കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതു വരെ നിര്‍മാണം പൂര്‍ത്തിയാക്കിയത് 89424 വീടുകള്‍. ആകെ 132327 വീടുകള്‍ നിര്‍മിക്കാന്‍ 5293.08 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രാനുമതി. ഇപ്രകാരം അനുമതി ലഭിച്ചതില്‍ നിര്‍മാണം ആരംഭിച്ച 112628 വീടുകളില്‍ 89424 എണ്ണത്തിന്‍റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. ബാക്കിയുള്ള 23204 വീടുകളുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 2025 മാര്‍ച്ച് 31ന് മുമ്പായി ഇവയുടെ നിര്‍മാണവും പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 93 നഗരസഭകളിലും ലൈഫ് മിഷനുമായി സംയോജിച്ചു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഗുണഭോക്തൃ കേന്ദ്രീകൃത ഭവനനിര്‍മാണം എന്ന ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതു പ്രകാരം മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപയാണ് പദ്ധതി വഴി ലഭിക്കുക. ഇതില്‍ നഗരസഭാ വിഹിതമായി രണ്ട് ലക്ഷം രൂപയും കേന്ദ്ര വിഹിതമായി ഒന്നര ലക്ഷം രൂപയും സംസ്ഥാന വിഹിതമായി അമ്പതിനായിരം രൂപയും ഗുണഭോക്താവിന് ലഭിക്കും.
പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഉപഘടകമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതി വഴിയും ഒട്ടേറെ ഗുണഭോക്താക്കള്‍ക്ക് സ്വന്തം ഭവനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി വീട് നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ ബാങ്കില്‍ നിന്നും വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. നാളിതു വരെ 33293 കുടുംബങ്ങള്‍ക്ക് ഇപ്രകാരം വായ്പ ലഭ്യമാക്കി. ഇതു കൂടാതെ ലൈഫ് മിഷനുമായി സഹകരിച്ചു കൊണ്ട് ഭൂരഹിത ഭവനരഹിതര്‍ക്കു വേണ്ടി 970 യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന 11 ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതിയും കുടുംബശ്രീ നേടിയെടുത്തിരുന്നു. ഇതില്‍ 530 യൂണിറ്റുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. നിലവില്‍ ഭവനരഹിതരായ ഒട്ടേറെ കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ളതും വാസയോഗ്യവുമായ ഭവനം ലഭ്യമാക്കുന്നതിനും സമൂഹത്തില്‍ അന്തസോടെ ജീവിക്കുന്നതിനും പദ്ധതി വഴിയൊരുക്കിയിട്ടുണ്ട്.
- 58 views