കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും തങ്ങളുടെ പ്രദേശത്തെ വിവിധ വികസന വിഷയങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്ത് സംസ്ഥാനത്തെ 19470 വാര്‍ഡുകളിലായി സംഘടിപ്പിച്ച കുടുംബശ്രീ ബാലസദസ് വേറിട്ട അനുഭവമായി. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ തദ്ദേശ സ്ഥാപപനതലങ്ങള്‍ വഴിയോ കുടുംബശ്രീ ബാലപാര്‍ലമെന്‍റ് വഴിയോ പരിഹാരമാര്‍ഗം കണ്ടെത്തുന്നതിനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നത് ലക്ഷ്യമിട്ടാണ് ബാലസദസ് സംഘടിപ്പിച്ചത്. ഇതോടൊപ്പം കുട്ടികളുടെ ഗ്രാമസഭ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുളള അനുഭവജ്ഞാനം ലഭ്യമാക്കുകയെന്നതും ലക്ഷ്യമിടുന്നു.
നാല് ലക്ഷത്തിലേറെ ബാലസഭാംഗങ്ങളാണ് ബാലസദസില്‍ പങ്കെടുത്തത്. 2.30ക്ക് ആരംഭിച്ച 'ബാലസദസില്‍ പങ്കെടുക്കുന്നതിനായി പലയിടത്തും രാവിലെ തന്നെ കുട്ടികള്‍ എത്തിച്ചേര്‍ന്നിരുന്നു. ജനാധിപത്യ മൂല്യങ്ങള്‍, ലിംഗനീതി, തുല്യത എന്നീ വിഷയങ്ങള്‍ കൂടാതെ തങ്ങളുടെ പ്രദേശത്ത് പരിസ്ഥിതി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നടപ്പാക്കേണ്ട വികസന ലക്ഷ്യങ്ങള്‍, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, വെല്ലുവിളികള്‍ എന്നിവ കുട്ടികള്‍ സധൈര്യം ഉയര്‍ത്തിക്കാട്ടിയത് മുതിര്‍ന്നവരിലും ഏറെ കൗതുകമുണര്‍ത്തി. പ്രാദേശിക വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍, സുരക്ഷ എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ചര്‍ച്ച നയിച്ചതും ശ്രദ്ധേയമായി. കുട്ടികള്‍ തന്നെയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. ജനാധിപത്യ സമൂഹത്തില്‍ കുട്ടികള്‍ക്ക് അവകാശങ്ങള്‍ മാത്രമല്ല, കടമകളും ഉത്തരവാദിത്വങ്ങളും കൂടിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ബാലസദസില്‍ ഉയര്‍ന്നു കേട്ട കരുത്തുറ്റ വാക്കുകള്‍.
കുട്ടികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍, സാമൂഹ്യപ്രശ്നങ്ങള്‍, കുട്ടികളുടെ ആവശ്യങ്ങള്‍, നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളായി തിരിച്ചു കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. ഒക്ടോബര്‍ 10നു മുമ്പായി ഈ റിപ്പോര്‍ട്ടുകള്‍ അതത് സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കും. ഇപ്രകാരം സി.ഡി.എസ് തലത്തില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ബാലപഞ്ചായത്ത്, ബാലനഗരസഭയിലും അവതരിപ്പിച്ച ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷനും സെക്രട്ടറിക്കും സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലൂടെ കുട്ടികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് തദ്ദേശ സ്ഥാപനതലത്തില്‍ പരിഹാരം കണ്ടെത്തും. അല്ലാത്തവ സംസ്ഥാന കുടുംബശ്രീ ബാലപാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം.
ബാലസദസിനു വേണ്ടി വിപുലമായ മുന്നൊരുക്കങ്ങളാണ് കുടുംബശ്രീ നടത്തിയത്. പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ആയിരത്തിലേറെ സ്കൂളുകളില്‍ ചോദ്യപ്പെട്ടികള്‍ സ്ഥാപിച്ചു. കൂടാതെ പ്രചരണത്തിന്‍റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ്, കോലായക്കൂട്ടങ്ങള്‍, വിളംബര ജാഥകള്‍, റീല്‍സ്, പോസ്റ്റര്‍ രചന, സ്റ്റാറ്റസ് പോസ്റ്റ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാമിഷനുകള്‍, സ്റ്റേറ്റ് -സി.ഡി.എസ് റിസോഴ്സ് പേഴ്സണ്‍മാര്‍, എ.ഡി.എസ് മെന്‍റര്‍മാര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ ബാലസദസിന് മേല്‍നോട്ടം വഹിച്ചു.
- 57 views