കേരള സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള കുടുംബശ്രീയുടെ ‘ ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ നിന്നുള്ള എഴുപത് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള ദക്ഷിണമേഖലാ ത്രിദിന പരിശീലനം കോട്ടയത്ത് ഒക്ടോബര്‍ 3 മുതല്‍ അഞ്ച് വരെയായിരുന്നു . ശേഷിച്ച ജില്ലകളിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം 9 മുതല്‍ 11 വരെയുള്ള തീയതികളില്‍ കോഴിക്കോട് വടകരയില്‍.
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായുള്ള എഫ്.എന്‍.എച്ച്.ഡബ്ല്യു (ഫുഡ്, ന്യുട്രീഷ്യന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹാപ്പി കേരളം പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 154 മാതൃകാ സി.ഡി.എസുകളില്‍ കുടുംബശ്രീ ഹാപ്പിനസ് സെന്ററുകള്‍ ആരംഭിക്കും.
സംസ്ഥാനതല പരിശീലനം നേടിയവര്‍ ജില്ലാ, സി.ഡി.എസ്, എ.ഡി.എസ് തലങ്ങളില്‍ ‘ഹാപ്പിനസ് ഫോറങ്ങള്‍’ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രതിനിധികള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഹാപ്പിനസ് ഫോറം രൂപീകരിക്കുന്നത്. ഓരോ വാര്‍ഡിലും 10 മുതല്‍ 40 വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ ‘ഇട’ങ്ങളും രൂപീകരിക്കും. പൊതു സമൂഹത്തിലെ എല്ലാ കുടുംബങ്ങളും ഇതിലുണ്ടാകും. ഓരോ കുടുംബത്തിനും ആവശ്യമായ സന്തോഷ സൂചിക കണ്ടെത്തുന്നതിനുളള കുടുംബാധിഷ്ഠിത സൂക്ഷ്മതല പദ്ധതി തയ്യാറാക്കുന്നത് വാര്‍ഡുതലത്തില്‍ രൂപീകരിക്കുന്ന ഈ ‘ഇട’ങ്ങളിലായിരിക്കും.
ദക്ഷിണമേഖലാ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ സ്വാഗതവും കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണ കുമാരി. ആര്‍ പദ്ധതി വിശദീകരണവും നടത്തി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ (ജെന്‍ഡര്‍) ഉഷാദേവി നന്ദിയും പറഞ്ഞു.