർക്കുള്ള ദ്വദിന പരിശീലനം സംഘടിപ്പിച്ചു. ഒക്ടോബര് 3,4 തീയതികളിൽ വയനാട് കൽപ്പറ്റയിലായിരുന്നു പരിശീലനം.

തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ഐ.എ.എസ് ആമുഖ അവതരണം നടത്തി. മൈക്രോ പ്ലാനിന്റെ പ്രാധാന്യത്തെക്കുറിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഗീത ഐ.എ.എസ് വ്യക്തമാക്കി.

വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഐ.എ. എസ്, അസിസ്റ്റന്റ് കളക്ടർ ഗൗതം രാജ് ഐ.എ.എസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺമാരായ എൻ. ജഗജീവൻ, വിമൽ കുമാർ, മാത്യു, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ അനീഷ് കുമാർ, ബീന. ഇ, എൻ.പി. ഷിബു , എം. പ്രഭാകരൻ , നിഷാദ് സി.സി, അരുൺ പി. രാജൻ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരിശീലനത്തിൽ 120 ഓളം പേർ പങ്കെടുത്തു.

Content highlight
Meppadi Rehabilitation - Training organized for the Facilitators preparing the Micro Plan

പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതി: സംസ്ഥാനത്ത് 89424 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് കുടുംബശ്രീ

Posted on Tuesday, October 8, 2024

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതു വരെ നിര്‍മാണം പൂര്‍ത്തിയാക്കിയത് 89424 വീടുകള്‍. ആകെ 132327 വീടുകള്‍ നിര്‍മിക്കാന്‍ 5293.08 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രാനുമതി. ഇപ്രകാരം അനുമതി ലഭിച്ചതില്‍ നിര്‍മാണം ആരംഭിച്ച 112628 വീടുകളില്‍ 89424 എണ്ണത്തിന്‍റെ  നിര്‍മാണമാണ് പൂര്‍ത്തിയായത്. ബാക്കിയുള്ള 23204 വീടുകളുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 2025 മാര്‍ച്ച് 31ന് മുമ്പായി ഇവയുടെ നിര്‍മാണവും പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.  

'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 93 നഗരസഭകളിലും ലൈഫ് മിഷനുമായി സംയോജിച്ചു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഗുണഭോക്തൃ കേന്ദ്രീകൃത ഭവനനിര്‍മാണം എന്ന ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതു പ്രകാരം മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപയാണ് പദ്ധതി വഴി ലഭിക്കുക. ഇതില്‍ നഗരസഭാ വിഹിതമായി രണ്ട് ലക്ഷം രൂപയും കേന്ദ്ര വിഹിതമായി ഒന്നര ലക്ഷം രൂപയും സംസ്ഥാന വിഹിതമായി അമ്പതിനായിരം രൂപയും ഗുണഭോക്താവിന് ലഭിക്കും.
 
പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഉപഘടകമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതി വഴിയും ഒട്ടേറെ ഗുണഭോക്താക്കള്‍ക്ക് സ്വന്തം ഭവനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി വീട് നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ ബാങ്കില്‍ നിന്നും വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. നാളിതു വരെ 33293 കുടുംബങ്ങള്‍ക്ക് ഇപ്രകാരം വായ്പ ലഭ്യമാക്കി. ഇതു കൂടാതെ ലൈഫ് മിഷനുമായി സഹകരിച്ചു കൊണ്ട് ഭൂരഹിത ഭവനരഹിതര്‍ക്കു വേണ്ടി 970 യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന 11 ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതിയും കുടുംബശ്രീ നേടിയെടുത്തിരുന്നു. ഇതില്‍ 530 യൂണിറ്റുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. നിലവില്‍ ഭവനരഹിതരായ ഒട്ടേറെ കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ളതും വാസയോഗ്യവുമായ ഭവനം ലഭ്യമാക്കുന്നതിനും സമൂഹത്തില്‍ അന്തസോടെ ജീവിക്കുന്നതിനും പദ്ധതി വഴിയൊരുക്കിയിട്ടുണ്ട്.  

Content highlight
pmay

കുടുംബശ്രീ കെ 4 കെയര്‍ പദ്ധതി: വയോജന രോഗീ പരിചരണ സേവനങ്ങള്‍ക്ക് സജ്ജമായി കെ 4 കെയര്‍ എക്സിക്യൂട്ടീവുകള്‍ എല്ലാ ജില്ലകളിലും

Posted on Sunday, October 6, 2024

വയോജന രോഗീ പരിചരണ മേഖലയില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതി സംസ്ഥാനത്ത് ഊര്‍ജിതമാക്കി. ഇതിന്‍റെ ഭാഗമായി വിദഗ്ധ പരിശീലനം ലഭിച്ച വനിതകള്‍ കെ 4 കെയര്‍ എക്സിക്യൂട്ടീവുകള്‍ എന്ന പേരില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി  വയോജനങ്ങള്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, നവജാത ശിശുക്കള്‍ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങി വിവിധ മേഖലകളിലാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല കോള്‍ സെന്‍റര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. 91889 25597 എന്ന നമ്പറില്‍ വിളിച്ച് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാനാകും.

കിടപ്പു രോഗികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന വ്യക്തികളും കുഞ്ഞുങ്ങളുമുളള കുടുംബങ്ങള്‍ക്കാവശ്യമായ പ്രഫഷണല്‍ സേവനങ്ങളാണ് കെയര്‍ എക്സിക്യൂട്ടീവുകള്‍ വഴി ലഭ്യമാവുക.  ഇവര്‍ക്കാവശ്യമായ സഹായ പരിചരണങ്ങള്‍ ഒരു മണിക്കൂര്‍ മുതല്‍ ദിവസ, മാസ അടിസ്ഥാനത്തില്‍ ലഭിക്കും. വയോജനങ്ങളെ ആശുപത്രിയില്‍ എത്തിക്കുക, കുട്ടികളെ സ്കൂളില്‍ നിന്നും കൊണ്ടുവരിക എന്നിങ്ങനെയുള്ള കാര്യങ്ങളിലും ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാകും. ഉപഭോക്താവ് ആവശ്യപ്പെടുന്ന സമയത്ത് ജില്ലയില്‍ കെയര്‍ എക്സിക്യൂട്ടീവ് ലഭ്യമല്ലെങ്കില്‍ അടുത്ത ജില്ലയില്‍ നിന്നും കണ്ടെത്തി നല്‍കും. ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മികച്ച പരിശീലനം ലഭിച്ച അഞ്ഞൂറ് വനിതകളില്‍  മുന്നൂറോളം പേര്‍ക്ക് ഇതിനകം ഈ രംഗത്ത് ആകര്‍ഷകമായ വരുമാനത്തോടെ തൊഴില്‍ ലഭ്യമായിട്ടുണ്ട്.  

കൂടുതല്‍ തൊഴില്‍ അവസരങ്ങളൊരുക്കുന്നതിന്‍റെ ഭാഗമായി പരിശീലനം ലഭിച്ച കെയര്‍ എക്സിക്യൂട്ടീവുകളെ ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലും ജില്ലാതല കണ്‍സോര്‍ഷ്യവും രൂപീകരിച്ചിട്ടുണ്ട്. കെയര്‍ എക്സിക്യൂട്ടീവുകളുടെ സുരക്ഷ പരിഗണിച്ച് ഇവര്‍ ജോലി ചെയ്യുന്ന വീടുകളെ സംബന്ധിച്ച വിവരങ്ങള്‍ അതത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി ശേഖരിക്കും. കൂടാതെ ഇവരെ ജോലിക്കായി നിയോഗിക്കുന്ന വിവരം സി.ഡി.എസുകളെ അറിയിക്കുകയും ചെയ്യും.

2025 മാര്‍ച്ചിനുള്ളില്‍ ആയിരം പേര്‍ക്ക് പരിശീലനം നല്‍കി ഈ രംഗത്ത് തൊഴില്‍ ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിനായി പരിശീലന പരിപാടിയും ഊര്‍ജിതമാണ്. നിലവില്‍ എല്ലാ ജില്ലകളിലുമായി വിദഗ്ധ പരിശീലനം നേടിയ അഞ്ഞൂറിലേറെ കെയര്‍ എക്സിക്യൂട്ടീവുകള്‍ പ്രവര്‍ത്തന സജ്ജമാണ്.  

Content highlight
k 4 care executive

ഞങ്ങള്‍ക്കുമുണ്ട് പറയാന്‍: കരുത്തുറ്റ ശബ്ദമായ് കുടുംബശ്രീ ബാലസദസ്

Posted on Thursday, October 3, 2024

കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും തങ്ങളുടെ പ്രദേശത്തെ വിവിധ വികസന വിഷയങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്ത് സംസ്ഥാനത്തെ 19470 വാര്‍ഡുകളിലായി സംഘടിപ്പിച്ച കുടുംബശ്രീ ബാലസദസ് വേറിട്ട അനുഭവമായി. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ തദ്ദേശ സ്ഥാപപനതലങ്ങള്‍ വഴിയോ കുടുംബശ്രീ ബാലപാര്‍ലമെന്‍റ് വഴിയോ  പരിഹാരമാര്‍ഗം കണ്ടെത്തുന്നതിനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നത് ലക്ഷ്യമിട്ടാണ് ബാലസദസ് സംഘടിപ്പിച്ചത്. ഇതോടൊപ്പം കുട്ടികളുടെ ഗ്രാമസഭ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുളള അനുഭവജ്ഞാനം ലഭ്യമാക്കുകയെന്നതും ലക്ഷ്യമിടുന്നു.

നാല് ലക്ഷത്തിലേറെ ബാലസഭാംഗങ്ങളാണ് ബാലസദസില്‍ പങ്കെടുത്തത്. 2.30ക്ക് ആരംഭിച്ച 'ബാലസദസില്‍ പങ്കെടുക്കുന്നതിനായി പലയിടത്തും രാവിലെ തന്നെ കുട്ടികള്‍ എത്തിച്ചേര്‍ന്നിരുന്നു. ജനാധിപത്യ മൂല്യങ്ങള്‍, ലിംഗനീതി, തുല്യത എന്നീ വിഷയങ്ങള്‍ കൂടാതെ തങ്ങളുടെ പ്രദേശത്ത് പരിസ്ഥിതി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നടപ്പാക്കേണ്ട വികസന ലക്ഷ്യങ്ങള്‍, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, വെല്ലുവിളികള്‍ എന്നിവ കുട്ടികള്‍ സധൈര്യം ഉയര്‍ത്തിക്കാട്ടിയത് മുതിര്‍ന്നവരിലും ഏറെ കൗതുകമുണര്‍ത്തി. പ്രാദേശിക വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍, സുരക്ഷ എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ചര്‍ച്ച നയിച്ചതും ശ്രദ്ധേയമായി. കുട്ടികള്‍ തന്നെയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. ജനാധിപത്യ സമൂഹത്തില്‍ കുട്ടികള്‍ക്ക്  അവകാശങ്ങള്‍ മാത്രമല്ല, കടമകളും ഉത്തരവാദിത്വങ്ങളും കൂടിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ബാലസദസില്‍ ഉയര്‍ന്നു കേട്ട കരുത്തുറ്റ വാക്കുകള്‍.

കുട്ടികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍, സാമൂഹ്യപ്രശ്നങ്ങള്‍, കുട്ടികളുടെ ആവശ്യങ്ങള്‍, നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളായി തിരിച്ചു കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. ഒക്ടോബര്‍ 10നു മുമ്പായി ഈ റിപ്പോര്‍ട്ടുകള്‍ അതത് സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കും. ഇപ്രകാരം സി.ഡി.എസ് തലത്തില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ബാലപഞ്ചായത്ത്, ബാലനഗരസഭയിലും അവതരിപ്പിച്ച ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷനും സെക്രട്ടറിക്കും സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലൂടെ കുട്ടികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് തദ്ദേശ സ്ഥാപനതലത്തില്‍ പരിഹാരം കണ്ടെത്തും. അല്ലാത്തവ സംസ്ഥാന കുടുംബശ്രീ ബാലപാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം.  
 
ബാലസദസിനു വേണ്ടി വിപുലമായ മുന്നൊരുക്കങ്ങളാണ് കുടുംബശ്രീ നടത്തിയത്. പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ആയിരത്തിലേറെ സ്കൂളുകളില്‍ ചോദ്യപ്പെട്ടികള്‍ സ്ഥാപിച്ചു. കൂടാതെ പ്രചരണത്തിന്‍റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ്, കോലായക്കൂട്ടങ്ങള്‍, വിളംബര ജാഥകള്‍, റീല്‍സ്, പോസ്റ്റര്‍ രചന, സ്റ്റാറ്റസ് പോസ്റ്റ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാമിഷനുകള്‍, സ്റ്റേറ്റ് -സി.ഡി.എസ് റിസോഴ്സ് പേഴ്സണ്‍മാര്‍, എ.ഡി.എസ് മെന്‍റര്‍മാര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ ബാലസദസിന് മേല്‍നോട്ടം വഹിച്ചു.

 

df

                   

Content highlight
kudumbashree balasads conducted all over Kerala

മാലിന്യമുക്തം നവകേരളം: സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടങ്ങളൊരുക്കാന്‍ കുടുംബശ്രീ രംഗത്ത്

Posted on Friday, September 27, 2024

'മാലിന്യമുക്തം നവകേരളം' ക്യാമ്പെയ്ന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷം വരുന്ന മുഴുവന്‍  അയല്‍ക്കൂട്ടങ്ങളെയും ഹരിത അയല്‍ക്കൂട്ടങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ തുടക്കമിടുന്നു.   പ്രത്യേകം തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വേയും ഗ്രേഡിങ്ങും നടത്തി സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ട പ്രഖ്യാപനത്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അയല്‍ക്കൂട്ടങ്ങളുടെ സര്‍വേ  ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും.

വാര്‍ഡുതലത്തില്‍ തിരഞ്ഞെടുത്ത നാല്‍പ്പതിനായിരത്തോളം കുടുംബശ്രീ വൊളണ്ടിയര്‍മാരാണ് സര്‍വേ നടത്തുന്നത്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു വരുന്ന കുടുംബശ്രീയുടെ ഏറ്റവും പുതിയ ചുവട്വയ്പ്പാണ് ഹരിത അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണം.

 അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളിലെ മാലിന്യ സംസ്ക്കരണ രീതികള്‍, അയല്‍ക്കൂട്ടം നേരിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ ഹരിതചട്ടം പാലിക്കല്‍, അയല്‍ക്കൂട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പൊതു സ്ഥലങ്ങളിലെ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, അയല്‍ക്കൂട്ട പ്രദേശത്ത് ശുചിത്വമുള്ള പാതയോരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വേ. ഇതോടൊപ്പം എ.ഡി.എസ്, സി.ഡി.എസ്തല ഗ്രേഡിങ്ങും പൂര്‍ത്തിയാക്കും.  ഡിസംബര്‍ 30ന് മുമ്പ് മുഴുവന്‍ അയല്‍ക്കൂട്ടങ്ങളുടെയും സര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ആദ്യഘട്ട സര്‍വേയില്‍ അറുപത് ശതമാനത്തില്‍ താഴെ സ്കോര്‍ നേടിയ അയല്‍ക്കൂട്ടങ്ങളെ പ്രത്യേകം പരിഗണിച്ചു കൊണ്ട് അവയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആവിഷ്ക്കരിച്ചു നടപ്പാക്കും.

അയല്‍ക്കൂട്ട ഗ്രേഡിങ്ങ് സംബന്ധിച്ച് വിശദീകരിക്കുന്നതിനും ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുളള നടപടികളും ഊര്‍ജിതമാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍(സംഘടന) കണ്‍വീനറായുള്ള കമ്മിറ്റിയില്‍ നോണ്‍ ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

എല്ലാ ആഴ്ചയും കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും. അതത് സി.ഡി.എസ് അധ്യക്ഷമാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട മുന്നൊരുക്ക യോഗങ്ങള്‍ നടന്നു വരികയാണ്.  സി.ഡി.എസ്, എ.ഡി.എസ്തല യോഗങ്ങള്‍ ഒക്ടോബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കും.    

Content highlight
green nhg

ഓണം വിപണന മേള: കുടുംബശ്രീ 'ഓണക്കനി', 'നിറപ്പൊലിമ' കാര്‍ഷിക പദ്ധതികള്‍ വഴി 10.8 കോടി രൂപയുടെ വിറ്റുവരവ്

Posted on Wednesday, September 25, 2024

ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് തുടക്കമിട്ട 'ഓണക്കനി' 'നിറപ്പൊലിമ' കാര്‍ഷിക പദ്ധതികള്‍ വഴി കുടുംബശ്രീ നേടിയത് 10.8 കോടി രൂപയുടെ വിറ്റുവരവ്.  ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച 2014 വിപണന മേളകള്‍ വഴിയാണ് ഈ നേട്ടം. 'ഓണക്കനി' പച്ചക്കറി കൃഷി വഴി 7.82 കോടി രൂപയും 'നിറപ്പൊലിമ'  പൂക്കൃഷിയിലൂടെ  2.98 കോടി രൂപയുമാണ് കര്‍ഷകരുടെ കൈകളിലെത്തിയത്. ഇരുപദ്ധതികളിലൂമായി പ്രവര്‍ത്തിക്കുന്ന ഇരുപത്തയ്യായിരത്തോളം കര്‍ഷകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

'ഓണക്കനി' പച്ചക്കറി കൃഷിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 6982.44 ഏക്കറില്‍ കൃഷി ചെയ്തു കൊണ്ട്  1442.754 ടണ്‍ പച്ചക്കറിയാണ് വിപണിയിലെത്തിച്ചത്. പച്ചക്കറി വിറ്റുവരവില്‍ 2.27 കോടി രൂപ നേടി തൃശൂര്‍ ജില്ലയാണ് ഒന്നാമത്. 1.06 കോടി രൂപ നേടി കോട്ടയം ജില്ല രണ്ടാമതും 67.4 ലക്ഷം രൂപ നേടി മലപ്പുറം ജില്ല മൂന്നാമതും എത്തി.

'നിറപ്പൊലിമ' പദ്ധതിയുടെ ഭാഗമായി പൂവിന്‍റെ വിറ്റുവരവില്‍ തൃശൂര്‍ ജില്ലയാണ് ഒന്നാമത്. ആകെ 1.17 കോടി രൂപയാണ് ജില്ലയിലെ കര്‍ഷകരുടെ നേട്ടം. 46.3 ലക്ഷം രൂപ വിറ്റുവരവ് നേടി കാസര്‍കോടും 29.8 ലക്ഷം രൂപ നേടി തിരുവനന്തപുരം ജില്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

പൂക്കൃഷി മേഖലയില്‍ ഈ വര്‍ഷം കര്‍ഷകരുടെ എണ്ണത്തിലും കൃഷിയിടത്തിന്‍റെ വിസ്തൃതിയിലും ഉല്‍പാദനത്തിലും ഗണ്യമായ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 1870 കര്‍ഷക സംഘങ്ങള്‍ വഴി 870 ഏക്കറിലായിരുന്നു പൂക്കൃഷി ചെയ്തിരുന്നതെങ്കില്‍ ഇക്കുറി 1301.53 ഏക്കറില്‍ ജമന്തി, മുല്ല, താമര എന്നിവ ഉള്‍പ്പെടെ കൃഷി ചെയ്തു കൊണ്ട് 376.49 ടണ്‍ പൂക്കളാണ് ഉല്‍പാദിപ്പിച്ചത്. അയ്യായിരത്തിലേറെ കര്‍ഷകരും ഇതില്‍ പങ്കാളികളായി.  

ഓണസദ്യയൊരുക്കാന്‍ ന്യായവിലയ്ക്ക് കുടുംബശ്രീ വിപണിയിലെത്തിച്ച പച്ചക്കറികളും പഴങ്ങളും സാധാരണക്കാര്‍ക്ക് വലിയ തോതില്‍ ആശ്വാസമായിരുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ മെച്ചപ്പെട്ട വരുമാന ലഭ്യത ഉറപ്പു വരുത്തുന്ന പദ്ധതികളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ കടന്നുവരുന്നുണ്ട്. ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയതിനൊപ്പം മികച്ച സംഘാടനവും ഏകോപനവും സംരംഭകരുടെയും കര്‍ഷകരുടെയും പങ്കാളിത്തവുമാണ് കുടുംബശ്രീ ഓണം വിപണന മേളയുടെ വിജയത്തിന് വഴിയൊരുക്കിയത്.

Content highlight
RS. 10.8 crore turnover through 'Onakani' and 'Nirapolima' projects