ഓണം വിപണന മേള: കുടുംബശ്രീ 'ഓണക്കനി', 'നിറപ്പൊലിമ' കാര്‍ഷിക പദ്ധതികള്‍ വഴി 10.8 കോടി രൂപയുടെ വിറ്റുവരവ്

Posted on Wednesday, September 25, 2024

ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് തുടക്കമിട്ട 'ഓണക്കനി' 'നിറപ്പൊലിമ' കാര്‍ഷിക പദ്ധതികള്‍ വഴി കുടുംബശ്രീ നേടിയത് 10.8 കോടി രൂപയുടെ വിറ്റുവരവ്.  ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച 2014 വിപണന മേളകള്‍ വഴിയാണ് ഈ നേട്ടം. 'ഓണക്കനി' പച്ചക്കറി കൃഷി വഴി 7.82 കോടി രൂപയും 'നിറപ്പൊലിമ'  പൂക്കൃഷിയിലൂടെ  2.98 കോടി രൂപയുമാണ് കര്‍ഷകരുടെ കൈകളിലെത്തിയത്. ഇരുപദ്ധതികളിലൂമായി പ്രവര്‍ത്തിക്കുന്ന ഇരുപത്തയ്യായിരത്തോളം കര്‍ഷകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

'ഓണക്കനി' പച്ചക്കറി കൃഷിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 6982.44 ഏക്കറില്‍ കൃഷി ചെയ്തു കൊണ്ട്  1442.754 ടണ്‍ പച്ചക്കറിയാണ് വിപണിയിലെത്തിച്ചത്. പച്ചക്കറി വിറ്റുവരവില്‍ 2.27 കോടി രൂപ നേടി തൃശൂര്‍ ജില്ലയാണ് ഒന്നാമത്. 1.06 കോടി രൂപ നേടി കോട്ടയം ജില്ല രണ്ടാമതും 67.4 ലക്ഷം രൂപ നേടി മലപ്പുറം ജില്ല മൂന്നാമതും എത്തി.

'നിറപ്പൊലിമ' പദ്ധതിയുടെ ഭാഗമായി പൂവിന്‍റെ വിറ്റുവരവില്‍ തൃശൂര്‍ ജില്ലയാണ് ഒന്നാമത്. ആകെ 1.17 കോടി രൂപയാണ് ജില്ലയിലെ കര്‍ഷകരുടെ നേട്ടം. 46.3 ലക്ഷം രൂപ വിറ്റുവരവ് നേടി കാസര്‍കോടും 29.8 ലക്ഷം രൂപ നേടി തിരുവനന്തപുരം ജില്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

പൂക്കൃഷി മേഖലയില്‍ ഈ വര്‍ഷം കര്‍ഷകരുടെ എണ്ണത്തിലും കൃഷിയിടത്തിന്‍റെ വിസ്തൃതിയിലും ഉല്‍പാദനത്തിലും ഗണ്യമായ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 1870 കര്‍ഷക സംഘങ്ങള്‍ വഴി 870 ഏക്കറിലായിരുന്നു പൂക്കൃഷി ചെയ്തിരുന്നതെങ്കില്‍ ഇക്കുറി 1301.53 ഏക്കറില്‍ ജമന്തി, മുല്ല, താമര എന്നിവ ഉള്‍പ്പെടെ കൃഷി ചെയ്തു കൊണ്ട് 376.49 ടണ്‍ പൂക്കളാണ് ഉല്‍പാദിപ്പിച്ചത്. അയ്യായിരത്തിലേറെ കര്‍ഷകരും ഇതില്‍ പങ്കാളികളായി.  

ഓണസദ്യയൊരുക്കാന്‍ ന്യായവിലയ്ക്ക് കുടുംബശ്രീ വിപണിയിലെത്തിച്ച പച്ചക്കറികളും പഴങ്ങളും സാധാരണക്കാര്‍ക്ക് വലിയ തോതില്‍ ആശ്വാസമായിരുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ മെച്ചപ്പെട്ട വരുമാന ലഭ്യത ഉറപ്പു വരുത്തുന്ന പദ്ധതികളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ കടന്നുവരുന്നുണ്ട്. ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയതിനൊപ്പം മികച്ച സംഘാടനവും ഏകോപനവും സംരംഭകരുടെയും കര്‍ഷകരുടെയും പങ്കാളിത്തവുമാണ് കുടുംബശ്രീ ഓണം വിപണന മേളയുടെ വിജയത്തിന് വഴിയൊരുക്കിയത്.

Content highlight
RS. 10.8 crore turnover through 'Onakani' and 'Nirapolima' projects